സ്‌പെയിനിലെ ബാസ്‌ക് പ്രദേശത്തെ തീരദേശ നഗരമാണ് സാന്‍ സെബാസ്റ്റ്യന്‍. ഫുട്‌ബോള്‍ എഴുത്തുകാരനായ ഫില്‍ ബോള്‍ ഓണ്ഡറേറ്റ ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. 11 പേര്‍ വീതമുള്ള മത്സരം. കൂട്ടത്തില്‍ യൂറോ സ്റ്റൂഡന്റ്‌സ് എന്ന് പറയുന്ന വിദേശീയരായ വിദ്യാര്‍ത്ഥികളുണ്ട്. സ്‌പെയിനില്‍ കഴിയുന്ന ബ്രിട്ടീഷുകാരുണ്ട്. അധ്യാപകരുണ്ട്. ബ്രിട്ടനും ബാക്കിയുള്ളവരും (റെസ്റ്റ്) തമ്മിലാണ് കളി.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നാൽപതിനടുത്ത് പ്രായമുള്ള രണ്ടു നാട്ടുകാര്‍ കളിക്കാന്‍ വന്നു. പ്രസിദ്ധ ഹാസ്യതാരങ്ങളായ ലോറലിനെയും ഹാര്‍ഡിയെയും പോലെ, ഒരാള്‍ തടിച്ച്, മറ്റെയാള്‍ മെലിഞ്ഞ്. തങ്ങളെയും കൂട്ടുമോയെന്ന് ഇവര്‍ അനുവാദം ചോദിച്ചു. ബ്രിട്ടന്റെ ഭാഗത്താണ് ഹാര്‍ഡി. സ്വീപ്പര്‍ സ്ഥാനത്താണ് കളി. അങ്ങോട്ടുള്ള മുന്നേറ്റങ്ങള്‍ ഏതാണ്ടൊക്കെ അയാളുടെ കാലില്‍ കുരുങ്ങും. പിന്നെ 30-40 വാര ദൂരത്തേക്ക് നീണ്ട പാസ് തൊടുക്കുകയായി. എത്തേണ്ട സ്ഥാനത്തു തന്നെ അത് പതിക്കും. മുന്‍കൂട്ടിക്കാണല്‍, പന്ത് നിയന്ത്രണം എല്ലാം ആ കളിയിലുണ്ട്. പ്രൊഫഷണല്‍ കളിക്കാരനായിരിക്കാം എന്ന് ഫില്‍ബോള്‍ വിചാരിച്ചു. 1992-ലാണ് സംഭവം നടക്കുന്നത്.

മത്സരം അരമണിക്കൂറോളം പിന്നിട്ടു. ഫില്‍ബോള്‍ ഒരു പാസ് ഗോള്‍മുഖം ലക്ഷ്യമാക്കി തൊടുത്തത് എതിര്‍ ടീമിലെ മെലിഞ്ഞ ലോറല്‍ പിടിച്ചെടുത്തു. കടല്‍ ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന വിംഗിലേക്കായി പിന്നീടുള്ള അയാളുടെ  നീക്കം. ഫില്‍ബോള്‍ ലോറലിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചു. പതുക്കെ നീങ്ങുന്ന അയാള്‍ പെട്ടെന്ന് വേഗത കൂട്ടി. ഫില്‍ബോളിനെ നിശ്ചലനാക്കി നിര്‍ത്തിക്കൊണ്ട് അയാള്‍ മുന്നേറി. മൂന്നോ നാലോ ഡിഫന്‍ഡര്‍മാര്‍ നിലത്തുനിന്ന് കാലുയര്‍ത്തുമ്പോഴേക്കും ഇയാള്‍ അവരെ മറികടന്നിരുന്നു. അവസാനത്തെ ഡിഫന്‍ഡര്‍ അയാളുടെ കൂട്ടുകാരനായ തടിയനാണ്. കൂട്ടുകാരനെ തടയാനൊന്നും ഹാര്‍ഡി മുതിര്‍ന്നില്ല. ആ സമയം പന്ത് ഒരു കുഴിയില്‍ വീണ് വഴിതെറ്റി. ആ തക്കത്തിന് ഹാര്‍ഡി പന്തടിച്ച് ആപത്തൊഴിവാക്കി. തൊട്ടുപിന്നാലെ പൊട്ടിച്ചിരിച്ചു കൊണ്ട് എതിരാളിയായ ലോറലിന്റെ കാല് വാരി. ഇരുവരും പൂഴിയില്‍. തുടര്‍ന്ന് ആരെങ്കിലും കണ്ടുവോ എന്നു നോക്കി പൂഴി തട്ടി നന്ദിയും പറഞ്ഞ് നടന്നകന്നു.

ആരാണിവര്‍? പിന്നീട് അതായി ചര്‍ച്ച. റെസ്റ്റ് ടീമിലെ ഒരാള്‍ അവിടത്തുകാരനാണ്. എന്താണ് ചര്‍ച്ചാവിഷയമെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു. 'നിങ്ങള്‍ക്ക് ഇവരെ അറിയില്ലെന്നോ..അത് ലോപസ് ഉഫാര്‍ടെയാണ്. മറ്റേത് മിഗ്വല്‍ എച്ചാരി. ചെറിയ ആള്‍, ലോപസ് ഉഫാര്‍ടെ, 1982 ലെ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. എന്റെ ഹീറോയായിരുന്നു. നിങ്ങള്‍ക്ക് ആളെ അറിയില്ലെന്ന് പറഞ്ഞത് എനിക്ക് വിശ്വസിക്കാനേ ആവുന്നില്ല..''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഉഫാര്‍ടെ 15 തവണ സ്‌പെയിനിന് കളിച്ചിട്ടുണ്ട്. ബാസ്‌ക്ക് ടീമായ റയല്‍ സോസിഡാഡിന്റെ വിംഗറായിരുന്നു. ഒരു കാലത്ത് സ്പാനിഷ് ലീഗിലെ മികച്ച വിംഗര്‍. ഇപ്പോള്‍ ടീമിലെ കോച്ചുകളെ സഹായിക്കുന്നു. എച്ചാരി സോസിഡാഡിന്റെ ജനറല്‍ സെക്രട്ടറിയാണ്. അല്പകാലം ക്ലബ്ബിന് കളിച്ചിട്ടുമുണ്ട്. ദേശീയ ടീമില്‍ ഇല്ല.

ഒരു മുന്‍ ലോകകപ്പ് താരത്തെ വെറും വിനോദമത്സരത്തില്‍ എതിരാളിയായി കിട്ടുമെന്ന് ആരാണ് പ്രതീക്ഷിക്കുക!  കുഞ്ഞുരാജ്യമായ സാന്‍മാരിനോയ്ക്ക് ജര്‍മനിക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചപോലെ, പെലെയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ മുഹമ്മദ് ഹബീബിന് കളിക്കാന്‍ സാധിച്ചപോലെ, ആര്യന്‍ റോബനും തോമസ് മുള്ളര്‍ക്കുമെതിരെ ക്ലൈമാക്‌സ് ലോറന്‍സിനും ജൂവല്‍ രാജക്കും ബൂട്ടുകെട്ടാന്‍ സാധിച്ചതുപോലെ...സാന്‍ സെബാസ്റ്റ്യനിലെ കടപ്പുറത്ത് ലോപ്പസ് ഉഫാര്‍ടെയ്‌ക്കെതിരേ കളിക്കാന്‍ ഫില്‍ബോളിനും സാധിച്ചു !

Content Highlights: phil ball recollects memory of Roberto López Ufarte and Luis Miguel Arconada Etxarri