Photo: Getty Images
ഒട്ടുമിക്കയാളുകള്‍ക്കും ഡീഗോയും മാറഡോണയും രണ്ടു വ്യക്തിത്വങ്ങളാണ്. അദ്ദേഹത്തിന്റെ സ്വന്തം വ്യായാമ പരിശീലകനായിരുന്ന ഫെര്‍ണാണ്ടോ സിഞ്ഞോറിനി ഇങ്ങനെ പറയുന്നു. ''ഡീഗോയ്‌ക്കൊപ്പം ലോകത്തിന്റെ അറ്റം വരെ പോകാം. മാറഡോണയ്‌ക്കൊപ്പം ഒരു ചുവടു വെക്കാന്‍ പറ്റില്ല.''
അതിന് മാറഡോണയ്ക്ക് മറുപടിയുണ്ട്. ''മാറഡോണയില്ലെങ്കില്‍ വില്ല ഫിയോറിറ്റോവില്‍ തന്നെ കഴിയേണ്ടി വരുമായിരുന്നു.'' അതായത് ഡീഗോ, ബ്യൂണസ് ഐറിസിലെ ദരിദ്രമായ ചുറ്റുപാടില്‍ തന്നെ കഴിഞ്ഞേനെ..
സിഞ്ഞോറിനി മാറഡോണയെ ഓടിക്കുന്നതും വ്യായാമം ചെയ്യിപ്പിക്കുന്നതും ആസിഫ് കപ്പാഡിയയുടെ ''ഡീഗോ മാറഡോണ'' എന്ന സിനിമയില്‍ കാണുമ്പോള്‍ അവര്‍ തമ്മില്‍ ഹൃദയം കൊണ്ടുള്ള അടുപ്പം വ്യക്തമാവും. ഒരു ഘട്ടത്തില്‍ ഇറ്റലിയിലെ വാസത്തിനിടയില്‍ മാറഡോണ കൊക്കെയിനിന്റെ ഭ്രാന്തിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടര്‍ന്ന് കളിക്കളത്തിലിറങ്ങാന്‍ ശരീരത്തിനെ പ്രാപ്തമാക്കണമെങ്കില്‍ ട്രെഡ് മില്ലിലൂടെ പറക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷുകാരന്‍ കപ്പാഡിയയുടെ സിനിമ പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയില്‍ 2019-ല്‍ പ്രദര്‍ശിപ്പിച്ചിരുന്നതാണ്. ഇതിന് പുറമെ വേറേയും ഡോക്യുമെന്ററികള്‍ മാറഡോണയുടെ കളിയും ജീവിതവും ചിത്രീകരിച്ചവയായി ഉണ്ട്്. മാറഡോണ ഇന്‍ മെക്‌സിക്കോ (ആങ്കസ് മെക്വീന്‍), മാറഡോണ നാപ്പോളി (അലെസിയൊ മരിയ ഫ്രഡിറീച്ചി), ലവിങ് മാറഡോണ (ഹാവിയര്‍ വാസ്‌ക്വെസ്), മാറഡോണ(എമില്‍ കസ്റ്റൂറിച്ച) തുടങ്ങിയവയാണിവ. ഇനിയും ഉണ്ടാവാം.
കപ്പാഡിയയുടെ സിനിമയില്‍, വളരെക്കാലം മുമ്പെ സംഭവസമയത്തു തന്നെ ചിത്രീകരിച്ച രംഗങ്ങള്‍ (ഒറിജിനല്‍ ഫൂട്ടേജ് ) ധാരാളമുണ്ട്. മാറഡോണയുടെ, ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി കാമുകി ക്രിസ്റ്റാനാ സിനാഗ്ര ആശുപത്രിയിലെ കട്ടിലില്‍ കിടക്കുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ അവരുടെ മുഖത്തിന് നേരെ മൈക്ക് നീട്ടി അഭിമുഖം നടത്തുന്നു! അതുള്‍പ്പെടെ. നേപ്പിള്‍സിലേക്കുള്ള ആദ്യ വരവ്്, നാപ്പോളി ചാമ്പ്യനായപ്പോള്‍ ഡ്രസ്സിങ് റൂമിലെ പാട്ടും കുടിയും, അര്‍ജന്റീന ലോക ചാമ്പ്യന്‍മാരായപ്പോഴുള്ള ഡ്രസ്സിങ് റൂമിലെ ആഹ്ലാദ രംഗങ്ങള്‍...
എങ്ങനെ ഇത് സാധിച്ചു? ചെറുപ്പം തൊട്ടേ മാറഡോണയുടെ സുഹൃത്തും പിന്നീട് മാനേജരുമായ ജോര്‍ഗ് സീറ്റര്‍സ്പീലറാണ് ഇതിന് കാരണക്കാരന്‍. 1981 മുതല്‍ മാറഡോണ ഉള്‍പ്പെടുന്ന രംഗങ്ങള്‍ വീഡിയോയിലെടുക്കാന്‍ സീറ്റര്‍സ്പീലര്‍ ഏര്‍പ്പാടു ചെയ്തിരുന്നു. (ഇദ്ദേഹവുമായുള്ള ബന്ധം പിന്നീട് അവസാനിച്ചു). അനേകം മണിക്കൂറുകളാണ് ചിത്രീകരിക്കപ്പെട്ടത്. ഇവ കാലം കഴിഞ്ഞ് മാറഡോണയുടെ ഭാര്യ ക്ലോഡിയ വില്ലഫാനിയുടെ ട്രങ്ക് പെട്ടിയില്‍ നിന്ന് കണ്ടെടുത്തു. എല്ലാ രംഗങ്ങളും സീറ്റര്‍സ്പീലറുടെ വകയാണ് എന്നല്ല.
ഡീഗോ എങ്ങനെ മാറഡോണയായി പരകായപ്രവേശം നടത്തി, ഫുട്‌ബോള്‍ കളിച്ചു എന്നാലോചിക്കുമ്പോള്‍ അല്‍ഭുതം തോന്നും. കാരണം അത്രയധികമാണ് പുറത്തുനിന്നുള്ള സമ്മര്‍ദ്ദം. ഗ്രൗണ്ടിലായിരിക്കെ എല്ലാ പ്രശ്‌നങ്ങളും പോയ്മറയുന്നുവെന്ന് ഡീഗോ പറയുന്നുണ്ട്്. അങ്ങനെയായിരിക്കാം തല്‍ക്കാലത്തേക്കെങ്കിലും അദ്ദേഹം ഭൂമിയുടെ പരിധി വിട്ട് ഉയര്‍ന്നിട്ടുണ്ടാവുക.
ബാഴ്‌സലോണയിലെ രണ്ടു സീസണിലെ അസുഖകരമായ വാസത്തിനു ശേഷം 1984 ജൂലായ് 5-നാണ് ഇറ്റലിയിലെ ദരിദ്ര നഗരമായ നേപ്പിള്‍സില്‍ മാറഡോണ ചെന്നിറങ്ങുന്നത്. ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ മാറഡോണയ്ക്ക് ദുഷിപ്പിക്കുന്ന ഒരു ചോദ്യം നേരിടേണ്ടിവന്നു. പില്‍ക്കാല ജീവിതത്തിന്റെ ഒരു നോട്ടം അതിലുണ്ട്: ''ഇവിടെ കമോറ എല്ലായിടത്തുമുണ്ട്, അറിയാമോ?''
മറുപടി ക്ലബ് പ്രസിഡന്റ് കൊറാഡോ ഫെര്‍ലായ്‌നോവാണ് പറഞ്ഞത്. ഇത്തരം ചോദ്യങ്ങള്‍ ശരിയല്ലെന്നു പറഞ്ഞ ഫെര്‍ലായ്‌നൊ ക്ഷുഭിതനായി ചോദ്യം ചോദിച്ച ആളെ പുറത്താക്കി.
സിസിലിയിലെ മാഫിയ പോലെ, കുറ്റവാളി സംഘമാണ് നേപ്പിള്‍സിലെ കമോറയും. നേപ്പിള്‍സിലെ മാഫിയ തന്നെ.. അതിന്റെ നായകന്‍മാരിലൊരാളായ കാര്‍മിനെ ജൂലിയാനോവുമായി മാറഡോണ അടുത്ത ബന്ധം സ്ഥാപിക്കുന്നുണ്ട്. ജൂലിയാനോ കുടുംബത്തിലെ നിത്യസന്ദര്‍ശകനുമാവുന്നു. ഡ്രഗ്‌സ്, വ്യഭിചാരം എന്നിവയെല്ലാം എടുത്തുപയോഗിക്കുന്നു ഇക്കാലത്ത്. അതിനിടെ നാപ്പോളിയെ രണ്ടു തവണ ലീഗ് ചാമ്പ്യന്‍മാരാക്കുകയും ഒരു തവണ യുവേഫ ചാമ്പ്യന്‍മാരാക്കുകയും വിശുദ്ധനാക്കപ്പെടുകയും ചെയ്യുന്നുമുണ്ട്. ഒരു പക്ഷെ കമോറയെ ജീവിതത്തിന്റെ പടിവാതില്‍ക്കലില്‍ ചെറുത്തുനില്‍ക്കാന്‍ മാറഡോണയ്ക്ക് ആയില്ല എന്നത് സത്യമാണ്.
ആഡംബര ജീവിതത്തിന്റെയും സദിരുകളുടെയും നിലയില്ലാക്കയങ്ങള്‍ ആളുകളെ ക്രമേണ വെറുപ്പിച്ചിട്ടുമുണ്ട്. തന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാഞ്ഞതും എതിരായി. 1990-ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പോടെയാണ് വിശുദ്ധന്‍ ചെകുത്താനായി മാറുന്നത്. സെമിയില്‍ ആതിഥേയരായ ഇറ്റലിയാണ് അര്‍ജന്റീനയുടെ എതിരാളി. കളിയാകട്ടെ നേപ്പിള്‍സിലെ സാന്‍ പോളോ സ്റ്റേഡിയത്തിലും. മാറഡോണ നേപ്പിള്‍സ് നിവാസികളെ തനിക്ക് അനുകൂലമാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. അവര്‍ ആരെ തുണക്കും? സ്വാഭാവികമായും സ്വന്തം രാജ്യത്തിനു പിന്നില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു. ടൈ ബ്രെയ്ക്കറില്‍ അര്‍ജന്റീന ജയിക്കുന്നു. ആ രംഗം പോലും തീവ്രമായ നാടകീയതോടെയാണ് രചിക്കപ്പെട്ടത്. സ്‌കോര്‍ 3-3. ഡോണഡോണിയുടെ അടി അര്‍ജന്റീന ഗോളി ഒലാര്‍ടിക്കോച്ചിയ തടുത്തു. മാറഡോണയുടെ അടി കൃത്യം. ആള്‍ഡോ സെരീനയെടുത്ത അവസാനത്തെ കിക്ക് ഒലാര്‍ടിക്കോച്ചിയ കൃത്യമായി ഗണിച്ചെടുത്തു. അര്‍ജന്റീന ഫൈനലില്‍.
ഫൈനലില്‍ അര്‍ജന്റീനയുടെ ദേശീയ ഗാനം വിസിലടിയിലും കൂക്കു വിളിയിലും മുങ്ങിപ്പോകുന്നുണ്ട്. അര്‍ജന്റീനയോട് എന്നതിനെക്കാള്‍ മാറഡോണയോടായിരുന്നു അവരുടെ വെറുപ്പ്. വരിയുടെ അറ്റത്ത് ക്യാപ്റ്റന്റെ കൈപ്പട്ട് ധരിച്ച് നില്‍ക്കുന്ന മാറഡോണ, ചുറ്റുമൊന്ന് കണ്ണോടിച്ചു. അന്തരീക്ഷം മോശമാണ്. തുടര്‍ന്ന് പ്രാകുന്നു. ''നായിന്റെ മക്കള്‍..!'
ഫൈനലിലെ തോല്‍വിക്കു ശേഷം പിന്നീട് എല്ലാം വേഗത്തില്‍ നടന്നു. വ്യഭിചാരത്തിന് ആളെ തേടിയതിനും കൊക്കെയ്ന്‍ കയ്യില്‍ വെച്ചതിന്റെയും പേരില്‍ മാറഡോണ പിടിയിലാവുന്നു. കുറ്റം സമ്മതിച്ചതിനാല്‍ ഒരു വര്‍ഷവും രണ്ടു മാസവും കാലത്തേക്ക് നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ടു. 10 ലക്ഷം ലിറ പിഴയും.
ബാരിക്കെതിരെ ഒരു കളിക്കു ശേഷം ഉത്തേജക പരിശോധനയില്‍ മൂത്രത്തില്‍ കൊക്കെയ്‌ന്റെ അംശങ്ങള്‍ കണ്ടതോടെ മാറഡോണയുടെ നേപ്പിള്‍സ് വാസം അവസാനിക്കുകയായി. ഒരു കൊല്ലത്തേക്കായിരുന്നു വിലക്ക്. വിധിവന്നതും പിറ്റേന്നു തന്നെ മാറഡോണയും കുടുംബവും നാട്ടിലേക്ക് തിരിച്ചു.
ബ്യൂണസ് ഐറിസില്‍ വെച്ചും മാറഡോണ കൊക്കെയ്‌ന്റെ പേരില്‍ പിടിക്കപ്പെടുന്നു. തുടര്‍ന്ന് ചികിത്സകള്‍, സൈക്കയാട്രി വാര്‍ഡ്.. ക്ഷൗരം ചെയ്ത് മിനുസപ്പെടുത്തിയ മുഖത്തുകൂടെ, ടി വി ക്ക് മുന്നില്‍ അഭിമുഖത്തിനിരിക്കെ ഒഴുകുന്ന കണ്ണീര്‍ ചാലുകള്‍. 15-ാമത്തെ വയസ്സോടെ മാറഡോണയ്ക്ക് ജീവിതം ഇല്ലാതായിക്കഴിഞ്ഞിരുന്നുവെന്ന് ചേച്ചി മരിയ പറയും.
എങ്കില്‍ പിന്നെ എങ്ങനെയാണ് ഇതുപോലെ ഫുട്‌ബോള്‍ കളിച്ചത്? ഒരു പക്ഷെ ജീവിതം ഈ വിധം പണയപ്പെടുത്തിയതു കൊണ്ടായിരിക്കുമോ കാലില്‍ പന്തുള്ള നിമിഷങ്ങളില്‍ നിന്നെയാര്‍ക്കും തടുക്കാന്‍ കഴിയാതിരിക്കട്ടെ എന്നൊരു വരം വാങ്ങിയെടുത്തത്?
Content Highlights: diego and maradona are two personalities for most people cp vijayakrishnan column
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..