Photo: kerala blasters
യൂറോപ്യന്‍ ഫുട്‌ബോളില്‍ സംഭവിച്ച ആരാധകവിപ്ലവത്തിന് ഒരേ സമയം അവിശ്വസനീയതയും നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്നു. അല്ലെങ്കില്‍ 37000 കോടിയുടെ ഒരു വമ്പന്‍ പദ്ധതിയെ 72 മണിക്കൂര്‍ കൊണ്ട് താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെപ്പിക്കാന്‍ കഴിയുമായിരുന്നില്ല.
യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി ലോക ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍മാരായ 12 ടീമുകള്‍ ഇറങ്ങിതിരിച്ചപ്പോള്‍ ഇതിനെ തടഞ്ഞത് ഫിഫയുടേയും യുവേഫയുടേയും നിലപാടുകള്‍ക്കപ്പുറത്ത് ആരാധകരാണ് ഫുട്‌ബോളെന്ന സന്ദേശവുമായി ഇറങ്ങിപുറപ്പെട്ട ഫുട്‌ബോള്‍ പ്രേമികളായിരുന്നു. ലോക ഫുട്‌ബോളില്‍ പലകാലങ്ങളിലും ആരാധകര്‍ തിരുത്തല്‍ ശക്തികളായിട്ടുണ്ട്. നല്ലതും ചീത്തതുമായ തിരുത്തലുകള്‍ ആരാധകര്‍ നടത്തിയിട്ടുമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേയടക്കം വമ്പന്‍മാരെ ആരാധകര്‍ മുട്ടുകുത്തിക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലും ആരാധക വിപ്ലവം മോഹിക്കുന്നുണ്ട്.
ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍മാരായ ബാഴ്‌സലോണ ഏതാണ്ട് പതിനായിരം കോടിക്ക് മുകളിലുള്ള കടബാധ്യതയിലൂടെയാണ് സഞ്ചരിക്കുന്നത്. റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ആഴ്‌സനല്‍, ചെല്‍സി, മിലാന്‍ ടീമുകളെല്ലാം കടക്കെണിയിലാണ്. സൂപ്പര്‍ ലീഗ് ചെയര്‍മാന്‍ ഫ്‌ളോറന്റീനോ പെരസ് പറയുന്നത് ലീഗിലേക്ക് വന്ന 12 ക്ലബ്ബുകളുടെ മൊത്തം കടം ഏതാണ്ട് 57,000 കോടിയോളമാണെന്നാണ്. ഇതിന് പുറമെ കോവിഡ് പ്രതിസന്ധിയും. മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയ, കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒറ്റമൂലിയായ പദ്ധതിയെ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തളളിപറയാന്‍ 12-ലെ ഒമ്പത് ക്ലബ്ബുകളേയും പ്രേരിപ്പിച്ചത് അവരുടെ ആരാധകരുടെ ഇടപെടലായിരുന്നു. ഒരര്‍ത്ഥത്തില്‍ ക്ലബ്ബിനേക്കാള്‍ ആരാധകരുടെ വളര്‍ച്ചയെ ഇവിടെ കാണാം. ഇതിന് പുറമെ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഉടമകളെല്ലാം സംഭവത്തില്‍ മാപ്പുംപറഞ്ഞു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലും ആഴ്‌സനലിലും ക്ലബ്ബ് ഉടമകളെ മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുകയും ചെയ്തു. യുണൈറ്റഡിലെ കരുത്തനായ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എഡ് വുഡ്‌വാര്‍ഡിന് രാജി പ്രഖ്യാപിക്കേണ്ടിയും വന്നു.
സൂപ്പര്‍ ലീഗ് പ്രഖ്യാപിക്കുമ്പോള്‍ ക്ലബ്ബുകള്‍ പ്രതീക്ഷിച്ചത് ഫിഫ, യുവേഫ, യൂറോപ്യന്‍ ലീഗ് അസോസിയേഷനുകളുടെ എതിര്‍പ്പും ശിക്ഷ നടപടികളുമായിരുന്നു. അതിന് അവരുടെ കൈയ്യില്‍ മറുമരുന്നുണ്ടായിരുന്നു. ഒന്നിച്ചുനില്‍ക്കുന്ന വമ്പന്‍ ക്ലബ്ബുകളെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ഫിഫക്ക് വരെ സാധിക്കില്ലെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ ക്ലബ്ബ് ഉടമകളുടെ പണക്കൊതിയായി നീക്കത്തെ കണ്ട് ആരാധകര്‍ തെരുവിലിറങ്ങി. ക്ലബ്ബുകളുടെ അവസ്ഥ അവരെ ബോധ്യപ്പെടുത്താന്‍ മാനേജ്‌മെന്റിന്റെ കൈയ്യില്‍ പദ്ധതിയില്ലാതെ പോയി.
വമ്പന്‍ ക്ലബ്ബുകളുടെ ആരാധകര്‍ ഈ പ്രക്ഷോഭത്തില്‍ ഫുട്‌ബോളിനെ വിശാലാര്‍ത്ഥത്തിലാണ് കണ്ടത്. ചെറുകിട ക്ലബ്ബുകളേയും ഫുട്‌ബോള്‍ എന്ന കളിവികാരത്തേയും അവര്‍ ഒപ്പം ചേര്‍ത്തു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനൊപ്പം വെസ്റ്റ് ഹാമിനേയും ആസ്റ്റണ്‍ വില്ലയേയും ബാഴ്‌സലോണക്കൊപ്പം ലവന്റയേയും ഹുയസ്‌ക്കയേയുമൊക്കെ അവര്‍ കണ്ടു. ഫുട്‌ബോള്‍ ഉള്ളവന്റേയും ഇല്ലാത്തവന്റേയും കളിയാണെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ സ്വന്തം ക്ലബ്ബുകളുടെ പണമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നത്. ഇക്കാരണത്താലാണ് ആരാധകരുടെ വിപ്ലവം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടുന്നതും.
ഇന്ത്യന്‍ ഫുട്‌ബോളിലും കേരള ഫുട്‌ബോളിലുമൊക്കെ ഇത്തരമൊരു വിപ്ലവം അനിവാര്യമാകുന്ന കാലമാണിത്. വാണിജ്യ സാധ്യതകളുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴ് സീസണ്‍ പിന്നിട്ടുകഴിഞ്ഞു. ക്ലബ്ബുകള്‍ കളിനിലവാരത്തില്‍ സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാമ്പത്തികമായുള്ള സ്ഥിരതയും ഇനി കൈവരും. ഇത്തരമൊരവസ്ഥയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയിലേക്കുളള ഇടപെടലാണ് ആരാധകരില്‍ നിന്നുണ്ടാകേണ്ടത്.
കൊല്‍ക്കത്ത ഫുട്‌ബോളിലാണ് ആരാധകരുടെ ശക്തി കാണാറുള്ളത്. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും കളിക്കുമ്പോള്‍ കൊല്‍ക്കത്ത ആരാധകരുടെ ശക്തിപ്രകടനത്തിന് സാക്ഷിയാകും. ഒരു ലക്ഷത്തിലേറെ പേര്‍ ഐ ലീഗിലെ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ മത്സരം കണ്ട് ചരിത്രം സൃഷ്ടിച്ചതൊക്കെ ആരാധകര്‍ക്ക് പറഞ്ഞു രസിക്കാനുള്ള വീരകഥകളുമാണ്. സ്വന്തം ക്ലബ്ബിന്റെ പ്രകടനത്തില്‍ അഭിരമിക്കുന്നതിനപ്പുറത്ത് ദേശീയ ടീമിന്റേയോ മൊത്തം ഫുട്‌ബോളിന്റേയോ കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ക്ക് അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ കിരീടവിജയം നേടിയിട്ടില്ലെങ്കിലും പ്രൊഫഷണല്‍ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ദക്ഷിണ-മധ്യ ഏഷ്യയില്‍ ആരാധകരുടെ കരുത്തില്‍ രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബ്. ഇന്ത്യയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്ലബ്ബ്. ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ വിവിധ സാമൂഹിക മാധ്യമങ്ങളിലായി ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള എ.ടി.കെ മോഹന്‍ ബഗാന് 18 ലക്ഷം ഫോളോവേഴ്‌സാണുള്ളതെന്നോര്‍ക്കണം.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം നിറക്കാനും എവേ മത്സരങ്ങളില്‍ ഗാലറിയുടെ ഒരു ഭാഗം മഞ്ഞപ്പിക്കാനും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകൂട്ടായ്മക്ക് കഴിയാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഫാന്‍ ഫൈറ്റുകളിലും ശക്തിതെളിയിക്കുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ സ്ഥിരത വരുത്താന്‍ ഇതുവരെ ആരാധകര്‍ക്ക് കഴിയാതെ പോകുന്നുവെന്നതാണ് യാഥാര്‍ഥ്യം. എ.ടി.കെ, ബെംഗളുരു എഫ്.സി., ചെന്നൈയിന്‍, എഫ്.സി ഗോവ ടീമുകള്‍ കളിനിലവാരത്തില്‍ സ്ഥിരത പുലര്‍ത്തുമ്പോള്‍ രണ്ട് സീസണുകളിലൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കാറുള്ളത്. കൃത്യമായ പദ്ധതികളോ, ആസൂത്രണമോയില്ലാതെയാണ് ക്ലബ്ബിന്റെ മുന്നോട്ട് പോക്ക്. സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോളിസ് സ്‌കിന്‍കിസ് വന്നതിന് ശേഷം ചിലമാറ്റങ്ങള്‍ കാണാറുണ്ടെങ്കിലും ക്ലബ്ബിനെ തിരുത്താനുള്ള ശക്തിയായി ആരാധകര്‍ മാറുന്നില്ല. അവിടെയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ ആരാധകര്‍ മാതൃകയാകുന്നത്.
നീണ്ട ഇടവേളക്ക് ശേഷം കേരള ഫുട്‌ബോളിലേക്ക് ഉണര്‍വ് കൊണ്ടുവരാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഉണര്‍വിനെ വലിയതോതിലേക്ക് മാറ്റാന്‍ കഴിയാതെ പോകുന്നു. എല്ലാ സീസണുകളുടെ തുടക്കത്തില്‍ അമിത പ്രതീക്ഷയും ഒടുക്കം നിരാശയും സമ്മാനിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് കളം വിടുന്നത്. ആരാധക കരുത്തില്‍ മികച്ച സ്‌പോണ്‍സര്‍ഷിപ്പുകളും പ്രശസ്തിയും കൈവന്ന ടീമിനെ വിജയവഴിയിലേക്ക് നയിക്കാന്‍ മാനേജ്‌മെന്റിനോളം ഉത്തരവാദിത്തം ആരാധകര്‍ക്കുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയങ്ങള്‍ കേരള ഫുട്‌ബോളിന് ഒന്നടങ്കം വലിയ മാറ്റങ്ങളാകും സമ്മാനിക്കുന്നത്.
ഇന്ത്യന്‍ ഫുട്‌ബോളിനേയും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനേയും വാണിജ്യപങ്കാളികള്‍ വിഴുങ്ങിക്കഴിഞ്ഞ വര്‍ത്തമാനകാലയാഥാര്‍ഥ്യത്തില്‍ ആരാധകര്‍ക്ക് വലിയ റോളുണ്ട്. ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും സൂപ്പര്‍ ലീഗിന്റെ നിലവാരം കൂടുതല്‍ ഉയര്‍ത്താനും ഗ്രാസ് റൂട്ട്തലം മുതല്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിപ്പെടുന്നതിനും ആരാധകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. ആരാധകരാണ് ഫുട്‌ബോളെന്ന തത്ത്വം ഇന്ത്യന്‍ ഫുട്‌ബോളിലേക്കും കടന്നുവരേണ്ടതുണ്ട്. സാമ്പത്തികമടക്കമുള്ള കാര്യങ്ങളില്‍ മുണ്ടുംമുറുക്കിയുടുത്ത് കളി കാണുന്നവനും സ്വന്തം ക്ലബ്ബിനായി സൈബര്‍ തെരുവില്‍ തല്ലുകൂടുന്നവനും തിരുത്തല്‍ ശക്തികൂടിയാകേണ്ടതുണ്ട്.
Content Highlights: Indian football aspiring fan revolution
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..