1999 ജനുവരിയില്‍ മുംബൈ വാഖ്‌ഡെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് രാജ്‌സിങ് ദൂംഗാര്‍പുറിനെ കാണുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ബാലന്‍ ക്രിക്കറ്റ് ലോകം കീഴടക്കുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയ ക്രാന്തദര്‍ശിയായ മനുഷ്യന്‍! പതിനാറുകാരനായ സച്ചിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത ദേശീയ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ രാജ്‌സിങ് ആയിരുന്നു. ഇത്ര ചെറുപ്പത്തില്‍ സച്ചിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഒരു പ്രതിഭയുള്ള യുവതാരത്തെ അമിത സമര്‍ദ്ദത്തിലാക്കി നശിപ്പിച്ചു കളയലാവില്ലേ എന്ന സംശയം പ്രകടിപ്പിച്ച കമ്മിറ്റി അംഗങ്ങളോട് രാജ്‌സിങ് പറഞ്ഞത്, 'അങ്ങനെ സഭവിക്കില്ല അതിന് ഞാന്‍ ഗ്യാരണ്ടി' എന്നായിരുന്നു. 

സച്ചിന്റെ മെന്റര്‍ എന്നക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജ്‌സിങ്ങിനോട് ഒരു അഭിമുഖം ആവശ്യപ്പെട്ടപ്പോള്‍ ' ക്രിക്കറ്റിനെ കുറിച്ച് എന്തും ചോദിച്ചോളൂ, ക്രിക്കറ്റിനെ കുറിച്ച് മാത്രം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു.' സച്ചിന്‍ ഉന്ത്യന്‍ ടീമിലെത്തിയിട്ട് ഒരു ദശകമായി. സച്ചിനെ പോലൊരു ക്രിക്കറ്ററെ ഇനി കണ്ടെത്താനാവുമോ ?' എന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, 'സച്ചിനെ പോലെ സച്ചിനേ ഉണ്ടാവൂ. പക്ഷെ നിങ്ങള്‍ക്ക് അമ്പതു ശതമാനമെങ്കിലും സച്ചിനെ അനുസ്മരിപ്പിക്കുന്ന ഒരു ബാറ്റ്‌സ്മാനെ കാണണമെങ്കില്‍ ഒരാളുണ്ട്. ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കുന്ന വീരേന്ദര്‍ സെവാഗിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം അയാളുടെ ബാറ്റിങ് കണ്ടിരുന്നു. എവിടെയൊക്കയോ സെവാഗില്‍ ഒരു സച്ചിനുണ്ട്.' 

വീരേന്ദര്‍ സെവാഗിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നതും ശ്രദ്ധിച്ചു തുടങ്ങുന്നതും അങ്ങിനെയാണ്. രാജ്‌സിങ് ഇത് പറഞ്ഞ് മാസങ്ങള്‍ക്കകം 1999 ഏപ്രിലില്‍ വീരേന്ദര്‍ ഇന്ത്യക്ക് വേണ്ടി ഒരു ഏകദിന മല്‍സരം കളിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ പര്യടനത്തിനെത്തിയ പാകിസ്താന്‍ ടീമിനെതിരെ മൊഹാലിയില്‍ നടന്ന ഏകദിന മല്‍സരത്തിലായിരുന്നു അത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് വേണ്ടി ഏഴാമനായി ഇറങ്ങിയ സെവാഗ് വെറും രണ്ട് പന്ത് നേരിട്ട് ഒരു റണ്‍ എടുത്തു പുറത്തായി. മല്‍സരത്തില്‍ ഇന്ത്യ ദയനീയ പരാജയമേറ്റു വാങ്ങുകയും ചെയ്തു. അന്ന് ടീമില്‍ നിന്ന് പുറത്തായ സെവാഗിന് രണ്ടാമതൊരു അവസരം കിട്ടാന്‍ ഒന്നര വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2000 ഡിസംബറില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയിലാണ് പിന്നീട് സെവാഗ് കളിച്ചത്. സിംബാബ്‌വെക്കെതിരായ രണ്ട മല്‍സരങ്ങളിലും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. എന്നാല്‍ 2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ ബെംഗളൂരുവിൽ നടന്ന മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ അര്‍ധശതകം തികച്ചു. ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യക്ക് വേണ്ടി ആറാമനായി ഇറങ്ങിയ സെവാഗ് 54 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 58 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ കൂടി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച സെവാഗ് ആയിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്.

virender sehwag
സെവാഗിന്റെ ബാല്യം (സെവാഗിന്റെ വീട്ടിലെ ആല്‍ബത്തില്‍ നിന്ന് പകര്‍ത്തിയത്)

ആ മത്സരം ഇന്ത്യന്‍ ക്രിക്കറ്റിലെ താരപദവിയിലേക്കുള്ള സെവാഗിന്റെ പട്ടാഭിഷേകമായിരുന്നു. ഇന്ത്യന്‍ കായിക രംഗത്ത് ഉദിച്ചുയരുന്ന നക്ഷത്രങ്ങളുടെ വീട്ടില്‍ ചെന്ന് അവരുടെ കുടുംബത്തെ കുറിച്ച് ഫീച്ചര്‍ ചെയ്യുന്ന ഒരു പംക്തി 'താരകുടുംബങ്ങള്‍' അന്ന് മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു. സെവാഗിന്റെ വീട് ലക്ഷ്യമാക്കി ഞാനും ഫോട്ടോഗ്രാഫര്‍ എസ്.എല്‍ ആനന്ദും ഡല്‍ഹിയിലേക്ക് വണ്ടികയറി. ഡല്‍ഹിയിലെത്തിയ ശേഷം ഹിന്ദു പത്രത്തിന്റെ മുതിര്‍ന്ന സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും എന്റെ സുഹൃത്തുമായ വിജയ് ലോക്പള്ളിയെ കണ്ട് സെവാഗിന്റെ വീട്ടിലേക്ക് പോവാന്‍ അനുമതി വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. വിജയ് അപ്പോള്‍ തന്നെ 'വീരു'വിനെ വിളിച്ചു. 

നഗരത്തിന്റെ പുറത്ത് നജഫ്ഗഡ് എന്ന തെരുവിലാണ് വീടെന്നും അടുത്ത ദിവസം എപ്പോള്‍ വേണമെങ്കിലും ചെന്നോളൂ എന്നും വിജയ് പറഞ്ഞു. അടുത്ത ദിവസം രാവിലെ ടാക്‌സി പിടിച്ച് ഞങ്ങള്‍ അങ്ങോട്ട് പുറപ്പെട്ടു. കഴുതകളും പന്നികളും അലഞ്ഞു തിരിയുന്ന ഗലികള്‍ പിന്നിട്ട് ഞങ്ങള്‍ നജഫ്ഗഡിലെത്തി. വെള്ളച്ചായമടിച്ച മൂന്ന് ഇടുനിലകെട്ടിടങ്ങള്‍. നടുവിലുള്ളത് വീരുവിന്റെ അച്ഛന്‍ കൃഷന്‍ സെവാഗിന്റേതാണ്. വീരുവിന്റെ ഛായയുള്ള പയ്യനെ വീടിന്റെ മുറ്റത്ത് കണ്ടപ്പോള്‍ സംശയിക്കാതെ അങ്ങോട്ട് കയറിച്ചെന്നു. അത് വീരുവിന്റെ അനിയനാണ് വിനോദ്. ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിച്ചു. പക്ഷേ വീരു വീട്ടിലില്ല. അല്‍പമകലെയുള്ള ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനത്തിനായി പോയതാണ്. അമ്മ കൃഷ്ണയും സഹോദരി മഞ്ജുവും വീട്ടിലുണ്ട്. കൃഷന്‍ അരിക്കച്ചവടക്കാരനാണ്. രാവിലെ കടയില്‍ പോയിരിക്കുന്നു. രാത്രിയേ ഇനി വരികയുള്ളൂ. 

വിനോദാണ് വീരുവിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റുചെയ്യുന്നത് ടി.വിയില്‍ കണ്ട് സച്ചിനെപോലാവാന്‍ ഇറങ്ങിപുറപ്പെട്ട ചേട്ടന്റെ ബാല്യത്തെ കുറിച്ചും നേരെ വരുന്ന ഏത് പന്തും അടിച്ചകറ്റുന്ന കരുത്തിനെ കുറിച്ചുമെല്ലാം വിനോദ് വാചാലനായി.'ബാറ്റുചെയ്യുമ്പോള്‍ ശരീരഭാഷയിലും ഷോട്ടുകള്‍ കളിക്കുന്നതിലുമെല്ലാം ചെറുപ്പത്തിലേ ചേട്ടന്‍ സച്ചിനെ അനുകരിക്കുമായിരുന്നു. അത് ബോധപൂര്‍വമായിരിക്കില്ല. സച്ചിന്റെ കളി നിരന്തരം ടി.വിയില്‍ കണ്ടും സച്ചിനോടുള്ള ആരാധന മൂലവും അതങ്ങനെ ആയതാവണം. കൂട്ടുകാര്‍ ഇടയ്ക്ക് സച്ചിന്‍ എന്ന് ചേട്ടനെ വിളിക്കുമായിരുന്നു. അതില്‍ വലിയ അഭിമാനവുമായിരുന്നു. സച്ചിനൊപ്പം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അപ്പുറം ഒരു സന്തോഷം ചേട്ടന് വേറെയുണ്ടാവില്ല.'- വിനോദ് പറഞ്ഞു. 

virender sehwag
സച്ചിനും സെവാഗും  ഫോട്ടോ: റോയിട്ടേഴ്‌സ്‌

പത്താംക്ലാസ് വരെ നജഫ്ഗഡിലെ സര്‍ക്കാര്‍ സ്‌ക്കൂളിലാണ് വീരു പഠിച്ചത്. ഇടത്തരക്കാരുടെ മക്കള്‍ മാത്രം പഠിച്ചിരുന്ന അവിടെ ക്രിക്കറ്റ് കളിക്കാനോ പരിശീലിക്കാനോ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ശാസ്ത്രീയമായ ശിക്ഷണം ലഭിക്കാതെ നൈസര്‍ഗികമായ ശൈലിയില്‍ വികസിച്ചതാണ് വീരുവിന്റെ ബാറ്റിങ് സ്റ്റൈല്‍. 

വീരു വരാന്‍ വൈകിയപ്പോള്‍ വിനോദ് ഞങ്ങളേയും കൂട്ടി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോയി. മണിക്കൂറുകളോളം ക്രിക്കറ്റ് കളിച്ച് വിയര്‍ത്തൊട്ടി നില്‍ക്കുകയായിരുന്ന വീരു പക്ഷെ, ഞങ്ങളോട് രണ്ട് മണിക്കൂര്‍ നേരം ഭോജ്പൂരി കലര്‍ന്ന ഹിന്ദിയില്‍ സംസാരിച്ചു. 'ഞാന്‍ തുടങ്ങിയതല്ലേയുള്ളൂ. വലിയ ലക്ഷ്യങ്ങള്‍ മുന്നിലുണ്ട്. ഒരു ദിവസം ഞാനത് എത്തിപിടിക്കും.'- ആത്മവിശ്വാസത്തോടെയുള്ള വീരുവിന്റെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. 

ഇന്നും വ്യക്തമായി ഞാന്‍ ഓര്‍ത്തുവെക്കുന്ന ഒരു കാര്യം പറയാം. വീരുവിന്റെ കുടുംബത്തെ കുറിച്ചുള്ള ഫീച്ചറും പടങ്ങളും പ്രസിദ്ധീകരിച്ച് സ്‌പോര്‍ട്‌സ് മാസിക വിപണിയിലിറങ്ങിയത് 2001 നവംബര്‍ മൂന്നിനായിരുന്നു. അന്ന് തന്നെയായിരുന്നു വീരുവിന്റെ ടെസ്റ്റ് അരങ്ങേറ്റവും. ബ്ലോം ഫൗണ്ടെയ്‌നില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റായിരുന്നു അത്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമില്‍ അന്ന് രണ്ട് പുതുമുഖങ്ങളുണ്ടായിരുന്നു. വീരുവും വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ ദീപ്ദാസ് ഗുപ്തയും.

ടോസ് നേടിയ സന്ദര്‍ശക ടീമിന്റെ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്ക് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രാഹുല്‍ ദ്രാവിഡും ഒറീസക്കാരനായ ശിവസുന്ദര്‍ ദാസുമാണ് ഓപ്പണ്‍ ചെയ്തത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ വിക്കറ്റില്‍ ക്യാപ്റ്റന്‍ പൊള്ളോക്ക് ഉള്‍പ്പെടെയുള്ള ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചുവിട്ടു. 68 റണ്‍സ് എടുക്കുമ്പോഴേക്കും സൗരവും ദ്രാവിഡും വി.വി.എസ് ലക്ഷ്മണും ദാസും പുറത്തായി. അപ്പോള്‍ സച്ചിന് കൂട്ടായി വീരു ക്രീസിലെത്തി. പിന്നെ മനോഹരമായ ബാറ്റിങ് വിരുന്നാണ് ഗ്രൗണ്ടില്‍ കണ്ടത്. സച്ചിന്‍ കളിക്കുന്ന ഷോട്ടുകള്‍ അതേ ശൈലിയില്‍ കളിച്ചു കാണിക്കാനായിരുന്നു വീരുവിന്റെ ശ്രമം. തന്റെ സിഗ്‌നേച്ചര്‍ ഷോട്ടുകളിലൊന്നായ അപ്പര്‍ കട്ട് സച്ചിന്‍ കളിച്ചതിന് പിന്നിലായി സെവാഗും കളിച്ചു കാണിച്ചപ്പോള്‍ സച്ചിന്‍ പോലും വിസ്മയിച്ചു പോയി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 220 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സച്ചിന്‍ 155 റണ്‍സ് നേടിയപ്പോള്‍ സെവാഗ് തന്റെ അരങ്ങേറ്റ ടെസ്റ്റ് ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടി. 173 പന്തില്‍ നിന്ന് 105 റണ്‍സെടുത്താണ് സെവാഗ് പുറത്തായത്. ഈ ഇന്നിങ്‌സോടെ സച്ചിന്റെ ക്ലോണ്‍ എന്ന വിശേഷണവും സെവാഗ് സ്വന്തമാക്കി.

virender sehwag
ബാലനായ സെവാഗ് അമ്മ കൃഷ്ണക്കൊപ്പം

ക്രമാനുഗതമായ വളര്‍ച്ചയായിരുന്നു പിന്നീട് വീരുവിന്റെ കരിയറില്‍ സംഭവിച്ചത്. ഏകദിനങ്ങളില്‍ ആദ്യം സൗരവിനൊപ്പവും പിന്നീട് സച്ചിനൊപ്പവും ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങിയ വീരു ലോകമെമ്പാടുമുള്ള ബൗളര്ർമാരുടെ പേടിസ്വപ്‌നമായി മാറിയത് ഏറെ വേഗത്തിലായിരുന്നു. 2004 മാര്‍ച്ചില്‍ പാകിസ്താനിലെ മുള്‍ട്ടാനില്‍ കുറിച്ചത് ചരിത്രമായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ ആദ്യ ടെസ്റ്റായിരുന്നു മുള്‍ട്ടാനിലേത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ആകാശ് ചോപ്രക്കൊപ്പം ഓപ്പണ്‍ ചെയ്ത സെവാഗ് വിസ്മയകരാമായ ഒരിന്നിങ്‌സാണ് കളിച്ചത്. ടെസ്റ്റ് മല്‍സരങ്ങളില്‍ ഒരിന്ത്യക്കാരന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയും നേടി. വീരു മുള്‍ട്ടാന്‍ സ്‌റ്റേഡിയത്തില്‍ ഈ ഐതിഹാസികമായ ഇന്നിങ്‌സ് കളിക്കുമ്പോള്‍ ഞാന്‍ പാകിസ്താനില്‍ ഉണ്ടായിരുന്നു. പക്ഷെ വീരു കളിക്കുന്ന സ്റ്റേഡിയത്തിലായിരുന്നില്ല. അവിടെ നിന്ന് അഞ്ഞൂറോളം കിലോമീറ്ററോളം അകലെ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജിന്നാ സ്റ്റേഡിയത്തിലായിരുന്നു. അന്ന് ഇസ്ലാമാബാദില്‍ നടന്നിരുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യുന്നതിനായിരുന്നു അവിടെ ചെന്നത്. 

വീരു മുള്‍ട്ടാനില്‍ പാക് ബൗളര്‍മാര്‍ക്കെതിരേ സംഹാരതാണ്ഡവമാടുമ്പോള്‍ ഞാന്‍ ജിന്ന സ്‌റ്റേഡിയത്തിലെ മീഡിയാ സെന്ററിന് പുറത്തുള്ള കൂറ്റന്‍ ടി വി സ്‌ക്രീനിനു മുന്നില്‍ കളി കണ്ടുനില്‍ക്കുന്നു. മത്സരത്തിന്റെ ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ വീരു 228 റണ്‍സോടെ ക്രീസിലുണ്ട്. രണ്ടാം ദിവസം വീരു ട്രിപ്പിള്‍ സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷ ഉയര്‍ന്നതു കൊണ്ട് സൗത്ത് ഏഷ്യന്‍ ഗെയിംസിലെ മത്സരങ്ങള്‍ കാണുമ്പോഴും ക്രിക്കറ്റ് മാച്ചിലെ സ്‌കോര്‍ പിന്തുടര്‍ന്നു കൊണ്ടിരുന്നു. ഉച്ചഭക്ഷണ സമയത്ത് വീരു 292 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയാണെന്നറിഞ്ഞതോടെ ഗെയിംസിലെ മല്‍സരങ്ങള്‍ തല്‍ക്കാലം ഉപേക്ഷിച്ച് ടി.വി സ്‌ക്രീനിന് മുന്നിലേക്ക് കുതിച്ചു. കൂറ്റന്‍ സ്‌ക്രീനിന് മുന്നില്‍ വലിയ ആള്‍ക്കൂട്ടം. കൂടുതലും പാകിസ്താനികള്‍. 

ലോകത്തെ ഏറ്റവും മികച്ച ഓഫ്‌സ്പിന്നറായിരുന്ന സഖ്‌ലെയിൻ മുഷ്താഖ് ബൗള്‍ ചെയ്ത ഓവറിലെ നാലാമത്തെ പന്ത് നേരിടാനൊരുങ്ങുമ്പോള്‍ വീരു 295 റണ്‍സില്‍ നില്‍ക്കുന്നു. ട്രിപ്പിള്‍ അഞ്ചു റണ്‍സ് അകലെ നില്‍ക്കുന്നതു കൊണ്ട് വീരു കരുതലോടെ കളിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ ഒരു സമര്‍ദ്ദവുമില്ലാതെ വീരു ആ പന്ത് സിക്‌സറിലേക്ക് പറത്തി ട്രിപ്പിള്‍ തികച്ചു!  മ്ലാനരായി തലതാഴ്ത്തി നില്‍ക്കുന്നു ഒരുകൂട്ടം പാകിസ്താനികള്‍ക്ക് നടുവിലായിരുന്നെങ്കിലും എനിക്ക് തുള്ളിച്ചാടാതിരിക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ എന്നെ തറപ്പിച്ച് നോക്കുന്നുണ്ട്. പക്ഷെ വീരുവിന്റെ ഈ നേട്ടം ആഘോഷിക്കാതിരിക്കുന്നത് എങ്ങനെ? വീരു ട്രിപ്പിള്‍ സെഞ്ചുറി തിക്കുമ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയായിരുന്നു മറുവശത്തെന്നതാണ് രസകരമായ യാദൃശ്ചികത. വീരു 309 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സച്ചിന്‍ 194 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

virender sehwag
സെവാഗിന്റെ കുടുംബ വിശേഷങ്ങള്‍ പ്രസിദ്ധീകരിച്ച സ്‌പോര്‍ട്‌സ് മാസികയുടെ പേജുകള്‍

ആ ട്രിപ്പിള്‍ സെഞ്ചുറി വീരുവിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായിരുന്നു. ടെസ്റ്റിലും ഏകദിന മല്‍സരങ്ങളിലും വലിയ സ്‌കോറുകള്‍ പതിവാക്കി മാറ്റിയ സെവാഗ് താരപരിവേഷം കൊണ്ട് കുറച്ചു കാലത്തേക്കെങ്കിലും തന്റെ ആരാധനാപാത്രമായ സച്ചിനെ പിന്തള്ളുകയായിരുന്നു. 2008 മാര്‍ച്ചില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറി (319 റണ്‍സ്) കൂടി സെവാഗ് നേടി. ഇത്തവണ ടിവിയിലല്ലാതെ നേരിട്ടു തന്നെ മത്സരം കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. മാച്ച് കവര്‍ ചെയ്യുവാനായല്ലാതെ, ഒരു ക്രിക്കറ്റ് ആരാധകനായി ഗ്യാലറിയിലിരുന്ന് ഞാന്‍ കണ്ട ടെസ്റ്റുകളിലൊന്നായിരുന്നു അത്. 

ആ മത്സരം കണ്ടതോടെ വീരേന്ദര്‍ സെവാഗിനെ നേരില്‍ കണ്ട് ഒരു അഭിമുഖം കൂടി നടത്തണമെന്ന ആഗ്രഹം കലശലായി. സെവാഗിന്റെ മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് അയച്ചു. ആദ്യം മറുപടി കിട്ടിയില്ല. രണ്ടാമത്തെ മെസ്സേജ് വിശദമായ ഒന്നായിരുന്നു. മറുപടി വന്നു. ' We will meet. But I am busy now. will let you know when it will happen' എന്നായിരുന്നു ആ സന്ദേശം. പിന്നെ രണ്ട് മാസത്തേക്ക് ഒരു അറിയിപ്പും കിട്ടാതിരുന്നതു കൊണ്ട് എന്റെ ആഗ്രഹം ഓര്‍മപ്പെടുത്തികൊണ്ട് വീണ്ടുമൊരു മെസ്സേജ് ഞാനയച്ചു. ഇത്തവണ മറുപടി ഒരു സ്‌മൈയ്‌ലി ആയിരുന്നു. ഒടുവില്‍ 2009 ഓഗസ്റ്റില്‍ ഒരു മെസ്സേജ് കൂടി ലഭിച്ചു. Hai, 2maro i am coming to madras. can u come there? ഉടന്‍ മറുപടി നല്‍കി ok i will be there ontime.  രാവിലെ ഒന്‍പതരയ്ക്ക് ചെന്നൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ എത്തിയാല്‍ മതിയെന്നും രാത്രി മെസേജ് കിട്ടി. അടുത്ത ദിവസം രാവിലെ ചെന്നെയില്‍ വിമാനമിറങ്ങുമ്പോള്‍, ചെറിയൊരു തിരുത്ത്. ഹോട്ടല്‍ ട്രൈഡന്റല്ല റാഡിസന്‍... എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ ഹോട്ടലിലേക്ക്. ലോബിയിലെത്തി വിളിച്ചപ്പോള്‍ 229-ാം നമ്പര്‍ റൂമിലേക്ക് ക്ഷണം.

മുറിയിലേക്ക് ഞാനും ഫോട്ടോഗ്രാഫര്‍ ആനന്ദും ചെല്ലുമ്പോള്‍ കറുത്ത ഷോര്‍ട്‌സും ഒലിവ് നിറമുള്ള ടീഷര്‍ട്ടും ധരിച്ച് ഒരു സെറ്റിയില്‍ ഇരിക്കുകയാണ് സെവാഗ്. താഴെ ഒരു ബേസിനില്‍ നിറച്ചുവെച്ചിരിക്കുന്ന വെള്ളത്തിലാണ് കാലുകള്‍. ഒരു പയ്യന്‍ കാലുകള്‍ മസ്സാജ് ചെയ്തു കൊടുക്കുന്നു. ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. മസ്സാജ് പൂര്‍ത്തിയാക്കിയപ്പോള്‍ പയ്യന്‍ പോയി. ' രണ്ട് മണിക്കൂറുണ്ട് നമ്മള്‍ക്ക് അതു മതിയാവില്ലേ?' ശരിയെന്ന് പറഞ്ഞ് ഞാന്‍ നേരെ ചോദ്യങ്ങളിലേക്ക് കടന്നു. അപ്പോഴേക്കും ചെന്നൈയിലെ എന്റെ സുഹൃത്തും ജൂനിയര്‍ ഇന്ത്യന്‍ ടീമിലും കേരളത്തിന്റെ രഞ്ജി ടീമിലുമെല്ലാം കളിച്ച ക്രിക്കറ്റ് താരവുമായ ജെ.കെ മഹേന്ദ്രയുമെത്തി. ജെ.കെയെ സെവാഗിന് നേരത്തെ തന്നെ പരിചയമുണ്ട്.

എന്റെ ആദ്യത്തെ ചോദ്യം വീരുവിന്റെ ബാറ്റിങ് ശൈലിയെ കുറിച്ചായിരുന്നു.' താങ്കള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കാലത്ത് ' ബാറ്റ് ചെയ്യുമ്പോള്‍ വീരുവിന്റെ കാലുകള്‍ ചലിക്കുന്നില്ല, ഇങ്ങനെയല്ല ആ ഷോട്ട് കളിക്കേണ്ടത് ' എന്നെല്ലാം കമന്റേറ്റര്‍മാര്‍ താങ്കളുടെ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ച് പരാതിപ്പെടുന്നത് കേള്‍ക്കാമായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും വര്‍ഷങ്ങള്‍ അതിജീവിച്ചു. ഇത്രയധികം റണ്‍സും സെഞ്ചുറിയും സ്‌കോര്‍ ചെയ്തു. എന്തു തോന്നുന്നു ?' ആ ചോദ്യം വീരുവിന് ഏറെ ഇഷ്ടപ്പെട്ടുവെന്ന് തോന്നി. മുഖത്ത് വിരിഞ്ഞ ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. 'നിങ്ങള്‍ പറയുന്ന ടെക്‌നിക്കുകളിലും മറ്റും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ മനക്കരുത്തുള്ളവനാണെങ്കില്‍, സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളവനാണെങ്കില്‍, നിങ്ങള്‍ക്ക് പ്രതിഭയുണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിജീവിക്കാനാവും. ഞാന്‍ ആഭ്യന്തരക്രിക്കറ്റില്‍ തുടക്കത്തിലേ മികച്ച പ്രകടനം നടത്തികൊണ്ടിരുന്നു. പക്ഷേ ഈയൊരു കളി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പറിച്ചു നടുകയെന്നത് വളരെ ദുഷ്‌ക്കരമായിരുന്നു. 99 ഏപ്രിലില്‍ പാകിസ്താനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഞാന്‍ ടീമില്‍ നിന്ന് പുറത്തായി. ആ സമയത്ത് ടീമില്‍ തിരിച്ചെത്താന്‍ അതികഠിനമായി അധ്വാനിച്ചു. ബാറ്റിങ് ഓഡറില്‍ മുന്നോട്ട് കയറി ബാറ്റ്‌ചെയ്യാന്‍ പഠിച്ചു. ദീര്‍ഘനേരം ബൗളിങ് മെഷിനില്‍ നിന്ന് വരുന്ന തിളങ്ങുന്ന പുതിയ പന്ത് അതിവേഗത്തില്‍ കളിച്ചുശീലിച്ചു. പന്തിന്റെ സ്വിങ്ങിനെതിരേ കളിക്കാനും പ്രത്യേകം പരിശീലനം ഉണ്ടായിരുന്നു. അതിനുശേഷം ഓസ്‌ട്രേലിയക്കെതിരേ കളിച്ച മാച്ചില്‍ ഞാന്‍ ഒരു ഫിഫ്റ്റി സ്‌കോര്‍ ചെയ്തു. മൂന്നു വിക്കറ്റും കിട്ടി. ആ മല്‍സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ഞാനായിരുന്നു. അത് എനിക്ക് നല്‍കിയ ആത്മവിശ്വാസം ഏറെ വലുതാണ്. പിന്നീട് അതില്‍ പിടിച്ചുകയറി. എല്ലാവരും പറഞ്ഞ കാര്യമാണ് എനിക്കും പറയാനുള്ളത്.- ക്രിക്കറ്റില്‍ ആയാലും ജീവിതത്തിലായാലും വിജയത്തിലേക്ക് കുറുക്കുവഴികളില്ല. കഠിനാധ്വാനം തന്നെ വേണം.'

virender sehwag
ജെ കെ മഹേന്ദ്രയും ലേഖകനും സെവാഗിനൊപ്പം  

ക്രീസിലെത്തിയ ഉടന്‍ അടിച്ചു തകര്‍ക്കുമ്പോള്‍ വീരുവിനെ പുറത്താക്കാന്‍ ബൗളര്‍ക്ക് കൂടുതല്‍ അവസരം കിട്ടില്ലേയെന്ന് ചോദിച്ചപ്പോള്‍ വീരുവിന്റെ മറുപടി ഏറെ രസകരമായിരുന്നു. - 'ആക്രമണോത്സുകതയാണ് എന്റെ കരുത്ത്. എന്റെ കരുത്തില്‍ ഊന്നി ഒരു ബൗളര്‍ എന്നെ പുറത്താക്കുന്നുവെങ്കില്‍ അതയാളുടെ മിടുക്ക്. അത്തരം ബൗളര്‍മാരോട് ഒന്നേ പറയാനുള്ളൂ ' ഗുഡ് ലക്ക് ' എന്റെ ഇഷ്ട ഷോട്ടുകള്‍ കളിച്ച് ഒട്ടേറെ റണ്‍സ് ഞാന്‍ നേടി. ഏതെങ്കിലും ഒരു ബൗളര്‍ ഏതെങ്കിലും മാച്ചില്‍ എന്റെ പ്രിയ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമത്തിനിടെ പുറത്താക്കുന്നുെവെങ്കില്‍ അത് സ്വാഭാവികമാണ്. അങ്ങനെ പേടിക്കാനൊന്നുമില്ല.'

തന്നിലുണ്ട് എന്ന് മറ്റുള്ളവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സച്ചിന്‍ ഇഫക്ടിനെ കുറിച്ച് വീരു പറഞ്ഞത് ഇതായിരുന്നു. 'ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ കാരണം സച്ചിന്‍ ആണ്. കുഞ്ഞു നാളിലേ സച്ചിന്റെ കളി ടെലിവിഷനില്‍ കാണാറുണ്ടായിരുന്നു. സച്ചിന്‍ അന്നേ വലിയ ആവേശവും ക്രിക്കറ്റ് കളിക്കാനുള്ള പ്രചോദനവുമാണ്. കളിക്കാന്‍ തുടങ്ങിയപ്പോള്‍ സച്ചിനെ അനുകരിക്കാന്‍ ശ്രമിച്ചു. സച്ചിന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള പാഡും ഹെല്‍മറ്റുമെല്ലാം ധരിച്ച് ഗ്രൗണ്ടിലിറങ്ങി. അപ്പോള്‍ ആളുകള്‍ പറഞ്ഞു. 'സെവാഗ് സച്ചിനെ പോലെയാണ്' എന്നെ കാണാന്‍ സച്ചിനെ പോലെയുണ്ടാവാം. പക്ഷേ സച്ചിനെ പോലെ കളിച്ചിട്ടില്ല. അതിന് ശ്രമിച്ചു. കഴിഞ്ഞില്ല. അത് അസാധ്യമാണ്. എന്നാല്‍ സച്ചിന്‍ പറഞ്ഞു, 'സെവാഗിന്റെ ശൈലി എന്റേതിന് വളരെ അടുത്ത് നില്‍ക്കുന്നു' എന്ന്. എനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ് ആ വാക്കുകള്‍.'

ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയതിനും കടപ്പാട് സച്ചിനോടാണെന്നും സെവാഗ് പറഞ്ഞു.- 'അരങ്ങേറ്റ ഇന്നിങ്സ് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ബ്ലോംഫൗണ്ടെയിനിലെ ഗുഡ് ഇയര്‍ പാര്‍ക്കിലായിരുന്നു അത്. നല്ല ബൗണ്‍സുള്ള വിക്കറ്റായിരുന്നു. ഞാന്‍ ക്രീസിലെത്തിയപ്പോള്‍ സച്ചിന്‍ പറഞ്ഞു. ബൗണ്‍സി വിക്കറ്റാണ്. നിനക്കെതിരെ ഷോട്ട് ബോളുകളും ബൗണ്‍സറുകളും അവര്‍ എറിയും. അപ്പര്‍കട്ടുകള്‍ കളിച്ചാല്‍ റണ്‍സ് കിട്ടും. ഞാനങ്ങനെ ചെയ്തു. രണ്ടു ബൗണ്ടറി കിട്ടി. അത് നല്ല തുടക്കമായി. സച്ചിന്‍ നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലുള്ളത് വലിയ കാര്യമാണ്. ഓരോ സാഹചര്യവും എങ്ങിനെ കൈകാര്യം ചെയ്യമമെന്ന് പറഞ്ഞുതരും. എങ്ങനെയാണ് കളിക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി തരും. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്നസാക്ഷാത്ക്കാരമായിരുന്നു. സച്ചിനൊപ്പം ഇന്ത്യക്ക് കളിക്കുക. അദ്ദേഹത്തോടൊപ്പം വലിയ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കുക, അദ്ദേഹത്തെ പോലെ സെഞ്ചുറിയടിക്കുക. ആ ഒരു ഫീല്‍ വിശദീകരിക്കുക ഏറെ ബുദ്ധിമുട്ടാണ്. സച്ചിന്റെ സാന്നിധ്യം, ഉപദേശം ആ അരങ്ങേറ്റ ഇന്നിങ്സില്‍ എനിക്ക് താങ്ങും തണലുമായി. അദ്ദേഹം കാരണമാണ് അത് സാധ്യമായത്.' 

അഭിമുഖം കഴിഞ്ഞപ്പോള്‍ സ്‌പോര്‍ട്‌സ് മാസികക്ക് വേണ്ടി അദ്ദേഹത്തിന്റെ ജീവിതകഥ തയ്യാറാക്കുന്നതിനായി അനുവാദം ചോദിച്ചു. ' നല്ല കാര്യമല്ലേ ചെയ്‌തോളൂ.' എന്നായിരുന്നു മറുപടി. ഏതോ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോവുന്നതിനുള്ള തരിക്കിലായിരുന്നു വീരു. എന്നിട്ടും റൂം ബോയിയെ വിളിച്ച് ഞങ്ങള്‍ക്കായി സര്‍ബത്ത് ഓഡര്‍ ചെയ്തു. അതിനകം സെവാഗിന്റെ കടുത്ത ആരാധകനായി മാറിക്കഴിഞ്ഞിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ സര്‍ബത്തിന് ഇരട്ടി മധുരമുണ്ടായിരുന്നു.

virender sehwag
സെവാഗിന്റെ ബാല്യം (സെവാഗിന്റെ വീട്ടിലെ ആല്‍ബത്തില്‍ നിന്ന് പകര്‍ത്തിയത്)

സെവാഗിന്റെ ജീവിതകഥ മാസികയില്‍ പ്രിസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് 2011 ഡിസംബലാണ് അദ്ദേഹം ഏകദിന ക്രിക്കറ്റില്‍ ഒരു ഡബ്ള്‍ സെഞ്ചുറി നേടി ലോക റെക്കോഡ് സൃഷ്ടിക്കുന്നത്. തൊട്ടു മുമ്പത്തെ വര്‍ഷം സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഡബ്ള്‍ സെഞ്ചുറി നേടിയത്. 2010 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാമത്തെ മാച്ചിലായിരുന്നു സച്ചിന്റെ നേട്ടം.

ഒരിക്കലും തകര്‍ക്കപ്പെടാനാവാത്ത റെക്കോഡെന്നായിരുന്നു ഈ നേട്ടത്തെ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ വിലയിരുത്തിയത്. അപ്പോഴും സച്ചിന്‍ പറഞ്ഞു, ഈ റെക്കോഡ് സെവാഗിനുള്ളതാണ്...അതിനുശേഷം ഓരോ ഏകദിന മാച്ചുകളിലും വീരു സെഞ്ചുറിയും പിന്നിട്ട് മുന്നോട്ടു കുതിക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ 2011 ഡിസംബറില്‍ സച്ചിന്റെ പ്രവചനം യാഥാര്‍ഥ്യമായി. വെസ്റ്റിന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ നടന്ന മത്സരത്തിലായിരുന്നു അത്. ആ മാച്ചില്‍ സെവാഗ് തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. ടോസ് നേടിയ സെവാഗിന്റെ തീരുമാനം ആദ്യം ബാറ്റ് ചെയ്യാനായിരുന്നു. ഗൗതം ഗംഭീറായിരുന്നു വീരുവിനൊപ്പം ഓപ്പണ്‍ ചെയ്തത്. കിറോൺ പൊള്ളാര്‍ഡ് ബൗള്‍ ചെയ്ത 23-ാം ഓവറിലെ നാലാമത്തെ പന്ത് പോയന്റിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച് സെഞ്ചുറി തികച്ച സെവാഗ് ഫാസ്റ്റ് ബൗളര്‍ ആന്ദ്രെ റസ്സല്‍ ബൗള്‍ ചെയ്ത 44-ാം ഓവറിലെ മൂന്നാമത്തെ പന്ത് കട്ട് ചെയ്ത് പോയന്റിലൂടെ ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ടു ഡബ്‌ളും പൂര്‍ത്തിയാക്കി. 

144 പന്തില്‍ 219 റണ്‍സ് നേടിയാണ് സെവാഗ് പുറത്തായത്. 2011-ല്‍ ഇന്ത്യുടെ ലോകകപ്പ് വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന സെവാഗിന്റെ ഫോം 2012-നു ശേഷം മങ്ങി ത്തുടങ്ങി. 2013-ല്‍ തന്റെ 34-ാം വയസ്സില്‍ സെവാഗ് തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയും ചെയ്തു. 

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി സ്‌കോര്‍ ചെയ്ത മൂന്നാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് വീരു. അതിന് മുമ്പ് രണ്ട് ടെസ്റ്റ് ട്രിപ്പിള്‍ സ്‌കോര്‍ ചെയ്തവര്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും ബ്രയാന്‍ ലാറയും മാത്രമാണെന്നതും ഓര്‍ക്കണം. ഈ രണ്ട് ട്രിപ്പിളുകള്‍ക്ക് പുറമെ നാല് ഡബ്ള്‍ സെഞ്ചുറികള്‍ ടെസ്റ്റിലും മറ്റൊന്ന് ഏകദിനത്തിലും സെവാഗ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുന്നൂറിന് മുകളില്‍ ഏഴ് സ്‌കോറുകള്‍! ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന നാല് സ്‌കോറുകളില്‍ മൂന്നും (319,303,293) സെവാഗിന്റെ പേരിലാണ്. 

virender sehwag
സെവാഗ് കുടുംബത്തോടൊപ്പം  ഫോട്ടോ: ബിസിസിഐ

104 ടെസ്റ്റില്‍ നിന്ന് 23 സെഞ്ചുറി ഉള്‍പ്പെടെ 8586-ഉം ഏകദിന ക്രിക്കറ്റില്‍ 251 മല്‍സരങ്ങളില്‍ നിന്ന് 15 സെഞ്ച്വറി ഉള്‍പ്പെടെ 8273-ഉം റണ്‍സാണ് സെവാഗ് നേടിയത്. ഈ റണ്ണുകളുടെ പെരുപ്പമല്ല അത് അടിച്ചെടുത്ത ശൈലിയാണ് സത്യത്തില്‍ വീരുവിനെ വ്യത്യസ്ഥനാക്കുന്നത്. ടെസ്റ്റില്‍ 82.23 -ഉം ഏകദിനത്തില്‍ 104.33-ഉം ആണ് വീരുവിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇങ്ങനെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തികൊണ്ട് ബാറ്റ് ചെയ്ത ഒരു ഹാര്‍ഡ് ഹിറ്റര്‍ ഒരു ദശകത്തിലധികം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി നിന്നുവെന്നതും ട്രിപ്പിളുകളും ഡബ്‌ളും ഉള്‍പ്പെടെയുള്ള മാരത്തോണ്‍ ഇന്നിങ്‌സുകള്‍ കളിച്ചുവെന്നതും ഏറെക്കുറെ അവിശ്വസനീയമാണ്. 

ക്രിക്കറ്റില്‍ നിര്‍വചിക്കപ്പെട്ട ഷോട്ടുകളെ സ്വന്തമായൊരു ശൈലിയില്‍ കളിക്കുക വഴി ബാറ്റിങ്ങിനെ പുനര്‍നിര്‍വചിക്കുകയായിരുന്നു വീരു. ഒരു ക്ലാസിക്കല്‍ ബാറ്റ്‌സ്മാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശൈലിയായിരുന്നില്ല വീരുവിന്റേത്. ക്രിക്കറ്റിന്റെ പുസ്തകത്തില്‍ പറഞ്ഞ ഷോട്ടുകള്‍ കളിച്ചല്ല വീരു ഉയരത്തിലെത്തിയത്. സാങ്കേതികമായ പിഴവുകള്‍ സെവാഗിന്റെ ബാറ്റിങ്ങില്‍ കണ്ടെത്താന്‍ എളുപ്പമായിരുന്നു. പക്ഷേ, അപാരമായ കണ്‍-കൈ പൊരുത്തവും( ഹാന്‍ഡ്- ഐ കോഡിനേഷന്‍) ശരീരത്തിന്റെ ബാലന്‍സും ബാറ്റ് സ്പീഡും പന്തിനോടുള്ള പ്രതികരണ ശേഷിയും (റിഫ്‌ളക്ഷന്‍) സെവാഗിന് ജന്‍മ സിദ്ധമായിരുന്നു. അതു പരമാവധി പ്രയോജനപ്പെടുത്തി റണ്ണടിച്ചു കൂട്ടുകയാണ് സെവാഗ് ചെയ്തത്. ബൗളിങ്ങിലെ ലെങ്ത് എന്ന സങ്കല്‍പ്പത്തെ തന്നെ അപ്രസക്തമാക്കി ഏതുതരം പന്തിലും ഏത് ഷോട്ടുകളും കളിക്കാമെന്ന ഒരു അവ്യവസ്ഥ ബാറ്റിങ്ങില്‍ നടപ്പാക്കിയത് സെവാഗാണ്.

ഭയം എന്ന വികാരം ഒരു തരിമ്പു പോലും ക്രീസില്‍ പ്രകടമാക്കാത്ത പോരാളി. ഏകനായി തന്നെ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ സെവാഗിനെ പോലെ നന്ദികേടിന് ഇരയായ മറ്റൊരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കണ്ടുമുട്ടാനിടയില്ല. ബാറ്റിങ് ഫോം മങ്ങിയപ്പോഴാണ് സെവാഗ് ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായത്, സമ്മതിക്കുന്നു. പക്ഷേ ഐ.പി.എല്ലിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തി ഒരു തിരിച്ചു വരവിന്റെ സൂചന ഒന്നിലധികം തവണ വീരു നല്‍കിയിരുന്നു. എന്തു കൊണ്ടോ പിന്നീട് തിരിച്ചുവിളിക്കപ്പെട്ടില്ല. മുമ്പ് പലരുടേയും കാര്യത്തില്‍ ചെയ്ത പോലെ ഒരു വിടവാങ്ങല്‍ മല്‍സരം പോലും വീരുവിന് അനുവദിച്ചു കൊടുത്തില്ല. അതെന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇതുപോലൊരു ജന്‍മം ലോക ക്രിക്കറ്റില്‍ വേറെ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാവാനും പോവുന്നില്ല. 

സെവാഗ് കളിച്ച ആറ് ടെസ്റ്റു മാച്ചുകളും 12 ഏകദിന മല്‍സരങ്ങളും നേരിട്ട് കണ്ട മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്തിരുന്നു. ഒരു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറെന്ന നിലയില്‍ എന്റെ വലിയ ഭാഗ്യങ്ങളിലൊന്നാണ് വീരു കളിച്ച മല്‍സരങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാനും അദ്ദേഹം തിളങ്ങി നില്‍ക്കുന്ന സമയത്ത് ദീര്‍ഘമായ അഭിമുഖങ്ങള്‍ നടത്താനും കഴിഞ്ഞതെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. 

Content Highlights: Virender Sehwag Life Story Diary Of A Sports Reporter