Photo: gettyimages
സ്വര്‍ഗത്തിലേക്കെത്തുന്ന ഗോപുരം പണിതതിനാണ് ദൈവം ഭാഷകള്‍ പലതാക്കി മനുഷ്യരെ വെവ്വേറെയാക്കിയത്. എന്നാല്‍ ആശയവിനിമയത്തിന് മനുഷ്യര്‍ ചില ഉപാധികള്‍ കണ്ടുപിടിച്ച് ഇതിനെ അതിവര്‍ത്തിക്കുന്നു. അതിലൊന്ന് ഫുട്ബോളിന്റെ ഭാഷയാണ്. അതേ സമയം അതില്‍ ദേശഭേദമനുസരിച്ച് അനേകം ഉള്‍പ്പിരിവുകളുമുണ്ട്. സ്നേഹത്തിന്റെയും ദുഃഖത്തിന്റെയും ഭാഷകള്‍ ഒന്നാണെങ്കിലും സംസാരിച്ചു വരുമ്പോള്‍ അത് ഇറ്റാലിയനും ഹിന്ദിയും മറ്റനേകം ഭാഷകളുമായി പുറത്തു വരുന്നു. അതു പോലെ, ജര്‍മന്‍കാര്‍ ഗോളിനു പകരം റ്റോര്‍ അടിക്കുന്നു, ഇറ്റലിക്കാര്‍ കാല്‍ചിയൊ കളിക്കുന്നു, പല വിധ അടവുകളും പയറ്റുന്നു.എല്ലാം അവരവരുടെ ഭാഷകളില്‍.
കളിക്കാരും പരിശീലകരും മാത്രമല്ല കമന്റേറ്റര്‍മാരും എഴുത്തുകാരും സര്‍വോപരി കാണികളും സമ്പന്നമായ ഈ പദകോശത്തിലേക്ക് താന്താങ്ങളുടെ സംഭാവനയര്‍പ്പിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളെ അടയാളപ്പെടുത്താന്‍ ചിലപ്പോള്‍ ഒരു വാക്കു പോരാതെ വരും. അപ്പോള്‍ അവിടെ ഒരു വാചകം തന്നെ പ്രയോഗിക്കണം. അങ്ങനെ 'ficar sem pai nem mae' ഉണ്ടാവുന്നു. ബ്രസീലിലെ പോര്‍ച്ചുഗീസ് തര്‍ജമ ചെയ്താല്‍ അതിങ്ങനെയാവും 'അച്ഛനും അമ്മയുമില്ലാതെ ഒറ്റപ്പെട്ടുപോകുക' അതായത് ഒരു ഡിഫന്‍ഡറെ ഒരു ആക്രമണകാരി ആകമാനം വട്ടംകറക്കി നിശ്ശൂന്യനാക്കുമ്പോള്‍ കാണികളെ സംബന്ധിച്ച് അയാള്‍ അച്ഛനും അമ്മയുമില്ലാതെ ഒറ്റക്കാവുകയാണ്. 2022 ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏതാണ്ട് 60 മീറ്റര്‍ അകലെ നിന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ അല്‍വാരോ വാസ്‌ക്വസ് നേടിയതു പോലുള്ള ഗോളാണെങ്കില്‍ ബ്രസീലില്‍ അതിനെ 'gol do meio da rua' എന്നു പറയും.അതായത് 'തെരുവിന്റെ മധ്യത്തില്‍ നിന്നുള്ള ഗോള്‍'. ബ്രസീലുകാര്‍ക്ക് അങ്ങനെ നാനാവിധത്തില്‍ ഗോളടിക്കാനാവും 'gol da peixin-ho'വും 'gol de placa'യും അവരുടെ നിഘണ്ടുവില്‍ ഉണ്ട്.
സാവോ പോളോയുടെ കളിക്കാരനായിരുന്ന അര്‍നോള്‍ഡോ പോഫോ ഗാര്‍സിയ എന്ന പെയ്ശിഞ്ഞോവിന്റെ പേരിലാണ് ആദ്യം പറഞ്ഞ ഗോള്‍. മറ്റൊന്നുമല്ല, വായുവിലൂടെ നീന്തി പന്ത് ഗോളിലേക്ക് ഹെഡു ചെയ്ത് ഇടുന്നതാണിത്. പെയ്ശിഞ്ഞോ എന്നാല്‍ ചെറുമീന്‍. അച്ഛനും കളിക്കാരനായിരുന്നു. വിളിപ്പേര് പെയ്ശെ, അതായത് മീന്‍. മകന്‍ ചെറുമീന്‍. ഡൈവിങ് ഹെഡര്‍ മിക്ക രാജ്യങ്ങളിലും മീനിന്റെ കുതിപ്പായി കരുതുന്നു.
മാരക്കാനയില്‍ സാക്ഷാല്‍ പെലെ അടിച്ച ഗോളാണ് പ്ലേക്ക് ഗോള്‍ എന്ന ഗോള്‍ ദെ പ്ലാക്ക. അഥവാ ഒരു ഫലകത്തില്‍ രേഖപ്പെടുത്തേണ്ടതായ ഗോള്‍. 1961 മാര്‍ച്ച് 5-ന് നടന്ന കളിയിലെ ഈ ഗോള്‍ ക്യാമറയില്‍ ചിത്രീകരിക്കപ്പെട്ടിട്ടില്ല. ഫ്‌ളൂമിനെന്‍സിനെതിരെ പെലെയുടെ സാന്റോസ്, അദ്ദേഹം തന്നെ നേടിയ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുന്നു. തുടര്‍ന്ന് സ്വന്തം പെനാല്‍റ്റി ബോക്സിന്റെ പരിസരത്തു നിന്ന് പെലെയ്ക്ക് പന്തു കിട്ടുന്നു. അവിടെ നിന്ന് വെട്ടി മാറിയും ഒഴിഞ്ഞും വാങ്ങിയും മുന്നേറുന്ന പെലെ അതേ പോക്കില്‍ ഗോള്‍ നേടുകയായി. ഫ്‌ളൂമിനെന്‍സിന്റെ ആരാധകരുള്‍പ്പെടെ കാണികള്‍ എഴുന്നേറ്റു നിന്ന് മിനുട്ടുകളോളം കയ്യടിച്ചു എന്ന് പിറ്റേന്ന് ഓ ഗ്ലോബോ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഗോള്‍ എന്നെന്നെക്കുമായി അനുസ്മരിക്കപ്പെടുന്നതിന് ഓ സ്പോര്‍ടേ പത്രത്തിന്റെ ലേഖകന്‍ ജോയല്‍മീര്‍ ബെറ്റിങ് നടത്തിയ പ്രചാരവേലയുടെ ഫലമായി അങ്ങനെയൊരു തീരുമാനമുണ്ടായി. കുറച്ചു ദിവസം കഴിഞ്ഞ് പെലെ തന്നെ ഈ ഫലകം അനാവരണം ചെയ്തു.അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു 05/03/1961, മാരക്കാനയുടെ ചരിത്രത്തില്‍ ഏറ്റവും മഹത്തായ ഗോള്‍ പെലെ നേടിയിരിക്കുന്നു.
ഇംഗ്ലീഷിലൂടെയാണ് ലോകം ഫുട്ബോളിലേക്ക് കാല്‍ നീട്ടിയതെങ്കിലും പിന്നീട് എല്ലാ സംസ്‌കാരങ്ങളും അതില്‍ നിന്ന് വേര്‍പെട്ടു നിന്ന് ഫുട്ബോളില്‍ സ്വന്തമായ ഭാഷ കണ്ടെത്താന്‍ പരിശ്രമിക്കുന്നുണ്ട്. ശൈലി വ്യത്യാസപ്പെട്ടിരിക്കുന്നതു പോലെ അതിലെ ഭാഷാപ്രയോഗങ്ങളും അങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷുകാരനായ ടോം വില്ല്യംസ് ഇവ്വിധം ശേഖരിച്ചിട്ടുള്ള വാക്കുകളുടെയും ഉപവാക്യങ്ങളുടെയും രസകരമായ പുസ്തകത്തിന്റെ പേര് തന്നെ 'ഡു യൂ സ്പീക്ക് ഫുട്ബോള്‍'? (നിങ്ങള്‍ ഫുട്ബോള്‍ സംസാരിക്കുമോ?) എന്നാണ്. ഫുട്ബോളിനെ സ്നേഹിക്കാന്‍ പഠിപ്പിച്ച അച്ഛനും അതിനെ വെറുക്കുന്ന അമ്മയ്ക്കുമായി അദ്ദേഹം തുല്യമായി പുസ്തകം പകുത്ത് സമര്‍പ്പിച്ചിരിക്കുന്നു.
ഗംബേറ്റ (gambeta) അര്‍ജന്റീനയുടെ കളിയിലെ പ്രധാനപ്പെട്ട ദൃശ്യാനുഭവാണ്. മാറഡോണയും മെസ്സിയും നടത്തുന്ന ഡ്രിബ്ലിങ് തന്നെയാണത്. പീബെയും (pibe) യും പോട്രെറോവും (potrero) അവരുടെ കളിയുടെ മൂലകങ്ങളെ അടയാളപ്പെടുത്തുന്നു. പീബെ എന്നാല്‍ ചെക്കന്‍. കീറപ്പായ പോലുള്ള തുറസ്സുകളില്‍ സ്വയം കളി പഠിച്ചു വളര്‍ന്ന ചെക്കനാണ് പീബെ. അവന്റെ വേഷം അലങ്കോലപ്പെട്ടതാണ്. അവനില്‍ കുസൃതിയുണ്ട്. ഒരിക്കലും വളരാത്ത ശിശുത്വമാണ് അവന്റെ ലക്ഷണം. മാറഡോണ പീബെയുടെ ഗുണങ്ങള്‍ സ്വാംശീകരിച്ചിരിക്കുന്നു. പോര്‍ട്രെറോകള്‍ നഗരങ്ങളിലെ വെളിമ്പ്രദേശങ്ങളാണ്.ഇവിടെയാണ് കളിച്ച് പഠിക്കേണ്ടത്, ആദ്യമായി കാല്‍മുട്ടില്‍ ചോര പുരളേണ്ടതും ഇവിടെ വെച്ചാണ്. യാഥാര്‍ഥ്യമെന്നതു പോലെ ഭാവന കൂടിയാണിത്.
രുചി പ്രിയരായ ഫ്രഞ്ചുകാര്‍ ഭക്ഷണവിശേഷങ്ങളെ ഫുട്ബോളിലേക്ക് ആവാഹിക്കുന്നു. മറ്റ് ചിലയിടങ്ങളില്‍ സാമൂഹിക വിമര്‍ശനം കാണാം. ഒരെതിരാളി പന്ത് തട്ടാന്‍ പിന്‍ഭാഗത്തു കൂടി വരുമ്പോള്‍ ബ്രസീലില്‍ കൂട്ടുകളിക്കാര്‍ 'ലാഡ്രോവോ' (കള്ളന്‍) എന്ന് വിളിച്ചുപറഞ്ഞ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ പോര്‍ച്ചുഗലില്‍ അത് പോലീസിയ (പോലീസ്) ആവുന്നു. പോര്‍ച്ചുഗീസ് കോച്ചുമാര്‍ ചിലപ്പോള്‍ എല്ലാ ഇറച്ചിയും ബാര്‍ബെക്യൂ തട്ടില്‍ കയറ്റാറുണ്ട് (pora a carne toda assador). എല്ലാ അറ്റാക്കിങ് കളിക്കാരെയും ഇറക്കിക്കളിക്കുകയും പൊട്ടി പാളീസാവുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. പഴയ ഒരു പരിശീലകന്‍ ക്വിനിറ്റോ ആണ് ഈ അടവ് കണ്ടു പിടിച്ചത്. ഇതേ പ്രയോഗം പ്രശസ്തരായ ബെനിഫീക്കയുടെ കോച്ച് ജോര്‍ഗ് ജീസസും നടത്തുകയുണ്ടായി. യൂറോപ്പാ ലീഗ്, ലീഗ്, പോര്‍ച്ചുഗീസ് കപ്പ് എന്നിങ്ങനെ വരുന്ന മൂന്നു കളികളില്‍ ടീമിനെ എങ്ങനൊരുക്കും എന്നു ചോദിച്ചപ്പോള്‍ ജീസസ് ഇങ്ങനെ പറഞ്ഞു. ''എന്റെ പഴയ ചങ്ങാതി ക്വിനിറ്റോ പറഞ്ഞതു പോലെ ഞങ്ങള്‍ എല്ലാ ഇറച്ചിയും ബാര്‍ബെക്യൂവില്‍ വെക്കും.എന്നിട്ട് നോക്കാം.'' പക്ഷേ എല്ലാ കരിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. ലീഗ് കിരീടം എതിരാളിയായ പോര്‍ടോ കൊണ്ടുപോയി. പോര്‍ച്ചുഗീസ് കപ്പില്‍ വിക്ടോറിയയോട് 2-1 ന് തോറ്റു. യൂറോപ്പ ലീഗിന്റെ ഫൈനലില്‍ ചെല്‍സിയോടും കീഴടങ്ങി. എന്തൊരു പാചകം! ആ സദ്യ ആരും ഉണ്ടിട്ടുണ്ടാവില്ല.
സ്പാനിഷ് ഫുട്ബോളിലെ ഭാഷണം നമ്മളെ കിടപ്പു മുറി, കുളിമുറി, തീന്‍മേശ, കൃഷിക്കളം, കാളപ്പോര് വേദി, ബഹിരാകാശം, നരകവാതില്‍ എന്നിവിടങ്ങളിലൂടെ കൊണ്ടു പോയി ഒടുവില്‍ ബേര്‍ണബ്യൂവിലും ക്യാംപ്നൗവിലും യാത്ര അവസാനിപ്പിക്കുന്നു എന്ന് ടോം വില്യംസ്. ഒരൗദാര്യവും കാണിക്കാത്ത കരുത്തനും കൂറ്റനുമായ കളിക്കാരന്‍ സ്പെയിനില്‍ അര്‍മാരിയൊ ആണ്. ഉടുപ്പ് വെക്കുന്ന അലമാറയാണത്. ഒത്തു പിടിച്ചാല്‍ ചിലപ്പോള്‍ അനക്കാനായേക്കും. ഒരു ക്രോസോ വഴി തെറ്റി വരുന്ന ഒരു പന്തോ പിടിക്കാന്‍ ആലോചനയില്ലാതെ മുന്നോട്ടു കയറി ഒരു ഗോളി നടുക്കടലില്‍ പെടുമ്പോള്‍ അയാള്‍ മുന്തിരി പറിക്കാന്‍ പോയിരിക്കുന്നു എന്ന് (salir a por uvsa) സ്പെയിന്‍കാര്‍ കളിയാക്കും.
ഫ്രഞ്ചുകാരുടെ കോര്‍ബൂ (cor-beau) അഥവാ കരിം കാക്ക, റഫറിമാര്‍ കറുത്തകുപ്പായം മാത്രം ധരിച്ചിരുന്ന ഒരു കാലത്തെ ഓര്‍മിപ്പിക്കുന്നു. ജര്‍മന്‍കാര്‍ ട്രാഫിക് ലൈറ്റ് കാര്‍ഡ് (ampelkarte) എന്നു പറഞ്ഞാല്‍ റഫറി രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കാട്ടി പിന്നാലെ ഒരു ചുവപ്പുകാര്‍ഡും കാട്ടി കളിക്കാരനെ പുറത്താക്കുമ്പോള്‍ സംഭവിക്കുന്നതാണ്. ട്രാഫിക് ലൈറ്റ് മഞ്ഞ പോയി പിന്നാലെ ചുവപ്പാവുകയാണ്. ട്രൗസറിന്റെ പിന്നിലെ കീശയില്‍ നിന്ന് പുറത്തെടുക്കുന്നതായതു കൊണ്ട് ചുവപ്പ് കാര്‍ഡ് ചന്തി കാര്‍ഡ് (arschkarte) ആവുന്നു. സത്യത്തില്‍ ഭാഷയില്‍ പ്രതിഫലിക്കുന്ന ഹാസ്യത്തില്‍ കൂടിയും ഫുട്ബോള്‍ നിലനില്‍ക്കുന്നു.
രണ്ട് മലയാളം പ്രയോഗങ്ങള്‍ ഉദ്ധരിക്കുന്ന വില്യംസ് നമ്മളെ അദ്ഭുതപ്പെടുത്തുന്നു. ഒന്ന് പരല്‍മീന്‍, രണ്ടാമത്തേത് പെറ്റു കിടക്കുന്നവന്‍. അര്‍ഥം ഊഹിക്കാനായേക്കും. പരല്‍മീന്‍ പിടിതരാതെ വഴുതിക്കളിക്കുന്ന ഒരറ്റാക്കറാണ്. ഗോള്‍ നേടാന്‍ എതിര്‍ പെനാല്‍റ്റി ബോക്സില്‍ തമ്പടിച്ചിരിക്കന്നവന്‍ അവിടെ പെറ്റുകിടക്കുന്നു.
ഗ്രൗണ്ടില്‍ തെറിയും ഇവ്വിധം പറയുന്നുണ്ടാവില്ലേ? തീര്‍ച്ചയായും ഉണ്ടാവും. മെസ്സി പറഞ്ഞ ഒരു തെറി രേഖപ്പെടുത്തിയിട്ടുണ്ട് 'la concha du sus madres hijos de puta' ദേ പുട്ടല്ല ഇത്. മാദ്രേസ് എന്നത് അമ്മമാര്‍ എന്നു മനസ്സിലാക്കിയാല്‍ ധാരാളമായി. 2010 ഒക്ടോബറില്‍ വലന്‍സിയയെ അവരുടെ ഗ്രൗണ്ടില്‍ വെച്ച് പരിക്ക് സമയത്ത് പെനാല്‍റ്റി വഴി നേടിയ ഗോളില്‍ ബാഴ്സലോണ 3-2 ന് ജയിക്കുന്നു. സ്റ്റാന്‍ഡില്‍ വലന്‍സിയ കാണികള്‍ എന്തോ എറിഞ്ഞത് നെയ്മറിന്റെയും സുവാരസിന്റെയും ദേഹത്ത് അതിന് മുമ്പ് കൊള്ളുകയുണ്ടായി. മെസ്സിയുടെ വായില്‍ നിന്ന് ലാ കോഞ്ച അങ്ങനെ വന്നതാണ്.
ഇത് ഒരു അര്‍ജന്റീനിയന്‍ പതിവ് പ്രയോഗമാവണം. കാരണം ഇതേ വാക്കുകള്‍ റഫറിയുടെ അസിസ്റ്റന്റിന് നേരെ പ്രയോഗിച്ചതിന്റെ പേരില്‍ ബാഴ്സലോണയുടെ കളിക്കാരനും മെസ്സിയുടെ നാട്ടുകാരനുമായ ഹാവിയര്‍ മഷരാനോയെ റഫറി പുറത്താക്കുന്നുണ്ട്. 2015 ഒക്ടോബറില്‍ ബാഴ്സലോണ, ഐബറിനെതിരെ കളിക്കുമ്പോഴായിരുന്നു ഇത്. കൊഞ്ചും പുട്ടും വരുത്തിയ വിനകള്‍!
നമ്മുടെ നാട്ടിലും കളിക്കാര്‍ക്ക് വിളിപ്പേരുകള്‍ ഒരു കാലത്ത് ധാരാളമുണ്ടായിരുന്നു. കളിക്കാരെ അടുത്തു നിന്ന് കാണാന്‍ കഴിയുമ്പോഴുള്ള അടുപ്പം ഇപ്പോള്‍ കുറഞ്ഞിട്ടുള്ളതിനാല്‍ അത്തരം പേരിടലും ഇപ്പോള്‍ നടക്കുന്നുണ്ടാവില്ല. കോഴിക്കോട്ടു നിന്ന് ഒരു 'ഉള്ളു ശക്തി' മമ്മദ് കോയ ഇനി ഉണ്ടായേക്കില്ല.
ഉള്ളുശക്തി കേരള ഫുട്ബോള്‍ അസോസിയേഷന്‍ രൂപീകരിക്കും മുമ്പ് കളിച്ച ആളാണ്. ചാലഞ്ചേഴ്സിനു വേണ്ടി മലബാര്‍ ഫുട്ബോള്‍ ലീഗില്‍ നഗ്നപാദനായി കളിക്കുമായിരുന്ന ഈ ഡിഫന്‍ഡറുടെ കടുത്ത ഫ്രീകിക്കുകള്‍ ക്രമേണ വെറും മമ്മദ് കോയയെ ഉള്ളുശക്തി മമ്മദ് കോയയാക്കി.
Content Highlights: many sounds many expressions the language of football
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..