Photo: Getty Images
ചെപ്പിനുള്ളില്‍ പന്തിനെ ഒളിപ്പിക്കുകയും കാണാതാക്കുകയും വീണ്ടും എടുത്തുകാണിക്കുകയും ചെയ്യുക മാന്ത്രിക വിദ്യയിലെ ഒരിനമാണ്. പന്ത് കാണാതാവും, വീണ്ടും വരും. വെന്‍ട്രിലോക്വിസ്റ്റിനെപ്പോലെ പന്തിനെക്കൊണ്ട് സംസാരിപ്പിക്കാനും പറഞ്ഞതെന്തും ചെയ്യിപ്പിക്കാനുമാവും ചിലര്‍ക്ക്, അഥവാ മാറഡോണയ്ക്ക്.
കളിയുടെ ഇടവേളകളില്‍ കാണികളെ രസിപ്പിക്കാന്‍ പന്തഭ്യാസം കാണിക്കുന്നവര്‍ ഒരു പുതുമയല്ല. ഈ കുട്ടികളില്‍ പലരും പ്യൂപ്പ ദശ പിന്നിട്ട് ചിത്രശലഭങ്ങളാകാറില്ല. നിയന്ത്രിതമായ അന്തരീക്ഷത്തില്‍ പന്തിനെ വരുതിയിലാക്കുന്നതും കളിക്കളത്തിലെ ചുടിലും പൊടിയിലും, തികച്ചും അനിയന്ത്രിതമായ ചുറ്റുപാടില്‍, അതിനെ മെരുക്കുന്നതും തമ്മിലുള്ള വ്യത്യാസം എത്രയെന്ന് പറയേണ്ടതില്ല. രണ്ടും അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തില്‍ ചെയ്ത ഒരാള്‍ മാറഡോണ മാത്രമാവും.
അര്‍ജന്റീനോസ് ജൂനിയേഴ്‌സിന്റെ കളികളിലെ ഇടവേളകളില്‍ കുട്ടിയായ മാറഡോണയുടെ പന്തഭ്യാസം ഉണ്ടാവും. ഒരു ദിവസം ക്ലബ്ബ് നടത്തിപ്പുകാരില്‍ ഒരാള്‍ പറഞ്ഞു, ''ഇവനിവിടെ നില്‍ക്കട്ടെ.''
പന്ത് ഇത്രയും അങ്ങോട്ട് സ്‌നേഹിച്ച മറ്റൊരാള്‍ ഉണ്ടായിട്ടില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. കളിക്കൂട്ടുകാര്‍ മാറഡോണ ആരായിരുന്നുവെന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍ പറഞ്ഞത് പന്തും മാറഡോണയും തമ്മിലുള്ള ഈ ചങ്ങാത്തത്തെക്കുറിച്ചായിരുന്നു. പന്തിനെ കളിപ്പിക്കുന്ന മാറഡോണയുടെ ഏത് ദൃശ്യവും നമ്മളെ അമ്പരപ്പിക്കും. ഇറ്റലിയില്‍ ഒരു കളിക്ക് മുമ്പ് ഒരുങ്ങുന്ന ആ ദൃശ്യം, സംഗീതം പിന്നീട് ചേര്‍ത്തതായിരിക്കാമെങ്കിലും, അതൊരു നൃത്തമല്ല എന്ന് നമുക്ക് തോന്നില്ല.
ബെര്‍ലിനില്‍ ഒരു കളിക്ക് അര്‍ജന്റീന ടീം കൂടിയിരിക്കയാണ്. കാര്‍ലോസ് ബിലാര്‍ഡോവാണ് പരിശീലകന്‍. കാലില്‍ പന്തുമായി ജീവിച്ചുകൊള്ളണം എന്നായിരുന്നു കളിക്കാര്‍ക്കുള്ള നിര്‍ദ്ദേശം. രാവിലെ, ഉച്ചക്ക്, രാത്രി.. എപ്പോഴും പന്തിനോടൊപ്പം. എല്ലാ ദിവസവും ഇതാവര്‍ത്തിക്കും. ഉച്ചഭക്ഷണ സമയത്ത് മാറഡോണ പന്തുമായി മുറിയില്‍ നിന്ന് പുറപ്പെടും. അതിനെ മെരുക്കിയിരിക്കും. ലിഫ്റ്റില്‍ അതിനെ കളിപ്പിക്കും. അവിടെ നിന്ന് തീന്‍മുറിയിലേക്ക്, ഒപ്പം പന്തുണ്ട്. കസേരയില്‍ ഇരുന്ന് റൊട്ടി തിന്നുമ്പോഴും പന്ത് വായുവില്‍ ഉയര്‍ന്ന് താഴുന്നുണ്ട്. അപ്പോള്‍ ബിലാര്‍ഡോ പ്രവേശിക്കുന്നു. ചിരി വിടരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''കണ്ടില്ലേ? ഇതു കൊണ്ടാണ് അയാള്‍ മാറഡോണയാവുന്നത്.'' അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനായ ജോര്‍ഗ് വള്‍ഡാനോ, താന്‍ എത്രയോ തവണ ഈ വിശേഷം പങ്കുവെച്ചിട്ടുള്ളതായി രേഖപ്പെടുത്തുന്നു. മാറഡോണ മരിച്ചപ്പോഴും വള്‍ഡാനോ ഇത് പറഞ്ഞു.
പരിശീലന വേളയില്‍ പലതരം അഭ്യാസങ്ങളും ഇതു പോലെ കാണാം. അതു തന്നെ ഒരു കാഴ്ചയാണെന്ന് വള്‍ഡാനോ. പന്ത് ആകാശത്തേക്ക് ഉയര്‍ത്തിയടിക്കുകയാണ് ഒരു വിദ്യ. പന്ത് ഉയര്‍ന്നുപൊങ്ങുന്ന ആ ഇടവേളയില്‍, അക്കാര്യം തന്റെ ശ്രദ്ധയിലില്ല എന്ന പോലെ മാറഡോണ വ്യായാമം തുടരുന്നു. പന്ത് താഴേക്ക് വരുമ്പോള്‍ അദ്ഭുതപ്പെട്ടിട്ടെന്ന പോലെ ങ്‌ഹേ..! ഇതാര്..! എന്ന മട്ടില്‍ വീണ്ടും അതിനെ ആകാശത്തേക്ക് പറഞ്ഞയക്കുകയായി. വീണ്ടും പഴയ പരിപാടി, വ്യായാമം, അവഗണന. പക്ഷെ പന്തിനെ വീണ്ടും സന്ധിക്കാനുള്ള സ്ഥലവും സമയവും പിഴക്കില്ല. അതിന്റെ ടേക്കോഫും ലാന്‍ഡിങ്ങും കിറുകൃത്യം. ഇതേ സംഗതി ഇംഗ്ലണ്ട് താരം ഗാരി ലിനേക്കര്‍, മാറഡോണ മരിച്ചപ്പോള്‍ ടിവി പ്രേക്ഷകരുമായി പങ്കുവെക്കുകയുണ്ടായി.
ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിന്റെ ശതാബ്ദി പ്രമാണിച്ച് 1987 ഓഗസ്റ്റ് ഏഴിന് വെംബ്ലിയില്‍ ഒരു ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. ഒരു ഭാഗത്ത് റെസ്റ്റ് ഓഫ് ദ വേള്‍ഡ്. മറുഭാഗത്ത് ഇംഗ്ലീഷ് ലീഗ് ഇലവന്‍. വേള്‍ഡ് ഇലവനില്‍ മാറഡോണയുണ്ട്. പ്ലാറ്റീനിയുണ്ട്. അന്ന് ബാഴ്‌സലോണയിലായിരുന്ന ലിനേക്കര്‍ വേള്‍ഡ് ഇലവനിലാണ്. ശ്രദ്ധാകേന്ദ്രം മാറഡോണ തന്നെ.
ഡ്രസ്സിങ് റൂമില്‍ ഷോര്‍ട്ട്‌സ് ഇട്ടിരിക്കുന്ന മാറഡോണ, ഒരു സോക്‌സ് ചുരുട്ടുന്നു. അതാണ് ഇപ്പോള്‍ പന്ത്. അതിനെ പാദം കൊണ്ട് കളിപ്പിക്കുകയായി. പിന്നീട് ഗ്രൗണ്ടിലേക്ക്്, ആകാശ വിദ്യ അവിടെയും. പന്ത് അങ്ങനെ 13 പ്രാവശ്യം വാണം പോലെ ആകാശത്തേക്ക് പോകുകയും വരികയും ചെയ്തുവെന്ന് ലിനേക്കര്‍. തിരിച്ചുവരുന്ന പന്തിനെ വീണ്ടും പറഞ്ഞയക്കാന്‍ മാറഡോണ വെച്ചത് രണ്ടോ മൂന്നോ ചുവടുകള്‍ മാത്രം. തിരിച്ച് ബാഴ്‌സയില്‍ ചെന്ന് ലിനേക്കറും കൂട്ടരും ഇത് പരീക്ഷിച്ചു. പന്തിന്റെ പൊങ്ങലും ഇറങ്ങലും ശരിയായത് മൂന്ന് തവണ മാത്രം. മൂന്നാമത്തെ തവണ പന്ത് ശേഖരിക്കാന്‍ ഓടേണ്ടി വന്നു. 1986-ലെ ലോകകപ്പില്‍ ഇരുവരും എതിര്‍ ടീമുകളിലായിരുന്നുവല്ലോ. എതിരാളി ഒരു ഗോളടിച്ചതു കണ്ട് കയ്യടിക്കാന്‍ ഒരേയൊരു തവണ തോന്നിയത് മാറഡോണ തന്റെ പ്രശസ്തമായ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ മാത്രമാണെന്നും ഇംഗ്ലണ്ട് താരം പറഞ്ഞു. നമുക്ക് കൈ കൊണ്ട് പന്തിനെ എന്തൊക്കെ ചെയ്യിക്കാനാവുമോ അതൊക്കെ തന്റെ ഇടതു പാദം കൊണ്ട് മാറഡോണയക്ക് ചെയ്യാനാവുമെന്ന് ലിനേക്കര്‍.
സ്പാനിഷ് പത്രമായ ''എല്‍ പേയ്‌സി''ല്‍ 2020 നവംബറില്‍ വള്‍ഡാനോ ഹൃദയസ്പര്‍ശിയായ ഒരു ചരമക്കുറിപ്പ് എഴുതുകയുണ്ടായി. ഡീഗോയും മാറഡോണയും അങ്ങനെ രണ്ട് വ്യക്തിത്വങ്ങള്‍ ആ ജീവിതത്തിലുണ്ടായിരുന്നു എന്ന് 'അഡിയോസ് ടു ഡീഗോ, അഡിയോസ് ടു മാറഡോണ'' എന്ന തലക്കെട്ടില്‍ തന്നെ അദ്ദേഹം പറയുന്നു. 'ജീനിയസിനെ ആശ്ലേഷിക്കുക. മനുഷ്യനെ കുറ്റവിമുക്തനാക്കുക' (എംബ്രേസ് ദി ജീനിയസ് ആന്‍ഡ് അബ്‌സോള്‍വ് ദ മാന്‍). തന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതു കണ്ട ഒരു ജീവിതത്തില്‍ ജീവിത വിരുദ്ധമായി എന്തോ ഉണ്ട്. തന്റെ വിധിയുടെ സ്‌നേഹലാളനകളെല്ലാം മറ്റാരും ചെയ്യാത്തതു പോലെ അയാള്‍ ഏറ്റുവാങ്ങി. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയിലുള്ള അവസ്ഥയില്‍ നിന്ന് ഇതിഹാസ കഥാപാത്രത്തിലേക്കുള്ള വിനാശകരമായ പാതയാണ് അയാളെ രണ്ടായി പകുത്തത്'.
Content Highlights: diego maradona and his football skills
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..