ഏണസ്റ്റ് ഷാക്കിൾടണും അദ്ദേഹത്തിന്റെ കപ്പലും | Photo: Getty Images
ദീര്‍ഘനേരം തളരാതെ നില്‍ക്കാന്‍ കഴിയുന്ന ആ ശക്തിയെയാണല്ലോ ഇംഗ്ലീഷില്‍ എന്‍ഡ്വറന്‍സ് അഥവാ സഹനശക്തി എന്നു പറയുക. ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് അത് നന്നായി വേണം. മിററ്റ്‌സ് യിഫ്റ്റര്‍ (എത്യോപ്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍) 10,000 മീറ്റര്‍ ഓട്ടത്തിനൊടുവില്‍ ഏതാണ്ട് സ്പ്രിന്റിലെന്ന പോലെ കുതിക്കുന്നതു കാണാം. (1980-ലെ മോസ്‌കോ ഒളിംപിക്‌സില്‍ 5000, 10,000 മീറ്ററില്‍ സ്വര്‍ണം). പശ്ചാത്തലത്തില്‍ കുതിരക്കുളമ്പടി കേള്‍ക്കുന്നുവെന്ന് തോന്നും.
പട്ടിണി കിടന്നിട്ടെന്ന പോലെ മെലിഞ്ഞ ശരീരമുള്ള എന്‍ഡ്വറന്‍സ് ഓട്ടക്കാരാണവര്‍. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന മട്ടില്‍ ഫുട്‌ബോള്‍ കളിച്ചിരുന്ന കാലത്ത് കളിക്കാര്‍ക്ക് എന്‍ഡ്വറന്‍സ് അവശ്യഗുണമായിരുന്നു. 1922 ജൂണ്‍ 22-ന് ജര്‍മനിയില്‍ ന്യൂറന്‍ബര്‍ഗും ഹാംബര്‍ഗും തമ്മില്‍ ഇരുട്ടും വരെ മുന്നു മണിക്കൂര്‍ 10 മിനുട്ട് കളിച്ചു. എന്നിട്ടും ഫലമുണ്ടായില്ല.

എന്നാല്‍ ഈ പറയുന്ന 'എന്‍ഡ്വറന്‍സ്' ഒരു പായ്ക്കപ്പലാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ഇംഗ്ലീഷുകാരനായ ഏണസ്റ്റ് ഷാക്കിള്‍ടന്റെ നേതൃത്വത്തില്‍ ധ്രുവപര്യവേഷണത്തിന് ഒരു സംഘം പുറപ്പെട്ടുപോയ കപ്പല്‍. ഫുട്‌ബോളുമായുള്ള ഈ യാനത്തിന്റെ ബന്ധം, അതിലെ നാവികര്‍ മഞ്ഞുറഞ്ഞ വെഡ്ഡല്‍ എന്ന പേരുള്ള കടലിലെ മഞ്ഞുപാളിയെ, വിരസതയകറ്റാന്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് ആക്കി മാറ്റി എന്നതാണ്. പോര്‍ടും (കപ്പലിന്റെ ഇടതുവശം) സ്റ്റാര്‍ ബോര്‍ഡുമായി (വലതുവശം) അവര്‍ ടീം തിരിച്ച് മല്‍സരിച്ചു. മഞ്ഞ് ഏതാണ്ടൊക്കെ തട്ടി നിരപ്പാക്കി പന്തുരുളാന്‍ പാകത്തിലാക്കി. തുഴകള്‍ ഗോള്‍ പോസ്റ്റുകളാക്കി. ലോകവുമായി യാതൊരു ബന്ധവുമില്ല. മഞ്ഞിന്റെ ധവള വിശാലതയില്‍ കാണികളായിട്ട് അഡെലീ പെന്‍ഗ്വിനുകളും വെഡ്ഡല്‍ സീലുകളും മാത്രം. തൊട്ടു കാല്‍ക്കീഴില്‍ കടലാണ്. അതില്‍ ആപത്തുണ്ട്. കൊലയാളി തിമിംഗിലങ്ങള്‍ (കില്ലല്‍ വെയ്ല്‍) ശ്വസിക്കാന്‍ ചിലപ്പോള്‍ മഞ്ഞു പാളി ഭേദിച്ചെന്നു വരും. മൂന്നടി കനമുള്ള പാളിയെ കടലാസ് പോലെ കീറിയെന്നിരിക്കും. അതിന്റെ അടുത്തെങ്ങാനുമാണെങ്കില്‍ പെടും. മൂന്നടി കട്ടിയുള്ള ടണ്‍ കണക്കിന് ഭാരം വരുന്ന മഞ്ഞുപാളിയെ ഒരു തിമിംഗിലം 25 അടി വ്യാസത്തില്‍ കൂടാരം പോലെ പൊക്കി. ഇതിന് ചുറ്റും 20 അടിയോളം അകലത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു.
മറ്റൊരപകടം മഞ്ഞു പാളി അടര്‍ന്നു പോകുന്നതാണ്. കട്ടി കുറഞ്ഞ ഭാഗത്ത് പൊളിഞ്ഞ് കുഴിയായാല്‍ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറോ ഫ്രോണ്ടല്‍ സ്വീപ്പറോ സെന്റര്‍ ഹാഫോ ഫാള്‍സ് നൈനോ ഗോളി തന്നെയോ, നോക്കി നില്‍ക്കെ കടലില്‍ പോയെന്നിരിക്കും. കപ്പലിന്റെ ക്യാപ്റ്റന്‍ ന്യൂസീലന്‍ഡുകാരനായ ഫ്രാങ്ക് വൂഴ്‌സിലി അങ്ങനെ വെള്ളത്തില്‍ വീണതായിരുന്നു.

റോബര്‍ട് പെറി ഉത്തരധ്രുവത്തിലും റോള്‍ഡ് അമുണ്ട്‌സെന്‍ ദക്ഷിണ ധ്രുവത്തിലും നേരത്തെ എത്തിയതിനാല്‍ അവിടെ ആദ്യം എത്താനുള്ള ഷാക്കിള്‍ടന്റെ ആഗ്രഹം വിഫലമായിരുന്നു. അതിനാല്‍ ദക്ഷിണ ധ്രുവത്തിന് കുറുകെ സഞ്ചരിച്ച് പര്യവേഷണത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ല് സ്ഥാപിക്കാം എന്ന പ്രതീക്ഷയിലാണ് ഷാക്കിള്‍ടണും സംഘവും 1914 ഡിസംബറില്‍ അര്‍ജന്റീനയില്‍ നിന്ന് യാത്ര തുടങ്ങിയത്. 1915 ജനുവരിയില്‍ എന്‍ഡവര്‍ മുന്നോട്ട് പോകുവാന്‍ കഴിയാതെ മഞ്ഞുകട്ടകളാല്‍ വലയം ചെയ്യപ്പെട്ട് മനുഷ്യബന്ധമില്ലാതെ വെഡ്ഡല്‍ കടലില്‍ കുടുങ്ങിപ്പോകുകയാണ് ഉണ്ടായത്. മഞ്ഞ് ഉരുകും എന്ന പ്രതീക്ഷയില്‍ സംഘം മാസങ്ങള്‍ തള്ളിനീക്കുന്നു. അതിനിടെ വ്യായാമത്തിനും മനോവീര്യം നിലനിര്‍ത്താനുമായി ഫുട്‌ബോള്‍ കളിയിലും ഏര്‍പ്പെടുന്നു. ഹോക്കിയും കളിക്കുന്നുണ്ട്. ശാസ്ത്രജ്ഞരും നാവികരും ഉള്‍പ്പെടെ കപ്പില്‍ മുപ്പതോളം പേരുണ്ട്. ഒക്ടോബറായതോടെ മരം കൊണ്ട് പണിത എന്‍ഡ്വറന്‍സ് മഞ്ഞിന്റെ സമ്മര്‍ദ്ദത്താല്‍ തകര്‍ന്നു തുടങ്ങിയിരുന്നു.
കപ്പലുപേക്ഷിച്ച് ലൈഫ് ബോട്ടുകളില്‍ മഞ്ഞുപാളികള്‍ക്ക് ഇടയിലൂടെ രക്ഷപ്പെടുക എന്നതായിരുന്നു ഒരു പോംവഴി. അവശരായിപ്പോയ സംഘാംഗങ്ങളെ വഴിയില്‍ ആള്‍പാര്‍പ്പില്ലാത്ത എലിഫന്റ് ദീപില്‍ കൂടാരങ്ങളില്‍ കഴിയാന്‍ വിട്ട് ഷാക്കിള്‍ടണും മറ്റ് നാലുപേരും ലൈഫ്‌ബോട്ടില്‍ സൗത്ത് ജോര്‍ജിയ ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. 1916 ഏപ്രില്‍ മാസമായിരുന്നു അത്. അവിടെ നിന്ന് ഷാക്കിള്‍ടണും വൂഴ്സ്ലിയും മറ്റൊരാളും ചേര്‍ന്ന് നടന്ന് നോര്‍വെയുടെ വകയായുള്ള തിമിംഗല വേട്ടക്കുള്ള ഒരു ചെറിയ താവളത്തില്‍ എത്തിപ്പെടുന്നു. താവളത്തിലെ മാനേജര്‍ തൊറാള്‍ഫ് സോര്‍ലെ കോലം കെട്ട സംഘത്തെക്കണ്ട് ഞെട്ടലോടെ ചോദിച്ചു.
'വെല്‍! ഹൂ ദ ഹെല്‍ ആര്‍ യു?'
''എന്നെ അറിയില്ലെ? എന്റെ പേര് ഷാക്കിള്‍ടണ്‍..''
ചില വിവരണങ്ങളില്‍ സോര്‍ലെ മുഖം തിരിച്ച് കരഞ്ഞു എന്നാണ് കാണുന്നത്.
1916 ഓഗസ്‌റ്റോടെ ചിലി അയച്ച ഒരാവിക്കപ്പല്‍ കുടുങ്ങിപ്പോയ എല്ലാവരെയും രക്ഷപ്പെടുത്തുന്നുണ്ട്. ആരെങ്കിലും ജീവിച്ചിരിപ്പുണ്ടാകും എന്ന പ്രതീക്ഷ ഏതാണ്ട് വറ്റിയിരുന്നു. എന്‍ഡ്വറന്‍സിലെ ഫോട്ടോഗ്രാഫറായ ഫ്രാങ്ക് ഹര്‍ലി തകര്‍ച്ചക്കിടയിലും ചിത്രങ്ങളെടുക്കുകയുണ്ടായി. 1915 ജനവരിയിലെ ഫുട്‌ബോള്‍ കളിയുടെ ദൃശ്യവും ഇതില്‍ പെടും. സാധാരണ ഒരിക്കലും കാണാനിടയില്ലാത്ത പരിപൂര്‍ണമായും നഗ്നമായ ചിത്രമാണത്. കുഴഞ്ഞു കിടക്കുന്ന ചന്ദ്രോപരിതലം പോലുള്ള മഞ്ഞില്‍ ഏതാനും ഇരുണ്ട രൂപങ്ങള്‍ കളിക്കുന്നു. പന്ത് പ്രതീക്ഷിച്ചുകൊണ്ട് മുന്നോട്ടാഞ്ഞു നില്‍ക്കുന്ന ഗോളിയെ, റഗ്ബിയിലെന്നതു പോലെ വളരെ നീളമുള്ള പോസ്റ്റിനിടയില്‍ കാണാം. കളിക്കാരെ, ഒരു ഓട്ടത്തിന്റെ കൈകള്‍ വിരുത്തിയുള്ള ചലന ഭംഗിയില്‍ ചിത്രത്തില്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നു. പന്ത് തടുക്കാനും അടിക്കാനും ഒരുങ്ങുന്ന ഒരു മൂഹൂര്‍ത്തത്തിലാണെല്ലാവരും. അല്‍പമകലെ എന്‍ഡ്വറന്‍സ് ഒരു മൂക സാക്ഷിയായി നിലകൊള്ളുന്നു...
Content Highlights: ernest shackleton antarctic expedition in endurance ship and the football matches in snow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..