Photo: twitter.com|gautamfootball
കേരളത്തില്‍ വന്ന് തിരിച്ചുപോകാനും മറ്റും ക്ലേശിക്കുന്ന ആഫ്രിക്കന്‍ കളിക്കാര്‍ വാര്‍ത്തകളില്‍ സ്ഥലം പിടിക്കാറുണ്ട്. കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഫുട്ബോള്‍ വൈദഗ്ധ്യം വില്‍ക്കുന്നു. ചിലപ്പോള്‍ കര കയറുന്നു, ചിലപ്പോള്‍ തകര്‍ന്നു പോകുന്നു. മറ്റു രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയേണ്ടതായും വരും ചിലപ്പോള്‍.
വിദേശികളുടെ സാന്നിധ്യം അല്‍പാല്‍പ്പം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും എണ്‍പതുകളുടെ തുടക്കത്തിലാണ് ആഫ്രിക്കന്‍ കളിക്കാര്‍ ഇന്ത്യയിലെ ഫുട്ബോള്‍ ഗ്രൗണ്ടുകളെ തങ്ങളുടെ ഉപജീവനമാര്‍ഗമാക്കിയത്. അതിന് മുന്നേ ഇറാന്‍കാരുണ്ടായിരുന്നു. നൈജീരിയക്കാരനായ ഡേവിഡ് വില്യംസ് ഈസ്റ്റ് ബംഗാളിന് കളിക്കും മുമ്പേ ഇറാന്‍കാരന്‍ അഹമ്മദ് സഞ്ചാരി 1977-78 സീസണില്‍ മുഹമ്മദന്‍സിന് കളിക്കുന്നുണ്ട്. അദ്ദേഹം ഒരു സീസണില്‍ മാത്രമേ ഇന്ത്യയില്‍ തങ്ങിയുള്ളൂ. പിന്നാലെ അലിഗഢില്‍ പഠിക്കാന്‍ വന്ന ഇറാന്‍കാര്‍ കൊല്‍ക്കത്തയില്‍ സ്ഥാനമുറപ്പിച്ചു. ജാംഷഡ് നസീരി, മഹമൂദ് ഖബ്ബാസി, മജീദ് ബിഷ്‌കാര്‍. കൂട്ടത്തില്‍ മജീദ് കേമനായിരുന്നു. നസീരി തൊട്ടു പിന്നിലുണ്ട്. സഞ്ചാരിയേയും ഖബ്ബാസിയേയും കണ്ടിട്ടില്ലെങ്കിലും മജീദ് ഇടതു വിങ്ങില്‍ ഡിഫന്‍ഡര്‍മാരെ ക്ഷണിച്ചു കൊണ്ട് ഷോഡി (കിളിത്തട്ട്) കളിക്കും പോലെ പന്തും പിടിച്ചു കൊണ്ട് മുന്നോട്ട് വഴി തേടുന്ന ഒരാളായി മനസ്സില്‍ അടയാളപ്പെട്ടു കിടക്കുന്നു. ഏതു വശത്തെക്കും തിരിയാം. പഴുതിലൂടെ കുതിച്ചു കയറിയേക്കാം. മജീദിനോട് കൊല്‍ക്കത്തയ്ക്ക് വലിയ ആരാധനായായിരുന്നു. ഒടുവില്‍ അതെല്ലാം കളഞ്ഞു കുളിച്ചു. വഴിവാണിഭക്കാരനായും മറ്റും ജീവിച്ചു. ഒടുവില്‍ ജന്മ നാട്ടിലേക്കു മടങ്ങി. നസീരി ഇന്ത്യയില്‍ തന്നെ കല്യാണം കഴിച്ചു കൂടി. മജീദ് 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പ് ടീമില്‍ അംഗമായിരുന്നു.
1985-ല്‍ മുഹമ്മദന്‍സിന് വേണ്ടി കളി തുടങ്ങിയ നൈജീരിയക്കാരനായ ചീമ ഒക്കേരിയാണ് ആദ്യകാലത്ത് കളിക്കളത്തില്‍ കറുപ്പിനെ ശരിക്കും അടയാളപ്പെടുത്തിയ കളിക്കാരന്‍. പന്ത് നിയന്ത്രിക്കാനുള്ള ശേഷിക്കു പുറമെ മെയ്ക്കരുത്താണ് ഒക്കേരിയെ സ്വാഭാവികമായും ഇന്ത്യന്‍ കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. ബിഷ്‌കാറെ പോലെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആരവമുയര്‍ത്തിയിട്ടുള്ള കളിക്കാരനാണ് ഒക്കേരിയും. ഇദ്ദേഹത്തിന് തൊട്ടുപിന്നാലെ കളിക്കാന്‍ വന്ന എമേക്ക എസ്യൂഗോ പിന്നീട് 1994-ല്‍ നൈജീരിയക്കു വേണ്ടി ലോകകപ്പിലും പ്രത്യക്ഷപ്പെട്ടു. എമേക്ക അമേരിക്കയില്‍ ബള്‍ഗേറിയക്കെതിരെ പകരക്കാരനായി കളിച്ചു. 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പില്‍ ഇറാന്‍ ടീമിലുണ്ടായിരുന്ന ബിഷ്‌ക്കാറിന് പകരക്കാരുടെ ബെഞ്ചിലിരിക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
ആഫ്രിക്കന്‍ കളിക്കാര്‍ എല്ലാവരുടെയും തലവര ഇതല്ല. പലരും സുഡാനി ഫ്രം നൈജീരിയയിലെ സാമുവലിനെപ്പോലെ ക്ലേശം അനുഭവിച്ചിട്ടുള്ളവരാണ്. മുന്‍പേ വന്നവരുടെ പിന്നാലെ വേണ്ടത്ര യാത്രാ രേഖകളില്ലാതെ കൊല്‍ക്കത്തയില്‍ എത്തിപ്പെടുന്ന ആഫ്രിക്കന്‍ കളിക്കാര്‍ നേരിടുന്ന വൈഷമ്യങ്ങളെക്കുറിച്ച് ഒരു പ്രബന്ധത്തില്‍ പ്രജിത് ബിഹാരി മുഖര്‍ജി എന്നൊരു ഗവേഷകന്‍ എഴുതിയിട്ടുണ്ട്. കീശയില്‍ വെറും 1000 രൂപയുമായി വന്നവരും ഉണ്ടായിുന്നുവത്രെ.
എന്നെങ്കിലും പ്രമുഖ ടീമുകളില്‍ കളിക്കാമെന്ന പ്രതീക്ഷയില്‍ പലരും താഴെ ഡിവിഷനുകളില്‍ കൂലിക്ക് കളിക്കും തുടകത്തില്‍. സഡ്ഡര്‍ സ്ട്രീറ്റിലെയും ഫ്രീസ്‌കൂള്‍ സ്ട്രീറ്റിലെയും കിഡ് സ്ട്രീറ്റിലെയും ഇടിഞ്ഞുപൊളിയാറായ മെസ് ഹൗസുകളില്‍ ഒരു മുറിയില്‍ എട്ടും പത്തുമായി കൂടുന്നു. ഇവര്‍ 30-50 രുപ ദിവസക്കൂലിക്ക് ചെറുകിട ക്ലബ്ബുകളില്‍ കളിച്ച കാലമുണ്ടായിരുന്നു. ബൂട്ടും ജേഴ്സിയും ഉച്ചഭക്ഷണവും കിട്ടും. ലഞ്ച് എന്നു പറയുമെങ്കിലും വല്ല ബ്രഡോ ചാറോ ആയിരിക്കും ഇത്. കള്ളക്കടത്തായി കൊണ്ടുവരുന്ന സാധനങ്ങള്‍ വില്‍ക്കുക, വിദേശ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഗൈഡായി പണിയെടുക്കുക, ഹോള്‍സെയില്‍ മാര്‍ക്കറ്റായ ബുര ബസാറില്‍ തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍മാരാവുക, ചില ഘട്ടത്തില്‍ തൊഴിലുടമകള്‍ക്ക് വേണ്ടി മസില്‍ പവര്‍ ഉപയോഗിക്കുക അങ്ങനോയൊക്കെ ജീവിതം തള്ളി നീക്കും.
കൊല്‍ക്കത്തക്ക് അകത്തും പുറത്തും ജാര്‍ഖണ്ഡ്, ഒഡിഷ, ത്രിപുര എന്നിങ്ങനെ അയല്‍ പ്രദേശങ്ങളിലും ഒട്ടു വളരെ ചെറുകിട ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലത്ത് ഇവര്‍ക്ക് പണിയുണ്ടാവും. ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍. കൊല്‍ക്കത്തയില്‍ താഴെ ഡിവിഷനുകളില്‍ കളിക്കുന്നതിനു പുറമെയാണിത്. അത്തരം സന്ദര്‍ഭങ്ങളില്‍ ദിവസം എല്ലാം കൂടി എണ്ണായിരം രൂപയൊക്കെ കയ്യില്‍ വരും.
നൈജീരിയക്കാരനായ എനിലോര്‍ഡ് ലോറന്‍സ് ഇത്തരമൊരു കളിക്കാരനായിരുന്നു. 1990-കളില്‍ ഏറെ പരിശ്രമിച്ചിട്ടും വലിയ ക്ലബ്ബുകളിലൊന്നും ലോറന്‍സിന് ഇടം കിട്ടിയിരുന്നില്ല. 2003-04 കാലമായപ്പോഴേക്കും ലോറന്‍സ് ത്രിപുരയിലേക്ക് കളം മാറ്റിയിരുന്നു. ജീവിതം കൊല്‍ക്കത്തയില്‍ തന്നെ. കളിക്കു പുറമെ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ ട്യൂഷനും എടുത്തിരുന്നു. രോഗവും കൂട്ടായി ഉണ്ടായിരുന്നു. ഒരു ദിവസം ലോറന്‍സ് മരിച്ചു. നാട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയില്ലാഞ്ഞതിനാല്‍ മൃതദേഹം 14 ദിവസം മോര്‍ച്ചറിയില്‍ കിടന്നു. ദരിദ്രരായ മാതാപിതാക്കള്‍ക്ക് ഇങ്ങോട്ടു വരാന്‍ വഴിയുണ്ടായിരുന്നില്ല. ഒടുവില്‍ താന്‍ കളിച്ച നഗരത്തിലെ മണ്ണില്‍ തന്നെ ലോറന്‍സിന്റെ ദേഹം അലിഞ്ഞു ചേര്‍ന്നു. അച്ഛനമ്മമാര്‍ മകന്റെ അവസാന നിമിഷങ്ങള്‍ കാസറ്റിലൂടെ കണ്ടു. കീഴ് ഡിവിഷനുകളില്‍ വിദേശ കളിക്കാര്‍ക്ക് 2005-ല്‍ വിലക്കേര്‍പ്പെടുത്തുകയുണ്ടായി.
ചീമയുടെ കാലത്തുതന്നെ കളിച്ച് പ്രശസ്തനായ ചിബുസോര്‍ ഇന്ത്യയില്‍ പല ക്ലബ്ബുകളും കളിച്ചിട്ടുണ്ട്. അവസാനമായി ചര്‍ച്ചില്‍ ബ്രദേഴ്സിന് കളിച്ച് ചിബുസോര്‍ കളി അവസാനിപ്പിച്ചു. പിന്നാലെ ബെംഗളൂരുവില്‍ നിന്ന് ദൈവവിചാരത്തില്‍ ബിരുദം നേടി. നാട്ടിലേക്കു മടങ്ങി. ഇബോയില്‍ പുരോഹിതനായി. കുറച്ചു കഴിഞ്ഞ് ലാഗോസില്‍ കുട്ടികള്‍ക്ക് താമസിച്ച് കളിക്കാനുള്ള ഒരു കേന്ദ്രം ആരംഭിച്ചു. പൗരോഹിത്യവും കളിയും ഒപ്പം കൊണ്ടു നടന്നു. കളി ജീവിതം അങ്ങനെ പലവിധത്തില്‍ അവസാനിക്കുന്നു. കളിക്കളത്തില്‍ പരിശീലകനായി, പള്ളിയില്‍, മദ്യശാലയില്‍, ശ്മശാനത്തില്‍.
Content Highlights: Nigerians in indian football Article By CP Vijayakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..