2005 ഡിസംബറില്‍ കോഴിക്കോട്ടു നടന്ന ദേശീയ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നു. ടൂര്‍ണമെന്റില്‍ ആന്ധ്രയ്ക്കുവേണ്ടി കളിക്കാനെത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞത് മലയാളിയായ ദേശീയ ബാഡ്മിന്റണ്‍ റഫറി രമേശ് ആണ്. ബാഡ്മിന്റണില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഭാവി വാഗ്ദാനമാണെന്നും ഇപ്പഴേ പരിചയപ്പെട്ടു വെക്കുന്നത് നന്നായിരിക്കുമെന്നും ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അകവും പുറവും നന്നായി അറിയാവുന്ന രമേശ് പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. മാതൃഭൂമി സ്പോര്‍ട്സ് മാസികയ്ക്കുവേണ്ടി ഒരു അഭിമുഖം ആവശ്യപ്പെട്ടപ്പോള്‍ അവള്‍ ഫോണ്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കക്ക് കൈമാറി. ''അഭിമുഖമോ? സന്തോഷമേയുള്ളൂ, ഇങ്ങോട്ടുവന്നോളൂ.'' - പഴയൊരു ബാഡ്മിന്റണ്‍ കളിക്കാരികൂടിയായ അമ്മയുടെ മറുപടി. ഹോട്ടലില്‍ ചെന്നത് രമേശിനൊപ്പമാണ്. രമേശിന് അവരുടെ കുടുംബവുമായി അടുപ്പമുണ്ട്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ ആ പെണ്‍കുട്ടി അഭിമുഖത്തിന് തയ്യാറെടുത്ത് ഇരിക്കുകയായിരുന്നു. അമ്മയും ഒപ്പമുണ്ട്. നിഷ്‌കളങ്കമായ ചിരിയും ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന അതിമധുരമുള്ള പേഡയും തന്ന് അവര്‍ ഞങ്ങളെ സ്വീകരിച്ചു. പില്‍ക്കാലത്ത് ഇന്ത്യയുടെ അഭിമാനമായി മാറി, ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ വിസ്മയം സൃഷ്ടിച്ച സൈനാ നേവാളിനെ ആദ്യമായി കാണുന്നത് അങ്ങിനെയാണ്.

saina nehwal The girl who full fill her Desires one by one

ഞാന്‍ കൈയില്‍ കരുതിയിരുന്ന സ്പോര്‍ട്സ് മാസികയുടെ കവറിലെ സാനിയ മിര്‍സയുടെ ചിത്രത്തിലേക്ക് ദീര്‍ഘനേരം നോക്കിയിരുന്ന സൈനയുടെ കണ്ണുകളിലെ തിളക്കം ഇന്നും മനസ്സിലുണ്ട്. ഒരു ദിവസം നിങ്ങള്‍ക്ക് എന്റെ ചിത്രവും ഇതു പോലെ കവര്‍ പേജില്‍ പ്രിന്റ് ചെയ്യേണ്ടി വരുമെന്ന് പറയാതെ പറഞ്ഞതു പോലെ. സൈനയുടെ വാക്കുകളില്‍ തുളുമ്പിയിരുന്ന ആത്മവിശ്വാസം എന്നെ അദ്ഭുതപ്പെടുത്തി. അന്നത്തെ അഭിമുഖത്തിലുടനീളം സൈന ഊന്നിപ്പറഞ്ഞത് ഒരു കാര്യമായിരുന്നു. 'ഇന്ത്യയ്ക്കുവേണ്ടി കളിക്കണം, ഇംഗ്ലണ്ട് ഓപ്പണ്‍ പോലുള്ള വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ ജയിക്കണം, ഒളിമ്പിക്സ് മെഡല്‍ നേടണം.' പത്താം ക്ലാസുകാരി പെണ്‍കുട്ടിയുടെ അതിമോഹമോ അധികപ്രസംഗമോ ആയേ അന്നതിനെ കണ്ടിരുന്നുള്ളൂ. കാരണം ചൈനീസ് താരങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ലോക വനിതാ ബാഡ്മിന്റണ്‍ സര്‍ക്യൂട്ടില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഒന്നോ രണ്ടോ ജയങ്ങള്‍ നേടിയാല്‍ തന്നെ അന്നതൊരു അദ്ഭുതമായിരുന്നു. തന്റെ ജീവിതത്തേയും കരിയറിനേയും കുറിച്ച് സൈന പറഞ്ഞതെല്ലാം ഉള്‍പ്പെടുത്തി സ്പോര്‍ട്സ് മാസികയില്‍ വിശദമായ അഭിമുഖം പ്രസിദ്ധീകരിച്ചു. സൈന പറഞ്ഞത് ഓരോന്നും യാഥാര്‍ത്ഥ്യമായി മാറുന്നതാണ് പിന്നെ കണ്ടത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ നേട്ടം വരെയെത്തി ആ കുതിപ്പ്.

saina nehwal The girl who full fill her Desires one by one
മാതാപിതാക്കള്‍ക്കൊപ്പം

ബാഡ്മിന്റണ്‍ കുടുംബം

ഹരിയാണയിലെ ഹിസാര്‍ ജില്ലയില്‍ 1990 മാര്‍ച്ച് 17-നാണ് സൈന ജനിച്ചത്. അച്ഛന്‍ ഡോ. ഹർവീര്‍ സിങ്ങും അമ്മ ഉഷാറാണിയും ഹരിയാണയിലെ മുന്‍കാല ബാഡ്മിന്റണ്‍ താരങ്ങളാണ്. ഹർവീര്‍ സിങ്ങിന് ഹൈദരാബാദിലെ ഓയില്‍സീഡ്‌സ് റിസര്‍ച്ചിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ കുടുംബം ഹൈദരാബാദില്‍ സ്ഥിര താമസമാക്കി. സൈനയുടെ ആദ്യ പരിശീലകന്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ എസ്.എം ആരിഫ് ആയിരുന്നു. പിന്നീട് പുല്ലേല ഗോപീചന്ദിന്റെ അക്കാദമിയിലേക്ക് മാറി സൈന ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടുന്നത് ഗോപിയുടെ ശിക്ഷണത്തിലാണ്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന വെങ്കലമെഡല്‍ നേടിയപ്പോള്‍ പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു. കാരണം ഇന്ത്യന്‍ സ്പോര്‍ട്സിലെ ഇതിഹാസമായി പരിഗണിക്കപ്പെടുന്ന പ്രകാശ് പദുക്കോണിനോ സൈനയുടെ ഗുരു ഗോപീചന്ദിനോ പോലും സാധിക്കാത്ത നേട്ടമായിരുന്നു അത്. ലണ്ടനില്‍ ലീഗ് റൗണ്ടിലെ മൂന്നു മല്‍സരങ്ങളും നേരിട്ടുള്ള ഗെയിമുകളില്‍ ജയിച്ചുവെങ്കിലും ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ ടിനെ ബൈണിനെതിരെ കടുത്ത പോരാട്ടം വേണ്ടിവന്നു. (സ്‌കോര്‍ 21-15, 22-20) സെമിയില്‍ കരുത്തയായ ചൈനീസ് താരം വാങ് യിഹാനോട് പരാജയപ്പെട്ട ശേഷം വെങ്കലമെഡലിനായി ലൂസേഴ്‌സ് ഫൈനലില്‍ ചൈനയുടെ തന്നെ വാങ് ഷിനെ നേരിട്ടു. മത്സരത്തിനിടെ ഷിന്‍ പരിക്കേറ്റു പിന്‍വാങ്ങിയതോടെയാണ് സൈനയ്ക്ക് വെങ്കലമെഡല്‍ ലഭിച്ചത്. പില്‍ക്കാലത്ത് പി.വി. സിന്ധു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പ്രചോദനമായത് സൈനയുടെ നേട്ടം തന്നെ.

saina nehwal The girl who full fill her Desires one by one
ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കള്‍ പ്രവീണ്‍ കുമാര്‍, സൈന, മേരികോം, യോഗേശ്വര്‍ ദത്ത്

വിനയം എന്ന അലങ്കാരം

ഒളിമ്പിക്സിലെ നേട്ടത്തിന് ശേഷം ഒരിക്കല്‍ കൂടി സ്പോര്‍ട്സ് മാസികയ്ക്കുവേണ്ടി സൈനയുടെ അഭിമുഖം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തു. ഏഴ് വര്‍ഷം മുമ്പ് കോഴിക്കോട്ടു വെച്ച് നടത്തിയ അഭിമുഖം അവരുടെ ഓര്‍മയിലുണ്ടായിരുന്നു. ഗോപീചന്ദ് അക്കാദമിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. മുമ്പ് അവളുടെ വാക്കുകള്‍ അധികപ്രസംഗമെന്ന് കരുതിപ്പോയതിന് മനസ്സുകൊണ്ട് സൈനയോട് മാപ്പു ചോദിച്ചു കൊണ്ടാണ് അങ്ങോട്ട് പുറപ്പെട്ടത്. കാരണം അന്നത്തെ അതിമോഹങ്ങള്‍ മിക്കതും സൈന യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞിരുന്നുവല്ലോ?

saina nehwal The girl who full fill her Desires one by one
2005-ല്‍ ജൂനിയര്‍ താരമായിരുന്ന സൈനയെ ഇന്റര്‍വ്യു ചെയ്യുന്ന ലേഖകന്‍. അമ്മ ഉഷാറാണിയും ബാഡ്മിന്റണ്‍ റഫറി രമേശും സമീപം

ഒളിമ്പിക് മെഡല്‍ നേടിയ വലിയ താരമാണെന്ന ഗമയില്ലാതെ ഏറെ വിനയത്തോടെ, താല്‍പര്യത്തോടെയായിരുന്നു സൈന പെരുമാറിയത്. ബാഡിമിന്റണിലെ ചൈനീസ് താരങ്ങളുടെ ആധിപത്യത്തെ കുറിച്ചും അവരില്‍ നിന്ന് ചോദിച്ചു കൊണ്ടാണ് ഞാന്‍ അഭിമുഖത്തിന് തുടക്കമിട്ടത്. തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയായിരുന്നു മറുപടി. ''ബാഡ്മിന്റണില്‍ ഉയര്‍ന്ന ലെവലില്‍ കളിച്ച് മുന്‍നിരയില്‍ നിലകൊള്ളുകയെന്നത് തികച്ചും കഠിനമാണ്. ഏറെ വര്‍ഷമായി ആ കാഠിന്യം ഞാന്‍ അനുഭവിക്കുന്നു. പക്ഷേ അങ്ങനെയങ്ങ് പിന്‍മാറാന്‍ ഞാന്‍ തയ്യാറല്ല. ഇനിയും വര്‍ഷങ്ങള്‍ ലോകറാങ്കിങ്ങില്‍ മുന്‍നിരയില്‍ നിലകൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ കരിയര്‍ പ്ലാന്‍ചെയ്യുന്നത്. ആദ്യ പത്ത് റാങ്കിങ്ങിനുള്ളില്‍ ആറേഴ് ചൈനീസ് താരങ്ങള്‍ എപ്പോഴുമുണ്ടാവും. അവര്‍ പരിശീലത്തിനും മറ്റുമായി നിരന്തരം കളിച്ചുകൊണ്ടിരിക്കുന്നു, പരസ്പരം പ്രചോദിപ്പിച്ചും പിന്തുണച്ചും അവര്‍ മുന്നോട്ടുപോവുന്നു. അവരോട് അടിച്ചു നില്‍ക്കുകയെന്നത് വലിയ അധ്വാനംവേണ്ട ദൗത്യമാണ്. കൃത്യമായി പ്ലാന്‍ ചെയ്ത് പരിശ്രമിച്ചു കൊണ്ടിരിക്കുക. വിജയത്തിലേക്ക് കുറുക്കുവഴികളില്ലയെന്നത് ഞാന്‍ എന്നേ പഠിച്ച പാഠമാണ്. വിവിധ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റുകളിലായി ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഈ ചൈനീസ് താരങ്ങളെ ഞാന്‍ തോല്‍പ്പിച്ചിട്ടുണ്ട്.''

saina nehwal The girl who full fill her Desires one by one
ഗോപിചന്ദിനൊപ്പം

തന്റെ നേട്ടങ്ങളില്‍ ഗോപീചന്ദിനുള്ള പങ്കിനെ കുറിച്ചും സെന ഏറെ സംസാരിച്ചു. ''ഗോപി യഥാര്‍ത്ഥ ചാമ്പ്യനാണ്, മികച്ച പരിശീലകനാണ്, അതിനേക്കാളൊക്കെ വലിയ മനുഷ്യനും. സ്വന്തം കൈയ്യില്‍നിന്ന് പണം ചെലവഴിച്ചാണ് ഭാവിതലമുറയ്ക്കുവേണ്ടി ഇങ്ങനെയൊരു അക്കാദമി പടുത്തുയര്‍ത്തിയത്. അന്താരാഷ്ട്ര നിലവാരമുള്ള മികച്ചൊരു അക്കാദമിയാണിത്. എന്നെ ഗോപി ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നെ കുറച്ചുകാലം കൊണ്ട് അന്താരാഷ്ട്രതലത്തില്‍ മികവു കാട്ടാന്‍ കെല്‍പ്പുള്ള കളിക്കാരിയാക്കി മാറ്റി. ഒരു സ്ലോ റാലി പ്ലെയറായിരുന്നു ഞാന്‍. ഇപ്പോള്‍ കോര്‍ട്ടില്‍ എന്റെ വേഗതയും ഓരോ ഷോട്ടിനോടും പ്രതികരിക്കാനുള്ള കഴിവും വര്‍ധിച്ചുവെങ്കില്‍ അതില്‍ ഗോപിക്ക് വലിയ പങ്കുണ്ട്.''

saina nehwal The girl who full fill her Desires one by one
യു. വിമല്‍ കുമാറിനൊപ്പം

എന്നാല്‍  ഒളിമ്പിക്സ് കഴിഞ്ഞ് അധികം വൈകാതെ സൈന ഗോപിയെ വിട്ട് മലയാളിയായ പരിശീലകന്‍ യു. വിമല്‍ കുമാറിന്റെ ശിഷ്യയായി. ഗോപീചന്ദിന് കീഴില്‍ ഒട്ടേറെ താരങ്ങള്‍ ഉള്ളതുകൊണ്ട് തന്റെ കാര്യത്തില്‍ മാത്രമായി ശ്രദ്ധ പതിപ്പിക്കാന്‍ കഴിയില്ലെന്നതു കൊണ്ടാണ് ഈ മാറ്റമെന്നാണ് സൈന പറഞ്ഞത്. വിമലിന്റെ ശിക്ഷണത്തില്‍ 2014-ല്‍ ചൈനീസ് സൂപ്പര്‍ സീരിസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ സൈന 2016-ല്‍ ജക്കാര്‍ത്തയില്‍നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി.

ഗ്യാലറിയുടെ താരം

സൈന കളിക്കുന്നത് പ്രസ്ബോക്സിലും ഗ്യാലറിയിലുമിരുന്ന് എത്രയോ തവണ കണ്ടിട്ടുണ്ട്. കരുത്തരായ പ്രതിയോഗികള്‍ക്കെതിരേ കളിക്കുമ്പോള്‍ പിഴവുകള്‍ പറ്റുമ്പോള്‍ ഗ്യാലറിയിലേക്ക് തിരിഞ്ഞ് പിന്തുണക്കായി കാണികളോട് ആവശ്യപ്പെടാറുണ്ട്. സൈന അങ്ങനെ റാക്കറ്റ് ഉയര്‍ത്തി കാണിക്കുമ്പോള്‍ കാണികള്‍ അതിനൊത്ത് പ്രതികരിക്കുന്നതും ഈ ആരവങ്ങളില്‍ നിന്ന് കരുത്ത് നേടി  കളി മെച്ചപ്പെടുന്നതും കണ്ടിട്ടുണ്ട്. അങ്ങനെ കാണികള്‍ക്കൊപ്പം നിന്നു കൊണ്ട് അവര്‍ക്കു വേണ്ടി കളിക്കുന്ന താരമാണ് സൈനയെന്ന് തോന്നിയിട്ടുണ്ട്.

2016-ലെ റിയോ ഒളിമ്പിക്സില്‍ സൈന കളിച്ച രണ്ട് മാച്ചുകളും പ്രസ്ബോക്സില്‍ നിന്ന് മാറി വിരലിലെണ്ണാവുന്ന ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ഗ്യാലറിയില്‍ ഇരുന്നാണ് കണ്ടത്. ആദ്യ റൗണ്ടില്‍ തന്നേക്കാള്‍ ഏറെ താഴ്ന്ന റാങ്കിലുള്ള ബ്രസീലുകാരിക്കെതിരേ ജയിക്കാന്‍ സൈന പ്രയാസപ്പെടുന്നതു കണ്ടപ്പോഴേ അപകടം മണത്തിരുന്നു. അന്ന് ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയായിരുന്ന സൈന വലതു മുട്ടിലെ പരിക്ക് പൂര്‍ണമായി ഭേദമാവാതെയായിരുന്നു കോര്‍ട്ടിലിറങ്ങിയത്. രണ്ടാം റൗണ്ട് മല്‍സരത്തില്‍ ലോക റാങ്കിങ്ങില്‍ 61-ാം സ്ഥാനക്കാരിയായ ഉക്രൈന്‍താരത്തിനെതിരായ മല്‍സരത്തില്‍ പരിക്ക് സൈനയെ ശരിക്കും വിഷമിപ്പിക്കുന്നുണ്ടായിരുന്നു. ആ മല്‍സരത്തില്‍ തോറ്റപ്പോള്‍ രണ്ടാമതൊരു ഒളിമ്പിക്സ് മെഡല്‍ എന്ന സ്വപ്നവും പൊലിഞ്ഞു. മല്‍സരം കഴിഞ്ഞു പുറത്തേക്ക് വരുമ്പോള്‍ സൈനയെ കണ്ടു. കടുത്ത നിരാശയിലായിരുന്നു അവര്‍. വളരെ കുറച്ചു മാത്രമേ സംസാരിച്ചുള്ളൂ.

saina nehwal The girl who full fill her Desires one by one
പ്രകാശ് പദുക്കോണിനൊപ്പം

ഒരു കായിക താരമെന്നതിനുപരി തന്റെ വ്യക്തിത്വത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് ഉറച്ച ബോധ്യങ്ങളുള്ള പെണ്‍കുട്ടിയാണ് സൈനയെന്ന് ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ അനുഭവപ്പെട്ടിരുന്നു. തീര്‍ച്ചയായും പുതിയ ഇന്ത്യയുടെ സ്ത്രീത്വത്തിന്റെ മുഖമാണവര്‍. തന്റെ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് പെണ്‍കുഞ്ഞുങ്ങളോടുള്ള വൈമുഖ്യം കാരണം ചെറുപ്പത്തില്‍ അനുഭവിക്കേണ്ടി വന്ന അവഗണനയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സൈന തുറന്നടിച്ചിരുന്നു. ''പെണ്‍കുഞ്ഞാണ് എന്നതുകൊണ്ട് എന്റെ വലിയമ്മ എന്നെ കാണാനേ കൂട്ടാക്കിയിരുന്നില്ല. ഞാന്‍ ജനിച്ച് ഒരു മാസത്തിനുശേഷമാണ് അവര്‍ എന്നെ കാണാന്‍ വന്നതു തന്നെ. എന്റെ ചേച്ചി ജനിച്ച് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു എന്റെ ജനനം. കുടുംബത്തിലെ രണ്ടാമത്തെ കുഞ്ഞും പെണ്ണാണെന്നത് അവരെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഗണനയെ കുറിച്ച് എനിക്ക് മനസ്സിലാവും.'' - ഇതായിരുന്നു സൈനയുടെ വാക്കുകള്‍.

കുടുംബത്തില്‍ 'വേണ്ടാത്തവളാ'യിരുന്ന അതേ സൈന നേവാളാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ സ്ത്രീത്വത്തിനുതന്നെ അഭിമാനമായിമാറി രാജ്യത്തിനു വേണ്ടി വലിയ നേട്ടങ്ങള്‍ സമ്മാനിച്ചത്. ഒളിമ്പിക്‌സ് മെഡല്‍ നേടിയതിനുപുറമെ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ റണ്ണറപ്പ് പദവിയും സൈന സ്വന്തമാക്കി. ബാഡ്മിന്റണില്‍ ലോക ചാമ്പ്യന്‍പട്ടത്തിനും മുകളിലാണ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന് സ്ഥാനം. രണ്ടുപേര്‍ മാത്രമേ ഇന്ത്യയില്‍നിന്ന് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ജയിച്ചിരുന്നുള്ളൂ. 1980-ല്‍ പ്രകാശ് പദുക്കോണും 2001-ല്‍ പുല്ലേല ഗോപീചന്ദും. ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിതാതാരവും സൈന തന്നെ.

saina nehwal The girl who full fill her Desires one by one
സൈനയും പി. കശ്യപും

ഗോപീചന്ദ് അക്കാദമിയില്‍ വെച്ച് നടത്തിയ കൂടികാഴ്ച്ചക്കിടെ വിവാഹത്തേയും പ്രണയത്തേയും കുറിച്ച് സൈനയോട് ചോദിച്ചിരുന്നു. സുന്ദരവും നിഗൂഢവുമായ ഒരു ചിരിയോടെയയിരുന്നു മറുപടി. ''വിവാഹം ജീവിതത്തില്‍ വളരെ പ്രധാനമാണ്. പക്ഷേ ഇപ്പോള്‍ ഗെയിമില്‍തന്നെ ഫോക്കസ് ചെയ്തേ പറ്റൂ. വിവാഹം സംഭവിക്കേണ്ട സമയത്ത് അങ്ങ് സംഭവിക്കും.'' അതങ്ങനെ തന്നെ സംഭവിച്ചു. 2018 ഡിസംബറില്‍ ഇന്ത്യയുടെ മുന്‍നിര പുരുഷ താരവും ഗോപിചന്ദ് അക്കാദമിയില്‍ ട്രെയിനിങ് പാര്‍ട്ണറുമായ പി. കശ്യപും സൈനയും വിവാഹിതരായി. സൈന മെഡല്‍ നേടിയ ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിരുന്നു കശ്യപ്. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡലും നേടിയിട്ടുണ്ട്. 2002 മുതല്‍ ഒരുമിച്ച് പരിശീലിക്കാന്‍ തുടങ്ങിയത് തൊട്ടുള്ള ബന്ധമാണ് ഇവരുടെ വിവാഹത്തില്‍ കലാശിച്ചത്. കളിക്കളത്തിലെ തികഞ്ഞ രണ്ട് പ്രൊഫഷണലുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ശുഭകരമായ പരിസമാപ്തി.

Content Highlights: saina nehwal The girl who full fill her Desires one by one