Photo: Getty Images
കളിസ്ഥലത്തല്ലാതെ അഭിമുഖങ്ങളിലോ സംഭാഷണങ്ങളിലോ ആവേശഭരിതനായി പെരുമാറുന്ന ദൃശ്യങ്ങള്‍ ലയണല്‍ മെസ്സിയെ സംബന്ധിച്ചുണ്ടോ എന്നു സംശയം. ഒരു സാത്താന്‍ പൂജയിലെന്നവണ്ണം കൈകള്‍ നെഞ്ചത്ത് പിണച്ചു വെച്ച് ദൃഷ്ടികള്‍ മേല്‍പ്പോട്ടാക്കി, ആവേശഭരിതനായി എഴുന്നേറ്റു നിന്ന് മന്ത്രം ചൊല്ലുന്നതു പോലെ പിറുപിറുക്കുന്ന മാറഡോണയുടെ ദൃശ്യങ്ങള്‍ ഇതു പറയുമ്പോള്‍ ഓര്‍മയിലെത്തുന്നു. അര്‍ജന്റീന ഗോളടിച്ചപ്പോഴായിരുന്നു കളി കാണുകയായിരുന്ന, മാറഡോണയുടെ പേരിടാന്‍ വയ്യാത്ത ഈ രസാഭിനയം. അതിനെ കിടപിടിക്കുന്ന ഒന്നും മെസ്സിയുടെ കൈവശമുണ്ടാകില്ല, കളിയല്ലാതെ. എന്നാല്‍ കളിയുടെ അവസ്ഥയനുസരിച്ച് അതിനെ വിലയരുത്താനും ടീമിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി മറ്റുള്ളവരെ ഒന്നിച്ചു ചേര്‍ത്ത് നയിക്കാനും മാറഡോണയക്ക് കൂടുതല്‍ സാമര്‍ത്ഥ്യമുണ്ട് എന്നത് വസ്തുതയാണ്. അതു കൊണ്ടാണല്ലോ അദ്ദേഹം കളിക്കാലത്തിനു ശേഷം പരിശീലകനായത്.
തന്റെ അനേകം ഗോളുകളില്‍ മികച്ചതായി മെസ്സി തിരഞ്ഞെടുത്ത രണ്ടു ഗോളുകള്‍ കാലുകൊണ്ട് നേടിയവയല്ല എന്നു കേള്‍ക്കുമ്പോള്‍ അദ്ദേഹം നടത്തുന്ന സ്വയം വിലയിരുത്തല്‍ മറ്റൊരു തരത്തിലുള്ളതാണെന്ന് മനസ്സിലാവും. 2013-ല്‍ ഇറ്റലിയിലെ പത്രപ്രവര്‍ത്തകനായ ലൂക്കാ ചായ്യോലിയുമായുള്ള അഭിമുഖത്തില്‍ രണ്ടു ഗോളുകള്‍ മെസ്സി എടുത്തുകാണിക്കുന്നു. 2009-ല്‍ റോമില്‍ വെച്ച് യുവേഫ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ തല കൊണ്ടു നേടിയ ഗോളാണ് അതിലൊന്ന് (2-0).
സാവിയുടെ ക്രോസ് ഹെഡു ചെയ്യുന്ന മെസ്സി വായുവില്‍ വളഞ്ഞുതിരിഞ്ഞു നില്‍ക്കുന്നതു കാണാം. പോസ്റ്റിന് അഭിമുഖവുമല്ല, അതിന് എതിരുമല്ല. ഗോളി വാന്‍ഡര്‍സാറിന്റെ വായ അമ്പരപ്പ് കൊണ്ട് തുറന്നിരിക്കുന്നു. മറ്റൊരു ഗോളാകട്ടെ നെഞ്ചു കൊണ്ടു നേടിയതും. അതേ വര്‍ഷം അബുദാബിയിലെ കിങ് സയീദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ലോക ക്ലബ്ബ് ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനയിലെ എസ്റ്റൂഡിയാന്റസ് ആയിരുന്നു ബാഴ്സലോണയുടെ എതിരാളി. കളി 1-1 ന് സമനിലയില്‍ നില്‍ക്കവെ അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ മെസ്സി വിജയഗോള്‍ നേടുന്നു. ഡാനി ആല്‍വസിന്റെ ദീര്‍ഘമായ ഒരു ക്രോസിനെ ഓടിപ്പിടിച്ച് നെഞ്ചു കൊണ്ട് പോസ്റ്റിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യുന്നത്. ഇടതു കാല്‍ കൊണ്ട് അനേകം ഗോളുകള്‍ നേടിയ ആളാണിത്.

ഗോളുകളിലൊന്ന് മാറഡോണ ഇംഗ്ലണ്ടിനെതിരേ നേടിയ അവിശ്വസനീയമായ ഗോളിന്റെ തനിയാവര്‍ത്തനമാണ്. 2006-07 ലെ കോപ്പ ഡെല്‍ റെ സെമിഫൈനലില്‍ ഗെറ്റാഫെയ്ക്ക് എതിരെ നേടിയ ഗോളാണിത്. മെസ്സിക്ക് ഹാഫ് ലൈനില്‍ വെച്ച് പന്തു കിട്ടുന്നു. പിന്നെ ഗെറ്റാഫെയുടെ പകുതിയില്‍ വലതു വശത്തുകൂടെ ഒരു കുതിപ്പാണ്. ഹാവിയര്‍ പെരേഡെസ്, നാച്ചോ പെരേസ്, അലക്സിസ് റുവാനോ, ഡേവിഡ് ബെലന്‍ഗ്വേര്‍ എന്നിവര്‍ വഴിക്കുണ്ടായിരുന്നുവെങ്കിലും അവരെ മറികടന്നു പോകുകയാണ്. അവസാനം ഗോളി ഡേവിഡ് ഗാര്‍സിയ കയറിവന്നുവെങ്കിലും ഗോളിയെയും വെട്ടിച്ചു കടന്ന മെസ്സി ഒരു മൂലയില്‍ നിന്ന് പന്ത് പോസ്റ്റിലേക്ക് പായിക്കുന്നു, വലതു കാല്‍ കൊണ്ട്. മാറഡോണയുടെ ഒറിജിനല്‍ ഗോള്‍ ലോകകപ്പില്‍ ഒരു അന്താരാഷ്ട്ര ടീമിനെതിരെ നേടിയതാണെന്ന് വ്യത്യസമുണ്ട്. മെസ്സിയുടെ ഈ ഗോള്‍ ബാഴ്സലോണയുടെ ഏറ്റവും മികച്ച ഗോളായി 2019-ല്‍ ആരാധകര്‍ തിരഞ്ഞെടുത്തു. 64 ഗോളുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ അഞ്ചു ലക്ഷം പേര്‍ വോട്ടു ചെയ്തുവെന്ന് പറയുന്നു.

പിന്നീട് തന്റെ ഗോളാണ് മനോഹരം എന്നും അതുമായി ഇതിന് താരതമ്യമില്ലെന്നും മാറഡോണ പറയുകയുണ്ടായി.
മാറഡോണയെ അപേക്ഷിച്ച് ഡിഫന്‍ഡര്‍മാരുടെ പീഡനം മെസ്സിക്ക് അധികം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നു വരാം. എതിര്‍നിരയിലുള്ള പ്രതിരോധനിരക്കാരുമായി തനിക്ക് നല്ല ബന്ധമാണെന്നും അവരോട് വര്‍ത്തമാനം പറയാറുണ്ടെന്നും മെസ്സി പറയുന്നതു കേള്‍ക്കുമ്പോള്‍ നമുക്ക് അദ്ഭുതം തോന്നും. അര്‍ജന്റീനയിലെ ഫോക്സ് സ്പോര്‍ട്സ് റേഡിയോയുമായുള്ള അഭിമുഖത്തില്‍ മെസ്സി ഇതു പറയുന്നുണ്ട്. കളിയുടെ വേളയില്‍ നേരിടേണ്ടി വരുന്ന ശാരീരിക പീഡകള്‍ കളിയുടെ ഭാഗം മാത്രം. അത് സാരമില്ല.
വലിയ കുട്ടികളുടെ കൂടെ കളിക്കുമ്പോള്‍ മെസ്സിക്ക് ഉപദ്രവമേല്‍ക്കുമോ എന്ന പേടി തുടക്കക്കാലത്ത് പരിശീലകര്‍ക്ക് പൊതുവെ ഉണ്ടായിരുന്നു. ബാഴ്സയിലെ പരിശീലകര്‍ മറ്റുള്ളവരോട് ഇത് പറയാറുണ്ട്. ''ആളെ തൊടാന്‍ കിട്ടിയിട്ടു വേണ്ടേ?'' എന്ന് ഇതിന് മറുപടിയായി കുട്ടി ടീമിലും മുതിര്‍ന്ന ടീമിലും മെസ്സിയുടെ കൂട്ടുകാരനായ ജെറാര്‍ഡ് പിക്വെ പറയുന്നുണ്ട്.
തന്റെ കളിജീവിതത്തില്‍, ഒരു ഡിഫന്‍ഡറുടെ പീഡനത്തിന് പിന്നാലെയാണ് മെസ്സിക്ക് തന്റെ മൂന്ന് റെഡ് കാര്‍ഡുകളിലൊന്ന് ലഭിച്ചത്. 2019-ലെ കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തിനു വേണ്ടി ചിലിക്കെതിരേ മത്സരിക്കുന്നതിനിടെയാണിത്. ചിലി ഡിഫന്‍ഡര്‍ ഗാരി മെഡാലും മെസ്സിയും പന്തിനു വേണ്ടി മത്സരിച്ച് കളത്തിന് പുറത്തെത്തുന്നു. പിന്നീട് കാണുന്നത് മെഡാലും മെസ്സിയും തമ്മില്‍ ഉരസുന്നതാണ്. മെഡാല്‍ മെസ്സിയെ തല കൊണ്ടും നെഞ്ചു കൊണ്ടും ഇടിക്കുന്നത് കാണുന്നു. തിരിച്ച് അങ്ങോട്ട് അധികമൊന്നും ചെയ്യുന്നില്ലെങ്കിലും റഫറി ആദ്യം റെഡ് കാര്‍ഡ് വീശിയത് മെസ്സിക്കെതിരേ. വാര്‍ പരിശോധനക്കു ശേഷം വിധി അംഗീകരിക്കപ്പെട്ടു. മെഡാലിനും കിട്ടി റെഡ് കാര്‍ഡ്. മെസ്സിയുടെ ശിക്ഷ ഒരു മഞ്ഞക്കാര്‍ഡില്‍ ഒതുക്കാമായിരുന്നു എന്നു തോന്നും.
തന്റെ അന്താരാഷ്ട്ര മത്സരത്തിന്റെ അരങ്ങേറ്റത്തില്‍ തന്നെ ചുവപ്പു കണ്ടയാളാണ് മെസ്സി. 2005 ഓഗസ്റ്റ് 17-ന് ബുദാപെസ്റ്റിലെ ഫെറങ്ക് പുസ്‌കാസ് സ്റ്റേഡിയത്തില്‍ ഹംഗറിക്കെതിരേ അരങ്ങേറിയ മെസ്സി കഷ്ടിച്ച് ഒരു മിനിറ്റേ കളിച്ചുള്ളൂ. അപ്പോഴേക്കും ചുവപ്പുകൊടി പൊങ്ങി. ജേഴ്‌സിയില്‍ പിടിച്ച് തന്നെ തടയാന്‍ നോക്കിയ എതിരാളിയുടെ പിടി വിടുവിക്കാന്‍ കൈവീശിയതായിരുന്നു. എതിര്‍ കളിക്കാരന്‍ വാന്‍സാക്കിന്റെ മുഖത്ത് കൈ കൊണ്ടതും റഫറി മാര്‍ക്കസ് മെര്‍ക്ക് ചുവപ്പു കാണിച്ചു. അങ്ങനെ വന്‍സാക്കും മാര്‍ക്കസ് മെര്‍ക്കും ഇപ്പോള്‍ ഓര്‍മിക്കപ്പെടുന്നു.
2021 ജനുവരി 19-ന് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വലന്‍സിയക്കെതിരേ മെസ്സി പുറത്താക്കപ്പെടുന്നുണ്ട്. ബാഴ്‌സയുടെ കുപ്പായത്തില്‍ അപ്പോഴേക്കും 16 വര്‍ഷവും 753 കളികളും കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ ഈ പുറത്താക്കല്‍ മാത്രമാവും അദ്ദേഹം അര്‍ഹിക്കുന്നത്.
കളിക്കളത്തില്‍ ക്ഷോഭിക്കേണ്ട യാതൊരാവശ്യവും മെസ്സിക്ക് ഉണ്ടാവില്ല എന്നതു കൂടിയായിരിക്കാം ഈ അക്ഷോഭ്യതക്ക് കാരണം. എന്നാല്‍ എതിര്‍ ടീമിന്റെ കാണികളായ അള്‍ട്രകളെ തെറി വിളിക്കുകയും എതിരാളിയെ പരിഹസിക്കുകയും ഒക്കെ ചെയ്തിട്ടുമുണ്ട് 'ചെള്ള്' എന്ന വിളിപ്പേരുള്ള ഇദ്ദേഹം. അര്‍ജന്റീനയ്ക്ക് കളിച്ച് ലക്ഷ്യം കാണാതെ പോവുമ്പോള്‍ മാത്രമല്ല, ബാഴ്സക്ക് വേണ്ടി പ്രതീക്ഷക്കൊത്തവണ്ണം കളിക്കാഞ്ഞതിനും ധാരാളം വിമര്‍ശനങ്ങള്‍ മെസ്സി നേരിട്ടിട്ടുണ്ട്.
മാറഡോണയെപ്പോലെ അര്‍ജന്റീന ടീമിനെ ചുമലിലേറ്റിയിട്ടില്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ ഒരു റൊസാരിയോക്കാരനാണ് ഇദ്ദേഹം. അതായത് ബ്യൂണസ് ഐറിസുകാരന്‍ പോലുമല്ല. അവിടത്തെ പ്രശസ്തമായ റിവര്‍പ്ലേറ്റ് ടീമിനു വേണ്ടി കളിക്കാനുള്ള ട്രയലില്‍ ചെറുപ്രായത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ശരീര വളര്‍ച്ചക്കുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തുടക്കക്കാലത്തെങ്കിലും സ്വന്തം പട്ടണത്തിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനോ റിവര്‍പ്ലേറ്റിനോ മെസ്സി കളിച്ചേക്കുമായിരുന്നു.
പന്ത് കാലിലില്ലാത്തപ്പോള്‍ കളിക്കുന്ന ടിവിയുടെ കാണാമറയത്തുള്ള മെസ്സിയെക്കുറിച്ച് പീക്വെ ഇങ്ങനെ പറയുന്നു, ''ഒരു കാഴ്ചക്കു വേണ്ടി കളിക്കുന്നതില്‍ ഇയാള്‍ തത്പരനല്ല. ബൈസിക്കിള്‍ കിക്ക് വല്ലപ്പോഴും ചെയ്തെങ്കിലായി. വേറൊരു തുണിയില്‍ നിന്നാണ് ഈ തുണി മുറിച്ചിട്ടുളളത്. പന്ത് കാലില്‍ വേണമെന്ന ഒറ്റ വിചാരമാണ് ഈ കളിയെ മഹത്വപ്പെടുത്തുന്നത്. യൂട്യൂബ് വീഡിയോയില്‍ കാണാന്‍ കഴിയുന്നതല്ല മെസ്സിയുടെ യഥാര്‍ത്ഥ മാജിക്.''
ഇപ്പറഞ്ഞതൊക്കെ മെസ്സിയുടെ കളിയെ വിശദീകരിക്കുന്നുണ്ടോ? ഇല്ല, മെസ്സി എങ്ങനെ കളിക്കുന്നുവെന്ന് നമുക്കറിയില്ല.
Content Highlights: in his goals which one would be lionel messi likes the most
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..