ഡാവിഞ്ചിയെക്കൊണ്ട് 'ക്ഷ' വരപ്പിക്കുന്നു


സി.പി.വിജയകൃഷ്ണന്‍

മെസ്സി അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തിട്ടില്ല എന്നതാണ് പ്രധാന പരാതി

Photo: AFP

യണല്‍ മെസ്സിയാണോ ഡീഗോ മാറഡോണയാണോ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന ചോദ്യത്തിന് ഒരിക്കലും തൃപ്തികരമായ ഉത്തരം ലഭിക്കാനിടയില്ല. ലോകകപ്പുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം പ്രധാനമായും ഉടലെടുക്കുക. മെസ്സിയുടെ കാലത്ത് ലഭിച്ചിട്ടില്ലാത്ത ഒരു വലിയ നേട്ടം മാറഡോണയ്ക്കുണ്ട്. 1986 ല്‍ ഏതാണ്ട് ഒറ്റക്കുതന്നെ മാറഡോണ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുയുണ്ടായി. പെലെ, ഗാരിഞ്ച, സിദാന്‍, റോസ്സി തുടങ്ങി ഒട്ടനവധി പേര്‍ അവരവരുടെ ടീമുകളുടെ ലോകകപ്പ് വിജയങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ജയം കുറിച്ച ഒരു ടീമിന്റെ ഭാഗധേയങ്ങളെ ഇത്രയധികം സ്വാധീനിച്ച ഒരു കളിക്കാരന്‍ മാറഡോണയെപ്പോലെ വേറെയുണ്ടോ എന്നു സംശയമാണ്.

1986 ലെ ലോകകപ്പിനൊടുവില്‍ കളി പഠിക്കാന്‍ നിയോഗിക്കപ്പെട്ട ടെക്നിക്കല്‍ സ്റ്റഡി ഗ്രൂപ്പ് ( ടി എസ് ജി ) എടുത്തുകാട്ടിയിട്ടുള്ള പ്രധാന കാര്യം അര്‍ജന്റീനയ്ക്ക് മാറഡോണ ഉണ്ട് എന്നതായിരുന്നു. പാണ്ഡവരുടെ കൂടെ കൃഷ്ണന്‍ ഉണ്ട് എന്നു പറയുന്നതു പോലെ. ടീമുകള്‍ തമമിലുള്ള വ്യത്യാസം അതാണ്. ഏതു വിഷമകരമായ സന്ദര്‍ഭത്തിലും മാറഡോണയ്ക്ക് പന്ത് പാസ്സ് ചെയ്യാം. ടീമിനെ കൊണ്ടുനടക്കാന്‍ സദാ സന്നദ്ധനാണ് മാറഡോണ.

മെസ്സി സ്പെയിന്‍ ടീമിന് വേണ്ടി കളിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അതിന് സാധ്യതയുണ്ടായിരുന്നു. ഒരുപക്ഷെ അദ്ദേഹം 2010-ല്‍ സ്പെയിനിനൊപ്പം ലോകകപ്പ് നേടുകയും ചെയ്‌തേനേ. എങ്കിലും മെസ്സിയുടെ മേലുള്ള കറ മായുമോ ? ഒരിക്കലുമില്ല. മെസ്സി അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തിട്ടില്ല എന്നതാണ് പ്രധാന പരാതി. 2014-ല്‍ ആ നേട്ടത്തിനടുത്തെത്തിയെങ്കിലും ഫൈനലില്‍ കാലിടറി. അതു കൊണ്ട് 2021 ല്‍ അര്‍ജന്റീന കോപ്പ അമേരിക്ക നേടിയപ്പോള്‍ മെസ്സി ഏതാണ്ട് തന്റെ അത്ര തന്നെ വലിപ്പമുള്ള കപ്പിനെ കുറെ നേരം ആശ്ലേഷിക്കുകയും മക്കളോട് ഫോണില്‍ ആവേശഭരിതനായി വിളിച്ച് ഗ്രൗണ്ടില്‍ നിന്നു തന്നെ സംസാരിക്കുന്നതും കാണാനായി. സന്തോഷത്തെക്കാള്‍ ദുഃഖമുണ്ടാക്കി ആ ടെലിവിഷന്‍ കാഴ്ചകള്‍. സാക്ഷാല്‍ ലിയനാര്‍ഡൊ ഡാവിഞ്ചിയെക്കൊണ്ട് ചുമരെഴുതിക്കുന്നതുപോലെയായി മെസ്സിയുടെ ഈ കിരീടനേട്ടം .മാറഡോണ കോപ്പ അമേരിക്കയില്‍ നാലു തവണ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് അവിടെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

മാറഡോണ നാപ്പോളിക്ക് രണ്ടു തവണയും ( 86-87,89-90) ബൊക്ക ജൂനിയേഴ്സിന് ഒരു തവണയും (1981) ലീഗ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തിട്ടുണ്ട്. ഒരു തവണ നാപ്പോളിക്ക് (88-89) യുവേഫ കപ്പും നേടിക്കൊടുത്തു .മെസ്സി 10 തവണ ബാഴ്സലോണയുടെ കുപ്പായത്തില്‍ ലീഗ് ചാമ്പ്യന്‍ഷിപ്പും നാലു തവണ ചാമ്പ്യന്‍സ് ട്രോഫിയും നേടി. എന്നാല്‍ ബാഴ്സലോണയെ അപേക്ഷിച്ച് ഇറ്റലിയിലെ തന്നെ ചെറിയ ടീമുകളിലൊന്നായിരുന്നു നാപ്പോളി. നേപ്പിള്‍സ് നഗര ജീവിതത്തില്‍ മാറഡോണ ചെലുത്തിയിരുന്ന പ്രഭാവം എത്രയാണെന്ന് അദ്ദേഹം മരിച്ച സമയത്ത് ഒരിക്കല്‍ കൂടി വെളിപ്പെട്ടു.

2021 ല്‍ പോളോ സോറന്റിനോ എന്ന ചലച്ചിത്രകാരന്റെ നേപ്പിള്‍സ് പശ്ചാത്തലമാക്കിയുള്ള സിനിമയുടെ പേരു തന്നെ ' ദി ഹാന്‍ഡ് ഓഫ് ഗോഡ് 'എന്നാണ്. കേട്ടാല്‍ മാറഡോണയെക്കുറിച്ചുള്ള സിനിമയാണെന്ന് തോന്നും. അതല്ല, മറിച്ച് ഒരു കുമാരന്‍ പുരുഷത്വത്തിലേക്ക് കാല്‍വെക്കുന്നതിന്റെയും ഓര്‍മകളുടെയും സിനിമയാണ്. എന്നാല്‍ മാറഡോണയുടെ നേപ്പിള്‍സിലേക്കുള്ള വരവ് ഒരദൃശ്യ സാന്നിദ്ധ്യമായി സിനിമയിലുണ്ട താനും.1986-ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ' ഹാന്‍ഡ് ഓഫ് ഗോഡ് ' ഗോളില്‍ സിനിമയിലെ ഏതാനും ഇറ്റലിക്കാര്‍ വലിയ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. അത് ന്യായമാണ് എന്നാണ് അവരുടെ പക്ഷം. പക്ഷേ മെസ്സിയെ ഇത്തരം കാര്യങ്ങള്‍ മെസ്സിയെ ബാധിക്കുന്നില്ല.

മെസ്സി കളിക്കളത്തില്‍ അഴിച്ചുവിടുന്ന അമാനുഷികമായ കഴിവുകള്‍ ആരാധകരെ അമ്പരപ്പിക്കുന്നു. പൂട്ടുകള്‍ പൊട്ടിച്ച് പുറത്തുവരുന്ന മാന്ത്രികന്‍ ഹൗഡിനിയെപ്പോലെ മെസ്സി പ്രതിരോധപ്പൂട്ടുകള്‍ ഓരോന്നായി ഭേദിക്കുന്നു. സഹതാരത്തെ ക്ഷണനേരംകൊണ്ട് കണ്ടെത്തി പാസുകള്‍ നല്‍കിയും വാങ്ങിയും മുന്നേറുമ്പോഴും ഫ്രീ കിക്കുകളിലൂടെ മഴവില്ലുകള്‍ വിരിയിക്കുമ്പോഴും ഇത്തരത്തില്‍ മറ്റേത് താരത്തിന് കളിക്കാനാകും എന്ന ചിന്ത ആരാധകരുടെ മനസ്സില്‍ മുളപൊട്ടും.

ഒരു പക്ഷെ മാറഡോണയുടെ കളിക്കാലത്ത് സര്‍ഗധനരായ കളിക്കാര്‍ക്ക് നിയമത്തില്‍ നിന്ന് സംരക്ഷണം ലഭിച്ചിട്ടില്ല എന്നു വരാം.1 983 സപ്തംബറില്‍ അത്ലറ്റിക് ബില്‍ബാവോവുമായുള്ള ലീഗ് മത്സരത്തിനിടെ ബാഴ്സലോണയുടെ നൗക്യാംപ് ഗ്രൗണ്ടില്‍ വെച്ച് മാറഡോണയുടെ കാല്‍ ബില്‍ബാവോവിന്റെ ആന്റണി ഗോയ്കൊച്ചിയ ചവിട്ടി ഒടിക്കുകയുണ്ടായി. 81 -82 സീസണിലും ഇതേ ഗൊയ്ക്കൊ ബാഴ്സലോണയുടെ ബെണ്‍ഡ് ഷൂസ്റ്ററെയും പരിക്കേല്‍പ്പിച്ചിരുന്നു. ബാഴ്സലോണയുടെ ലീഗ് സാധ്യതകള്‍ അതോടെ വെള്ളത്തിലായി. ഇത്തരം ആക്രമണങ്ങള്‍ മെസ്സിക്ക് നേരിടേണ്ടി വന്നിട്ടില്ല. ക്രിക്കറ്റില്‍ ബൗണ്‍സറുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തിയതും ബാറ്റര്‍മാര്‍ക്ക് ഹെല്‍മറ്റ് ഉള്‍പ്പെടെ കൂടുതല്‍ സംരക്ഷണ കവചങ്ങള്‍ ലഭ്യമായതും ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍ കളി രചിക്കുന്നവര്‍ക്ക് ലഭിച്ച സംരക്ഷണവും തമ്മില്‍ സാമ്യം കാണാം.

മെസ്സിയുടെ അച്ഛനമ്മമാര്‍ തൊഴിലാളി കുടുംബങ്ങളാണെങ്കിലും മാറഡോണയുടെ കുടുംബത്തെപ്പോലെ മെസ്സി കുടുംബത്തിന് ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നിട്ടില്ല. 13 ാം വയസ്സില്‍ മെസ്സിയെ ബാഴ്സലോണയിലേക്ക്, ചിട്ടയും ജീവിത സൗകര്യങ്ങളുമുള്ള ഒരു ലോകത്തിലേക്ക് പറിച്ചു നടുകയുണ്ടായി. മാറഡോണയുടെ വ്യക്തിജീവിതം സൃഷ്ടിച്ച വലിപ്പം മെസ്സിക്ക് ഒരിക്കലും മറികടക്കാനാകില്ല. ആ വലിപ്പം കളിക്കളത്തില്‍ ,നമ്മള്‍ അദ്ദേഹത്തെ എങ്ങനെ കാണുന്നു എന്നതിനെക്കൂടി സ്വാധീനിച്ചിരുന്നു. മറ്റൊന്ന് മെസ്സിയുടെ കാലത്തെ ഏറ്റവും നല്ല കളിക്കാരായാ ഇനിയേസ്റ്റയും സാവിയും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു എന്നതാണ്. മാറഡോണയെപ്പോലെ, മറ്റു പലരെയും പോലെ, ക്ലബ്ബുകള്‍ മാറിമാറിക്കളിച്ചിരുന്നുവെങ്കില്‍ മെസ്സിയുടെ കളി ഇത്രമാത്രം ഊര്‍ജം പ്രസരിപ്പിക്കുന്ന ഒന്നാവുമോ എന്ന് സംശയമാണ്. അങ്ങനെ ആയേക്കില്ല എന്നു പറയാന്‍ തെളിവൊന്നുമില്ല. മെസ്സിയുടെ കളിയുടെ അനേകം ദൃശ്യങ്ങള്‍ ഇന്ന് ലഭ്യമാണ്. അതിലൂടെ കടന്നു പോകുന്ന ഒരാള്‍ക്ക് ് ഗുരുത്വാകര്‍ഷണം പോലുള്ള പ്രാകൃതികമായ ഒരു ബലമാണ് ഗ്രൗണ്ടിലൂടെ ചലിക്കുന്നതെന്ന് തോന്നും.

പെലെ ഇപ്പോഴാണ് കളിക്കുന്നതെങ്കില്‍ ഇതു പോലെ കളിക്കുമായിരുന്നോ? ഒരു പക്ഷെ കളിച്ചേക്കും. കാരണം മെസ്സിക്ക് ബാഴ്സലോണയില്‍ ലഭിച്ചതു പോലുള്ള സഹകളിക്കാരുടെ വലിയ പിന്തുണ പെലെയ്ക്കുണ്ടായിരുന്നു.

ബാഴ്സലോണയുടെ ഫുട്ബോള്‍ ഡയറക്ടറായിരുന്ന ചാര്‍ലി റെക്സാച്ചാണ് ചെറുപ്രായത്തില്‍ മെസ്സിയെ ബാഴ്സലോണയിലെടുക്കുവാന്‍ തീരുമാനിച്ചത്. 'ഞാനാണ് മെസ്സിയെ കണ്ടു പിടിച്ചത് എന്നു പറയുന്നവരോട് എനിക്ക് ഒന്നേ പറയാനൂള്ളൂ.ഒരു ചൊവ്വാഗ്രഹവാസിയാണ് അയാള്‍ കളിക്കുന്നത് കണ്ടത് എന്ന് വിചാരിക്കൂ. ഇയാള്‍ സ്പെഷ്യല്‍ ആണെന്ന് അവര്‍ക്കു പോലും തിരിച്ചറിയാനാവും.' എന്ന് റെക്സാച്ച് പിന്നീട് ഇതേക്കുറിച്ച് പറയുകയുണ്ടായി. നമ്മളത് എപ്പോഴേ തിരിച്ചറിഞ്ഞിരിക്കുന്നു!

Content Highlights: Football column by CP Vijayakrishnan, Messi, Maradona, Argentina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented