പെലെയും മാറഡോണയും; കലഹങ്ങള്‍ക്കിടയിലെ സമാന്തര സഞ്ചാരങ്ങള്‍!


സി.പി.വിജയകൃഷ്ണന്‍

ക്യാമറക്കണ്ണുകളുടെ തലോടലും ഒപ്പം തല്ലും മാറഡോണയ്ക്ക് കിട്ടിയതു പോലെ പെലെയ്ക്ക് ലഭിച്ചിട്ടുണ്ടാവില്ല എന്നതുറപ്പാണ്

Photo: AP

മാറഡോണയും പെലെയും തമ്മില്‍ മാധ്യമങ്ങളിലൂടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. പെലെയുടെ ചില വിമര്‍ശനങ്ങളെ മാറഡോണ തള്ളിക്കളയുകയും തിരിച്ച് ഒന്നുരണ്ടെണ്ണം അങ്ങോട്ട് കൊടുക്കുകയും ചെയ്തു, പിന്നീട് രഞ്ജിപ്പിലെത്തി.

രണ്ടു പേരും തമ്മില്‍ സാമ്യമുള്ളതു പോലെ തന്നെ ഒരു പാട് വ്യത്യാസങ്ങളുമുണ്ട്. പെലെ അമ്പതുകളുടെ മധ്യത്തില്‍ തുടങ്ങി എഴുപതുകളുടെ ആദ്യ പകുതി വരെ കളിച്ചു. മാറഡോണ അപ്പോള്‍ കളി തുടങ്ങുകയായിരുന്നു. തൊണ്ണൂറുകളുടെ ആദ്യപകുതി വരെ അതു നീണ്ടു. മാറഡോണയുടെ പൂര്‍വികര്‍ ഇറ്റലിയില്‍ നിന്ന് കുടിയേറിയവരാണ്. അമേരിന്ത്യന്‍ രക്തം, പല ലാറ്റിനമേരിക്കക്കാരിലും എന്നതു പോലെ, മാറഡോണയുടെ ഞരമ്പിലൂം ഒഴുകിയിരുന്നു.

പെലെയുടെ ആരൂഢം ആഫ്രിക്കയില്‍ എവിടെയായിരുന്നുവെന്ന അന്വേഷണം നടന്നിട്ടുണ്ട്. അംഗോളയില്‍ നിന്നോ നൈജീരിയയില്‍ നിന്നോ കപ്പല്‍ കയറ്റിക്കൊണ്ടു വന്ന അടിമകളായിരിക്കാം പെലെയുടെ പൂര്‍വികരെന്ന് അനുമാനിക്കുന്നു. മൂന്നു തലമുറ മുമ്പു വരെ അടിമകളായിരുന്നു ആ കുടുംബം. 1888-ല്‍ മാത്രമാണ് ബ്രസീലില്‍ അടിമത്തം നിരോധിച്ചത്.

ബ്യൂണസ് ഐറിസിലെ വില്ല ഫിയററ്റോവില്‍ നന്നേ ദരിദ്രമായ ചുറ്റുപാടിലായിരുന്നു മാറഡോണയുടെ ബാല്യമെങ്കില്‍ പെലെയുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. പെലെയുടെ, എഡ്‌സണ്‍ ആരന്റസ് ഡോ നാസിമെന്റോ എന്ന നീണ്ട പേരിലെ എഡ്‌സണ്‍, തോമസ് ആല്‍വ എഡിസണില്‍ നിന്ന് വന്നതാണ്. ടേസ് കൊറോസാവാസില്‍ വിദ്യുച്ഛക്തി വന്ന കാലമായിരുന്നു അത്. പിന്നീട് കുടുംബം ബൗറുവിലേക്ക് കൂടു മാറുന്നു. അച്ഛന്‍ ഡോഡിഞോ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ബൗറൂവില്‍ കളിക്കാന്‍ ഒരു ക്ഷണം ലഭിക്കുകയാണ്. അക്കാലത്ത് ഡോഡിഞ്ഞോ ഒരു സര്‍ക്കാര്‍ ജോലിയും തരപ്പെടുത്തുന്നുണ്ട്. വില്ല ഫിയൊറിറ്റോവും റൂബന്‍സ് അരുഡ സ്ട്രീറ്റുമാണ് രണ്ടു പേരുടെയും ആദ്യ കാല കളിക്കളങ്ങള്‍. സ്ട്രീറ്റ് മെജിഷ്യന്‍സ് എന്നു പറയാം.

തെരുവ് ജാലവിദ്യക്കാരില്‍ നിന്ന് രണ്ടു പേരുടെയും ഉയര്‍ച്ച പെട്ടെന്നായിരുന്നു. പെലെ സാന്റോസിലേക്ക്, മാറഡോണ അര്‍ജന്റീനോസ് ജൂനിയേഴ്‌സ് വഴി ബോക്ക ജൂനിയേഴിസിലേക്ക്. ഈയൊരു സന്ദര്‍ഭത്തില്‍ രണ്ട് പാളങ്ങള്‍ വെവ്വേറെ വഴിക്ക് യാത്ര പറഞ്ഞ് പിരിയുന്നതായി കാണാം. പെലെ സാന്റോസില്‍ തന്നെ നിന്നു. 75-ല്‍ ന്യൂയോര്‍ക്ക് കോസ്‌മോസിലേക്ക് പോകും വരെ. മാറഡോണ ബോക്ക ജൂനിയേഴ്‌സിലേക്ക് തിരിച്ചെത്തും വരെ ക്ലബ്ബുകള്‍ മാറിമാറിക്കളിച്ചു. ജീവിതം അലങ്കോലമാക്കി.

പെലെയോടൊപ്പം കളിക്കാന്‍, സാന്റോസിലാകട്ടെ ബ്രസീല്‍ ദേശീയ ടീമിലാകട്ടെ, വമ്പിച്ച താരനിരയുണ്ടായിരുന്നു. 1970 ലോകകപ്പ് നേടിയ ടീം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമുകളിലൊന്നായിരിക്കും. 1958-ല്‍ ചാമ്പ്യന്‍മാരായ ടീമും ഇതിന്റെ തൊട്ടുപിന്നില്‍ വരും. അതേ സമയം 1986-ല്‍ അര്‍ജന്റീനയെ മാറഡോണ ഏതാണ്ട് ഒറ്റക്കാണ് ജയത്തിലേക്ക് നയിച്ചത്.

രണ്ടായിരാമാണ്ടില്‍ നൂറ്റാണ്ടിലെ ഫുട്‌ബോള്‍ കളിക്കാരനെ കണ്ടെത്താന്‍ ഫിഫ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തി. മാറഡോണ ഒന്നാമതെത്തി. തുടര്‍ന്ന് വിദഗ്ധര്‍ മാത്രം പങ്കെടുത്ത ഒരു വോട്ടെടുപ്പും നടത്തി. അപ്പോള്‍ പെലെയായി ഒന്നാമത്. അവാര്‍ഡ് രണ്ടു പേര്‍ക്കും പങ്കിട്ടു ഒടുവില്‍. മാറഡോണയ്ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. സമ്മാനദാനച്ചടങ്ങില്‍ മാറഡോണ അവാര്‍ഡും വാങ്ങി അത് ഭാര്യക്കും ക്യൂബ ഭരണാധികാരി കാസ്‌ട്രോക്കും സമര്‍പ്പിച്ച്, പെലെയെ ഒറ്റക്കാക്കി സ്ഥലം വിട്ടു.

ക്യാമറക്കണ്ണുകളുടെ തലോടലും ഒപ്പം തല്ലും മാറഡോണയ്ക്ക് കിട്ടിയതു പോലെ പെലെയ്ക്ക് ലഭിച്ചിട്ടുണ്ടാവില്ല എന്നതുറപ്പാണ്. ദുഃഖകരമായ രംഗങ്ങളില്‍ പോലും ക്യാമറ മാറഡോണയുടെ ദൃശ്യങ്ങളുടെ വൈകാരികത പരമാവധി ഊറ്റിയെടുക്കുന്നതായി കാണാം. മയക്കുമരുന്ന് ചികിത്സക്കു ശേഷം പാശ്ചാത്താപ വിവശനായി ടിവി അഭിമുഖത്തിന് ഹാജരാവുന്ന മാറഡോണ നടന്നു വരുന്നതു തന്നെ ഒരു എഴുന്നള്ളത്താണ്. ഒരാരാധകന്‍ മാറഡോണയേട് ഇങ്ങനെ ചിലക്കുന്നു.

''ഡീഗോ ! നിങ്ങള്‍ പോപ്പിനെക്കാളും മഹാനാണ്!''

പെട്ടെന്നു തന്നെ മറുപടി വന്നു.

'ഇതാണോ ഇത്ര വലിയ കാര്യം'

ഒരു പക്ഷെ പെലെ അങ്ങനെ പറഞ്ഞേക്കില്ല.

ആസിഫ് കപ്പാഡിയയുടെ ''ഡീഗോ മാറഡോണ'' യും ഡേവിഡ് ട്രൈഹോണും ബെന്‍ നിക്കൊളാസും ചേര്‍ന്നൊരുക്കിയ ''പെലെ'' യും തമ്മില്‍ ഈ വ്യത്യാസം കാണാം. ആദ്യത്തേതില്‍ ഫുട്‌ബോള്‍ കാഴ്ചക്കിടയില്‍ തന്നെ സംഘര്‍ഷവും അശാന്തിയും നിറയുന്നു. രണ്ടാമത്തേതില്‍ ശാന്തതയാണ് മുഖ്യരസം. ഒരു കാരണം പെലെ അപ്പോഴേക്കും വാര്‍ധക്യത്തില്‍ എത്തിയിരുന്നു എന്നതുമാവാം.

ഷൂസ് മിനുക്കുമ്പോള്‍ കസ്റ്റമര്‍ക്ക് അതഴിക്കാതെ തന്നെ കാലുപൊക്കി വെക്കാന്‍ പയ്യന്‍മാര്‍ ഒരു ചെറിയ മരപ്പെട്ടി വെച്ചു കൊടുക്കും. പെലെ കുട്ടിക്കാലത്ത് ഈ പണി ചെയ്തിരുന്നു. 'പെലെ' ഡോക്യൂമെന്ററി തുടങ്ങുമ്പോള്‍ അദ്ദേഹം ഈ പെട്ടിയില്‍ മനോഹരമായി കൊട്ടുകയാണ്.

സാന്റോസില്‍ ഒപ്പം കളിച്ച, ഇപ്പോള്‍ വാര്‍ധക്യത്തിലെത്തിയ സുഹുത്തുക്കള്‍ പെലെയുമായി തമാശകള്‍ പങ്കിടുന്നുണ്ട്. പണ്ട് പാരീസ് സന്ദര്‍ശിച്ചപ്പോള്‍ അന്ന് പാടിയ ഒരു പഴയ തല്ലിപ്പൊളി പാട്ട് പെലെ തന്റെ പരുപരുക്കന്‍ ശബ്ദത്തില്‍ പാടുകയാണ്. ഏതു ഡിഫന്‍ഡറും ഓടിരക്ഷപ്പെട്ടേക്കാവുന്ന ഒരീണം. രാജാവ് എന്നും മറ്റുമുള്ള വിശേഷണ പദങ്ങള്‍ തന്റെ പേരില്‍ ചാര്‍ത്തിയതിനെ ചെറുതായി കളിയാക്കുന്ന ഒന്ന്.

''ഞാന്‍ രാജ്യമോ കീരീടമോ ഇല്ലാത്ത രാജാവ്....'

''പാടുന്നത് ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്' -ഒരാള്‍.

''പക്ഷെ ഒച്ച പഴയതു തന്നെ.മോശം' -മറ്റൊരാള്‍.

പിന്നെ കൂട്ടച്ചിരിയാണ്.

ആരാണ് കേമന്‍ എന്ന വിചാരം വ്യര്‍ത്ഥമാണ്. രണ്ട് കാലങ്ങള്‍. അതില്‍ സമാന്തര സഞ്ചാരങ്ങളും സന്ധിക്കലും ഉണ്ട്.

Content Highlights: pele and maradona a rivalry that found parallel journey

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented