ഗോപി അന്നേ പറഞ്ഞു, സിന്ധു സൈനയേക്കാള്‍ ഉയരത്തിലെത്തും


കെ വിശ്വനാഥ്‌

അവരുടെ കൊച്ചുവീട്ടിന്റെ സ്വീകരണമുറിയില്‍ ടെലിവിഷന് സമീപം ഫ്രയിം ചെയ്ത് വെച്ചിരുന്ന ഫോട്ടോ കണ്ട് കൗതുകം തോന്നി. ഒളിമ്പ്യന്‍ പി ടി ഉഷയുടെ മടിയിലിരിക്കുന്ന കൊച്ചുസിന്ധു.

ലേഖകൻ പിവി സിന്ധുവിനൊപ്പം | Photo: Mathrubhumi

ബാഡ്മിന്റണില്‍ എന്റെ ആദ്യ ഹീറോ പ്രകാശ് പദുക്കോണായിരുന്നു. പദുക്കോണ്‍ ആള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ജയിച്ചുവെന്ന വാര്‍ത്ത വലിയ ഹെഡ്ഡിങ്ങില്‍ സ്പോര്‍ട്സ് പേജില്‍ അടിച്ചുവരുമ്പോള്‍ ഞാന്‍ നാലാം ക്ലാസ്സിലാണ്. ഞങ്ങളുടെ നാട്ടിന്‍പുറത്തും കുമ്മായവര കൊണ്ട് കോര്‍ട്ട് വരച്ച് നെറ്റ് കെട്ടി ചേട്ടന്‍മാര്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും ക്രിക്കറ്റും ഫുട്ബോളുമല്ലാത്ത കളികളെ കുറിച്ച് വലിയ പരിജ്ഞാനമൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷെ പദുക്കോണിന്റെ വിജയം വലിയൊരു നേട്ടമാണെന്ന് പത്രത്തില്‍ നിന്നറിഞ്ഞതു തൊട്ട് എന്റെ പുസ്തകസഞ്ചിയിലെ പാഠപുസ്തകങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചു വെച്ചിരുന്ന നോട്ട്ബുക്കില്‍ ഗാവസ്‌കറുടേയും കപില്‍ദേവിന്റേയും ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹവും ഇടംപിടിച്ചു. ക്രിക്കറ്റ് താരങ്ങളെ അപേക്ഷിച്ച് സുന്ദരനായ പദുക്കോണിനോട് ഒരു പ്രത്യേക ഇഷ്ടവും തോന്നിയിരുന്നു.

പ്രകാശിന് ശേഷം ബാഡ്മിന്റണിലേക്ക് കടന്നു വന്ന വിമല്‍കുമാറിനെ പോലുള്ള ബാഡ്മിന്റണ്‍ താരങ്ങളോടും ഇഷ്ടം തോന്നിതുടങ്ങിയെങ്കിലും പ്രകാശിനെ പോലെ ആഘോഷിക്കാവുന്ന ഒരു താരത്തിനായി പുല്ലേല ഗോപിചന്ദിന്റെ വരവോളം കാത്തിരിക്കേണ്ടി വന്നു. ഗോപിചന്ദ് തന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്ന് ആദ്യം എന്നോട് പറഞ്ഞത് സാക്ഷാല്‍ പദുക്കോണ്‍ തന്നെയായിരുന്നു. 1999-ല്‍ ബാംഗ്ലൂരിലെ പദുക്കോണ്‍ അക്കാദമിയില്‍ ചെന്ന് പ്രകാശിനെ ഇന്റര്‍വ്യു ചെയ്തിരുന്നു. സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു,' ഞങ്ങളുടെ അക്കാദമിയില്‍ പരിശീലിച്ച ഗോപിചന്ദ് എനിക്ക് ശേഷം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ഇന്ത്യന്‍ താരമായാല്‍ നിങ്ങള്‍ അദ്ഭൂതപ്പെടേണ്ട.' പ്രകാശിന്റെ പ്രവചനം യാഥാര്‍ഥ്യമാവാന്‍ രണ്ട് വര്‍ഷമേ കാക്കേണ്ടി വന്നുള്ളൂ. 2001ല്‍ ഗോപി ലോകബാഡ്മിന്റണിലെ ഏറ്റവും വിലയേറിയ ആ ട്രോഫിയില്‍ മുത്തമിട്ടു.

പരിക്കും മറ്റു പ്രശനങ്ങളും കാരണം ഗോപിക്ക് പിന്നെ ഏറെ നേരം മുന്നോട്ടു പോവാനായില്ല. പ്രകാശിനെ പോലെ തന്നെ സ്വന്തമായി അക്കാദമി സ്ഥാപിച്ച് കോച്ചിങ്ങിലേക്ക് തിരിഞ്ഞ ഗോപി ഇന്ത്യന്‍ ബാഡ്മിന്റണിലെ വിപ്ലവത്തിന് തുടക്കമിടുകയായിരുന്നു. ഗോപിയുടെ അക്കാദമിയില്‍ നിന്ന് ലോക നിലവാരമുള്ള ബാഡ്മിന്റണ്‍ താരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തേക്കിറങ്ങി. മുമ്പ് പ്രകാശ് നടത്തിയപോലുള്ള പ്രവചനങ്ങള്‍ ഗോപിയും നടത്തി. അതും ഫലം കണ്ടു. ശിഷ്യന്‍മാരില്‍ ഗുരുവിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നത് രണ്ടു പെണ്‍കുട്ടികളാണ് രണ്ടും ഹൈദരാബാദുകാര്‍ സൈന നേവാളും പി വി സിന്ധുവും. ആദ്യം നേട്ടങ്ങല്‍ കൊയ്തു തുടങ്ങിയത് സൈനയാണ്. സൈന അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞപ്പോള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഗോപിചന്ദ് അക്കാദമയില്‍ ചെന്നപ്പോള്‍ ഗോപി പറഞ്ഞു, ' ഉറപ്പായും സൈനയേക്കാള്‍ ഉയരത്തിലെത്തുമെന്നുറപ്പുള്ള ഒരു ശിഷ്യ എനിക്കുണ്ട്. നിങ്ങള്‍ അവളെയും കാണൂ.'

PV Sindhu
സിന്ധുവും സൈനയും ഗോപീചന്ദിനൊപ്പം

പി വി സിന്ധുവിനെ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും അങ്ങിനെയാണ്. സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലാവുന്നത്. ദേശീയ വോളിബോള്‍ താരങ്ങളായിരുന്ന പി വി രമണയുടേയും വിജയയുടേയും മകളാണ് സിന്ധു. 'അച്ഛനും അമ്മയും കായികതാരങ്ങളായത് കൊണ്ട് എന്നെയൊരു കായിതാരമാക്കുന്നതില്‍ രണ്ടു പേര്‍ക്കും വലിയ ഉല്‍സാഹമായിരുന്നു. എന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ അവര്‍ തന്നെയാണ്.'- സിന്ധു പറഞ്ഞു. ആന്ധ്രാപ്രദേശ് സംസ്ഥാന ടീമിനു വേണ്ടി കളിക്കാനായി കോഴിക്കോട്ടു വന്ന കാലം തൊട്ടേ രമണയെ പരിചയമുണ്ട്. ആ മുന്‍ പരിചയം വെച്ച് അവരുടെ വിട്ടീലേക്ക് തിരിച്ചു. ഞങ്ങളുടെ കാര്‍ വീട്ടിനടുത്തേക്ക് എത്തും മുമ്പെ രമണ സ്‌കൂട്ടറില്‍ എതിരെ വന്നു. വഴി കാണിച്ചു തന്നു. ' ഞങ്ങളുടെ മകളെ കുറിച്ച് അറിയാനും എഴുതാനുമല്ലേ നിങ്ങള്‍ വന്നത്. വലിയ സന്തോഷം.'- തൊണ്ണൂറുകളില്‍ ദേശീയ, അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പ്രതിയോഗികളെ നടുക്കുന്ന സ്മാഷുകളിലൂടെ വോളി കോര്‍ട്ടുകളില്‍ പ്രകമ്പനം സൃഷ്ടിച്ച രമണ ഏറെ സൗമ്യനായി, വലിയ സ്നേഹത്തോടെയാണ് പെരുമാറിയത്.

അവരുടെ കൊച്ചുവീട്ടിന്റെ സ്വീകരണമുറിയില്‍ ടെലിവിഷന് സമീപം ഫ്രയിം ചെയ്ത് വെച്ചിരുന്ന ഫോട്ടോ കണ്ട് കൗതുകം തോന്നി. ഒളിമ്പ്യന്‍ പി ടി ഉഷയുടെ മടിയിലിരിക്കുന്ന കൊച്ചുസിന്ധു. 'ചെറുപ്പത്തിലേ ഞങ്ങളുടെ സുഹൃത്തുക്കളായ കായികതാരങ്ങളോടെല്ലാം അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. '- നിറഞ്ഞ ചിരിയോടെയാണ് വിജയ അതു പറഞ്ഞത്. സിന്ധുവിന്റെ ബാല്യത്തെ കുറിച്ചും ഒരു ബാഡ്മിന്റണ്‍ താരമെന്ന നിലയിലുള്ള വളര്‍ച്ചയെ കുറിച്ചുമെല്ലാം വിശദമായി തന്നെ അവര്‍ സംസാരിച്ചു.

രമണയും വിജയയും കളിക്കളത്തില്‍ കണ്ടുമുട്ടി പ്രണയിച്ചവരാണ്. ഏഷ്യന്‍ ഗെയിംസിലടക്കം നിരവധിതവണ ഇന്ത്യന്‍ കുപ്പായമണിഞ്ഞ രമണ അര്‍ജുന അവാര്‍ഡ് ജേതാവുകൂടിയാണ്. ചെറുപ്പത്തിലേ വോളി ഉള്‍പ്പെടെ എല്ലാതരം കളികളോടും വലിയ താല്‍പര്യമായിരുന്നു സിന്ധുവിന്. രമണ ജോലിചെയ്തിരുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചുതുടങ്ങിയത്. 'വൈകുന്നേരം വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അത് കണ്ടിരിക്കുമ്പോള്‍ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവള്‍ സ്വയം തിരഞ്ഞെടുത്ത വഴി'' - രമണ പറയുന്നു.

ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. ടോമാണ് ഉറപ്പിച്ചുപറഞ്ഞത്, സിന്ധുവിന്റെ കരിയര്‍ ബാഡ്മിന്റനാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നും. ഗോപീചന്ദിനെപ്പോലുള്ള വലിയ കളിക്കാരുടെ പരിശീലകനായിരുന്ന ടോം ഉറപ്പുപറഞ്ഞതോടെ രമണയ്ക്ക് മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു. സിന്ധുവിനെ പൂര്‍ണമായും ബാഡ്മിന്റണിനായി വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട് ഗോപീചന്ദ് അക്കാദമിയില്‍ ചേര്‍ന്നതോടെ സിന്ധുവിന്റെ കരിയര്‍ ഭിന്നമായൊരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

Prakash Padukone
ലേഖകന്‍ പ്രകാശ് പദുകോണിനൊപ്പം

റിയോ ഒളിമ്പിക്സ് മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യാന്‍ അവിടെ ചെന്ന സമയം തോട്ടേ സിന്ധുവും സൈനയും പരിശീലകനായ ഗോപീചന്ദുമായും ഞാന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. പരിക്കുകാരണം ഫോമിലേക്കുയരാന്‍ കഴിയാതെ പോയ സൈന സെമിയിലെത്താതെ മടങ്ങിയതോടെ എല്ലാവരുടേയും ശ്രദ്ധ സിന്ധുവിലേക്കായി. മറ്റുള്ളവര്‍ പുലര്‍ത്തുന്ന പ്രതീക്ഷകള്‍ സിന്ധുവില്‍ വലിയ വലിയ സമര്‍ദ്ധമുണ്ടാക്കുന്നുവല്ലേയെന്ന് ക്വാര്‍ട്ടര്‍ മല്‍സരത്തിന് ശേഷം ഞാന്‍ സിന്ധുവിനോട് ചോദിച്ചു. ചിരിച്ചു കൊണ്ടായിരുന്നു അവളുടെ മറുപടി. ' ആ കാലമൊക്കെ കഴിഞ്ഞു. എത്ര വലിയ മല്‍സരമായാലും കോര്‍ട്ടിലിറങ്ങിയാല്‍ പിന്നെ അത് ഒരു പതിവു മല്‍സരമാണ്. ജയിക്കാന്‍ നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കും.' സിന്ധു തികഞ്ഞ ഒരു പ്രൊഫഷണലായി മാറിക്കഴിഞ്ഞതിന്റെ സൂചനയാണ് ആ മറുപടിയെന്ന് ഒപ്പമുണ്ടായിരുന്ന ഗൗപീചന്ദ് കൂട്ടിച്ചേര്‍ത്തു. ഗോപീചന്ദിന്റെ കീഴില്‍ മാസങ്ങളോളം കഠിനപരിശീലനം നേടിയായിരുന്നു സിന്ധു റിയോയിലെത്തിയത്.

ഒളിമ്പിക്സില്‍ ആദ്യറൗണ്ട് തൊട്ടേ മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരിയായിരുന്ന സിന്ധു തന്നേക്കാള്‍ ഉയര്‍ന്ന റാങ്കിങ്ങുള്ള താരങ്ങളെ ഒന്നൊന്നായി കീഴടക്കിയാണ് ഫൈനലില്‍ എത്തിയത്. ക്വാര്‍ട്ടറില്‍ രണ്ടാംറാങ്കായ ചൈനയുടെ വാങ് യിഹാനെതിരെ അട്ടിമറി ജയം നേടി. ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേത്രിയായിരുന്ന വാങ്ങിനെതിരെ സിന്ധുവിന് ആരും വലിയ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ 54 മിനുറ്റ് നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയ്മില്‍ത്തന്നെ ഇന്ത്യന്‍ താരം ജയിച്ചു കയറി(22-20,21-19).

സെമിയില്‍ പ്രതിയോഗി ജപ്പാന്റെ നൊസോമി ഒകുഹാരയായിരുന്നു. മല്‍സരം നടന്ന സെന്‍ട്രോ പവലിയന്റെ ഗ്യാലറിയില്‍ ഇന്ത്യക്കാരേക്കാള്‍ ജപ്പാന്‍കാരുണ്ടായിരുന്നു. ജപ്പാന്‍കാരുടെ 'നിപ്പോണ്‍, നിപ്പോണ്‍' വിളികള്‍ക്കുമേലെ 'ഇന്ത്യാ ജീതേഗാ' എന്ന് അലറിവിളിച്ച രണ്ടുഡസനിലധികം വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്കും ഈ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കണം.ആദ്യ സെറ്റിന്റെ തുടക്കത്തിലേ സിന്ധു മുന്നേറിയപ്പോള്‍ ജപ്പാന്‍കാരി ശരിക്കും പകച്ചുപോയിരുന്നു. മുമ്പ് മൂന്നുതവണ താന്‍ തോല്‍പ്പിച്ച സിന്ധുവില്‍നിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.' എന്നാല്‍ ഇത് വേറെയാണ് മോളേ കളി, ഒളിമ്പിക്സാണ.് ഇന്ത്യക്കുവേണ്ടി ഈ മെഡല്‍ കളി ജയിച്ചേ പറ്റൂ' എന്ന് വിളിച്ചു പറയുന്ന വീറോടെ സിന്ധു പൊരുതിക്കയറി.

രണ്ടാം സെറ്റിലെ ഒരവസരത്തിലൊഴിച്ച് സിന്ധു ജപ്പാന്‍കാരിക്ക് ലീഡ് വിട്ടുനല്‍കിയതേയില്ല. പൊരുതിനേടിയ ഈ വിജയം തികച്ചും ആധികാരികമായിരുന്നു. ഇടയ്ക്ക് ചില പിഴവുകള്‍പറ്റുമ്പോള്‍ കോര്‍ട്ടിനുപുറത്ത് പിറകിലായിരിക്കുന്ന തന്റെ പ്രിയ പരിശീലകന്‍ ഗോപീചന്ദിനെ ഒന്നുതിരിഞ്ഞുനോക്കും. ഗോപി മുഷ്ടിചുരുട്ടിക്കാണിക്കുമ്പോള്‍ പുതിയ വീര്യത്തോടെ നെറ്റിനരികിലേക്ക് കുതിക്കും. വിജയം പൂര്‍ത്തിയാക്കി ചരിത്രം കുറിച്ചനേരം സിന്ധുവൊന്ന് ഉയര്‍ന്നുചാടി. പിന്നെ ഒരിക്കല്‍ക്കൂടി ഗോപിയെ നോക്കി. പിന്നെ കോര്‍ട്ടിന് പുറത്തേക്ക് നടന്നു, ബാഗുമെടുത്ത് പവലിയനിലേക്ക്.

ഫൈനലില്‍ സിന്ധു അന്നത്തെ ലോക ഒന്നാംനമ്പര്‍ താരമായ സ്പെയിനിന്റെ കരോളിന മാരിനോട് അവസാന ഇഞ്ചുവരെ പൊരുതി പരാജയപ്പെടുയായിരുന്നു.(21-19, 12-21, 15-21) അതുവരെ കളിച്ച മല്‍സരങ്ങളില്‍ ഒരു ഗെയിംപോലും വഴങ്ങാതിരുന്ന മാരിനെതിരെ ഒരു ഗെയിം ജയിക്കാനും സിന്ധുവിന് കഴിഞ്ഞു.

PV Sindhu
സിന്ധുവിന്റെ മാതാപിതാക്കള്‍

മല്‍സര ശേഷം വെള്ളി മെഡല്‍ ഏറ്റു വാങ്ങിയ ശേഷം സിന്ധുവും ഗോപിയും ഉല്ലാസത്തോടെ ഏറെ നേരം ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമ സംഘവുമായി ചെലവഴിച്ചു. ഇനിയെന്താണ് ചെയ്യാന്‍ പോവുന്നത് എന്നു ചോദിച്ചപ്പോള്‍ സിന്ധുവിന്റെ മറുപടി ഏറെ രസകരമായിരുന്നു .'ഒരു ഐസ്‌ക്രീം കഴിക്കണം.' ഒളിമ്പിക്സിന് ഒരു വര്‍ഷംമുമ്പേ സിന്ധുവിന്റെ മൊബൈല്‍ ഫോണ്‍ ഗോപി വാങ്ങിവെച്ചിരുന്നു. കൂട്ടുകൂടാനും പുറത്തിറങ്ങി കടങ്ങിനടക്കാനും ഐസ്‌ക്രീം കഴിക്കാനുമൊന്നും സിന്ധുവിന് അനുവാദമുണ്ടായിരുന്നില്ല. ഒളിമ്പിക് മെഡല്‍ എന്ന വലിയസ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് ഇത്തരം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ട് ഗുരുവിന്റെ കല്‍പ്പനകളെല്ലാം പൂര്‍ണമനസ്സോടെ സിന്ധു ചെവിക്കൊള്ളുകയായിരുന്നു.

ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും സിന്ധു മെഡല്‍ നേടിയിരിക്കുന്നു. രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യക്കാരിയെന്ന് ബഹുമതി ഇനി സിന്ധുവിന് സ്വന്തം. ലോകചാമ്പ്യന്‍ പട്ടവും ഒളിമ്പിക് വെള്ളിമെഡലും നേടിയ ഒരേയൊരു ഇന്ത്യന്‍ വനിതാ കായിക താരവും സിന്ധു തന്നെ. 2019-ല്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ സിന്ധു രണ്ടുതവണ വീതം വെങ്കല, വെള്ളി മെഡലുകളും നേടിയിട്ടുണ്ട.

അതെ, ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വനിതാ കായിക താരം നമ്മുടെ സിന്ധു തന്നെ. നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മേരികോമിനേയും പിടി ഉഷയേയും അഞ്ജു ബി ജോര്‍ജിനേയും സൈനാ നേവാളിനേയും കര്‍ണം മല്ലേശ്വരിയേയുമെല്ലാം സിന്ധു ഒരു പടിയെങ്കിലും പിന്നിലാക്കുന്നു.

Content Highlights: Memories with PV Sindhu Tokyo Olympics 2020 Bronze Medal Diary Of A Sports Reporter

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented