മൂന്നുഹൃദയങ്ങളുടെ നാട്ടില്‍ നിന്ന് വന്ന ഫുട്‌ബോള്‍ രാജാവിന് ഇന്ന് ഒരായിരം ഹൃദയങ്ങള്‍


സി.പി.വിജയകൃഷ്ണന്‍

ഏത് ക്ലോക്കായിരിക്കും ആ നീക്കങ്ങളെ ചലിപ്പിച്ചിരുന്നത്? ഏതായാലും യാന്ത്രികമല്ല അത്. സര്‍ഗാത്മകമായി ചിലപ്പോള്‍ കണക്കുകള്‍ തെറ്റിച്ചുകൊണ്ട് സമയമളക്കുന്ന ഒരു ക്ലോക്കായിരിക്കാനേ വഴിയുള്ളൂ.

Photo: Getty Images

വിശുദ്ധമായ ഒരു പേരാണ് ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജന്മസ്ഥലത്തിന്. ട്രേസ് കൊറാസോവസ് അഥവാ മുന്നു ഹൃദയങ്ങള്‍. അദ്ദേഹത്തിന് 80 വയസ്സ് തികഞ്ഞപ്പോള്‍ പഴയ കളിക്കൂട്ടുകാരും ബ്രസീല്‍ താരങ്ങളും വിദേശീയരായ മുന്‍താരങ്ങളും പരിശീലകരും മറ്റും അഭിവാദ്യമര്‍പ്പിക്കുന്നതു കണ്ടാല്‍ എത്രയെത്ര ഹൃദയങ്ങള്‍ പെലെയ്ക്ക് വേണ്ടി തുടിച്ചിരുന്നു എന്ന് മനസ്സിലാവും. ബ്രസീല്‍ കളിക്കാരി മാര്‍ത്ത മുതല്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പ് വരെ സൂക്ഷ്മ ദൃഷ്ടികളുള്ള വിദഗ്ദ്ധര്‍ക്ക് ഈ മനുഷ്യനോടുള്ള സ്‌നേഹമെന്നത് ഒരേ സമയം ഒരു കാരണവരോടും ഒരു കുഞ്ഞിനോടുമുള്ളപോലെയാണ്. ജീവിതത്തെ വളരെ ലളിതമായ വാക്കുകളില്‍ വരച്ചിട്ട്, കളിയെ ഷേക്‌സ്പിയറിനെപ്പോലെ അവിസ്മരണീയമായ വാക്കുകളില്‍ എഴുതി. ഇതായിരിക്കണം പെലെയെ ഏവര്‍ക്കും പ്രിയങ്കരനാക്കിയത്.

ടിവി പോയിട്ട് റേഡിയോ തന്നെ വ്യാപകമായിട്ടില്ലാത്ത ഒരു കാലത്ത് പെലെയുടെ സുവര്‍ണകാലഘട്ടം. സ്വാഭാവികമായി മലയാളികളായ നിരവധി ഫുട്‌ബോള്‍ സ്‌നേഹികള്‍ക്ക് ഈ കാലഘട്ടം നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും. 1958 ല്‍ സ്വീഡനിലും 1962 ല്‍ ചിലിയിലും നടന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഓര്‍ക്കുന്നവര്‍ വളരെ ചുരുക്കമേയുണ്ടാകൂ. 1962-ലാണ് ഇന്ത്യ ഫുട്ബോളില്‍ തങ്ങളുടെ ഏറ്റവും മികച്ച വിജയംകുറിച്ചത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ തെക്കന്‍ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ കാലമായിരുന്നു അത്.

പെലെയെയും ഗാരിഞ്ചയെയും കൂടാതെ, ബ്രസീല്‍ ടീമിലെ കളിക്കാരില്‍ ചിലരെയെങ്കിലും മലയാളികള്‍ അക്കാലത്ത് പരിചയപ്പെട്ടിട്ടുണ്ട്. പ്രസിദ്ധ ചലച്ചിത്ര രചയിതാവും നാടകകൃത്തും ഫുട്‌ബോള്‍ വിവരണക്കാരനും റഫറിയും സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന ടി. ദാമോദരന്‍ അദ്ദേഹത്തിന്റെ മകള്‍ക്കിട്ട പേര് ദീദി എന്നാണ്. ബ്രസീല്‍ താരം ദീദിയില്‍ നിന്നാണ് ഈ പേര് വരുന്നത്. ക്രമേണ വിദേശ ഫുട്‌ബോളിനെ സംബന്ധിച്ച നമ്മുടെ അക്ഷരജ്ഞാനം വര്‍ധിക്കുകയും ആദ്യ കാലത്തെ പീലെ പോയി ആ കളിക്കാരന്റെ പേര് പെലെ ആയി മാറുകയും ചെയ്തു.

''മാതൃഭൂമി''യില്‍ വിംസി എന്ന വി. എം. ബാലചന്ദ്രന്‍ ''വേള്‍ഡ് സോക്കര്‍'' മാസിക വരുത്തി കട്ടിച്ചില്ലുള്ള കണ്ണടയിലൂടെ വായിച്ചു. 1966-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ ചിത്രങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നടുത്തളങ്ങളെപ്പോലും അലങ്കരിച്ചു. ടിവിയിലൂടെ കളി എത്താന്‍ പിന്നെയും രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. അതിനും മുമ്പ് 1970 ലെ ലോകകപ്പിലാണ് ഭൂഖണ്ഡങ്ങളിലേക്കുള്ള പ്രസാരണത്തിന് ഫലപ്രദമായി തുടക്കമിട്ടത്. പക്ഷേ യുറോപ്യന്‍ കാണികള്‍ക്ക് കളി കാണാനുള്ള സൗകര്യത്തിന് മെക്‌സിക്കോയിലെ കളികള്‍ ഉച്ചക്ക് കിക്കോഫ് നിശ്ചയിക്കേണ്ടിവന്നു. ഗ്വാഡലജാറയില്‍ ബ്രസീലും ഇംഗ്ലണ്ടും കളിക്കുമ്പോള്‍ ചൂട് 37 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു.

പെലെ ഇക്കാലത്ത് കളിച്ചിരുന്നെങ്കില്‍ അര്‍ജന്റീനക്കാരായ മാറഡോണയെയും മെസ്സിയെയും പോര്‍ച്ചുഗീസുകാരന്‍ റൊണാള്‍ഡോയെയും മറികടന്ന് പ്രസിദ്ധിയുടെ പരകോടിയിലെത്തുമായിരുന്നു. അല്ലെങ്കില്‍ അവര്‍ക്കൊപ്പമെങ്കിലും അറിയപ്പെട്ടേനെ. പെലെ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചിട്ടില്ലാത്തതു കാരണം അദ്ദേഹത്തിന്റെ ക്ലബ്ബ് കളികള്‍ നമുക്കെല്ലാവര്‍ക്കും ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാലും ടിവി പ്രചാരത്തിലില്ലാത്ത കാലത്തു പോലും പെലെയുടെ പേര് ലോകമെമ്പാടും പടര്‍ന്നു. ലോകത്തിന്റെ ഫുട്ബോള്‍ വിഗ്രഹം തന്നെയായിരുന്നു പെലെ.

pele

വിവിധ സമൂഹമധ്യമങ്ങളിലൂടെ പെലെയുടെ കളിയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ നാം വശീകരിക്കപ്പെടും. അഞ്ചടി എട്ടിഞ്ച് ഉയരം. ഉയരത്തില്‍ ചാടുക, ഓടുക, തിരിയുക, മറിയുക, വായുവില്‍ ഉയര്‍ന്ന് പന്തടിക്കുക എന്നിങ്ങനെ കായികമായ യോഗ്യതകള്‍ എല്ലാം സിദ്ധം. ഡിഫന്‍ഡര്‍മാരെ കേറിമറിയാന്‍ ഗോള്‍മുഖത്ത് വെച്ച് എന്തൊരു ചാട്ടമാണ് ? വന്നിടിച്ചാലൊന്നും അത്ര പെട്ടെന്ന് വീഴാത്ത ശരീര ശക്തിയുമുണ്ടായിരുന്നു. പന്തിനെ വരുതിയിലാക്കാനുള്ള അസാമാന്യ പാടവം. ഗോളടിക്കുന്നതു പോലെ അടിപ്പിക്കാനും കേമന്‍. 1367 കളികളില്‍ നിന്ന് 1283 ഗോളുകള്‍. സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെയാണിത്. കൃത്യം കണക്ക് പലവിധത്തിലാണ്. എന്നാലും ആയിരത്തിലധികം മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്നതിലും ആയിരത്തിലധികം ഗോളുകള്‍ നേടിയിട്ടുണ്ട് എന്നതിലും തര്‍ക്കമില്ല. ബ്രസീല്‍ എ ഡിവിഷന്‍ കിരീടം ആറു തവണ നേടിയ പെലെ സാന്റോസിന് വേണ്ടി 10 സാവോപോളോ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ നേടി. രണ്ടു തവണ വീതം ദക്ഷിണ അമേരിക്കന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ കോപ്പ ലിബര്‍ടഡോറസും ലോക ക്ലബ്ബ് ചാമ്പന്‍ഷിപ്പായ ഇന്റര്‍ കോണ്‍ടിനന്ററല്‍ കപ്പും സ്വന്തമാക്കി. ഇതിന് പുറമെയാണ് മൂന്ന് ലോകകപ്പ് വിജയങ്ങള്‍.

പെലെയുടെ അടിക്കാതെ പോയ ഗോളുകളും അടിക്കാന്‍ നല്‍കിയ അസിസ്റ്റ് എന്നു പറയുന്ന തുണകളും പ്രസിദ്ധമാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പെലെയുടെ ഹെഡ്ഡര്‍ അതിന് വലിയ ഉദാഹരണമാണ്. ഇംഗ്ലണ്ടിനെതിരേ ഗോള്‍ മുഖത്തുവെച്ച് ഉയര്‍ന്നുചാടി തല കൊണ്ട്് പന്ത് പോസ്റ്റിന് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വലയിലേക്ക് പെലെ തിരിച്ചു വിട്ടു. പോസ്റ്റിന്റെ മറുഭാഗത്തുനിന്ന് ചാടി വീണ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് പന്ത് ഒരുവിധം തട്ടിയകറ്റി. ബാങ്ക്‌സിന്റെ ആ രക്ഷിക്കല്‍ അത്ഭുതകരമായിരുന്നു. യുറഗ്വായ്‌ക്കെതിരെ സെമിയില്‍ എതിര്‍ ഗോള്‍കീപ്പര്‍ മസൂര്‍കിയേവിക്‌സിനെ പറ്റിക്കാന്‍ ശ്രമിച്ച പെലെയെയും ഫുട്‌ബോള്‍ ലോകം മറക്കില്ല. പന്ത് ഗോള്‍മുഖത്തിന് കുറുകെ ഒരു കോണില്‍ വന്നു. മസൂര്‍കിയേവിക്‌സി അത് പിടിക്കാന്‍ മുന്നോട്ടു കയറി. പെലെ പന്തിന്റെ സഞ്ചാരത്തെ വിലക്കിയില്ല പക്ഷേ ഗോള്‍കീപ്പര്‍ക്ക് പന്ത് പിടിച്ചടക്കാനായില്ല. പ്രതീക്ഷച്ചതുപോലെ തന്റെയടുത്തേക്ക് വന്ന പന്തിനെ പെലെ ക്ലേശകരമായ കോണില്‍ നിന്ന്് തൊടുക്കുകയും അത് നിര്‍ഭാഗ്യവശാല്‍ പോസ്റ്റിനടുത്തുകൂടെ പുറത്തേക്ക് പോകുകയും ചെയ്തു.

ഇംഗ്ലണ്ടായിരുന്നു ആ ടൂര്‍ണമെന്റില്‍ ബ്രസീല്‍ നേരിട്ട കഠിന പരീക്ഷ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജയര്‍സിഞ്ഞോ കളിയിലെ ഒരേയൊരു ഗോള്‍ നേടുമ്പോള്‍ അതിന് പാസ് നല്‍കിയത് പെലെ ആയിരുന്നു. വലതു വശത്തുകൂടെ വരുന്ന ജയര്‍സിഞ്ഞോവിനെ കണ്‍കോണിലൂടെ കണ്ട പെലെ പന്തിന് വിമുക്തി നല്‍കാന്‍ അല്പനേരം കാത്തിരുന്നു. എതിരാളികളുടെ സമ്മര്‍ദ്ദത്തിനിടെ പന്തിനെ പിടിച്ചു വെക്കാനുള്ള ശേഷിയും കൂട്ടുകാരനെ കണ്ടെത്താനുള്ള ശേഷിയും ഒരേ പോലെ പ്രവര്‍ത്തിച്ചു. പെലെയുടെ പാസില്‍ ജയര്‍സിഞ്ഞോ വിജയഗോള്‍ നേടി. ടൂര്‍ണമെന്റ് ഫൈനലില്‍ ഇറ്റലിക്കെതിരെ ഡിഫന്‍ഡറും ക്യാപ്റ്റനുമായ കാര്‍ലോസ് ആല്‍ബര്‍ട്ടോവിനെക്കൊണ്ട് ഗോളടിപ്പിക്കാന്‍ ഇതു പോലെ കാത്തിരുന്നിട്ടുണ്ട് പെലെ. കാര്‍ലോസിന്റെ വരവിനെക്കുറിച്ചുള്ള പെലെയുടെ ആ ഊഹവും കൃത്യം. പെലെയുടെ പാസില്‍ കാര്‍ലോസ് നേടിയ ഗോള്‍ ബ്രസീലിന് കിരീടം സമ്മാനിച്ചു.

pele

പന്ത് സ്വീകരിക്കേണ്ട ഘട്ടത്തിലും അതിനെ വിട്ടുകൊടുക്കുന്ന കാര്യത്തിലും എതിരാളികള്‍ കണക്കുകൂട്ടുന്നതിനെക്കാള്‍ അല്പമെങ്കിലും വേഗത്തിലായിരിക്കും തന്റെ നീക്കമെന്ന് പെലെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഏത് ക്ലോക്കായിരിക്കും ആ നീക്കങ്ങളെ ചലിപ്പിച്ചിരുന്നത്? ഏതായാലും യാന്ത്രികമല്ല അത്. സര്‍ഗാത്മകമായി ചിലപ്പോള്‍ കണക്കുകള്‍ തെറ്റിച്ചുകൊണ്ട് സമയമളക്കുന്ന ഒരു ക്ലോക്കായിരിക്കാനേ വഴിയുള്ളൂ.

Content Highlights: life story of football legend pele, brazil footballer pele. pele, football legend

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented