ക്കരിയ മുഹമ്മദിന്റെ, 2018 ല്‍ ഇറങ്ങിയ പ്രശസ്തമായ സിനിമയാണല്ലോ 'സുഡാനി ഫ്രം നൈജീരിയ'. മലപ്പുറത്ത് സെവന്‍സ് കളിക്കാന്‍ വന്ന നൈജീരിയക്കാരനായ സാമുവലിന് (സാമുവല്‍ റോബിന്‍സണ്‍) നേരിടേണ്ടി വന്ന കഷ്ടപ്പാടുകളുടെ കഥ പറയുന്നു ഈ സിനിമ. എന്നാല്‍ കഷ്ടപ്പാടുകളില്‍ ടീമിന്റെ നടത്തിപ്പുകാരനായ മജീദും (സൗബിന്‍ ഷഹീര്‍) വീട്ടുകാരും കൂട്ടുകാരും സാമുവലിന് ഒപ്പം നില്‍ക്കുന്നു. അവര്‍ സാമുവലിനെ തങ്ങളിലൊരാളായി കാണുന്നു. വംശീയതയുടെ ലാഞ്ഛന എവിടെയും ദൃശ്യമല്ല.

ഇന്ത്യയിലെ കളിസ്ഥലങ്ങളില്‍ വംശീയതയുടെ വിളയാട്ടം കുറവാണ്. അതേസമയം, ആഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് നേരെ കളിക്കളത്തിന് പുറത്ത് ചിലയിടങ്ങളില്‍ കയ്യേറ്റശ്രമങ്ങളുണ്ടായിട്ടുണ്ട്. സാംസ്‌കാരികമായ അറിവുകേടുള്‍പ്പെടെ പല കാരണങ്ങളും ഇതിന് പിറകിലുണ്ട്. എണ്‍പതുകളില്‍ ഇന്ത്യന്‍ യൂനിവേഴ്സിറ്റികളില്‍ പഠിക്കാന്‍ വന്ന ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളാണ് ഫുട്ബോളിലെ കറുപ്പ് ഇവിടെ ചാലിച്ചത്. 1979-80 കാലത്ത് ഈസ്റ്റ് ബംഗാളിന് കളിച്ചിട്ടുള്ള നൈജീരിയക്കാരനായ ഡേവിഡ് വില്യംസാണ് ഇവരുടെ മുന്‍ഗാമി.

soccer
സുഡാനി ഫ്രം നൈജീരിയയിലെ രംഗം

വില്യംസ് പഠിക്കാന്‍ വന്ന ആളാണോ എന്നറിയില്ല. കൊല്‍ക്കത്തയില്‍ കളിക്കും മുമ്പ് അദ്ദേഹം തമിഴ്നാട്ടില്‍ കളിച്ചിട്ടുണ്ട്. അവിടെ കോളേജില്‍ ചേര്‍ന്നതായിരുന്നു എന്നൂഹിക്കാം. പിന്നീട് പ്രശസ്തനായ ചീമ ഒക്കേരി പഠിക്കാന്‍ വന്ന ആള്‍ തന്നെയാണ്.

ദക്ഷിണേന്ത്യ അന്തര്‍സര്‍വകലാശാല മല്‍സരങ്ങള്‍ പോലും കോഴിക്കോട്ട് ടിക്കറ്റ് വെച്ചാണ് നടത്തിയിരുന്നത്. ഒരു ദിവസം ആന്ധ്രയില്‍ നിന്നുള്ള ഏതോ ഒരു ടീമില്‍ ഒരാഫ്രിക്കന്‍ കളിക്കാരന്‍ കളിക്കുന്നു. കറുപ്പിന്റെ ആദ്യ നാളുകളാണ്. തെക്കെ ഗ്യാലറിയുടെ പോസ്റ്റിന് പിന്നിലിരുന്ന് കളി കാണുകയായിരുന്നു. പടവില്‍ അല്പം മുകളില്‍ കാണികളിലൊരാള്‍ ആ കളിക്കാരനെ ചീത്ത വിളിച്ചു. 'ബ്ലാക്ക് മങ്കി' അത്രയും ഇംഗ്ലീഷ് അയാള്‍ക്ക് അറിയാമായിരുന്നു. വംശീയത എതിര്‍ദിശയിലും സഞ്ചരിക്കാം. 'സായിപ്പേ!' വിളി അതിന്റെ ഭാഗമാണ്. ബ്ലാക്ക് മങ്കി 'ഒറ്റപ്പെട്ട സംഭവമാണ്. വെള്ളക്കാരുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ നിസ്സാരം. കുരങ്ങു കരച്ചിലുകള്‍ (മങ്കി ചാന്റ്സ്), കുരങ്ങന് തിന്നാനെന്ന വണ്ണം വാഴപ്പഴം എറിയല്‍ എന്നിവ കറുത്ത കളിക്കാര്‍ക്കെതിരേ അവിടെ ഉണ്ടായിട്ടുണ്ട്. ആഫ്രിക്കന്‍ കളിക്കാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ നിറസാന്നിദ്ധ്യമാണ്. അവര്‍ നൈജീരിയയില്‍ നിന്നുള്ള സുഡാനികളാണ്. സുഡാനീസ് ഫ്രം നൈജീരിയ.

മൈതാനലഹരികൾ- ആദ്യഭാഗം 'തുന്നിക്കൂട്ടിയ പന്ത്' വായിക്കാം

കാണികളുടെ ഭാഗത്തു നിന്നുള്ള തമാശ 'വിളി'കള്‍ ആളുകള്‍ പൊതുവെ ആസ്വദിക്കും. കോഴിക്കോട് സ്റ്റേഡിയത്തില്‍, സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് കളിക്കുന്നു. സോണവാല്‍ എന്നൊരു കളിക്കാരന്‍ അവരുടെ നിരയിലുണ്ട്. സര്‍വീസസ് ലേശം, താഴ്ന്നുപോയ ഒരു നേരത്തായിരിക്കണം, ഒരു കാണി ഇങ്ങനെ വിളിച്ചു കൂവി.

soccer

'കോണാന്‍ മുറുക്കിക്കെട്ടി കളിയവെ!'

കോണകത്തിന് കോണാന്‍ എന്നും പറയും ആ 'വെ' പാലക്കാട്-ചിറ്റൂര്‍ ഭാഗത്തു നിന്ന് വന്നതാവാം. ഒരു ഭാഷാ ഷെര്‍ലക്ക്‌ഹോംസിന് ഇത് കണ്ടുപിടിക്കാനാവും.

അതേസമയം ക്രൂരമായ 'ഫലിത'ങ്ങള്‍ ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍, വിശേഷിച്ചും യൂറോപ്പില്‍ പതിവായിരുന്നു. സ്പെയിനിലെ പ്രവിശ്യകളും തലസ്ഥാനമായ മഡ്രിഡും തമ്മിലുള്ള അകല്‍ച്ചകള്‍ ഫുട്ബോള്‍ ഗ്രൗണ്ടുകളിലും പ്രതിഫലിക്കുന്നു. കാറ്റലോണിയയിലെ ബാഴ്സലോണയും റയല്‍ മഡ്രിഡും തമ്മിലുള്ള മല്‍സരം വളരെ പ്രസിദ്ധം. ബാസ്‌ക്ക് പ്രവിശ്യക്ക് മറ്റുള്ള പ്രവിശ്യകളെന്ന പോലെ സ്വന്തമായ ഫുട്ബോള്‍ ടീമുകള്‍ ഉണ്ടെന്നു മാത്രമല്ല. സ്വന്തം ടെററിസ്റ്റ് സംഘടന പോലുമുണ്ട്- ഇടിഎ! ബോംബ് സ്ഫോടനങ്ങള്‍ നടത്തി ഇവര്‍ അവരുടെ വിഘടനവാദത്തെ ഇടക്ക് ലോകശ്രദ്ധയില്‍ കൊണ്ടുവരും. ബാസ്‌ക്ക് ഭാഷയ്ക്ക് സ്പാനിഷുമായി ബന്ധമില്ല. 'ഹലോ'യ്ക്ക് ' കൈഷോ' എന്ന് ബാസ്‌ക്കില്‍! റയല്‍ സോസ്യദാദും ബില്‍ബാവോവും ബാസ്‌ക്ക് ടീമുകളാണ്. 1973 ഡിസംബറില്‍ അഡ്മിറല്‍ കരേറോ ബ്ലാങ്കോവിന്റെ കാര്‍ വിഘനടവാദികള്‍ ബോംബ് വെച്ച് തകര്‍ത്ത് അദ്ദേഹത്തെ കൊല ചെയ്തു. റയല്‍ മഡ്രിഡ്, സോസ്യദാദുമായോ ബില്‍ബാവോവുമായോ ഇങ്ങോട്ടു കളിക്കാന്‍ വരുമ്പോള്‍ ബ്ലാങ്കോവിന്റെ മരണത്തെ ഓര്‍മിപ്പിച്ചു കൊണ്ട്  അവരുടെ സ്റ്റേഡിയങ്ങളില്‍ ഇങ്ങനെ ഒരു പാട്ടുയരും. 'അയാള്‍ പറന്നു! അയാള്‍ പറന്നു!' (ഹി ഫ്ളൂ, ഹി ഫളൂ). എഴുപതുകളുടെ ഒടുക്കം വരെ ഈ പാട്ടുണ്ടായിരുന്നു.

ലണ്ടനിലെ പ്രശസ്തമായ ടോട്ടനം ഹോട്സ്പര്‍സ് ടീമിന് ചരിത്രപരമായിത്തന്നെ ജൂതരായ കാണികളുടെ പിന്തുണയുണ്ടായിരുന്നു. എതിരാളികള്‍ അതുകാരണം, അവരുമായി കളിക്കുമ്പോള്‍ ഹിറ്റ്ലറുടെ ഗ്യാസ് ചേംബറുകളെ ഓര്‍മിപ്പിച്ചു കൊണ്ട് വാതകം പുറത്തുപോകുന്നതിന്റെ 'ശൂ' ശബ്ദം ഉണ്ടാക്കുകയും നാസികളുടെ സല്യൂട്ട് പോലെ  വിലങ്ങനെ കയ്യുയര്‍ത്തി പ്രകോപനമുണ്ടാക്കുകയും ചെയ്തു പോന്നിരുന്ന. ഭൂത കാലത്തിന്റെ ദുഷ്ടുകള്‍ ചിലപ്പോള്‍ മാഞ്ഞുപോകുന്നു, ചിലപ്പോള്‍ മായാതെ നില്‍ക്കുന്നു.

soccer

ചീത്ത വിളിക്കാതെ തന്നെ തമാശ പറയാമല്ലോ. വെസ്റ്റിന്‍ഡീസിലെ ക്രിക്കറ്റ് കാണികള്‍ ചീത്ത വിളിക്കാന്‍ എന്നതു പോലെ പരിഹസിക്കാനും മിടുക്കരാണ്. അവരുടെ തന്നെ ഒരു കളിക്കാരന്‍, മെര്‍വിന്‍ ഡില്ലന്‍, ഒരിക്കല്‍ ഓസ്ട്രേല്യക്കെതിരെ കുറെ നേരമായി തട്ടിമുട്ടിക്കളിക്കുന്നു. റണ്‍സ്, കേടുവന്ന പൈപ്പില്‍ നിന്ന് വെള്ളമെന്ന പോലെ ഇറ്റിറ്റി മാത്രം വീഴുന്നു.അപ്പോള്‍ ഇങ്ങനെയൊരു ശബ്ദം മുഴങ്ങി.

'ഡില്ലന്‍! ഇനഫ് ഓഫ് ദ ഫോര്‍പ്ലേ, ലെറ്റ്സ് ഹാവ് സം പെനട്രേഷന്‍ !' (ഡില്ലന്‍! കളി മതി! ഇനി കാര്യത്തിലേക്ക് കടക്കൂ').

Content Highlights: Racism in Soccer Sudani From Nigeria