മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ ടീം അംഗങ്ങൾ | Photo: Mathrubhumi Archives, DIPTENDU DUTTA|AFP
പരസ്പ്പരം കളിക്കേണ്ടവരാണ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും. കൊല്‍ക്കത്ത നാട്ടങ്കം കേവലമൊരു കളിയില്ല. അതില്‍ ചരിത്രവും സംസ്‌കാരവും ആവേശവും അതിനേക്കാളേറെ ഫുട്ബോളിന്റെ ആത്മാവുമുണ്ട്. അതുകൊണ്ടാണ് മുന്നില്‍ ഏറെ പ്രതിസന്ധികളുണ്ടായിട്ടും അതെല്ലാം തരണം ചെയ്ത് ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തുന്നത്. കാരണം ചിരവൈരികളായ മോഹന്‍ ബഗാന്‍ അവിടെയാണുളളത്. എ.ടി.കെ മോഹന്‍ ബഗാന്‍ എന്ന പേരില്‍.
ഈസ്റ്റ് ബംഗാളിന്റെ സൂപ്പര്‍ലീഗ് പ്രവേശനത്തിന് കാവ്യനീതിയുണ്ട്. കാരണം ആരാധക പിന്തുണ അധികമൊന്നുമില്ലാത്ത ക്ലബ്ബുകള്‍ കളിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ചരിത്രവും കിരീടവിജയങ്ങളും ഏറെയുള്ള ലക്ഷകണക്കിന് ആരാധകരുള്ള ടീമിനെ മാറ്റിനിര്‍ത്തുന്നത് ഗുണകരമല്ല. അതുകൊണ്ടാണ് ആറ് സീസണുകള്‍ക്ക് ശേഷം കൊല്‍ക്കത്ത വമ്പന്‍മാര്‍ ലീഗിലേക്കെത്തുന്നത്.
1920-കളില്‍ തുടങ്ങിയതാണ് കൊല്‍ക്കത്ത ക്ലബുകളുടെ വൈരം. ഇന്ത്യന്‍ ഫുട്ബോളില്‍ ബഗാന്‍ - ഈസ്റ്റ് ബംഗാള്‍ നാട്ടങ്കങ്ങള്‍ പല ഓളങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇന്നും ഏറ്റവും കൂടുതല്‍ പേര്‍ സ്റ്റേഡിയത്തിലെത്തി കളി കണ്ടതെന്ന റെക്കോഡ് സാള്‍ട്ട്ലേക്കില്‍ നടന്ന ഐ ലീഗിലെ ഈസ്റ്റ് ബംഗാള്‍ - ബഗാന്‍ മത്സരത്തിനാണ്. കൊല്‍ക്കത്തയില്‍ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ ഭൂമിശാസ്ത്രപരമായും നഗര - ഗ്രാമീണപരമായും സാംസ്‌കാരികമായുമുള്ള ഏറ്റുമുട്ടലുകളായി മാറുന്നത് ഇരുക്ലബ്ബുകളുടേയും ചരിത്രപ്രധാന്യം കൊണ്ടാണ്.
ഈസ്റ്റ് ബംഗാളിന്റെ സൂപ്പര്‍ലീഗിലേക്കുള്ള പ്രവേശനത്തിന് പിന്നില്‍ അന്തര്‍നാടകങ്ങള്‍ ഏറെയുണ്ട്. ഒരു ഘട്ടത്തില്‍ എല്ലാം തകര്‍ന്നുപോയേടത്തുനിന്നാണ് ക്ലബ്ബ് അവരുടെ തനത് പോരാട്ടവീര്യം പുറത്തെടുത്ത് അര്‍ഹിച്ച സ്ഥാനം നേടിയെടുക്കുന്നത്.
ക്ലബ്ബിപ്പോള്‍ 100-ാം വാര്‍ഷികാഘോഷത്തിലാണ്. കഴിഞ്ഞ ഐ ലീഗ് പകുതിയില്‍ നിര്‍ത്തുമ്പോള്‍ ചിരവൈരികളായ ബഗാന്‍ കിരീടം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ഈസ്റ്റ് ബംഗാള്‍. ലീഗ് പകുതിയായപ്പോള്‍ തന്നെ ബഗാന്‍ സൂപ്പര്‍ലീഗ് ക്ലബ്ബ് എ.ടി.കെയുമായുള്ള ലയനം പ്രഖ്യാപിച്ചിരുന്നു. ആ സമയം മുതല്‍ ഈസ്റ്റ് ബംഗാളും സൂപ്പര്‍ ലീഗിലേക്ക് കയറാനുള്ള ശ്രമം ആരംഭിച്ചിരുന്നു.
ബഗാന്‍-എ.ടി.കെ ലയനം തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയി. ബഗാന്റെ ലോഗോയും ജേഴ്സിയും പേരും നിലനിര്‍ത്തയാണ് ലയനം വന്നത്. എ.ടി.കെ മോഹന്‍ബഗാന്‍ എന്നപേരില്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോഴും ഈസ്റ്റ് ബംഗാള്‍ ഇരുട്ടിലായിരുന്നു. അവര്‍ക്ക് മുന്നില്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. നിക്ഷേപകരായ ക്യൂസ് ഗ്രൂപ്പ് ക്ലബ്ബില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത് പ്രതിസന്ധി കൂട്ടി.
ബഗാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ പ്രാധാന്യം നഷ്ടപ്പെട്ട ഐ ലീഗില്‍ കളിക്കുന്നത് ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ക്കും ആരാധകര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ല.അതുകൊണ്ടാണ് ഭാരവാഹികള്‍ അരയും തലയും മുറുക്കി രംഗത്തുവന്നത്. എന്നാല്‍ ഏഴാം സീസണില്‍ പത്ത് ക്ലബ്ബുകളുമായി മുന്നോട്ടുപോകാന്‍ സൂപ്പര്‍ ലീഗ് സംഘാടകര്‍ നിശ്ചയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗോവ മാത്രമായി വേദി പരിമിതപ്പെടുത്തിയ അവര്‍ക്ക് പുതിയ ക്ലബ്ബിനെ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്നു.
മമതയുടെ കളി
ബംഗാള്‍ രാഷ്ട്രീയത്തിന്റെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചും ജനങ്ങളുടെ മനസ്സറിഞ്ഞുമാണ് മമത ബാനര്‍ജിയെന്ന നേതാവ് മുഖ്യമന്ത്രിപദത്തിലെത്തിയത്. ക്യൂസ് ഗ്രൂപ്പ് പിന്‍മാറുകയും സൂപ്പര്‍ ലീഗ് സംഘാടകര്‍ കൈയ്യൊഴിയുകയും ചെയ്തതോടെ പ്രതിസന്ധിയിലായ ക്ലബ്ബ് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. അതിനകം സൂപ്പര്‍ ലീഗ് പ്രതീക്ഷയില്‍ ഒട്ടേറെ കളിക്കാരുമായി ക്ലബ്ബ് കരാറിലെത്തുകയും ചെയ്തിരുന്നു.
ഈസ്റ്റ് ബംഗാള്‍ ഭാരവാഹികള്‍ക്ക് മമത ഉറപ്പുനല്‍കിയിരുന്നു. സൂപ്പര്‍ ലീഗിലേക്ക് പ്രവേശനം നേടികൊടുക്കുമെന്ന്. സൂപ്പര്‍ ലീഗ് കളിക്കാന്‍ ഫ്രാഞ്ചൈസി ഫീസ് 15 കോടി അടക്കം ആദ്യ സീസണില്‍ 40 കോടിയാണ് ക്ലബ്ബിന് ആവശ്യമുള്ളത്. സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപകരെയാണ് ആദ്യം ആവശ്യമുണ്ടായിരുന്നത്. മമത ബാനര്‍ജി നേരിട്ട് രംഗത്തിറങ്ങിയതോടെ നിക്ഷേപകരായി ശ്രീ സിമന്റ് എത്തി. ഉത്തേരന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള വ്യവസായ ഗ്രൂപ്പാണ് അവര്‍. ക്ലബ്ബിന്റെ 76 ശതമാനം ഓഹരികള്‍ അവര്‍ ഏറ്റെടുത്തു. ഇതോടെ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മാറി.
സാമ്പത്തികമായി കരുത്തരായതോടെ ഈസ്റ്റ് ബംഗാളിന്റെ ആവശ്യം അവഗണിക്കാന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ക്ക് ആയില്ല. ഇതിന് പുറമെ ഇന്ത്യന്‍ ഫുട്ബോളിന് ശക്തമായ വേരോട്ടമുള്ള ബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയെ പിണക്കാനും അവര്‍ക്കാവുമായിരുന്നില്ല. സൂപ്പര്‍ ലീഗിലേക്ക് പുതിയ ക്ലബ്ബിനെ ക്ഷണിച്ച അവര്‍ ഈസ്റ്റ് ബംഗാളിന്റെ അപേക്ഷ അംഗീകരിച്ച് ഔദ്യോഗികമായി പതിനൊന്നാമത്തെ ക്ലബ്ബായി ലീഗിലേക്ക് പ്രവേശനം നല്‍കി.
ഫുട്ബോളിനോട് താല്‍പ്പര്യമുള്ള മമത ബാനര്‍ജി ഈസ്റ്റ് ബംഗാളിന്റെ പ്രവേശനത്തെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുമെന്നുറപ്പ്. നിലവില്‍ അവര്‍ പ്രാദേശികമായി ഫുട്ബോള്‍ ക്ലബ്ബുകളെ സഹായിക്കുന്നുണ്ട്. ഈസ്റ്റ് ബംഗാള്‍ വിഷയത്തില്‍ കാര്യമായി ഇടപെടാന്‍ അവരെ പ്രേരിപ്പിച്ചത് മൂന്ന് കോടിയോളം വരുന്ന ക്ലബ്ബിന്റെ ആരാധകരാണ്. വടക്കന്‍ ബംഗാളാണ് ഈസ്റ്റ് ബംഗാള്‍ ആരാധകരുടെ ശക്തികേന്ദ്രം. ഈ മേഖലയില്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേട്ടം വട്ടപൂജ്യമാണ്. ഈ മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ നടത്തുന്ന പലശ്രമങ്ങളിലൊന്നായിട്ടാണ് ഈസ്റ്റ് ബംഗാളിനുള്ള പിന്തുണ പോലുമെന്ന് വ്യാഖ്യാനിക്കുകയും ചെയ്യാം. മോഹന്‍ ബഗാന്റെ ആരാധകര്‍ നഗരങ്ങളില്‍ നിന്നാണെങ്കില്‍ ഈസ്റ്റ് ബംഗാളിന്റേത് ഗ്രാമീണമേഖലയില്‍ നിന്നാണ്. ഇതും മമതയെ സ്വാധീനിച്ചിട്ടുണ്ടാകാം.
ഭാവിയിലെ കളികള്‍
സൂപ്പര്‍ലീഗിലേക്ക് ഈസ്റ്റ് ബംഗാളും എത്തുന്നതോടെ കൊല്‍ക്കത്ത നാട്ടങ്കം ഗംഭീരമായി തുടരുമെന്നതാണ് ഫുട്ബോള്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. ബഗാന്‍ സൂപ്പര്‍ ലീഗിലും ഈസ്റ്റ് ബംഗാള്‍ ഐ ലീഗിലുമായിരുന്നെങ്കില്‍ കൊല്‍ക്കത്ത ഫുട്ബോളിന്റെ ശക്തിയും ചൈതന്യവും ചോര്‍ന്നുപോകുമായിരുന്നു.
മൂന്ന് തവണ സൂപ്പര്‍ ലീഗ് കിരീടം നേടിയ എ.ടി.കെയിലേക്ക് ബഗാന്‍ ലയിച്ചതോടെ അവരുടെ ശക്തി ഇരട്ടിയായിട്ടുണ്ട്. മികച്ച കളിക്കാരെ ടീമിലെക്കെടുത്ത് അവര്‍ ഏറെ മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ ഈസ്റ്റ് ബംഗാളിന് മുന്നില്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേയുള്ളു. മുഖ്യപരിശീലകനെ കണ്ടെത്തുകയും മികച്ച വിദേശതാരങ്ങളെ ടീമിലെത്തിക്കുകയും വേണം. ഐ ലീഗില്‍ നിന്ന വ്യത്യസ്തമായി കൂടുതല്‍ പ്രൊഫഷണലിസം കൂടുതല്‍ വേണം.
ഇതിനകം മൂന്നൂറോളം കൊല്‍ക്കത്ത നാട്ടങ്കങ്ങള്‍ നടന്നു കഴിഞ്ഞു. സൂപ്പര്‍ ലീഗില്‍ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ ഇതുപോലെ കളിച്ചതുപോലെയാകില്ല.സൂപ്പര്‍ ലീഗിനുളള ആഗോള ശ്രദ്ധയും കൊല്‍ക്കത്ത ടീമുകളുടെ ചരിത്രവും ചേര്‍ന്നുവരുമ്പോള്‍ അതിന് ഫുട്ബോള്‍ ലോകത്ത് വലിയ പ്രധാന്യം ലഭിക്കും. അത്തരം പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുകയെന്നതാണ് ഈസ്റ്റ് ബംഗാളിന് മുന്നിലുളള വലിയ വെല്ലുവിളി.
Content Highlights: kolkata derby in ISL after Mohun Bagan East Bengal FC also joined
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..