'ഞാന്‍ മരിച്ചാല്‍ ലോകം കരഞ്ഞേക്കും. പക്ഷേ ഇന്ത്യയിലെ ജനങ്ങള്‍ എനിക്കുവേണ്ടി കണ്ണീരൊഴുക്കില്ല'


കെ. വിശ്വനാഥ് 

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ 115-ാം ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ദേശീയ കായികദിനമായി ആഘോഷിക്കുന്നു. ധ്യാന്‍ചന്ദിന്റെ ജീവിതത്തിലൂടെ

Photo: Mathrubhumi Archives

ഡോൺ ബ്രാഡ്മാൻ, ജെസ്സി ഓവൻസ്, ധ്യാൻചന്ദ് ആഗോളതലത്തിൽ കായിക മൽസരങ്ങൾ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടു തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ താരപദവി കൈവന്ന മൂന്നുപേർ ഇവരായിരുന്നു.

കോമൺവെൽത്ത് രാജ്യങ്ങളിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ക്രിക്കറ്റിലായിരുന്നു ഡോൺ ബ്രാഡ്മാൻ നിറഞ്ഞാടിയതെങ്കിൽ അമേരിക്കയിൽ നിന്നുള്ള അത്​ലറ്റ് ഓവൻസും ഇന്ത്യക്കാരനായ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദും ഉദിച്ചുയർന്നതും പ്രകാശം പരത്തിയതും ഒളിമ്പിക്സ് വേദികളിലായിരുന്നു. 1928-ആംസ്റ്റർഡാം, 1932 ലോസ് ആഞ്ജലീസ്, 1936 ബെർലിൻ ഒളിമ്പിക്സുകളിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്നു മേജർ ധ്യാൻചന്ദ്. അന്താരാഷ്ട്ര മൽസരങ്ങളിൽനിന്ന് നാനൂറിലധികം ഗോൾ നേടിയിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച ഹോക്കിതാരം എന്ന പദവിയിൽ ഈ സെന്റർ ഫോർവേഡിന് ഇന്നും പ്രതിയോഗികളില്ല.

ബ്രിട്ടീഷ് പട്ടാളത്തിൽ സുബേദാറായിരുന്ന സമേശ്വർ സിങ്ങിന്റെ മകനായി 1905 ഓഗസ്ത് 29-ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് ധ്യാൻ സിങ് ജനിച്ചത്. ധ്യാനിന് രണ്ട് സഹോദരൻമാരുണ്ടായിരുന്നു. മൂൽ സിങ്ങും രൂപ് സിങ്ങും. പിൽക്കാലത്ത് ഇന്ത്യൻ ഹോക്കി ടീമിലെത്തിയ രൂപ് സിങ് 1932-ലും 36-ലും ഒളിമ്പിക്സ് സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ധ്യാൻചന്ദിനൊപ്പം കളിച്ചിരുന്നു.

dhyan chand
Photo: Mathrubhumi Archives

സമേശ്വറിന് ഇടയ്ക്കിടെ സ്ഥലംമാറ്റം ലഭിച്ചിരുന്നതുകൊണ്ട് കുടുംബത്തിന് പലതവണ നാടും വീടും മാറേണ്ടി വന്നു. ഇത് ധ്യാനിന്റെ വിദ്യാഭ്യാസത്തേയും ബാധിച്ചു. ആറാം ക്ലാസ്സോടെ പഠനം നിർത്തി. ചെറുപ്പത്തിൽ ഗുസ്തിയിലായിരുന്നു ധ്യാനിന് താൽപര്യം. ഒരു ഗുസ്തിക്കാരനാവണമെന്ന ആഗ്രഹത്തോടെ പരിശീലനവും നടത്തിയിരുന്നു. ഒഴിവുസമയങ്ങളിൽ ഹോക്കി കളിക്കാറുണ്ടായിരുന്ന സമേശ്വറിന്റെ താൽപര്യം പതുക്കെ മക്കളിലേക്കും പടരുകയായിരുന്നു.

മരത്തിന്റെ ചില്ലകൾ കൊണ്ടുണ്ടാക്കിയ സ്റ്റിക്കും തുണിപ്പന്തും കൊണ്ട് കൂട്ടുകാർക്കൊപ്പം ധ്യാൻ കളി തുടങ്ങി. പട്ടാളക്കാരനായ അച്ഛന്റെ പ്രേരണയിലാണ് 1922-ൽ ധ്യാൻ ബ്രാഹ്മിൺ റെജിമെന്റിൽ സിപായിയായി ജോലിക്കു ചേർന്നത്. മികച്ചൊരു ഹോക്കി ടീം ബ്രാഹ്മിൺ റെജിമെന്റിനുണ്ടായിരുന്നു. മറ്റു സിപായിമാർക്കൊപ്പം ഒഴിവുസമയങ്ങളിൽ ഹോക്കി കളിക്കുന്ന ധ്യാനിന്റെ മിടുക്ക് റെജിമെന്റിലെ സുബേദാർ മേജറും ഹോക്കി കളിക്കാരനുമായിരുന്ന ഭോലെ തിവാരിയുടെ ശ്രദ്ധയിൽപ്പെട്ടു. വൈകാതെ ധ്യാനിന്റെ പരിശീലനച്ചുമതല അദ്ദേഹം ഏറ്റെടുത്തു.

ഹോക്കിയുടെ അടിസ്ഥാനപാഠങ്ങളും ടെക്നിക്കുകളും ഭോലെയാണ് ധ്യാനിനെ പഠിപ്പിച്ചത്. ഡൽഹിയിൽനടന്ന മിലിട്ടറി ടീമുകളുടെ വാർഷിക ടൂർണമെന്റിനുള്ള റെജിമെന്റ് ടീമിൽ ശിഷ്യനെ തിവാരി ഉൾപ്പെടുത്തുകയും ചെയ്തു. തീർത്തും അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം ധ്യാൻ പരമാവധി മുതലെടുത്തു. സെന്റർ ഫോർവേഡായി കളിച്ച ധ്യാനിന്റെ മികവിൽ ടൂർണമെന്റിൽ ബ്രാഹ്മിൺ റെജിമെന്റ് ചാമ്പ്യൻമാരായി.

പട്ടാളത്തിലെ ജോലിസമയം കഴിഞ്ഞ് രാത്രിയിൽ ഏറെനേരം പരിശീലിക്കുന്ന പതിവുണ്ടായിരുന്നു. ഫ്ളെഡ്ലിറ്റ് സംവിധാനങ്ങളൊന്നുമില്ലാത്ത കാലമായതിനാൽ കളി തുടങ്ങാൻ ചന്ദ്രനുദിക്കുന്നതുവരെ കാത്തിരിക്കുമായിരുന്നു. ഇങ്ങനെ ചന്ദ്രനുദിക്കാനായി ആകാംക്ഷയോടെ കാത്തിരുന്നതുകൊണ്ട് കൂട്ടുകാർ ധ്യാനിനെ ചാന്ദ് എന്ന് വിളിക്കാൻ തുടങ്ങി. ഈ പേരാണ് പിന്നീട് ധ്യാൻചന്ദ് ആയി മാറിയത്. മിലിട്ടറിയിൽ ചേർന്ന് ആദ്യത്തെ നാലുവർഷം പട്ടാളക്കാർക്കായുള്ള ഹോക്കി ടൂർണമെന്റുകളിൽ ധ്യാൻ നിരന്തരം കളിച്ചു കൊണ്ടിരുന്നു. ഈ ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനം ധ്യാനിന് 1926-ൽ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിൽ സ്ഥാനം നേടിക്കൊടുത്തു. അവിടത്തെ ഒരു ടീമുമായുള്ള മൽസരത്തിൽ ഇന്ത്യൻ ആർമി ടീം 20 ഗോളിന് ജയിച്ചു. അതിൽ പത്തുഗോളുകൾ ധ്യാൻചന്ദിന്റെ സ്റ്റിക്കിൽനിന്നായിരുന്നു. ആ പര്യടനത്തിൽ ആർമി ടീം കളിച്ച 21 മൽസരങ്ങളിൽ 18-ലും ജയിച്ചു. രണ്ട് മാച്ച് സമനിലയിലായപ്പോൾ ഒന്നിൽ മാത്രമാണ് തോറ്റത്. ടീം ഈ മാച്ചുകളിൽ നിന്ന് മൊത്തം 192 ഗോൾ നേടി. അതിൽ നൂറ് ഗോൾ നേടിയത് ധ്യാൻചന്ദായിരുന്നു! പര്യടനം കഴിഞ്ഞ് ടീം നാട്ടിൽ തിരിച്ചെത്തിയപ്പോൾ ധ്യാൻചന്ദിന് ലാൻസ് നായിക്കായി ഉദ്യോഗക്കയറ്റം ലഭിച്ചു.

അതിനുശേഷം ഒരു വർഷത്തോളം വലിയ ഹോക്കി മൽസരങ്ങളിൽ കളിക്കാൻ ധ്യാൻചന്ദിനും കൂട്ടുകാർക്കും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ 1926-ൽ രൂപംകൊണ്ട ഇന്ത്യൻ ഹോക്കി ഫെഡറേഷൻ ഹോക്കി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിക്കാൻ ശ്രമം തുടങ്ങിയതോടെ ഹോക്കിതാരങ്ങളുടെ പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കാൻ തുടങ്ങി. 1920-ലെ ആന്റ്വാർപ്പ് ഒളിമ്പിക്സിനുശേഷം ഹോക്കി ഒളിമ്പിക്സിൽനിന്ന് ഒഴിവാക്കിയിരുന്നു. 1924-ലെ പാരീസ് ഒളിമ്പിക്സിൽ ഹോക്കി മൽസരം ഉണ്ടായില്ല. ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ നിരന്തര പരിശ്രമം കാരണം 28-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഹോക്കിയെ വീണ്ടും ഉൾപ്പെടുത്തി.

ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ തിരഞ്ഞെടുക്കുന്നതിനായി കൊൽക്കത്തയിൽ അഞ്ച് ടീമുകളെ ഉൾപ്പെടുത്തി ദേശീയ ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ ആർമി ടീം കളിക്കാതിരുന്നത് കാരണം യുണൈറ്റഡ് പ്രോവിൻസസ് ടീമിലാണ് ധ്യാൻചന്ദിനെ ഉൾപ്പെടുത്തിയത്. ആദ്യമായായിരുന്നു സൈനിക ടീമിനു വേണ്ടിയല്ലാതെ ധ്യാൻ കളിക്കാനിറങ്ങുന്നത്.

dhyanchand
1936 ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീം. നിൽക്കുന്നവരിൽ ഇടത്ത് നിന്ന് രണ്ടാമത് ധ്യാൻചന്ദ്. Photo: Mathrubhumi Archives

യുണൈറ്റഡ് ടീമിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെയായിരുന്നു. ഈ മൽസരം ഇരു ടീമുകളും മൂന്നുഗോൾ വീതം നേടി സമനിലയിലായി. ധ്യാൻചന്ദിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു ഈ മൽസരത്തിൽ കണ്ടത്. ഇന്ത്യൻ ഒളിമ്പിക്സ് ടീമിന്റെ സെന്റർ ഫോർവേഡ് ധ്യാൻചന്ദ് ആയിരിക്കുമെന്നത് ഉറപ്പാണെന്ന് പത്രങ്ങൾ എഴുതി. ഫൈനലിൽ രജപുത്താനയെ തോൽപ്പിച്ച് ധ്യാൻചന്ദിന്റെ ടീം ഹോക്കിയിലെ ആദ്യ ദേശീയ ചാമ്പ്യൻമാരായി. ധ്യാൻചന്ദിന്റെ മികവാണ് ചാമ്പ്യൻമാരുടെ കുതിപ്പിന് പിന്നിലെന്നത് പകൽപോലെ വ്യക്തമായിരുന്നു. ദേശീയ ടൂർണമെന്റിനു ശേഷം ട്രയൽസിന്റെ ഭാഗമായി രണ്ട് മൽസരങ്ങൾ കൂടി സംഘടിപ്പിക്കപ്പെട്ടു. അതിനു ശേഷമായിരുന്നു സെലക്ഷൻ. ഈ ടീമിൽ സെന്റർ ഫോർവേഡായി തന്നെ 23-കാരനായ ധ്യാൻചന്ദിനെ ഉൾപ്പെടുത്തി. വളരെ ബുദ്ധിമുട്ടിയായിരുന്നു ഒളിമ്പിക്സ് വേദിയിലേക്കുള്ള കപ്പൽയാത്രയ്ക്കും മറ്റുമുള്ള പണം ഹോക്കി ഫെഡറേഷൻ സ്വരൂപിച്ചത്. ഓസ്ട്രേലിയ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, ഹോളണ്ട് എന്നീ ടീമുകൾക്കെതിരെ ഗോളുകൾ വർഷിച്ചു 29 ഗോൾ അടിച്ച് ഒന്നുപോലും വഴങ്ങാതെ ഇന്ത്യ ചാമ്പ്യൻമാരായപ്പോൾ 14 ഗോൾ നേടിയ ധ്യാൻചന്ദ് ടോപ്സ്കോററായി.

Indiayude Olympic Jethakkal
ഇന്ത്യയുടെ ഒളിമ്പിക് ജേതാക്കൾ വാങ്ങാം">
ഇന്ത്യയുടെ ഒളിമ്പിക് ജേതാക്കൾ വാങ്ങാം

1932-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സിന് ഇന്ത്യൻ ഹോക്കി ടീം മൽസരിക്കുന്ന കാര്യം അവസാനനിമിഷം വരെ സംശയത്തിലായിരുന്നു. യു.എസ്സിലേക്കുള്ള ദീർഘമായ കപ്പൽയാത്രയ്ക്ക് പണം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏറെ പ്രതിസന്ധികൾ തരണംചെയ്താണ് ധ്യാൻചന്ദും സംഘവും അമേരിക്കയിൽ എത്തിച്ചേർന്നത്.

പക്ഷേ അവിടെ കളിക്കളത്തിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായിരുന്നു. ഇന്ത്യയ്ക്ക് പുറമേ ജപ്പാനും യു.എസ്സും മാത്രമേ ഈ ഒളിമ്പിക്സിൽ ഹോക്കി കളിക്കാനെത്തിയിരുന്നുള്ളൂ. ധ്യാൻചന്ദിനൊപ്പം അനിയൻ രൂപ് സിങ്ങും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ആദ്യ മൽസരത്തിൽ ഇന്ത്യ ജപ്പാനെ 11-1 എ മാർജനിൽ തോൽപ്പിച്ചു. ധ്യാൻചന്ദ് നാലും രൂപ്സിങ് മൂന്നും ഗോൾ നേടി. അടുത്ത മൽസരത്തിൽ യു.എസ്സിനെതിരെ ഗോൾ മഴയായിരുന്നു. 24-1 ന് ഇന്ത്യ ജയിച്ചു. രൂപ് സിങ് പത്തും ധ്യാൻചന്ദ് എട്ടും ഗോൾ നേടി.

നാലുവർഷം കഴിഞ്ഞ് അഡോൾഫ് ഹിറ്റ്ലറുടെ നാസി ജർമനിയിലെ ബെർലിനിൽ അരങ്ങേറിയത് ധ്യാൻചന്ദിന്റെ മൂന്നാമത്തെ ഒളിമ്പിക്സായിരുന്നു. ബെർലിനിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ധ്യാൻചന്ദായിരുന്നു. അദ്ദേഹത്തിന്റെ വിശ്വരൂപം പ്രകടമായ ഒളിമ്പിക്സായിരുന്നു ഇത്. മിക്കവാറും ഒറ്റയ്ക്കുതന്നെ അദ്ദേഹം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഫൈനലിൽ ഹിറ്റ്ലറുടെ ജർമ്മനിയെ ഒന്നിനെതിരെ എട്ട് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ ഒളിമ്പിക്സ് ജേതാക്കളായത്. ധ്യാൻചന്ദിന്റെ മാസ്മരിക പ്രകടനംകണ്ട ഹിറ്റ്ലർ അദ്ദേഹത്തിന് ജർമ്മൻ സൈന്യത്തിൽ ഉയർന്ന പോസ്റ്റിൽ ജോലി വാഗ്ദാനം ചെയ്തു. ധ്യാൻചന്ദ് അത് നിരസിക്കുകയായിരുന്നു.

ലോകമഹായുദ്ധം കാരണം 1940-ലും 1944-ലും ഒളിമ്പിക്സ് നടക്കാതെ പോയത് ധ്യാൻചന്ദിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായി. അല്ലെങ്കിൽ രണ്ട് ഒളിമ്പിക്സ് സ്വർണമെഡലുകൂടി അദ്ദേഹത്തിന്റെ യശസ്സിന് തിലകം ചാർത്തുമായിരുന്നു.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വതന്ത്രമായതിനുശേഷം 1948-ലാണ് അദ്ദേഹം ഹോക്കിയിൽനിന്ന് വിടവാങ്ങിയത്. ഹോക്കി മാന്ത്രികന്റെ അവസാനനാളുകൾ പക്ഷേ അത്രയ്ക്ക് ആഹ്ലാദകരമായിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. 1979 ഡിസംബർ മൂന്നിന് ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനറൽ വാർഡിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. കരളിന് ക്യാൻസർ ബാധിച്ചതായിരുന്നു മരണകാരണം. തനിക്ക് അനുഭവിക്കേണ്ടിവന്ന അവഗണനയും സാമ്പത്തിക പരാധീനതയും അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ധ്യാൻചന്ദ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ''ഞാൻ മരിച്ചാൽ ലോകം കരഞ്ഞേക്കും. പക്ഷേ ഇന്ത്യയിലെ ജനങ്ങൾ എനിക്കുവേണ്ടി കണ്ണീരൊഴുക്കില്ല. എനിക്കവരെ അറിയാം.''

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഒളിമ്പിക് ജേതാക്കൾ എന്ന പുസ്തകത്തിൽ നിന്ന്.)

Content Highlights: National Sports Day Tributes Major Dhyan Chand 115th birth anniversary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023

Most Commented