തുകല്‍ കഷ്ണങ്ങള്‍ തുന്നിക്കൂട്ടിയുണ്ടാക്കിയ പന്താണ് ഫുട്‌ബോള്‍. ഈ കുറിപ്പുകളും തുന്നിക്കൂട്ടിയവയാണ്. ഫുട്‌ബോളിന്റെ നിര്‍മാണത്തില്‍ ശാസ്ത്രീയതയുണ്ട്. ഈ കുറിപ്പുകള്‍ക്കാകട്ടെ അങ്ങനെയൊന്നില്ല. പണ്ട് വീതിയുള്ള, ഏതാണ്ട് ''ഐ'' എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിലായിരുന്നു തുകല്‍ പന്തിന്റെ കഷ്ണങ്ങള്‍. പിന്നീടത് ജ്യാമിതീയമായ കോണുകളുടെ രുപമായി. വായുമര്‍ദം കൃത്യമായി. എങ്കിലും പന്തിന്റെ സ്വഭാവം ഒട്ടും മാറിയിട്ടില്ല. അതിനെ മെരുക്കാനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഡീഗോ മാറഡോണയെ പന്തുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനും പിന്നീട് റയല്‍ മഡ്രീഡ് ക്ലബ്ബിന്റെ ഡയറക്ടറും കഥപറച്ചിലുകാരനും ഒക്കെയായ ജോര്‍ഗ് വള്‍ഡാനോ വിശേഷിപ്പിക്കുന്നത് ''ടെയ്മര്‍'' എന്നാണ്. പന്തിനെ ''ടെയിം'' ചെയ്യുന്ന, മെരുക്കുന്ന ആള്‍. അഥവാ അതിന്റെ പാപ്പാന്‍.
പണ്ട് ഫുട്‌ബോളിന് നമ്പറുണ്ടായിരുന്നു. അഞ്ചാം നമ്പറാണ് മുതിര്‍ന്നവര്‍ക്ക് കളിക്കാനുള്ള പന്ത്. കാറ്റ് നിറക്കുന്ന പഴയ ബ്ലാഡറിന് ആമയുടെതു പോലുള്ള ഒരു നെക്ക് അഥവ കഴുത്ത് ഉണ്ടായിരുന്നു. അത് തുകലിന്റെ ഉള്ളിലാക്കുകയും ലെയ്‌സ് മുറുക്കുകയും ചെയ്യുക എന്നത് ശ്രമകരം. സര്‍വശക്തനായ ഒരു കുട്ടി അതിനുണ്ടാവും.
ഫുട്‌ബോള്‍ കുറിപ്പുകളുടെ പ്രസിദ്ധമായ ഒരു മാതൃക യുറഗ്വായ് എഴുത്തുകാരനായ എഡ്വേഡോ ഗേലിയാനോയുടെ ''സോക്കര്‍ ഇന്‍ സണ്‍ ആന്‍ഡ് ഷാഡോ'' ആണ്. റൊമാന്റിക് ശൈലിയാണ് അദ്ദേഹത്തിന്റേത്. മലയാളത്തിലും ആ ശൈലിക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയെ സാമ്രാജ്യത്വ ശക്തികള്‍ എങ്ങനെ ചൂഷണം ചെയ്തു എന്നു പറയുന്ന, അദ്ദേഹത്തിന്റെ 'ദി ഓപ്പണ്‍ വെയിന്‍സ് ഓഫ് ലാറ്റിനമേരിക്ക'' വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ പുരാണത്തില്‍ നിന്ന് ഈ കുറിപ്പുകളിലേക്ക് ഒന്നും സ്വീകരിച്ചിട്ടില്ല. അതേസമയം മറ്റനേകം സ്രോതസ്സുകളില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്, പുസ്തകങ്ങള്‍, മാസികകള്‍, ഇന്റര്‍നെറ്റ്, പത്ര ലേഖനങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുമ്പോള്‍ ലഭിച്ചിട്ടുള്ളവ.
ലോകത്ത് എല്ലായിടത്തും ഫുട്‌ബോള്‍ കളിക്കുന്നു. നാനാതരം ആളുകള്‍ അതില്‍ പല രീതിയില്‍ ഇടപെട്ട് ആഹ്ലാദിക്കുന്നു. കൊല്‍ക്കൊത്തയില്‍ ലൈംഗിക തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ നടത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. 16 ടീമുകള്‍. മിക്കതും ചുവന്ന തെരുവിന്റെ പേര് വഹിക്കുന്നവ. ദര്‍ബാര്‍ മഹിള സമന്വയ് കമ്മിറ്റിയാണ് ഇത് സംഘടിപ്പിച്ചിരുന്നത്. പിന്നീടിത് മുടങ്ങിപ്പോയിട്ടുണ്ടോ എന്നറിയില്ല.
ആര്‍ക്കും ഫുട്ബോള്‍ കളിക്കാം. സസ്യാഹാരം കഴിച്ചു കൊണ്ടു തന്നെ ഫുട്‌ബോള്‍ പരിശീലിക്കാനാവുമോ എന്ന ഒരു പരീക്ഷണത്തിന് കൊല്‍ക്കൊത്തയെ വേദിയാക്കിയ രണ്ട് സ്‌പെയിന്‍കാരെക്കുറിച്ച് മുന്‍പ് ഒരു വാര്‍ത്ത കേട്ടിരുന്നു. പിന്നീടവര്‍ക്ക് എന്തു സംഭവിച്ചു എന്നറിയില്ല. അവര്‍ മാംസാഹാരികളായിട്ട് തിരിച്ചു പോയിട്ടുണ്ടാവുമോ? ഇവര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പോലും ഇല്ല.
ടിവിയില്‍ കളി നിറഞ്ഞതോടു കൂടി, കളി സദാസമയവും കാണികള്‍ക്ക് ലഭ്യമാണ്. ടെലിവിഷന്‍ സ്‌ക്രീന്‍ തന്നെ മൈതാനമായി മാറിയിരിക്കുന്നു. ഇത് യാഥാര്‍ഥ്യബോധത്തിന് പരിക്കേല്‍പ്പിക്കുന്നുണ്ടാവുമോ? അങ്ങനെയുണ്ടാകുന്നുണ്ടെങ്കില്‍ അതിനുള്ള ഒരു പ്രതിവിധി നമ്മുടെ അടുത്തുള്ള കളികള്‍ കണ്ണു കൊണ്ട് കാണുവാന്‍ നേരിട്ട് ഹാജരാവുക എന്നതാണ്. ആളുകള്‍ എത്രകണ്ട് അതിന് തയ്യാറാവും എന്നറിയില്ല.
ഇതില്‍ ചരിത്രം അവിടവിടെ മേമ്പൊടിക്ക് വിതറുക മാത്രമേ ചെയ്യുന്നുള്ളൂ.. അതല്ല ഉദ്ദേശ്യം. അതേക്കാള്‍ കളികളിലെ മനുഷ്യരോടാണ് കൂടുതല്‍ താല്പര്യം.
ലോകകപ്പ് വേളകളില്‍ ''ഗാര്‍ഡിയന്‍''പോലുളള പത്രങ്ങളുടെ ഇന്റര്‍നെറ്റ് എഡിഷനുകളില്‍ ധാരാളം ബ്ലോഗ് എഴുത്തുകാര്‍ അണിനിരക്കും. ഒരു ബ്ലോഗെഴുത്തുകാരനെ പത്രാധിപര്‍ പരിചയപ്പെടുത്തിയത് ഓര്‍ക്കുന്നു. ഈ എഴുത്തുകാരന്‍ പുസ്തകമൊന്നും രചിച്ചിട്ടില്ല. ടി വി പരിപാടികള്‍ അവതരിപ്പിച്ചിട്ടുമില്ല. ഒരു ദിവസം ഇദ്ദേഹം ട്യൂബില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരാളുണ്ട് പത്രം വായിച്ച് പുഞ്ചിരിക്കുന്നു. നോക്കുമ്പോള്‍ താന്‍ എഴുതിയ ലേഖനമാണ്. പത്രാധിപര്‍ ആ പരിചയപ്പെടുത്തല്‍ ഇങ്ങനെ അവസാനിപ്പിക്കുന്നു. ''ഇദ്ദേഹത്തിന് ഇങ്ങനെയൊരു ചിരി കാണണമെങ്കില്‍ ഇനി നാലു കൊല്ലം കഴിയണം.'
ഇത് വളരെ നല്ലതായ അവതരണമാണെന്ന് തോന്നുന്നു.
2014ല്‍ ബ്രസീലില്‍ ലോക കപ്പ് നടക്കുന്നതിന് മുന്നോടിയായി ഈ ലേഖകന്റെതായി ''മാതൃഭൂമി വാരാന്തപ്പതിപ്പില്‍ '' 'ദൈവത്തിന്റെ കാല്' എന്ന ലേഖനം അച്ചടിച്ചു വന്നിരുന്നു. ഒരു വനിത അതിന് അഭിനന്ദനമറിയിച്ചു കൊണ്ട് സന്ദേശം അയക്കുകയുണ്ടായി. പക്ഷെ അത് ഈ ലേഖകന്‍ കാണുമ്പോഴേക്കും നാലു വര്‍ഷത്തിലധികം പിന്നിട്ടിരുന്നു. എന്തു ചെയ്യും? വ്യക്തിവിവരണക്കുറിപ്പില്‍ അവരുടെ ഫോണ്‍ നമ്പറുണ്ട്. തിരിച്ച് നന്ദി അറിയിച്ചു കൊണ്ട് സന്ദേശം കൈമാറിയെങ്കിലും ഫോണ്‍ വിളിക്കുകയുണ്ടായില്ല. അവര്‍ അത് കണ്ടിട്ടുണ്ടോ എന്നു തന്നെ സംശയം. ഇക്കാര്യം അവര്‍ എന്നോ മറന്നിട്ടുമുണ്ടാവും..
പക്ഷെ ലേഖകന്‍ മറന്നിട്ടില്ല. ഒരു നല്ല വാക്കിന്റെയൊ തീവണ്ടിമുറിയിലെ പുഞ്ചിരിയുടെയൊ മൂല്യം പഴകുന്തോറും ഏറുകയാണ് ചെയ്യുക! കളിയെക്കുറിച്ച് മനസ്സില്‍ പതിഞ്ഞിട്ടുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുമ്പോള്‍ ഗാര്‍ഡിയനിലെ ബ്ലോഗ് ലേഖകനും മറുകുറിപ്പെഴുതാന്‍ വൈകിപ്പോയ ഒരു സന്ദേശവും ഓര്‍മയിലുണ്ട്.
റേഡിയൊ കമന്ററി കേള്‍ക്കുമ്പോള്‍ നമ്മുടെ ഭാവനയും ചിറകുവിരുത്തും. ശബ്ദം അവര്‍ തരും. ചിത്രങ്ങള്‍ നമ്മള്‍ തന്നെ മനസ്സില്‍ വരക്കണം. അതേസമയം കളി ടിവിയില്‍ കാണുമ്പോള്‍ അനുഭവത്തിന് നല്ല തെളിച്ചമുണ്ടാവും. അതോടൊപ്പം കമന്റേറ്ററുടെ ഉചിതമായ വിവരണം കൂടിയുണ്ടെങ്കില്‍ കുറെയൊക്കെ കാഴ്ചക്കാര്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തേക്കും. അതേസമയം ഏതു കളിയെക്കുറിച്ചും പറഞ്ഞു കേള്‍ക്കുമ്പോള്‍ അതേക്കുറിച്ച് നമ്മള്‍ക്കുള്ള സങ്കല്‍പങ്ങള്‍ ഉത്തേജിതമാവുന്നു, ആ കളി ഏത് നാട്ടിലും ഏത് കാലത്തും നടന്നതാകട്ടെ. അങ്ങനെ വരുമ്പോള്‍ ചെറിയ കളിയും ചെറിയ കളിക്കാരും വലിയ കളിയും വലിയ കളിക്കാരും എന്ന വ്യത്യാസമില്ല. അവിടെ കളിയും കളിക്കാരും മാത്രമേയുള്ളൂ.
പിന്നെ പരിശീലകരും. കളിക്കാരുടേതിനേക്കാള്‍ ഫുട്‌ബോളിന് വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടതാണ് പല പരിശീലകരുടെയും ജീവിതം. ഊണിലും ഉറക്കത്തിലും ഫട്‌ബോള്‍ കൊണ്ടു നടക്കുന്നവരാണ് പലരും. 1986 ലെ ലോകകപ്പ് ഫൈനലിന് തലേന്ന് അര്‍ജന്റീന കോച്ച് കാര്‍ലോസ് ബിലാര്‍ഡോ ടീമിലെ ഡിഫന്‍ഡര്‍ ഒസ്‌കാര്‍ റുഗേറിയെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നു. പുലര്‍ച്ചെ നാലു മണിയായിരിക്കുന്നു. സെറ്റ് പീസുകളില്‍ റുഗേറി ആരെയാണ് മാര്‍ക്ക് ചെയ്യേണ്ടതെന്ന് ഓര്‍മിപ്പിക്കാനായിരുന്നു ഈ ശല്യപ്പെടുത്തല്‍. ഉറക്കച്ചടവില്‍ റുഗേറി മറുപടി നല്‍കി. ''റൂമനിഗ്ഗ''
''കാര്‍ലോസ്, അപ്പോള്‍ എന്താണ് സംഭവിച്ചത്?' റുഗേറി തിരിച്ചൊരു ചോദ്യം ചോദിക്കുന്നു.
''സെറ്റ് പീസുകളില്‍ നിന്ന് അവര്‍ രണ്ടു ഗോളുകള്‍ അടിച്ചിരിക്കുന്നു..'
ContentHighlights: Football Article By CP Vijayakrishnan History of Soccer Soliloquies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..