ജൊവാവോ സൽദാന്യയും പെലെയും | Photo: folha.uol, Getty Images
പെലെ ഒരു പക്ഷേ 1970-ലെ ലോകകപ്പില്‍ കളിച്ചേക്കില്ലായിരുന്നു, ജൊവാവോ സല്ദാന്യയുടെ തീരുമാനം നടപ്പായിരുന്നുവെങ്കില്‍. പൊതുവെ വിചിത്ര സ്വഭാവികളായ ഫുട്ബോള്‍ പരിശീലകരില്‍ അതിന്റെ പേരില്‍ ഒന്നാം സ്ഥാനത്തിന് മത്സരിക്കാന്‍ തികച്ചും അര്‍ഹനായിരുന്നു സല്‍ദാന്യ. 1970-ലെ ബ്രസീല്‍ ടീമിനെ അണിയിച്ചൊരുക്കിയത് സല്ദാന്യയായിരുന്നു. പക്ഷെ മെക്സിക്കോവിലേക്ക് പോകും മുമ്പ് ടീമില്‍ നിന്ന് അദ്ദേഹം പുറത്തായി. അന്ന് ജനറല്‍ എമിലിയൊ മെഡീചി നേതൃത്വം നല്കുന്ന സൈനിക ഭരണകൂടത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതായിരുന്നു പ്രധാന കാരണം. പെലെയുമായി തര്‍ക്കങ്ങളും ഉടലെടുത്തു.
യോഗ്യതാ നിര്‍ണയ മത്സരങ്ങളില്‍ ആറു കളികളില്‍ ആറും ബ്രസീല്‍ ജയിച്ചിരുന്നു. അടിച്ചത് 23 ഗോള്‍. വാങ്ങിയത് രണ്ടെണ്ണം മാത്രം. ആ മത്സരങ്ങളില്‍ പെലെ കളിച്ചിട്ടുണ്ട്. പിന്നീടാണ് തര്‍ക്കം ഉടലെടുത്തത്.
1966-ലെ ലോകകപ്പ് ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാവാതെ ബ്രസീല്‍ പുറത്തായി. പെലെയെ എതിരാളികള്‍ നന്നായി ദ്രോഹിച്ചു. മഞ്ഞക്കാര്ഡൊന്നും അന്നില്ല. പോര്‍ച്ചുഗലുമായുള്ള കളിക്കു ശേഷം പെലെ രണ്ട് സഹായികളുടെ തോളില്‍ തൂങ്ങി പുറത്തേക്കു പോകുന്നതു കാണാം. ഇനി ബ്രസീലിന് കളിക്കുന്നില്ല എന്നായിരുന്നു പിന്നാലെ പെലെയെടുത്ത തീരുമാനം.
ഫുട്ബോളിനോടുളള ജനങ്ങളുടെ കമ്പം, തങ്ങള്‍ക്കുള്ള അംഗീകാരമായി ചോര്‍ത്തിയെടുക്കാന്‍ ആഗ്രഹിച്ചിരുന്ന സൈനിക ഭരണം തീരുമാനം മാറ്റാന്‍ പ്രേരണ ചെലുത്തിയതോടെയാണ് അദ്ദേഹം അന്താരാഷ്ട്ര മത്സര രംഗത്തേക്ക് തിരിച്ചു വന്നത്. യോഗ്യത നേടിയ ശേഷം പരിശീലനം നടത്തുന്ന കാലത്ത് പെലെ കണ്ണ് പരിശോധിപ്പിക്കുകയുണ്ടായി. പെലെയ്ക്ക് കണ്ണ് ശരിക്ക് കാണുന്നില്ലെന്ന് സല്‍ദാന്യ പറയുന്നു. പെലെയെ ആക്രമണ നിരയുടെ ഏറ്റവും മുന്നില്‍ കളിപ്പിക്കാനും സല്‍ദാന്യ ശ്രമിച്ചിരുന്നു. 15 വര്‍ഷമായി ആ സ്ഥാനത്ത് കളിക്കാത്ത തന്നോട് അത് പറയരുതെന്നായി പെലെ. ഒടുവില്‍ പെലെ ടീമിലുണ്ടാവില്ലെന്ന് സല്‍ദാന്യ പ്രഖ്യാപിക്കുകയായി. ഇതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. മാത്രമല്ല ഡാരിയൊ എന്ന കളിക്കാരനെ ടീമിലെടുക്കണമെന്ന് ഭരണകൂടം സല്ദാന്യയോട് പറയാതെ പറഞ്ഞുവെങ്കിലും സല്‍ദാന്യ വഴങ്ങിയില്ലെന്നു മാത്രമല്ല, ഇങ്ങനെ മറുപടിയും പറഞ്ഞു.
സല്ദാന്യക്ക് ഫുട്ബോള്‍ പാരമ്പര്യമെന്നു പറഞ്ഞ് എടുത്തുകാട്ടാന്‍ അധകമൊന്നുമുണ്ടായിരുന്നില്ല. പത്രപ്രവര്ത്തകന്, നിരോധിത കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീപ്പൊരി പ്രവര്ത്തകന് എന്നീ നിലകളിലാണ് കൂടുതല്‍ പ്രശസ്തി. 1957 മുതല്‍ 59 വരെ ബോട്ടഫാഗോയുടെ പരിശീലകനായിരുന്നു. 1969-ല്‍ അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാവുന്നു. ഒരു പത്രപ്രവര്‍ത്തകനെ പരിശീലകനാക്കിയാല്‍ വിമര്‍ശനം കുറയുമെന്ന് അന്ന് ബ്രസീല്‍ ഫുട്ബോള്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്ന, പിന്നെ ഫിഫ പ്രസിഡന്റായ, ജോവാവോ ഹവലാഞ്ച് കരുതിയതായി പറയുന്നു.
സല്‍ദാന്യ യുറോപ്പില്‍ ചെന്നാണ് പത്രപ്രവര്ത്തകനാവുന്നത്. മാവോവിന്റെ കാലത്ത് ചൈനയില്‍ ചെന്നിരുന്നു. മാവോയെ മൂന്നു തവണ കാണുകയുമുണ്ടായി. തിരിച്ചുവന്ന് കമ്യുണിസ്റ്റ് പാര്‍ടി ഏല്‍പ്പിച്ച ദൗത്യമേറ്റെടുത്ത് കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
ബ്രസീല്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇത് സല്ദാന്യയെ പ്രാപ്തനാക്കിയിരിക്കണം. ടീമില്‍ നിന്ന് പുറത്തായ ശേഷം അദ്ദേഹം പത്രപ്രവര്‍ത്തനത്തിലേക്ക് തന്നെ മടങ്ങി. മെക്സിക്കോവില്‍ നിന്ന് തന്നെയായി ടിവി പണ്ഡിതനായുള്ള തിരിച്ചുവരവ്. 1990-ല്‍ ഇറ്റലി ലോകകപ്പില്‍ ഇറ്റലി - അര്‍ജന്റീന സെമി മത്സരത്തിനു ശേഷം അസുഖബാധിതനായി റോമിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം അവിടെ വെച്ചു മരിച്ചു.
സൈനിക ഭരണത്തിനെതിരെ ഒന്നും പറയാഞ്ഞതിന് പെലെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തനിക്ക് എന്തെങ്കിലും ചെയ്യാനാവുമായിരുന്നില്ലെന്ന് പെലെ പറയുന്നു. 1964-ല്‍ സ്ഥാപിതമായ സൈനിക ഭരണകൂടം 1985 വരെ തുടര്‍ന്നു. മാറഡോണ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതു പോലെ ''നായിന്റെ മക്കള്‍..!''
Content Highlights: Pele and Joao Saldanha and the dictatorship of Brazil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..