കേരള ബ്ലാസ്റ്റേഴ്സ് ടീം | Photo: facebook.com|keralablasters
ആറ് സീസണുകളില്‍ തന്നെ വ്യത്യസ്തമായി കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഇത്തവണ ഒരു അടുക്കും ചിട്ടയും കാണാനുണ്ട്. കളിക്കാരുടെ തിരഞ്ഞെടുപ്പിലും ഒരുക്കങ്ങളിലും പ്രൊഫഷണല്‍ ടച്ച് ആരാധകര്‍ക്ക് അനുഭവപ്പെടുന്നു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന്റ അനുഭവത്തില്‍ ചില പാഠങ്ങള്‍ മാനേജ്‌മെന്റ് ഉള്‍കൊണ്ടു എന്നുവേണം കരുതാന്‍.
ഇത്തവണ കളിക്കാരുടെ, പ്രത്യേകിച്ചും വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന ജാഗ്രതയും ദീര്‍ഘകാല ലക്ഷ്യത്തോടെ ഇന്ത്യന്‍ താരങ്ങളുമായുളള കരാറുകളും ക്ലബ്ബിന് വ്യക്തമായ പദ്ധതിയുണ്ടെന്നാണ് സൂചനകളാണ് നല്‍കുന്നത്. നാല് സീസണുകള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ റെലഗേഷന്‍ നിലവില്‍ വരുമെന്ന യാഥാര്‍ത്ഥ്യവും ക്ലബ്ബ് മാനേജ്മെന്റിന് മുന്നിലുണ്ട്.
കഴിഞ്ഞ സീസണിനെ മോശം പ്രകടനത്തിന് ശേഷം ക്ലബ്ബ് മാനേജ്മെന്റ് എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത് സ്പോര്‍ട്ടിങ് ഡയറക്ടറുടെ നിയമനമായിരുന്നു. ലാത്വിയന്‍ ക്ലബ്ബ് എഫ്.സി സുഡുവയില്‍ നിന്ന് പരിചയസമ്പന്നനായ കരോളിസ് സ്‌കിന്‍കിസിനെയാണ് ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇത്തവണത്തെ കളിക്കാരുടെ തിരിഞ്ഞെടുപ്പിലും പഴയകാലതാരങ്ങളെ ഒഴിവാക്കുന്നതിലും സ്‌കിന്‍കിസിന്റേയും പുതിയ പരിശീലകന്‍ കിബുവിന്റെയും കൂടിയാലോചനകളുണ്ട്.

ആറ് സീസണുകളിലാണ് കൃത്യമായ പദ്ധതിയുള്ള മാനേജ്മെന്റ് സിസ്റ്റം ക്ലബ്ബിനുണ്ടായിരുന്നില്ല. ഓരോ വര്‍ഷത്തേക്കും തട്ടികൂട്ടുന്ന കളിക്കാരുമായും ഓരോ സീസണിലും മാറുന്ന പരിശീലകരുമായുമാണ് ടീം കളിച്ചത്. രണ്ട് തവണ ഫൈനലില്‍ കളിച്ചെങ്കിലും ഐ.എസ്.എല്ലിനെ ഏറ്റവും ആരാധകരുള്ള ടീമിന് ഒരിക്കലും വന്‍ശക്തിയാകാന്‍ കഴിഞ്ഞില്ല. ഓരോ സീസണിലും ഏറെ പ്രതീക്ഷയോടെ തുടങ്ങി നിരാശയോടെ അവസാനിക്കുന്നതാകും ടീമിന്റെ ഗ്രാഫ്. അതില്‍ നിന്നൊരു മോചനം വേണമെന്ന് ആരാധകര്‍ക്കൊപ്പം മാനേജ്മെന്റും ചിന്തിച്ചുതുടങ്ങിയെന്നതാകാം മികച്ച ഒരുക്കങ്ങള്‍ ഇനി കളിക്കളത്തിലാണ് ബാക്കി കാണേണ്ടത്.
ഹൂപ്പറും ഗോണ്‍സാലസും
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അമ്പതിലധികം വിദേശതാരങ്ങള്‍ വിവിധ ക്ലബ്ബുകളുമായി ധാരണയിലെത്തിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും മികച്ച അഞ്ച് കളിക്കാരുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ രണ്ട് പേര്‍ ബ്ലാസ്റ്റേഴ്സില്‍ നിന്നുണ്ടാകും. ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പറും സ്പാനിഷ് മധ്യനിരതാരം വിസന്റെ ഗോണ്‍സാല്‍വസും.

32-കാരനായ ഹൂപ്പര്‍ ഓസ്ട്രേലിയന്‍ ലീഗ് ടീമായ വെല്ലിങ്ടണ്‍ ഫോണെക്സില്‍ നിന്നാണ് വരുന്നത്. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം അധികം കളിച്ചില്ല. മികച്ച റെക്കോഡാണ് ഹൂപ്പറിനുള്ളത്. നോര്‍വിച്ച് സിറ്റിയിലും കെല്‍റ്റിക്കിലും തകര്‍ത്തുകളിച്ചിട്ടുണ്ട്. 10 ക്ലബ്ബുകളിലായി 572 മത്സരങ്ങള്‍, 235 ഗോളുകള്‍. കളിക്കളത്തിലെ കഠിനാധ്വാനി.
വിസന്റെ ഗോണ്‍സാലസ് ടീമിനെ ഒറ്റക്ക് കൊണ്ടുപോകാന്‍ കഴിയുന്ന താരമാണ്. അത്രയധികം കൂറ് പുലര്‍ത്തുന്ന താരം. ടീമിന്റെ നായകസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടുന്ന താരം. ലാ പാമാസിലും ഡീ പോര്‍ട്ടീവോയിലുമായി കരിയറിന്റെ ഭൂരിഭാഗവും കളിച്ച താരം. സ്പാനിഷ് ഫുട്ബോളില്‍ 305 മത്സരങ്ങളുടെ അനുഭവസമ്പത്തമുണ്ട്.
പ്രതിരോധത്തിലേക്ക് വന്ന സിംബാബ്വെ താരം കോസ്റ്റ നമോയിന്‍സുവും മധ്യനിരയിലെ അര്‍ജന്റീന താരം ഫകുണ്ടോ പെരെയ്രയും അനുഭവസമ്പന്നര്‍. കഴിഞ്ഞ സീസണില്‍ കളിച്ച സെര്‍ജി സിഡോഞ്ച മാറ്റ് തെളിയിച്ചിട്ടുമുണ്ട്.

കിബുവിന് മുന്നിലെ വെല്ലുവിളികള്‍
2024-25 സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റെലഗേഷന്‍ ആരംഭിക്കും. അപ്പോഴേക്കും ശക്തമായ അടിത്തറയുള്ള ടീമിനെയുണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് സ്പാനിഷ് പരിശീലകന് മുന്നിലുള്ളത്. നടപ്പു സീസണില്‍ കിരീടത്തേക്കാള്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് സംഘടിതമായ ടീമിനെ വാര്‍ത്തെടുക്കാനാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മികച്ച യുവതാരങ്ങളുമായി ദീര്‍ഘകാല കരാറുകളുണ്ടാക്കിയതും ഇത്തരമൊരു പദ്ധതിയുടെ ഭാഗമായാണ്.
കഴിഞ്ഞ സീസണില്‍ യുവതാരങ്ങളുമായി മോഹന്‍ ബഗാനെ ഐ ലീഗില്‍ ചാമ്പ്യന്‍മാരാക്കിയ ചരിത്രമുണ്ട് കിബു വികുനക്ക്. ഇത്തവണ ഏഴ് റിസര്‍വ് ടീം കളിക്കാരെയാണ് പ്രീ സീസണ്‍ ക്യാമ്പിലേക്കെടുത്തത്. ഇതിന് പുറമെ റിലയന്‍സ് ഫൗണ്ടേഷന്‍ ചാംപ്സ് അക്കാദമിയുടെ ആദ്യ ബാച്ചില്‍ നിന്ന് മലയാളി മധ്യനിരതാരം പി.ടി മുഹമ്മദ് ബാസിത് അടക്കം മൂന്ന് താരങ്ങളേയും മൂന്ന് വര്‍ഷത്തെ കരാറില്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്ലാസ്റ്റേഴ്സ് ടീമുണ്ടാക്കാന്‍ ഒരുങ്ങുന്നുവെന്നാണ്.

അഞ്ച് വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. ഇതില്‍ മൂന്ന് പേര്‍ മധ്യനിരയില്‍. സ്വഭാവികമായും ഇനി വരാനുള്ള രണ്ട് പേരില്‍ ഒരു സ്ട്രൈക്കറും ഒരു പ്രതിരോധനിരക്കാരനുമാകും. വരുന്ന സീസണില്‍ ടീമില്‍ യുവതാരങ്ങള്‍ക്ക് കാര്യമായ റോളുണ്ടാകുമെന്നുറപ്പാണ്. കാരണം ടീമിലെ ഇന്ത്യന്‍ താരങ്ങളില്‍ പരിചയസമ്പന്നര്‍ വളരെ കുറവാണ്. ടീമിന്റെ ഘടന പരിശോധിച്ചാല്‍ റൈറ്റ് വിങ് ബാക്ക്, ലെഫ്റ്റ് വിങ്ങര്‍ പൊസിഷനുകളില്‍ കൃത്യമായ കളിക്കാരുടെ കുറവുണ്ട്. ഇതിന് പുറമെ ലെഫ്റ്റ് മിഡ്ഫീല്‍ഡില്‍ കളിക്കാനും താരമില്ല.
പരിചയസമ്പന്നനായ ആല്‍ബിനോ ഗോമസായിരിക്കം ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. പ്രഭ്സുഖന്‍ ഗില്ലും ബിലാല്‍ ഖാനുമാകും കൂട്ടിനുള്ളത്. ടീമിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ കോസ്റ്റക്കൊപ്പം മലയാളി താരം അബ്ദുള്‍ഹക്കു, സന്ദീപ് സിങ്, എന്നിവരും റിസര്‍വ് ടീമില്‍ നിന്നുളള കെന്‍സ്റ്റാര്‍ ഖര്‍ഷോങുമാണുള്ളത്. വരാനുള്ള വിദേശതാരങ്ങളിലൊരാള്‍ സെന്‍ട്രല്‍ ഡിഫന്‍ഡറാകും.
ലെഫ്റ്റ് വിങ് ബാക്ക് സ്ഥാനത്തേക്ക് നിഷുകുമാര്‍, ജെസെല്‍ കാര്‍നെയ്റോ, ധനചന്ദ്ര മീത്തി, ലാല്‍റുവത്താര എന്നിവരുണ്ട്. നിഷവും ലാല്‍റുവും റൈറ്റ് വിങ്ബാക്കുകളായി കളിക്കാന്‍ കഴിയുന്നവരാണ്. റൈറ്റ് വിങ് ബാക്കായി താരങ്ങളില്ലാത്തതിനാല്‍ നിഷുവിനെ ഈ സ്ഥാനത്ത് പരിക്ഷിച്ചേക്കും.

മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് ടീമിനുണ്ട്. വിസന്റെ ഗോണ്‍സാലസിന് പുറമെ ജീക്സന്‍ സിങ്ങും രോഹിത് കുമാറും ഈ സ്ഥാനത്ത് കളിക്കുന്നവരാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ സെര്‍ജി സിഡോഞ്ച, പുയ്ടിയ, ആയുഷ് അധികാരി എന്നിവരാണുള്ളത്. റൈറ്റ് മിഡ്ഫീല്‍ഡില്‍ റിത്വിക് ദാസിനേയും സെയ്ത്യസെന്‍സിങിനേയും കളിപ്പിക്കാം. അറ്റാക്കിങ് മിഡ്ഫീല്‍ഡ് ഇത്തവണ സമ്പന്നമാണ്. ഫകുണ്ടോ, സഹല്‍ അബ്ദുസമദ്, ഗിവ്സണ്‍ സിങ്, അര്‍ജുന്‍ ജയരാജ് എന്നിവരുണ്ട്. ലെഫ്റ്റ് വിങ്ങറായി നോങ്ഡാംബ നെറോമും റൈറ്റ് വിങ്ങില്‍ കെ. പ്രശാന്ത്, കെ.പി രാഹുല്‍ എന്നിവരുമാണുള്ളത്. സ്ട്രൈക്കര്‍മാരായി ഹൂപ്പറിന് പുറമെ നെറോം മഹേഷ് സിങ്, ഷൈബര്‍ലോങ് ഖര്‍പ്പന്‍ എന്നിവര്‍ കളിക്കാനുണ്ട്.
4-3-3 ശൈലിയാണ് കിബു പൊതുവെ സ്വീകരിക്കുന്നത്. 4-4-2 ഫോര്‍മേഷനില്‍ ഡബിള്‍ സിക്സ് കളിക്കാനും താല്‍പ്പര്യപ്പെടാറുണ്ട്. 4-2-3-1, 4-1-4-1, 4-1-3-2,3-4-3 ശൈലികളിലും ടീമിനെ ഇറക്കാറുണ്ട്. ഇത്തവണ സൂപ്പര്‍താരങ്ങളെക്കാള്‍ സ്വന്തം കൈയ്യില്‍ നില്‍ക്കുന്ന ടീമിനെയാണ് കിബു താല്‍പ്പര്യപ്പെട്ടത്. സന്ദേശ് ജിംഗാനേയും ബര്‍ത്തലോമ്യു ഒഗ്ബെച്ചയേയും എന്തുവിലകൊടുത്തും നിലനിര്‍ത്താന്‍ മാനേജ്മെന്റ് തയ്യാറാകാതിരുന്നതും സിഡോഞ്ചയെ നിലനിര്‍ത്തിയതും വ്യക്തികളെക്കാള്‍ ടീമാണ് പ്രധാനമെന്ന സന്ദേശത്തിന്റെ ഭാഗമായാണ്.
ഗോവയില്‍ ടീമിന്റെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കിബുവിന്റേയും സ്‌കിന്‍കിസിന്റേയും പദ്ധതിയുടെ വിളവെടുപ്പ് നവംബറിലാണ്. സൂപ്പര്‍ ലീഗില്‍ കിരീടം നേടിയില്ലെങ്കിലും മികച്ച കളി കാഴ്ച്ചവെക്കുകയും തരക്കേടില്ലാത്ത സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്താല്‍ ദീര്‍ഘകാല ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയും.
Content Highlights: ISL this is a changed Kerala Blasters camp the goal is an organized team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..