സ്റ്റാർട്ട് ടീമും ഫ്‌ലാകെൽഫും മത്സരത്തിന് മുൻപെടുത്ത ചിത്രം
2016 ല്‍ കോഴിക്കോട്ട് നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് വീണ്ടും സംഘടിപ്പിക്കപ്പെട്ടപ്പോള്‍ കപ്പ് നേടിയത് യുക്രൈനില്‍ നിന്നുള്ള ടീമായിരുന്നു. നീപ്രോ നീപ്രോപെട്രോവ്‌സ്‌ക്ക്. ജര്‍മനിയില്‍ നിന്നുള്ള 1860 മ്യൂണിക്ക് , അയര്‍ലന്‍ഡിലെ ഷാംറോക്ക് എഫ് സി, ബ്രസീലിലെ പാരനെന്‍സ് തുടങ്ങിയവര്‍ തങ്ങളുടെ വെബ് സൈറ്റില്‍ കോഴിക്കോടന്‍ അനുഭവങ്ങള്‍ രസകരമായി എഴുതിയിരുന്നു. പട്ടണത്തിലെ ട്രാഫിക് ഞെട്ടിച്ചതായി ഷാംറോക്കിലെ ചിലര്‍ പറഞ്ഞു. നീപ്രോയുടെ റിസര്‍വ് ടീമാണ് ഇവിടെ കളിച്ചതെങ്കിലും നമ്മുടെ കണ്ണുകള്‍ക്ക് മനോഹരമായിരുന്നു അവരുടെ കളി. നീപ്രോ കളിക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ എഴുതിയിരുന്നുവോ എന്നറിയില്ല. ഒരു പക്ഷെ അവരുടെ ഭാഷയില്‍ കുറിച്ചിരുന്നു എന്നു വരാം.
പഴയ സോവിയറ്റ് യൂണിയനില്‍ ഫുട്ബോളിന് പേരുകേട്ട പ്രദേശമായിരുന്നു യുക്രൈന്‍, ഇപ്പോഴുമതെ. 2022 ഫെബ്രുവരി 24 മുതല്‍ റഷ്യയുടെ ആക്രമണത്തിനിരയായ അവരുടെ തലസ്ഥാനമായ കീവിലെ ഡൈനാമോ കീവ് അതില്‍ ഏറ്റവും പ്രശസ്തം. യൂറോപ്പിലെ ടൂര്‍ണമെന്റുകളില്‍ ഒരു കാലത്ത് ശോഭിച്ച സോവിയറ്റ് ടീമുകളിലൊന്ന് ഡൈനാമോ കീവ് ആണ്. മോസ്‌ക്കോയിലെ സ്പാര്‍ടക്, സി.എസ്.കെ.എ, ഡൈനാമോ, ലോക്കോമോട്ടീവ് ടീമുകളും പ്രശസ്തമായിരുന്നു. ഈ ടീമുകള്‍ ഇപ്പോഴും റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നു.
സോവിയറ്റ് യൂണിയനില്‍ പലയിടത്തും ഡൈനാമോ ടീമുകളെ കാണാം .ഒരു കാലത്ത് ഈ ക്ലബ്ബിന് സൈക്കിളിന്റെ ഡൈനാമോയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ശങ്കിച്ചിരുന്നുവെങ്കിലും അതങ്ങനെയല്ല. 1923 ല്‍ രഹസ്യപ്പോലീസിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സ്പോര്‍ട്സ് സൊസൈറ്റിയാണിത്. ജോര്‍ജിയയിലെ തബിലിസിയിലും ബെലറൂസിലെ മിന്‍സ്‌കിലിലും ഡൈനാമോ ടീമുകളുണ്ട്. അന്നത്തെ ചാരസംഘടനയുടെ മേധാവി ഫെലിക്സ് സെര്‍ഷിന്‍സ്‌കിയുടെ കയ്യൊപ്പ് പതിഞ്ഞവയാണ് ഈ സ്ഥാപനങ്ങള്‍. സ്റ്റാലിന്റെ ചാരമുഖ്യനായ ലാവ്റെന്റി ബെറിയ മോസ്‌കോ ഡൈനാമോവിന്റെ കൂടി അധിപനായിരുന്നു. ഡൈനാമോയും ജനകീയ ക്ലബ്ബായ സ്പാര്‍ടക്കും തമ്മിലുള്ള വൈരം അവര്‍ തമ്മിലുള്ള കളിക്ക് ചൂടുപകര്‍ന്നു. സി.എസ്.കെ.എ സൈന്യത്തിന്റെ ടീമായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഈ ക്ലബ്ബുകളുടെ ഉടമസ്ഥതയില്‍ മാറ്റം വന്നിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനി യുക്രൈനിനെ അധീനപ്പെടുത്തിയപ്പോള്‍ യുക്രൈന്‍ സ്വദേശികളും റഷ്യക്കാരും ഒരുപോലെ നാസി പടയെ ചെറുത്തുനിന്നവരാണ്. അതില്‍ യുക്രൈനിലെ ഫുട്ബോള്‍ കളിക്കാരും ഉള്‍പ്പെടും. അവര്‍ ഫുട്‌ബോള്‍ കളിച്ചാണ് പ്രതിഷേധിച്ചത്. യുക്രൈനിന്റെ ഗോള്‍കീപ്പര്‍ മിക്കൊള ട്രുസേവിച്ച് ഈ സംഭവത്തിലെ നായകനാണ്. മുപ്പതുകളില്‍ സോവിയറ്റ് യൂണിയനിലെ ഏറ്റവും അറിയപ്പെടുന്ന ഗോള്‍കീപ്പറായിരുന്നു ട്രുസേവിച്ച്. 1935 ല്‍ അദ്ദേഹം ഡൈനാമോ കീവിന്റെ കളിക്കാരനായി. പാരീസ് സന്ദര്‍ശിച്ച ഡൈനാമോ ടീം റെഡ് സ്റ്റാര്‍ പാരീസിനെ 6- 1 ന് തോല്‍പ്പിച്ചു. പിന്നീട് റഷ്യ സന്ദര്‍ശിച്ച ഒരു തുര്‍ക്കി ടീമിനെ 9-1 നും അവര്‍ തകര്‍ത്തു. രണ്ടാം ലോക മഹായുദ്ധത്തില്‍, 1941 ല്‍ ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിക്കുകയും യുക്രൈന്‍ കൈവശപ്പെടുത്തുകയും ചെയ്തപ്പോള്‍ എല്ലാവരെയും എന്ന പോലെ യുദ്ധം കളിക്കാരെയും ബാധിച്ചിരുന്നു. ട്രുഷേവിച്ചിന്റെ ദുരന്തത്തിലവസാനിച്ച ജീവിതകഥ, പ്രസിദ്ധ ലേഖകനായ ജൊനാതന്‍ വില്‍സണ്‍ തന്റെ '' ഔട്ട്സൈഡര്‍, ദ ഹിസ്റ്ററി ഓഫ് ദ ഗോള്‍കീപ്പര്‍ '' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ട്രുഷേവിച്ച് ഭാര്യയെയും മകളെയും യുക്രൈനിലെ തന്നെ ഒഡേസയിലേക്കയക്കുകയും കീവില്‍ നാസികള്‍ക്കെതിരെയുള്ള പ്രതിരോധ സേനയില്‍ ചേര്‍ന്ന് പോരാടുകയും ചെയ്തു. അതിനിടെ കാലിന് വെടികൊണ്ട താരത്തെ എതിരാളികള്‍ പിടിച്ചു.ഡാര്‍നിറ്റ്സയിലെ തടങ്കല്‍ പാളയത്തില്‍ അടച്ചു. ജര്‍മന്‍ സൈന്യത്തോട് കൂറ് പ്രഖ്യാപിക്കാമെന്ന ഉപാധിയില്‍ അദ്ദേഹത്തെ പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
ജനജീവിതം സാധാരണ നിലയിലാണെന്ന് കാണിക്കാന്‍ ജര്‍മനി അധിനിവേശ പ്രദേശങ്ങളില്‍ 1942 ല്‍ ഫുട്ബോള്‍ കളി സംഘടിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് അന്ന് കീവില്‍ തങ്ങുകയായിരുന്ന ചെക്കോസ്ലോവാക്യക്കാരന്‍ ജോസഫ് കോര്‍ഡിക്ക് സംഭവത്തിലേക്ക് വരുന്നത്. ഡൈനാമോ ടീമിന്റെ ആരാധകനായിരുന്ന കോര്‍ഡിക്ക് താന്‍ ജര്‍മന്‍കാരനാണെന്ന് സ്ഥാപിച്ച് ഒരു ബേക്കറിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. പണിയില്ലാതെ നടക്കുന്ന ട്രുഷേവിച്ചിനെ ഒരു ദിവസം കണ്ടുമുട്ടുന്ന കോര്‍ഡിക്കിന് ഒരു ടീം ഉണ്ടാക്കിയാലെന്തെന്ന് തോന്നുകയും ഗോള്‍കീപ്പറെ സമീപിക്കുകയും ചെയ്തു. ബേക്കറിയില്‍ പണിചെയ്യാം,അവിടെ കിടക്കുകയും ചെയ്യാം. ഇങ്ങനെ മറ്റു കളിക്കാരെക്കൂടി സംഘടിപ്പിക്കുന്ന കോര്‍ഡിക്ക് ഒരു ടീമുണ്ടാക്കി. യുക്രൈന്‍ സ്വദേശികളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതിനെക്കാള്‍ ഫുട്ബോള്‍ നടത്തുക എന്നതിലായിരുന്നു കോര്‍ഡിക്കിന് താല്പര്യം. ടീമിന് സ്റ്റാര്‍ട്ട് എന്ന് പേരിട്ടു. തുടര്‍ന്ന് സ്റ്റാര്‍ട്ട് പട്ടാള ടീമുകളുമായി മല്‍സരിക്കുകയായി.
ഹംഗേറിയന്‍ പട്ടാള ടീമിനെ 6-2 നും റുമാനിയന്‍ ടീമിനെ 11-0 എന്ന സ്‌കോറിനും സ്റ്റാര്‍ട്ട് തോല്പിച്ചു. തുടര്‍ന്ന് ജര്‍മന്‍ ടീമായി എതിരാളി. 1942 ജൂലായ് 17 ന് ഈ ടീമിനെ മടക്കമില്ലാത്ത ആറു ഗോളിന് തോല്‍പ്പിച്ച സ്റ്റാര്‍ട്ട് രണ്ടു ദിവസം കഴിഞ്ഞ് ഹംഗേറിയന്‍ പട്ടാള ടീമായ എം എസ് ജിയെ 5-1 നും പരാജയപ്പെടുത്തി. റീപ്ലേയിലും സ്റ്റാര്‍ടിനു തന്നെയായിരുന്നു വിജയം.സ്‌കോര്‍ 3-2.
ജൂലായ് 28 ന് സ്റ്റാലിന്റെ 227-ാം നമ്പര്‍ ഉത്തരവ് വന്നു. ആരും പിന്നോട്ടു കാല്‍വെക്കരുത് എന്നതായിരുന്നു ഈ കല്പന. ഭീതി പരത്തുന്നവരെയും ഭീരുക്കളെയും അപ്പോള്‍ തന്നെ കൊന്നു കളയണമെന്നും സ്റ്റാലിന്‍ ആജ്ഞാപിച്ചു. ഓഗസ്റ്റ് 6 ന് ജര്‍മന്‍ വ്യോമസേന ടീമായ ഫ്ലാകെല്‍ഫുമായി സ്റ്റാര്‍ട്ട് കളിച്ചു. ഫ്ലാകെല്‍ഫ് മുന്‍ പ്രൊഫഷണല്‍ താരങ്ങള്‍ അടങ്ങിയ ടീമാണ്. എന്നിട്ടും സ്റ്റാര്‍ട്ട് കളിയില്‍ 5-1 ന് വിജയിച്ചു. ഇതില്‍ അരിശംപൂണ്ട ഫ്ലാകെല്‍ഫ് റീപ്ലേ മത്സരത്തിന് തയ്യാറെടുത്തു.അത് ഒരു പകവീട്ടല്‍ മത്സരമായി ചൂടുപിടിച്ചു. പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ഓഗസ്റ്റ് 9 ന് ഈ മല്‍സരം കാണാന്‍ എത്തിയവരെക്കൊണ്ട് സീനിത്ത് സ്റ്റേഡിയം നിറഞ്ഞിരുന്നു. റഫറി ജര്‍മന്‍കാരനാണ്. അദ്ദേഹം സ്റ്റാര്‍ട്ട് കളിക്കാരെ നാസി സല്യട്ട് നല്‍കണമെന്ന് ഉപദേശിക്കുന്നുണ്ട്. കളിക്കാര്‍ ഇതു വകവെച്ചില്ലെന്നു മാത്രമല്ല, റഷ്യന്‍ കളിക്കളത്തിലെ ആവേശവാക്യമായ 'ഫിസ്‌കല്‍ച്ചര്‍ ഹുറാ!' എന്ന് കൂവുകയും ചെയ്തു. സാധാരണ വാക്യമല്ലത്. സോവിയറ്റ് സൈനികര്‍ യുദ്ധത്തിനിറങ്ങുമ്പോള്‍ വിളിക്കുന്ന വിളിയാണ്.
ഫ്ലാക്കെല്‍ഫ് ലീഡു നേടിയെങ്കിലും പകുതി സമയമാകമ്പോഴേക്കും സ്റ്റാര്‍ട് 3-1 ന് മുന്നിലെത്തിയിരുന്നു. ഈ അവസരത്തില്‍ ഡ്രസ്സിംഗ്റൂമിലേക്ക് രണ്ട് സന്ദര്‍ശകര്‍ വന്നു. ഒരാള്‍ ജര്‍മനിനയുമായി സഹകരിക്കുന്ന ഒരു ഫുട്ബോള്‍ കളിക്കാരന്‍ ,രണ്ടാമന്‍ റഫറി തന്നെ. ജര്‍മന്‍കാരെ തോല്പിച്ചാലുള്ള ഭവിഷ്യത്ത് ഇരുവരും ടീമിനെ ഓര്‍മിപ്പിച്ചു. അങ്ങോട്ടുമിങ്ങോട്ടും രണ്ടു കൂട്ടരും ഗോള്‍ നേടിയെങ്കിലും കളിതീരാന്‍ നാലു മിനിട്ട് അവശേഷിക്കെ സ്റ്റാര്‍ട് 5-3 ന് മുന്നിട്ടുനിന്നു. ഈ അവസരത്തില്‍ ഒലക്സി ക്ലിമെങ്കോയ്ക്ക് പന്തു കിട്ടി .ക്ലിമെങ്കോ മുന്നേറി ഗോളിയെയും മറികടന്നു. എന്നാല്‍ ശൂന്യമായ ഗോള്‍പോസ്റ്റിന് മുന്നില്‍ വെച്ച് ക്ലിമെങ്കോ പന്ത് വിശാലമായി പുറത്തേക്കടിച്ചു കളയുകയാണുണ്ടായത്. ഇത് ജര്‍മന്‍കാരെ പുച്ഛിച്ചതാണെന്ന് വ്യക്തം. കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും എന്നു മനസ്സിലാക്കിയ റഫറി കളി നേരത്തെ അവസാനിപ്പിച്ചു. അതിനു മുന്‍പ് കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളും തുടങ്ങിയിരുന്നു.
ഇതു കഴിഞ്ഞ് സ്റ്റാര്‍ട്ട് ഒരു കളികൂടി കളിച്ചു. യുക്രൈന്‍ ദേശീയവാദികളുടെ ടീമായ റുഖയുമായി. മത്സരത്തില്‍ സ്റ്റാര്‍ട്ട് മടക്കമില്ലാത്ത എട്ടു ഗോളിന് വിജയം നേടി. നാസികള്‍ കളിക്കാരെ വെറുതെ വിടുമോ ? അവര്‍ എല്ലാവരെയും ഒന്നിന് പിറകെ ഒന്നായി രഹസ്യപ്പോലീസായ ഗെസ്റ്റാപ്പോവിന്റെ കൊറലങ്കോ തെരുവിലെ ആസ്ഥാനത്തേക്ക് വിളിച്ചു കൊണ്ടുപോയി. അട്ടിമറിക്കാരാണ് എന്നതായിരുന്നു ചുമത്തിയ കുറ്റം. ആരും കുറ്റം സമ്മതിച്ചില്ല. റഷ്യന്‍ രഹസ്യപ്പോലീസായ എന്‍.കെ.വി.ഡിയിലെ ഉദ്യോഗസ്ഥനായിരുന്ന മിക്കൊള കൊറോട്ടിക്ക് കുറ്റമേറ്റുവെങ്കിലും ഇദ്ദേഹം ചാരനാണെന്ന് മനസ്സിലായതോടെ സ്ഥിതി മാറി. കടുത്ത പീഡനം ഏറ്റുവാങ്ങിയ കൊറോട്ടിക്ക് 20 ദിവസം കഴിഞ്ഞ് മരിച്ചു. ജൂതരെ കൂട്ടക്കൊല ചെയ്തിരുന്ന ബാബി യാറിന്റെ സമീപത്തുള്ള സിരേറ്റ്സ് തടങ്കല്‍ പാളയത്തിലേക്ക് കളിക്കാരെ നീക്കി. അടിമവേലയായിരുന്നു അവിടെ .രക്ഷപ്പെടാന്‍ നോക്കിയ ഒരാളുടെ പണിസംഘത്തിലെ 18 പേരെ ജര്‍മന്‍കാര്‍ കൊന്നു കളഞ്ഞു.
1943 ഫെബ്രുവരിയില്‍ യുക്രൈന്‍ പ്രതിരോധ സംഘം ജര്‍മന്‍ താരങ്ങള്‍ക്കു നേരെ പെട്രോള്‍ ബോബ് കൊണ്ട് ആക്രമണം നടത്തുകയായി. മഞ്ഞുവണ്ടി നന്നാക്കുന്ന ഒരു ഫാക്ടറി അവര്‍ നശിപ്പിച്ചു. കളിക്കാരായ തടവുകാര്‍ക്കുനേരെ അടുത്ത ദിവസം തന്നെ ഇതിന്റെ തിരിച്ചടിയുണ്ടായി. തടവുകാരെ അവരവരുടെ റാങ്കനുസരിച്ച് നിരനിരയായി നിര്‍ത്തി. ഓരോ മൂന്നാമനെയും അടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയുമാണുണ്ടായത്. ഫ്‌ളാക്കെല്‍ഫുമായുള്ള രണ്ടാം കളിയില്‍ ഒന്നോ രണ്ടോ ഗോളടിച്ച (എണ്ണം തീര്‍ച്ചയില്ല ) ഐവന്‍ കുസ്മെങ്കോ ആദ്യം വീണു. രണ്ടാമന്‍ ക്ലിമെങ്കോ, അവസാനമായി ഗോളി ട്രുഷേവിച്ച്.
ഈ സംഭവത്തിന്റെ പലതരത്തിലുള്ള ആഖ്യാനങ്ങള്‍ പിന്നീട് സിനിമയായും നോവലുകളായും വന്നു. ഇതില്‍ പെലെ, ബോബി മൂര്‍ തുടങ്ങിയ കളിക്കാരും സില്‍വസ്റ്റര്‍ സ്റ്റാലന്‍, മൈക്കിള്‍ കെയിന്‍ തുടങ്ങിയവരുമഭിനയിച്ച ഹോളിവുഡ് ചിത്രം 'എസ്‌കേപ്പ് ടു വിക്ടറി' പ്രശസ്തമാണ്. കേരളത്തിലെ ഫിലിം സൊസൈറ്റികളില്‍ പ്രദര്‍ശിപ്പിച്ച ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ സൊള്‍ട്ടാന്‍ ഫാബ്രിയുടെ 'ടൂ ഹാഫ് ടൈംസ് ഇന്‍ ഹെല്‍' നിരവധിപേര്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും. അതില്‍ ഹംഗേറിയന്‍ കളിക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതായാണ് കാണിച്ചിട്ടുള്ളത്.
യുക്രൈന്‍കാരുടെയും റഷ്യക്കാരുടെയും രക്തം അങ്ങനെ ചേര്‍ന്നൊഴികിയിട്ടുണ്ട്. റഷ്യയുടെ ആധിപത്യത്തോട് മമതയില്ലാത്ത യുക്രൈന്‍കാരില്‍ ചിലര്‍ നാസികളോട് സഹകരിച്ചിട്ടുണ്ടാവും.പക്ഷെ ട്രുഷേവിച്ചുമാരാവും കൂടുതല്‍. ലോകകപ്പ് ഫുട്ബോളില്‍ 1966 ല്‍ നേടിയ നാലാം സ്ഥാനമാണ് പഴയ സോവിയറ്റ് യൂണിയന്‍ നേടിയ വലിയ നേട്ടങ്ങളിലൊന്ന്. 1960 ല്‍ ആദ്യത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവരായിരുന്നു ജേതാക്കള്‍. പിന്നീടവര്‍ക്ക് വലിയ നേട്ടങ്ങളുണ്ടായില്ല. കളിയുടെ നടത്തിപ്പില്‍ അഴിമതിയും മറ്റുമുണ്ടെന്ന ആക്ഷേപം ഇടക്ക് കേള്‍ക്കുകയുണ്ടായി.
എന്നാല്‍, 2018 ല്‍ റഷ്യ നടത്തിയ ലോകകപ്പ് കളികൊണ്ട് ഗംഭീരമായിരുന്നു. മാത്രമല്ല റഷ്യയിലെ നഗരങ്ങളും സംസ്‌കാരവും ജനങ്ങളുമെല്ലാം സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി. റഷ്യ ആ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. അവരുടെ ദീര്‍ഘകായനായ ഫോര്‍വേഡ് ആര്‍ടൈം സ്യൂബ ഒട്ടുമിക്കവരുടെയും ഓര്‍മയിലുണ്ടാവും. സ്യൂബയുടെ അച്ഛന്‍ യുക്രൈന്‍ സ്വദേശിയായ പോലീസുകാരനായിരുന്നു. അമ്മ റഷ്യക്കാരി. പലചരക്കുകടയിലെ ജീവനക്കാരി. അതാണ് രണ്ടു പ്രദേശങ്ങളും തമ്മിലുള്ള രക്തബന്ധം. റഷ്യയുടെ യുക്രൈന്‍ ആക്രമണ വേളയില്‍ ഒരു ചാനല്‍ പ്രവര്‍ത്തകയുടെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്ണിലെ പ്രവര്‍ത്തകയായ അവര്‍, വാര്‍ത്താ വായനക്കാരിയുടെ പിന്നിലായി യുദ്ധത്തിനെതിരായ പ്ലക്കാര്‍ഡുമായി പ്രത്യക്ഷപ്പെട്ടു .ഇതിന് ധൈര്യം കാട്ടിയ മരീന ഓവ്സ്വായിനിക്കോവയുടെ അച്ഛന്‍ യുക്രൈന്‍ സ്വദേശിയും അമ്മ റഷ്യക്കാരിയുമാണ്.ആര്‍ടൈം സ്യൂബയെപ്പോലെ...
Content Highlights: football column by cp vijayakrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..