ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന് ഇന്ത്യയുടെ ഏകദിന മല്‍സരങ്ങളില്‍ സച്ചിനും സൗരവും ഒരുമിച്ച് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങുന്നതാണ്. ഒട്ടേറെ തവണ ടി.വിയിലും 19 തവണ (എണ്ണം കൃത്യമാണ്) വിവിധ സ്റ്റേഡിയങ്ങളിലെ പ്രസ്‌ബോക്‌സില്‍ ഇരുന്ന് നേരിട്ടും ആ കാഴ്ച ഞാന്‍ കണ്ടു. അവര്‍ പവലിയനില്‍ നിന്നിറങ്ങി ബൗണ്ടറി ലൈന്‍ ക്രോസ്‌ചെയ്ത് ഗ്രൗണ്ടിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരും. ക്രീസിലേക്ക് നടക്കുമ്പോള്‍ സൗരവ് കൈകൊണ്ട് ബാറ്റ് വായുവില്‍ ചുഴറ്റികൊണ്ടിരിക്കുന്നതും സച്ചിന്‍ ഗ്രൗണ്ടിലിറങ്ങിയ ഉടന്‍ തിരിഞ്ഞ് ആകാശത്തിലേക്ക് നോക്കുന്നതുമെല്ലാം എന്റെ മനസ്സില്‍ ഒട്ടും നിറം മങ്ങാതെ ഫ്രീസ് ചെയ്ത് കിടക്കുന്നുണ്ട്.
ആദ്യ പന്ത് ഫെയ്‌സ് ചെയ്യുന്ന സൗരവ്, ഗാര്‍ഡ് എടുക്കുമ്പോള്‍ സച്ചിനും ബാറ്റ് ചെയ്യുമ്പോള്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നിന്ന് ബാറ്റ് കൊണ്ട് ഗ്രൗണ്ടില്‍ തട്ടിക്കൊണ്ടിരിക്കും. ആദ്യ പന്ത് ബൗള്‍ചെയ്യാനായി എതിര്‍ ടീമിന്റെ ഫാസ്റ്റ് ബൗളര്‍ പന്തുമായി ഓടി വരുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേള്‍ക്കാം. ടിവിക്കു മുന്നിലായാലും പ്രസ് ബോക്‌സിലായാലും ഞാന്‍ ഇരിക്കുന്ന സീറ്റില്‍ നിന്ന് അനങ്ങില്ല.
രണ്ടുപേരും പുറത്താവാതിരിക്കാന്‍ എത്രയോ തവണ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരിക്കുന്നു. ആ സമയത്ത് ആരെങ്കിലും സംസാരിക്കുന്നതും എനിക്കിഷ്ടമായിരുന്നില്ല. സൗരവിനെതിരെ മിക്ക ബൗളര്‍മാരും എറിയുന്ന ആദ്യ പന്ത് ഓഫ്സ്റ്റംപിന് പുറത്തേക്ക് പോവുന്ന ഔട്ട് സ്വിങ്ങറാവും. മിക്ക സമയത്തും സൗരവത് കളിക്കാതെ ഒഴിവാക്കും. അപൂര്‍വം ചിലപ്പോള്‍ വലതു കാല്‍ അല്‍പം മുന്നോട്ടു വെച്ച് ഡ്രൈവ് ചെയ്യും, പന്ത് ബൗണ്ടറിയിലേക്ക് കുതിക്കുന്ന സമയത്ത് ഉണ്ടാവുന്ന വികാരം. അത് എനിക്കിപ്പോഴും വിശദീകരിക്കാനാവില്ല.
സച്ചിനോളം തന്നെ ഞാന്‍ സൗരവിനേയും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ദാദ(ചേട്ടന്‍) എന്ന് സൗരവിനെ വിശേഷിപ്പിക്കാന്‍ എനിക്കിഷ്ടമല്ല. കാരണം എന്റെ ഒരു വയസ്സിന് ഇളയതാണ്. സച്ചിനോട് ആരാധനയും സൗരവിനോട് കൂടുതല്‍ അടുപ്പം കലര്‍ന്ന ഇഷ്ടവുമായിരുന്നു എന്നെപ്പോലുള്ള മിക്ക ക്രിക്കറ്റ് പ്രാന്തന്‍മാര്‍ക്കും ഉണ്ടായിരുന്നത് എന്നു തോന്നുന്നു. അതുകൊണ്ടായിരിക്കുമല്ലോ സച്ചിനെ ദൈവമെന്നും സൗരവിനെ ദാദയെന്നും വിളിച്ചിരുന്നത്.

2000 തൊട്ട് തന്നെ സൗരവ് കളിച്ച കുറേ ടെസ്റ്റ്, ഏകദിന മല്‍സരങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യുകയും നേരില്‍ കാണുകയും ചെയ്തിരുന്നെങ്കിലും ദീര്‍ഘമായ ഒരു അഭിമുഖത്തിന് അവസരമൊരുങ്ങിയത് 2003 ഓഗസ്റ്റിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച് സൗരവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. സൗരവിന്റെ വീട്ടിലെ ടെലിഫോണിലും മൊബൈലിലും പല തവണ വിളിച്ചുവെങ്കിലും ആളെ ലൈനില്‍ കിട്ടുന്നില്ല. ഒടുവില്‍ ഫാക്‌സ് നമ്പര്‍ സംഘടിപ്പിച്ച് സന്ദേശമയച്ചു. അങ്ങനെ സൗരവിനെ കാണാനാവുമെന്ന ഒരു ഉറപ്പുമില്ലാതെയാണ് ഫോട്ടോഗ്രാഫര്‍ എസ്.എല്‍ ആനന്ദിനൊപ്പം കൊല്‍ക്കത്തയിലേക്ക് വണ്ടി കയറുന്നത്.
കൊല്‍ക്കത്തയില്‍ എത്തിയശേഷവും ആദ്യ രണ്ടു ദിവസവും സൗരവിനെ ലാന്‍ഡ്‌ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുത്ത ദിവസം വിളിച്ചപ്പോള്‍ ഫോണെടുത്ത പെണ്‍ശബ്ദത്തോട് ഞാന്‍ സൗരവിനെ കാണാന്‍ കേരളത്തില്‍ നിന്ന് വന്ന പത്രക്കാരനാണെന്ന് പറഞ്ഞു. ഫോണ്‍ അവര്‍ സൗരവിന് കൈമാറി. 'ടെല്‍ മി ബോസ്, വാട്ട് ഐ ക്യാന്‍ ഡു ഫോര്‍ യു?' സൗരവിന്റെ ശബ്ദം (സൗരവിന്റെ ഒരു സ്റ്റൈല്‍ അതായിരുന്നു, പരിചയമില്ലാത്തവരെയെല്ലാം ബോസ് എന്നാണ് അഭിസംബോധന ചെയ്തിരുന്നത്). ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അടുത്ത അടുത്ത ദിവസം വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. പിറ്റേ ദിവസം രാവിലെ തന്നെ ടാക്സി പിടിച്ച് ബീരേന്‍ റായി റോഡിലുള്ള 'മാ മംഗള്‍ ചണ്ഡിഭവനി'ലേക്ക് പുറപ്പെട്ടു. സൗരവിന്റെ കുടുംബം പാരമ്പര്യമായി തന്നെ കാളീഭക്തന്‍മാരാണ്. മാ മംഗള്‍ ചണ്ഡീഭവന്‍ എന്നാല്‍ മംഗളദുര്‍ഗ്ഗാമാതാവിന്റെ വീടെന്നര്‍ഥം. സൗരവിന്റെ പിതാവാകട്ടെ കാളീദാസനന്‍ (ചണ്ഡീദാസ് ഗാംഗുലി) ആണ്.
നഗരത്തില്‍ കാളിപൂജയുടെ കാലമാണ്. റോഡരികിലെല്ലാം കടും ചുവപ്പ് നിറമുള്ള ചെമ്പരത്തി കൊണ്ടുള്ള മാലകള്‍ ചാര്‍ത്തിയ കറുത്ത കാളീവിഗ്രഹങ്ങള്‍ക്കു മുന്നില്‍ പൂജ. ടാക്സികളുടെ ഡാഷ്ബോര്‍ഡിനു മുന്നില്‍ ഒട്ടിച്ചുനിര്‍ത്തിയ ചെറിയ കാളീരൂപങ്ങള്‍ക്കു മുന്നിലും ചെമ്പരത്തി മാലകള്‍ ഇളകിയാടുന്നു. ഹൗറാപാലത്തിന് അടുത്തുള്ള കൊച്ചുതെരുവില്‍ പൂക്കള്‍ കുന്നുപോലെ. ടണ്‍കണക്കിനാണ് പൂവ്! ഇതെല്ലാം ഒരു ദിവസംകൊണ്ട് കൊല്‍ക്കത്തക്കാര്‍ കാളിക്ക് അര്‍പ്പിച്ചുതീര്‍ക്കും. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആപ്പീസിനു മുന്നില്‍ ചുവന്ന കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കുന്ന ചെറുപ്പക്കാരുടെ നെറ്റിയിലും കാളിയുടെ പ്രസാദമായ ചുവന്ന കുറിയുണ്ടായിരുന്നു. കൊല്‍ക്കത്തക്കാര്‍ അങ്ങനെയാണ്. കാളിഭക്തിയും കമ്മ്യൂണിസവും (അന്ന് സിപിഎം ആയിരുന്നു ബംഗാളില്‍ ഭരണം കൈയ്യാളിയിരുന്നത്. ദീദി, മമത ബാനര്‍ജി കാളിയുടെ പ്രതിരൂപമായി മാറിക്കഴിഞ്ഞിരുന്നില്ല) കാല്‍പ്പന്ത് കളിയും രവീന്ദ്രസംഗീതവും എല്ലാം ഒരുമിച്ച് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.

ട്രാഫിക് ജാമുകള്‍ മറികടന്ന് ഞങ്ങള്‍ താമസിച്ചിരുന്ന എക്‌സ്പ്ലനേഡില്‍ നിന്ന് മാ മംഗള്‍ചണ്ഡിഭവനിലെത്താന്‍ ഒന്നര മണിക്കൂറെടുത്തു. ചുവന്ന ചായമടിച്ച വലിയ മതില്‍. താഴിട്ട് പൂട്ടിയ ഇരുമ്പ് ഗേറ്റും. ഒരു ജില്ലാ ജയിലിന്റെ മുന്നില്‍ നില്‍ക്കും പോലെ. ഗേറ്റില്‍ തട്ടിനോക്കി, ഉറക്കെ വിളിച്ചുനോക്കി. രക്ഷയില്ല. തുറക്കുന്നില്ല. ആരും പുറത്തേക്ക് വരുന്നുമില്ല. സൗരവിന്റെ മൊബൈല്‍ ഫോണിലും ലാന്‍ഡ് ഫോണിലും മാറി മാറി വിളിച്ചു. എടുക്കുന്നില്ല. പൊരിവെയിലില്‍ നിന്നു വിയര്‍ത്തു. കാല്‍മണിക്കൂര്‍ കഴിഞ്ഞുകാണും. നീല ഷര്‍ട്ടിട്ട ഒരാള്‍ ഗേറ്റിന്റെ ചെറിയ വാതില്‍ തുറന്ന് പുറത്ത് വരുന്നു. വേലക്കാരനാണ്. അയാളോട് ചോദിച്ചുനോക്കി. 'സാബ് ഇപ്പോള്‍ വീട്ടിലില്ല' - ഒറ്റ വാചകത്തില്‍ മറുപടി. ഗേറ്റിനകത്തേക്ക് പാളി നോക്കിയപ്പോള്‍ എ.കെ. 47 തോക്കുകളുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന കറുത്ത വസ്ത്രം ധരിച്ച രണ്ട് ജവാന്മാര്‍ (ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ സൗരവിനന്ന് ഇഡെഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു).
അല്‍പം കൂടി കഴിഞ്ഞപ്പോള്‍, 5555 റജിസ്‌ട്രേഷന്‍ നമ്പറുള്ള നീല ഓപ്പല്‍ ആസ്ട്രാ കാര്‍ ഗേറ്റിനു പുറത്ത് നിര്‍ത്തി. കാറിന്റെ വിന്‍ഡ് ഗ്ലാസ് പതുക്കെ താണു. ഉള്ളില്‍നിന്ന് ആരോ കൈകാണിച്ച് ഞങ്ങളെ വിളിക്കുന്നു. സൗരവല്ല, ഭാര്യ ഡോണയാണ്. ഞങ്ങള്‍ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. 'സൗരവ് രാവിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനത്തിന് പോയിരുന്നു. അവിടെനിന്ന് നേരെ ഒരു പൊതുചടങ്ങിന് പോയി. ഒഴിവാക്കാനാവാത്ത ചടങ്ങാണ്. അതാണ് നിങ്ങളോട് പറഞ്ഞ സമയത്ത് വീട്ടിലില്ലാതെ പോയത്. വരാന്‍ അല്‍പ്പം വൈകും.' ഡോണ പറഞ്ഞു. പിന്നെ ഞങ്ങളെ അകത്തേക്ക് വിളിച്ചിരുത്താന്‍ പരിചാരകന് നിര്‍ദേശം നല്‍കി.
ഉള്ളില്‍ കടന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് കുറേ കാറുകളാണ്. പത്തിരുപതെണ്ണം വരും. പലതിനും നമ്പര്‍ ഒന്ന്: '5555' സൗരവിന് വിവിധ ടൂര്‍ണമെന്റുകളില്‍ 'മാന്‍ ഓഫ് ദ സീരീസ്' അവാര്‍ഡായി ലഭിച്ച കാറുകളും ഇതില്‍പ്പെടും. വീടെന്ന് പറയാനാവില്ല. വലിയ ഒരു കൊട്ടാരം. 'ഇത് മുഴുവന്‍ സൗരവിന്റേതാണോ' - ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പരിചാരകന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ചണ്ഡീദാസിന്റെ കുടുംബം മുഴുവന്‍ ഈ വീട്ടിലാണ് താമസം. ബംഗാളികളുടെ രീതിയാണത്. സൗരവിന്റെ ചെറിയച്ഛന്മാരെല്ലാം ഉണ്ട്. ഓരോ കുടുംബവും പ്രത്യേകം പ്രത്യേകം ഭാഗത്താണ്. കുറേ വീടുകള്‍ ചേര്‍ന്ന വലിയൊരു തറവാടാണിത്.'

സൗരവിന്റെ സ്വീകരണമുറിയിലേക്കാണ് അയാള്‍ ഞങ്ങളെ കൊണ്ടുപോയത്. രാജകീയമായി സംവിധാനം ചെയ്തിരിക്കുന്ന വലിയൊരു ഹാള്‍. ഇറ്റാലിയന്‍ ഗ്ലാസും ചായക്കൂട്ടും ശില്‍പ്പങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. വലിയൊരു ഷോകെയ്സില്‍ നിറയെ സൗരവിന് ലഭിച്ചിരിക്കുന്ന ട്രോഫികള്‍, ഷീല്‍ഡുകല്‍, മെഡലുകള്‍, വിജയത്തിന്റെ സ്മാരകമായ സ്റ്റംപുകള്‍. ചുവരില്‍ നിറയെ സൗരവിന്റെയും ചേട്ടന്‍ സ്നേഹാശിഷിന്റെയും ഫോട്ടോകളാണ്. നാറ്റ്വെസ്റ്റ് ട്രോഫി ജയിച്ച ശേഷം സ്റ്റംപുയര്‍ത്തിപ്പിടിച്ച് ചാടിത്തുള്ളുന്ന സൗരവിന്റെ ഫോട്ടോയും സൗരവും ഡോണയും മകള്‍ സനയും ചേര്‍ന്നുള്ള രേഖാചിത്രവും പെട്ടെന്ന് കണ്ണില്‍പ്പെടും. സ്വീകരണമുറിയിലെ സെറ്റിയില്‍ ഈ കൗതുകങ്ങള്‍ കണ്ട് അഞ്ചുമിനിറ്റ് ഇരുന്നുകാണും.
ശീതളപാനീയവും മില്‍ക്ക് പേഡയും ഗുലാബ് ജാമും രസഗുളയും നിറച്ച പാത്രങ്ങളുമായി പരിചാരകരെത്തി. ബംഗാളികളുടെ ആതിഥ്യത്തിന്റെ മധുരം!
അത് കഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും പുറത്ത് കാറുവന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. അതാ സൗരവ് വരുന്നു. നീല ജീന്‍സും കടുംനീല നിറമുള്ള ടീഷര്‍ട്ടും ധരിച്ച സൗരവ് നേരെ ഞങ്ങളെ കാണാന്‍ സ്വീകരണമുറിയിലേക്ക് വന്നു. 'ഞാന്‍ വല്ലാതെ വൈകി, സുഹൃത്തുക്കളേ ക്ഷമിക്കണം'- ഭവ്യതയോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സംസാരിക്കുന്നത്. കൈപിടിച്ച് കുലുക്കിയ ശേഷം അരികില്‍ വന്നിരുന്നു.
സൗരവിനെക്കുറിച്ച് നേരത്തെ പലതും കേട്ടിരുന്നു. പത്രക്കാരെ അകറ്റിനിര്‍ത്തും. പെട്ടെന്ന് ക്ഷുഭിതനാവും. ഇടപഴകാന്‍ ബുദ്ധിമുട്ടുള്ള പ്രകൃതക്കാരനാണ് എന്നെല്ലാം. പക്ഷേ ആദ്യ ഇടപെടലില്‍തന്നെ എല്ലാ ധാരണകളും മാറ്റേണ്ടിവന്നു. ഒരു മറയുമില്ലാതെ സൗരവ് പെരുമാറുന്നു. സംസാരിക്കുമ്പോള്‍ മുഖത്ത് ചിരി മായുന്നേയില്ല. ഞാന്‍ ക്ലീന്‍ ബൗള്‍ഡായി.
രാവിലെ രണ്ടു മൂന്നു മണിക്കൂര്‍ ക്രിക്കറ്റ് പരിശീലനവും അതിനുശേഷം ഒരു പൊതുപരിപാടിയും കഴിഞ്ഞെത്തിയ മനുഷ്യനാണ്. സമയം ഉച്ച 12 മണി. ഉച്ചഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഉറപ്പ്. എന്നിട്ടും നാലു മണിക്കൂര്‍ സൗരവ് ഞങ്ങള്‍ക്കായി ചിലവഴിച്ചു. കൊല്‍ക്കത്തയില്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ ഇരിപ്പിടത്തിന് മുന്നിലെ ടീപ്പോയിയില്‍ കൊല്‍ക്കത്തക്കാരുടെ സ്വന്തം പത്രമായ ടെലിഗ്രാഫിന്റെ സ്‌പോര്‍ട്സ് പേജില്‍ ഫെഡറേഷന്‍ കപ്പിന്റെ റിപ്പോര്‍ട്ട്. കൊല്‍ക്കത്തക്കാരുടെ ഫുട്‌ബോള്‍ ഭ്രമത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ ക്ലാസുകളില്‍ സൗരവ് ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബോള്‍ ആണ് കളിച്ചത്. സ്‌കൂളില്‍ നല്ലൊരു ഫുട്‌ബോള്‍ ടീമുണ്ടായിരുന്നു. തുടരെ മാച്ചുകള്‍ കളിക്കും. അതിനിടെ പഠിക്കാന്‍ സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോഴാണ് കൂടുതല്‍ ക്രിക്കറ്റിനോട് അടുത്തത്. ഫുട്‌ബോളിനോട് പക്ഷെ ഇപ്പോഴും താല്‍പര്യമുണ്ട്. ടി.വി.യില്‍ യൂറോപ്യന്‍ ലീഗിലെ മത്സരങ്ങള്‍ കാണും. പിന്നെ കടുത്ത ഒരു ബ്രസീലിയന്‍ ഫാന്‍ ആണ്. രണ്ട് മാസം മുമ്പ് മാത്രമായിരുന്നു ഇന്ത്യന്‍ മാറഡോണ എന്നറിയപ്പെട്ടിരുന്ന കൃഷാനു ഡേ മരിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം കൃഷാനുവായിരുന്നുവെന്ന് സൗരവ് പറഞ്ഞു.
കൊല്‍ക്കത്തയിലെ ക്ലബ്ബുകളുടെ ആരാധകക്കൂട്ടങ്ങള്‍ തമ്മിലുള്ള കിടമല്‍സരത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ രസകരമായൊരു സംഭവവും സൗരവ് ഞങ്ങളുമായി പങ്കുവെച്ചു. സൗരവ് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. കൊല്‍ക്കത്തയിലെ ക്രിക്കറ്റ് ലീഗിലും മോഹന്‍ ബഗാന്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ വാശിയോടെ കളിച്ചു കൊണ്ടിരുന്ന സമയം. സൗരവിനെ പോലെ പ്രതിഭയുള്ള യുവകളിക്കാര്‍ ഈ ക്ലബ്ബ് അധികൃതരുടെ കണ്ണില്‍പെടുക സ്വാഭാവികമായിരുന്നു. സൗരവിന്റെ പിതാവ് ചണ്ഡീദാസ് ഗാംഗുലി ആര്യന്‍സ് ക്ലബ്ബിന് വേണ്ടി ക്രിക്കറ്റ് ലീഗില്‍ കളിച്ചിരുന്നു. ചേട്ടന്‍ സ്‌നേഹാശിഷ് അവിടെ സ്‌പോര്‍ട്ടിങ് യൂണിയന്റെ ക്യാപ്റ്റനും ആയിരുന്നു. എന്നാല്‍ സൗരവിന്റെ അകന്ന ബന്ധുവും ക്രിക്കറ്റ് പരിശീലകനുമായിരുന്ന മൊളോയ് ബാനര്‍ജി മോഹന്‍ ബഗാന്റെ കളിക്കാരനായിരുന്നു. തന്നെക്കാള്‍ പത്തുപതിനഞ്ച് വയസ്സിന് മുതിര്‍ന്ന മൊളോയിയുമായി സൗരവിന് നല്ല ബന്ധമാവുമുണ്ടായിരുന്നു. ചെറുപ്പത്തിലേ ഒരു ക്രിക്കറ്ററെന്ന നിലയില്‍ സൗരവിനെ പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മൊളോയ്.
മൊളോയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണര്‍ അരുണ്‍ലാലും ആയിരുന്നു അന്ന് ലീഗില്‍ ബഗാന്റെ പ്രധാന താരങ്ങള്‍. 1990-ല്‍ മൊളോയ് കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ അരുണ്‍ലാല്‍ പറഞ്ഞു, 'നിങ്ങള്‍ക്ക് പകരം മറ്റൊരു നല്ല കളിക്കാരനെ കണ്ടെത്തണം. എന്നിട്ടേ റിട്ടയര്‍ ചെയ്യാവൂ.' സൗരവ് മതിയാകുമോയെന്ന് അപ്പോള്‍ മൊളോയ് ചോദിച്ചു. സൗരവിനെക്കുറിച്ച് നല്ല മതിപ്പുണ്ടായിരുന്ന അരുണ്‍ലാല്‍ രണ്ടാമത് ഒന്നാലോചിക്കാതെ അത് ശരിവെയ്ക്കുകയും ചെയ്തു.
അടുത്തദിവസം മൊളോയ് വീട്ടില്‍ ചെന്ന് സൗരവിനെ കണ്ട് കാര്യം ധരിപ്പിച്ചു. ബഗാനു വേണ്ടി കളിക്കാന്‍ സമ്മതമായിരുന്നു സൗരവിന്. പക്ഷെ, ഒരു പ്രശ്‌നം. സൗരവിനെ ലീഗില്‍ സ്‌പോര്‍ട്ടിങ് യൂണിയനുവേണ്ടി കളിപ്പിക്കാമെന്ന് അച്ഛന്‍ വാക്കു കൊടുത്തിരുന്നു. അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കുകയാണെങ്കില്‍ ബഗാനുവേണ്ടി കരാര്‍ ഒപ്പു വെയ്ക്കാമെന്ന് സൗരവ് പറഞ്ഞു.

മൊളോയ് ചണ്ഡീദാസിനെ കണ്ടു. നാളെ ഇന്ത്യയ്ക്കു വേണ്ടി കളിക്കേണ്ടവനാണ് സൗരവ്. ഇപ്പോഴേ ജനക്കൂട്ടത്തിന് മുന്‍പില്‍ കളിച്ച് ശീലിക്കണം. ബഗാന് മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് കൂടുതല്‍ ആരാധകര്‍ ഉണ്ട്. ലീഗില്‍ കളിക്കുന്നത് വന്‍ജനക്കൂട്ടത്തിന് മുന്നിലാവും. ഇങ്ങനെ പല ന്യായങ്ങളും ചണ്ഡീദാസിന് മുന്നില്‍ നിരത്തിനോക്കി. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. 'സൗരവിനെ സ്‌പോര്‍ട്ടിങ് യൂണിയന് കളിപ്പിക്കാമെന്ന് ഞാന്‍ വാക്കു കൊടുത്തുപോയി. അത് മാറ്റാനാവില്ല.'- അതായിരുന്നു ചണ്ഡീദാസിന്റെ മറുപടി. മൊളോയ് സൗരവിന്റെ അമ്മയേയും കണ്ട് കാര്യമവതരിപ്പിച്ചു. പക്ഷെ, അവരും നിസ്സഹായയായിരുന്നു. 'ബഗാനു വേണ്ടി കളിക്കാന്‍ സൈന്‍ ചെയ്താല്‍ ചണ്ഡീദാസ് ചൂടാവും'- നിരൂപ പറഞ്ഞു. മൊളോയ് പക്ഷെ നിരാശനായില്ല. വീണ്ടും സൗരവിനെ കണ്ട് ചോദിച്ചു 'നാളെയെന്താണ് പരിപാടി?'
'എന്ത്, പതിവുപോലെ സ്‌കൂളില്‍ പോവും'- സൗരവ് പറഞ്ഞു. അടുത്തദിവസം രാവിലെ മൊളോയ് കാറുമായി സ്‌കൂളില്‍ ചെന്ന് സൗരവിനെ കൂട്ടിക്കൊണ്ടുപോയി. അരുണ്‍ലാലും ഒപ്പമുണ്ടായിരുന്നു. സൗരവിനെ നേരെ ബഗാന്‍ ഓഫീസില്‍ കൊണ്ടുപോയി സൈന്‍ ചെയ്യിച്ചു. അച്ഛന്റെ സമ്മതമില്ലാതെ ബഗാനുമായി കരാര്‍ ഒപ്പിട്ടതില്‍ വല്ലാതെ പേടിച്ചിരുന്നു സൗരവ്. ബഗാന്‍ ക്ലബ്ബിന്റെ നിയമങ്ങള്‍ കര്‍ശനമായിരുന്നു. സമൂഹത്തില്‍ മാന്യമായി പെരുമാറണം. അച്ഛനമ്മമാരെ അനുസരിക്കണം എന്നെല്ലാം. ക്ലബ്ബില്‍ ചേരാന്‍ ഒപ്പിട്ടാല്‍ ഏഴ് ദിവസത്തിനുള്ളില്‍ പിന്‍മാറാം. ചണ്ഡീദാസ് ഇക്കാര്യമറിഞ്ഞാല്‍ സൗരവിനെക്കൊണ്ട് അംഗത്വം പിന്‍വലിപ്പിക്കും. ഉറപ്പ്. പിന്നെ ഒറ്റ വഴിയേയുള്ളൂ. ഏഴ് ദിവസത്തേക്ക് സൗരവിനെ വീട്ടില്‍ അയയ്ക്കാതിരിക്കുക. മൊളോയിയും അരുണ്‍ലാലും കൂടി സൗരവിനെ പറഞ്ഞ് സമ്മതിപ്പിച്ച് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. സൗരവ് വീട്ടില്‍ ചെല്ലാതിരുന്നപ്പോള്‍ ചണ്ഡീദാസിന് കാര്യം പിടികിട്ടി. ക്ഷുഭിതനായി മൊളോയിയെ ചെന്നുകണ്ട് ചോദിച്ചു, 'സൗരവ് എവിടെ?' മൊളോയ് പറഞ്ഞു, 'എനിക്കറിയില്ല.' ചണ്ഡീദാസ് കൂടുതല്‍ ദേഷ്യപ്പെട്ട് തിരിച്ചുപോയി.
ഏഴ് ദിവസം കഴിഞ്ഞു. ഇനി ബഗാനില്‍ നിന്ന് സൗരവിന് പിന്മാറാനാവില്ല. വീട്ടില്‍ പോവാം, പക്ഷെ എങ്ങനെ പോവും? അച്ഛന്‍ എന്താണ് ചെയ്യുക എന്നറിയില്ല. സൗരവ് പേടിച്ചു വിറച്ചു. ഒടുവില്‍ കേസിലെ 'പ്രതികളായ' മൊളോയിയും അരുണ്‍ലാലും കൂടി തന്നെ സൗരവിനെ വീട്ടില്‍ കൊണ്ടാക്കാമെന്ന് തീരുമാനിച്ചു. മുന്നില്‍ മൊളോയ്, പിന്നില്‍ സൗരവ്, ഏറ്റവും പിറകിലായി അരുണ്‍ലാല്‍. ഇങ്ങനെയാണ് ഗേറ്റ് കടന്ന് വീട്ടിലേക്ക് ചെന്നത്. ചണ്ഡീദാസ് മൊളോയിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചു. കളിക്കാരനെന്ന നിലയില്‍ കൊല്‍ക്കത്തയില്‍ ആദരണീയനായ അരുണ്‍ലാല്‍ ഒപ്പമുള്ളതിനാലാവാം തല്‍ക്കാലം കയര്‍ത്ത് ഒന്നും പറഞ്ഞില്ല. പക്ഷെ, മൊളോയിയോടുള്ള ബന്ധമേ ചണ്ഡീദാസ് വിച്ഛേദിച്ചു. ഏതായാലും രണ്ടു വര്‍ഷം ബഗാനു വേണ്ടി സൗരവ് കളിച്ചു. ബഗാനുവേണ്ടി ലീഗില്‍ സൗരവിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു. ഏറെ ആരാധകരെ ലഭിച്ചു, കൊല്‍ക്കത്തയില്‍ സൗരവിന്.
കപില്‍ദേവിനേയും ഗാവ്‌സകറേയും ആരാധിച്ചു നടന്ന ബാല്യകാലത്തെ കുറിച്ച് പറഞ്ഞ സൗരവ് വികാരാധീനനായി.' അവരെപ്പോലെ ആവണമെന്ന് ഞാനാഗ്രഹിച്ചു. അവരെപ്പോലെ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ശ്രമിച്ചു. 1983-ല്‍ കപിലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചാമ്പ്യന്‍മാരായപ്പോള്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു, താനും ഇന്ത്യക്ക് വേണ്ടി ലോകകപ്പില്‍ കളിക്കുമെന്ന്. 'ആ രാത്രി ഞാനിന്നും ഓര്‍ക്കുന്നു. ഇന്ത്യ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ കീഴടക്കി ലോകക്രിക്കറ്റ് ചാമ്പ്യന്മാരായ രാത്രി! അന്ന് കൊല്‍ക്കത്തയിലെ തെരുവുകളൊന്നും ഉറങ്ങിയില്ല. നേരം പുലരുവോളം ആഘോഷങ്ങളായിരുന്നു. ആ മുഹൂര്‍ത്തങ്ങള്‍ എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. ഞങ്ങള്‍ കുട്ടികള്‍പോലും വല്ലാത്ത ത്രില്ലിലായിരുന്നു. ക്രിക്കറ്റ് കളിക്കാനും ജയിക്കാനും അന്ന് ആ വിജയം ഞങ്ങള്‍ക്കൊക്കെ പ്രചോദനമായി.'-സൗരവ് പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ തന്റെ ടീം ഓസ്‌ട്രേലിയക്കെതിരെ തോറ്റുപോയതിന്റെ വേദനയും സൗരവ് പങ്കുവെച്ചു.

അഭിമുഖം അവസാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, സൗരവിന്റെ ഒരു ജീവചരിത്രം എഴുതാന്‍ ആഗ്രഹമുണ്ട്. സമ്മതം കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ, അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 'നിങ്ങള്‍ക്ക് എന്നെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാമെന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ എന്നെ കുറിച്ച് എഴുതുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.'- അതായിരുന്നു സൗരവിന്റെ വാക്കുകള്‍. അതിനു ശേഷം തന്റെ ജീവിതത്തെ കുറിച്ച് അറിയുന്നതിന് ആരെയൊക്കെ കാണണം, എവിടെയൊക്കെ പോവണമെന്ന് സൗരവ് പറഞ്ഞു തന്നു. ഭാര്യ ഡോണ ഗാംഗുലി, ജ്യേഷ്ഠന്‍ സ്‌നേഹാശിഷ്, സുഹൃത്തായ മൊളോയ് ബാനര്‍ജി. അവരുടെയെല്ലാം ഫോണ്‍ നമ്പറുകളും അദ്ദേഹം തന്നെ തന്നു.
പിന്നീട് ആറേഴ് ദിവസങ്ങള്‍ കൂടി കൊല്‍ക്കത്തയില്‍ തങ്ങി ഞാന്‍ സൗരവിന്റെ ഉറ്റവരേയും സുഹൃത്തുക്കളേയും കണ്ട് സംസാരിച്ചു. സൗരവ് പഠിച്ച സ്‌കൂളിലും കളിച്ചു വളര്‍ന്ന ഗ്രൗണ്ടുകളിലും ചെന്നു. അദ്ദേഹത്തിന്റെ അദ്ധ്യാപകരേയും പരിശീലകരേയും കൂട്ടുകാരെയും കണ്ട് സംസാരിച്ചു, ഫോട്ടോകള്‍ എടുത്തു.
സൗരവിന്റെ ഭാര്യ ഡോണ ഗാംഗുലി പ്രസിദ്ധയായ ഒഡീസി നര്‍ത്തകിയാണ്. സൗരവിന്റെ വീട്ടിനടുത്തു തന്നെ അവര്‍ നടത്തുന്ന ദീക്ഷാമഞ്ജരിയെന്ന നൃത്ത വിദ്യാലയത്തില്‍ ചെന്നാണ് അവരെ കണ്ടത്. ലോകപ്രസിദ്ധ നര്‍ത്തകനായിരുന്ന കേളുചരന്‍ മഹാപത്രയുടെ ശിഷ്യ കൂടിയായ ഡോണ ഇന്ത്യക്കകത്തും പുറത്തുമായി ഒരുപാട് നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സൗരവും ഡോണയും തമ്മില്‍ ചെറുപ്പത്തിലേയുള്ള ഗാഢമായ പ്രണയമായിരുന്നു. മാമംഗള്‍ ചണ്ഡീഭവന്റെ അയല്‍പ്പക്കത്തായിരുന്നു ഡോണയുടെ വീട്. രണ്ടുപേരുടേയും പൂര്‍വികര്‍ മുമ്പ് ബിസിനസ് പങ്കാളികളുമായിരുന്നു. പക്ഷെ പില്‍ക്കാലത്ത് അവര്‍ ചില തര്‍ക്കങ്ങള്‍ കാരണം കൂട്ടുകച്ചവടം അവസാനിപ്പിച്ചു. അതുകൊണ്ട് തന്നെ സൗരവിന്റേയും ഡോണയുടേയും കുട്ടിക്കാലം തൊട്ടേ രണ്ട് കുടുംബങ്ങളും തമ്മില്‍ സ്വരചേര്‍ച്ചയിലായിരുന്നില്ല.
ഇവരുടെ പ്രണയം സ്വാഭാവികമായും രണ്ടു കുടുംബങ്ങളിലും കൊടുങ്കാറ്റുയര്‍ത്തി. ഒടുവില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ സൗരവ് ഡോണയെ റജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. വിവാഹ ശേഷം കുറച്ചുകാലം വീട് വിട്ട് അവര്‍ക്ക് വാടക വീട്ടില്‍ താമസിക്കേണ്ടിയും വന്നു. പ്രണയിച്ച പെണ്ണിനു വേണ്ടിയും ഗ്രൗണ്ടിനകത്ത് ടീമിന്റെ വിജയത്തിന് വേണ്ടിയും പടപൊരുതിയ സൗരവ് എന്ന പോരാളിയുടെ വ്യക്തിത്വം ശരിയായ രീതിയില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഡോണയുമായുള്ള കൂടിക്കാഴ്ച്ച.

സൗരവിന്റെ ജീവിതകഥ ആദ്യം പരമ്പരയായി മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ചു. പിന്നീടത് മാതൃഭൂമി ബുക്‌സ് പുസ്തകമായി ഇറക്കി. പുസ്തകത്തിന്റെ പ്രകാശനം താന്‍ തന്നെ നിര്‍വഹിക്കാമെന്ന് സൗരവ് മുമ്പേ വാക്കു തന്നിരുന്നു. 2005 മാര്‍ച്ചില്‍ പാകിസ്താനെതിരായ ഏകദിന മല്‍സരം കളിക്കാന്‍ കൊച്ചിയില്‍ വന്നപ്പോള്‍ സൗരവിനെ കുറിച്ച് ഞാനെഴുതിയ ജീവചരിത്രം 'മഹാരാജ' താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗരവ് തന്നെ പ്രകാശനം ചെയ്തു.
'എനിക്ക് മലയാളം വായിക്കാനറിയില്ലെങ്കിലും ഈ പുസ്തകത്തിനു പിന്നിലെ പ്രയത്‌നത്തെ ഞാന്‍ പൂര്‍ണമായും മനസ്സിലാക്കുന്നു. രണ്ടുവര്‍ഷത്തോളമായി ഞാനുമായി നിരന്തരബന്ധം പുലര്‍ത്തുന്ന വിശ്വനാഥിന്റെ സത്യസന്ധമായ ശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. എന്നെ കാണാനും സംസാരിക്കാനുമായി കേരളത്തില്‍നിന്നു പലതവണ എന്റെ വീട്ടിലെത്തി വളരയധികം ബുദ്ധിമുട്ടിയ വിശ്വനാഥിന് എന്റെ സര്‍വ ഭാവുകങ്ങളും.''-അന്ന് സൗരവ് പറഞ്ഞ ഈ നല്ല വാക്കുകള്‍ ഞാന്‍ മനസ്സില്‍ ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.
പിന്നെയും ഇന്ത്യയുടെ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ പലതവണ സൗരവിനെ കണ്ടിരുന്നു. കാണുമ്പോള്‍ സുന്ദരമായൊരു ചിരിയോടെ അഭിവാദ്യം ചെയ്യും. തന്റെ ബാറ്റിങ് ഫോം അല്‍പം മങ്ങിയിരിക്കുന്ന സമയത്ത് മൊഹാലിയില്‍ ഒരു മാച്ച് കളിക്കാന്‍ വന്ന സൗരവിനോട് ചോദ്യങ്ങളുമായി ഞങ്ങള്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടി. സൗരവിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാത്തതിനെ കുറിച്ചായിരുന്നു ഒരു റിപ്പോര്‍ട്ടറുടെ ചോദ്യം. ചിരിച്ചു കൊണ്ട് സൗരവ് പറഞ്ഞത് ഇങ്ങനെയാണ്. 'സുഹൃത്തേ, എല്ലാ മല്‍സരത്തിലും വലിയ സ്‌കോര്‍ അടിക്കാന്‍ കഴിയില്ല. നിങ്ങള്‍ തന്നെ എല്ലാ ദിവസവും എഴുതുന്ന റിപ്പോര്‍ട്ടുകള്‍ ഒരേപോലെ മികച്ചതാവാറുണ്ടോ?' ചിരിച്ചുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു പോവുമ്പോള്‍ ഇത്രയും കൂടി സൗരവ് കൂട്ടിച്ചേര്‍ത്തു.' എല്ലാ മല്‍സരത്തിലും സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഞാന്‍ സച്ചിനാവില്ലേ?'- അങ്ങനെ പറയാന്‍ സൗരവിന് മാത്രമേ കഴിയൂ.
സൗരവ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് പതിനൊന്ന് വര്‍ഷമായി. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സൗരവ് ഉണ്ടാക്കിയ സ്വാധീനം ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമ്പൂര്‍ണ സസ്യഭുക്കുകളായിരുന്ന ഇന്ത്യന്‍ ടീമിന് പല്ലും നഖവും നല്‍കിയ നായകനെന്നതാണ് സൗരവിന്റെ പ്രസക്തി. പ്രതിയോഗികള്‍ എത്രത്തോളം അഗ്രസ്സിവായാലും ശരീരഭാഷയിലോ പെരുമാറ്റത്തിലോ അല്‍പം പോലും ആക്രമണോല്‍സുകത പ്രകടമാക്കാതിരുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് ഓസ്‌ട്രേലിയക്കാരെയും ദക്ഷിണാഫ്രിക്കക്കാരെയും വെല്ലുന്ന ശൗര്യം പകര്‍ന്നു നല്‍കിയത് ഈ ബംഗാളിയാണ്. ബാറ്റ്‌സ്മാനു നേരെ പല്ലിളിച്ചു കാട്ടുന്ന ബൗളറുടെ മുഖത്ത് നോക്കി 'പോടാ പുല്ലേ' എന്ന് പറയാന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ശീലിപ്പിച്ചതും ദാദ തന്നെ.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍(1999 സെപ്തംബറില്‍) ടീമിന്റെ നായക പദവി ഏറ്റടുത്ത സൗരവ് പുതിയ നൂറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ ബ്രാന്റാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 2001-ല്‍ കൊല്‍ക്കത്തയില്‍ ഓസീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യ നേടിയ ജയമായിരുന്നു തുടക്കം. തുടര്‍ച്ചയായ 16 ടെസ്റ്റ് മാച്ചുകള്‍ ജയിച്ച് ലോക റെക്കോഡ് സൃഷ്ടിച്ചിരുന്ന സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയക്കെതിരെ നേടിയ ജയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉണര്‍ത്തു പാട്ടായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഫോളോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ചരിത്ര പ്രസിദ്ധമായ ഈ ജയം നേടിയത്. സൗരവിന്റെ പ്രചോദനാത്മകമായ ക്യാപ്റ്റന്‍സിയാണ് ഈ ജയം സാധ്യമാക്കിയതെന്ന് ആ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയ ശില്‍പ്പികളായിരുന്ന രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും ഹര്‍ഭജന്‍ സിങ്ങും ഏക സ്വരത്തില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹാട്രിക് നേടിയ ഹര്‍ഭജനെ സെലക്റ്റര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ സൗരവിന്റെ പിടിവാശി മൂലമായിരുന്നു. ഹര്‍ഭജന്‍ മാത്രമല്ല യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങി മഹേന്ദ്ര സിങ് ധോനി വരെ ഇന്ത്യന്‍ ടീമിലെത്തിയത് സൗരവിന്റെ താല്‍പര്യപ്രകാരമാണ്.
അടുത്ത വര്‍ഷം ജൂലായില്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി ഏകദിന ടൂര്‍ണമെന്റിനും ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രസക്തിയുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് അപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഉണ്ടെന്ന് തെളിയിച്ചത് സൗരവിന്റെ കീഴില്‍ ഇന്ത്യ കളിച്ച ഈ ചാമ്പ്യന്‍ഷിപ്പാണ്. സച്ചിന്‍ കളിച്ചാലേ ഇന്ത്യ ജയിക്കൂ എന്നൊരു വിശ്വാസം അടിയുറച്ചുപോയ ഘട്ടത്തിലായിരുന്നു ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മാച്ചുകളില്‍ സച്ചിന്‍ പരാജയപ്പെട്ടിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഫൈനലില്‍ മൂന്നു പന്തും രണ്ട് വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ ഐതിഹാസികമായ ജയം പൂര്‍ത്തിയാക്കിയപ്പോള്‍ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ ക്യാപ്റ്റന്‍ സാരവ് ഗാംഗുലി ഷര്‍ട്ടൂരി തലക്കു മുകളില്‍ ചുഴറ്റി കാണിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഫോക്‌ലോറിന്റെ ഭാഗമായി മാറുകയായിരുന്നു.
അതെല്ലാം എന്തുമാവട്ടെ. മാമംഗള്‍ ചണ്ഡീഭവനിലെ തലയെടുപ്പുള്ള മഹാരാജയും രസഗുളയുടെ മധുരവും ക്രീസില്‍ നിന്ന് പുലി കുതിക്കുന്ന പോലെ മുന്നോട്ടു ചാടി കളിക്കുന്ന ലോഫ്റ്റഡ് ഷോട്ടുകളും ഗ്യാലറിയുടെ പുറത്തേക്ക് പറക്കുന്ന പന്തും നിറഞ്ഞ ചിരിയും മുപ്പതിന്റെ ചെറുപ്പവുമൊക്കെയാണ് എനിക്കിപ്പോഴും സൗരവ്.
സച്ചിന്‍ തെണ്ടുല്‍ക്കറുമൊത്തുള്ള ലേഖകന്റെ അനുഭവം വായിക്കാം : ക്രിക്കറ്റ് പ്രാന്തനും സച്ചിനും
Content Highlights: Sourav Ganguly Life Story Indian Cricket Diary Of A Sports Reporter