ക്രിക്കറ്റ് പ്രാന്തന്‍-വീട്ടുകാരും കൂട്ടുകാരും ചെറുപ്പത്തില്‍ അനുഗ്രഹിച്ച് നല്‍കിയ പേരായിരുന്നു. പഠിക്കേണ്ട സമയത്ത് പഠിക്കാതെ പുതപ്പിനുള്ളില്‍ ട്രാന്‍സിസ്റ്റര്‍ ഒളിപ്പിച്ച് വെച്ച് ക്രിക്കറ്റ് കമന്ററി കേള്‍ക്കാന്‍ തുടങ്ങിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഇംഗ്ലീഷും ഹിന്ദിയും പൂര്‍ണമായി മനസ്സിലാവില്ല. പക്ഷെ ഇടയ്ക്ക് പറയുന്ന സ്‌കോറും ഒട്ട്, ബൗണ്ടറി, ചക്ക, ചൗക്ക തുടങ്ങിയ വാക്കുകളും ഗാവസ്‌കര്‍, കപില്‍ദേവ്, ഗുണ്ടപ്പ വിശ്വനാഥ്, കിര്‍മാനി, മദന്‍ലാല്‍, കീര്‍ത്തി അസാദ് തുടങ്ങി പ്രിയ താരങ്ങളുടെ പേരുകളും മതിയായിരുന്നു അങ്ങകെല ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ നടക്കുന്ന ക്രിക്കറ്റ് മല്‍സരങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരാന്‍. ഇംഗ്ലണ്ടിലും വെസ്റ്റിന്‍ഡീസിലും നടക്കുന്ന മല്‍സരങ്ങളുടെ കമന്ററി കേള്‍ക്കാന്‍ ഉറക്കമിളച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി ആകാശവാണിയില്‍ കേള്‍ക്കുന്ന കളിവിവരണങ്ങല്‍ക്ക് യേശുദാസിന്റേയും മുഹമദ് റാഫിയുടേയും ഗാനങ്ങളേക്കാള്‍ മാധുര്യമുണ്ടായിരുന്നു.

ടെസ്റ്റ് മാച്ചുകളില്‍ ഒരു ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഗാവസ്‌കറോ വിശ്വനാഥോ മൊഹീന്ദര്‍ അമര്‍നാഥോ അന്‍ശുമാന്‍ ഗെയ്ക്ക്‌വാദോ സെഞ്ച്വറിക്കരികെ നില്‍ക്കുകയാണെങ്കില്‍ അന്ന് രാത്രി എനിക്ക് ഉറക്കം കഷ്ടിയായിരുന്നു. കളി കഴിഞ്ഞ വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം മട്ടല്‍ ബാറ്റും റബ്ബര്‍ പന്തുമായി ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞാന്‍ ഗാവസ്‌കറായി സ്വയം സങ്കല്‍പിച്ച് ബൗണ്ടറിയടിച്ച് സെഞ്ച്വറി തികക്കും. ഇന്ത്യ നിര്‍ണായകമായ നാലാം ഇന്നിങ്‌സില്‍ ജയത്തിനോ അല്ലെങ്കില്‍ തോല്‍വി ഒഴിവാക്കാനോ ആയി (അന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ജയങ്ങള്‍ പൊതുവേ കുറവായിരുന്നു.) പൊരുതുന്ന ഘട്ടങ്ങളില്‍ ഞാന്‍ അനുഭവിച്ചിരുന്ന മനഃസമര്‍ദം അന്ന് ഗ്രൗണ്ടില്‍ നിന്നിരുന്ന കളിക്കാര്‍ക്ക് പോലും ഉണ്ടായിരുന്നിരിക്കില്ല.- അതെ ഞാന്‍ ഒരു ക്രിക്കറ്റ് പ്രാന്തനായിരുന്നു.

അങ്ങനെ പ്രാന്ത് തലയ്ക്ക് പിടിച്ചിരിക്കുമ്പോള്‍, എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ വാര്‍ത്ത വീട്ടില്‍ വരുത്തുന്ന മാതൃഭൂമി പത്രത്തില്‍ കാണുന്നത്. 'ലോകകപ്പിന് ഇന്ന് തുടക്കം.' എട്ടു കോളം വാര്‍ത്തക്ക് മുകളില്‍ ലോകകപ്പില്‍ കളിക്കുന്ന എട്ടു ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ ചിത്രവും. നമ്മുടെ ക്യാപ്റ്റന്‍ കപില്‍ദേവിന്റെ ഫോട്ടോ വെട്ടിയെടുത്ത് ഞാന്‍ പഠിക്കാനിരിക്കുന്ന മുറിയിലെ ചുവരില്‍ ഒട്ടിച്ചു വെച്ചു. ആദ്യ കളി വെസ്റ്റിന്‍ഡീസിനെതിരെയാണ്. പക്ഷേ  റേഡിയോയുടെ നോബ് എത്ര തിരിച്ചു നോക്കിയിട്ടും കമന്ററി കിട്ടിയില്ല. പിറ്റേ ദിവസം രാവിലെയാണ് അറിയുന്നത്. ഇന്ത്യ മുന്‍ ലോകചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചിരിക്കുന്നു. പിന്നീടങ്ങോട്ട് ഓരോ ദിവസവും ആകാംക്ഷയുടേയും അതിരുവിട്ട നെഞ്ചിടിപ്പിന്റേയും നാളുകളായിരുന്നു. എന്റെ മുറിയുടെ ചുമരില്‍ വെട്ടിയെടുത്ത് ഒട്ടിച്ച പേപ്പര്‍ കട്ടിങ്ങുകളിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പെരുകി വന്നു. കപില്‍ദേവ് സിംബാബ്‌വേയ്‌ക്കെതിരേ 175 റണ്‍സടിച്ച് ദിവസം അയാള്‍ ദൈവത്തിന്റെ അവതാരമാണെന്ന് ക്ലാസിലെ കൂട്ടുകാര്‍ക്ക് മുന്നില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഞാന്‍ പ്രസ്താവിച്ചു. അന്ന് എനിക്കത്ര ഇഷ്ടമില്ലാത്ത രസതന്ത്രം നോട്ടുബുക്കിന്റെ പുറകത്തെ പേജുകളില്‍ കപിലിനെ കുറിച്ചെഴുതിയ വാഴ്ത്തുമൊഴികളാണ് എന്റെ ആദ്യത്തെ സ്‌പോര്‍ട്സ് ലേഖനം. ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയതോടെ ഞാനത് തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇനി പഠനത്തില്‍ വലിയ ശ്രദ്ധയൊന്നും വേണ്ട. ഞാന്‍ ക്രിക്കറ്റ് താരമാവാന്‍ പോവുകയാണ്. ഇന്ത്യയ്ക്കു വേണ്ടി കളിക്കണം, ഒരിക്കല്‍ കൂടി ലോകകപ്പ് നേടണം. പിന്നീടങ്ങോട്ട് മാതൃഭൂമിയിലും ഹിന്ദുവിലും വരുന്ന രഞ്ജി ട്രോഫിയുടേയും ദുലീപ് ട്രോഫിയുടേയും റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയോടെ വായിക്കും. ഞാന്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോഴേക്കും (1991-ല്‍ നടന്നേക്കാവുന്ന ലോകകപ്പാണ് ലക്ഷ്യം) ആരൊക്കെയാണ് എനിക്കൊപ്പം, എന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കേണ്ട താരങ്ങള്‍ എന്ന് കണ്ടെത്താനായിരുന്നു ഈ വായന. കാര്യങ്ങള്‍ ഞാനത്രയ്ക്കങ്ങ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

Viswanath with Leander Paes And Sachin At Rio
റിയോ ഒളിമ്പിക്‌സില്‍ സാനിയ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന്റെ മല്‍സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ സച്ചിനു ലിയാണ്ടറിനുമൊപ്പം


 ഒന്‍പതം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു ബന്ധുവീട്ടില്‍ ടെലിവിഷന്‍ എത്തി.  ഇന്ത്യയുടെ മാച്ചുകള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യാനും തുടങ്ങി. ഓസ്‌ട്രേലിയയില്‍ നടന്ന ഒരു ത്രിരാഷ്ട്ര ക്രിക്കറ്റ് സീരിസില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരേ കളിക്കുന്നതും വെങ്‌സാര്‍ക്കറും ശ്രീകാന്തും കപില്‍ദേവും തകര്‍ത്തടിച്ച് ജയിക്കുന്നതും കണ്ട് ഞാന്‍ രോമാഞ്ചകഞ്ചുകമണിഞ്ഞു. പ്രീഡിഗ്രി കാലത്ത് കോളേജ് ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ സ്വപ്നങ്ങള്‍ സിനിമാസ്‌കോപ്പ് കളറിലായി. ഞങ്ങള്‍ക്കിതിരെ കളിക്കാനെത്തിയ ഒന്ന് രണ്ട് ലോക്കല്‍ ടീമുകള്‍ക്കെതിരെ പത്തും ഇരുപതും റണ്‍സെടുത്ത് കൂട്ടുകാരുടെ കൈയടി വാങ്ങി ഞാനങ്ങ് അര്‍മാദിച്ചു. പക്ഷെ ഡിഗ്രി ക്ലാസ്സിലെത്തുമ്പോഴേക്കും മനസ്സിലായി, ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്ന എന്റെ സ്വപ്‌നം നടക്കില്ല. കാരണം അപ്പോഴേക്കും സച്ചിനെന്ന ഒരു പതിനാറുകാരന്‍ ഇന്ത്യന്‍ ടീമിലെ എന്റെ സ്ലോട്ട് കൈയടക്കിക്കഴിഞ്ഞിരുന്നു. പക്ഷേ അപ്പോഴും ക്രിക്കറ്റിനോടുള്ള സ്‌നേഹം ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. പകരം സച്ചിനെന്ന പയ്യനെ ജീവന് തുല്യം സ്‌നേഹിക്കാനും ആരാധിക്കാനും തീരുമാനിച്ചു. അവന്‍ കളിക്കുന്ന ഓരോ ഇന്നിങ്‌സും എന്റെ ഹൃദയത്തിലേക്കായിരുന്നു. പിന്നെ ഞാന്‍ നെയ്‌തെടുത്ത സ്വപ്നം അടുത്ത കൂട്ടുകാരോടു പോലും പറയാതെ ഉള്ളിലൊളിപ്പിച്ചു. ഒരു സ്‌പോര്‍ട്സ് ലേഖകനാവണം, സച്ചിന്റ കളി നേരില്‍ കാണണം, അയാളെ ഇന്റര്‍വ്യൂ ചെയ്യണം അതായിരുന്നു അത്.

പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയെടുത്തതിനും മാതൃഭൂമി പത്രത്തില്‍ ജോലിക്ക് അപേക്ഷിച്ചതിനും പിന്നിലെ ലക്ഷ്യം അതു തന്നെയായിരുന്നു. രോഗി ഇച്ഛിച്ചത് തന്നെ വൈദ്യന്‍ വിധിച്ചു. മാതൃഭൂമി പത്രത്തിന്റെ സ്‌പോര്‍ട്‌സ് ഡെസ്‌ക്കിലും തുടര്‍ന്ന് സ്‌പോര്‍ട്‌സ് മാസികയിലും നിയമനം. എന്നിലെ ക്രിക്കറ്റ് പ്രാന്തനെ തിരിച്ചറിഞ്ഞ അന്നത്തെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി രാജഗോപാലും സ്‌പോര്‍ട്‌സ് മാസികയുടെ ചുമതലക്കാരനായിരുന്ന ഒആര്‍ രാമചന്ദ്രനും ക്രിക്കറ്റ് ഗ്രൗണ്ടുകളിലേക്ക് കയറൂരി വിട്ടു. മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്ത മത്സരങ്ങളിലെല്ലാം പ്രധാനമായും പിന്തുടര്‍ന്നത് സച്ചിനെ തന്നെ. 2001 ഡിസംബറില്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റായിരുന്നു ഞാന്‍ കവര്‍ ചെയ്ത സച്ചിന്‍ കളിച്ച ആദ്യ ക്രിക്കറ്റ് മല്‍സരം. ഇന്ത്യ ജയിച്ച ആ മല്‍സരത്തില്‍ ഒന്നാമിന്നിങ്‌സില്‍ സച്ചിന്‍ അഞ്ചാമനായാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. സച്ചിന്‍ കളിക്കാനിറങ്ങുമ്പോളും ബാറ്റുചെയ്യുമ്പോഴും ഗ്യാലറിയില്‍ നിന്ന് സച്ചിന്‍... സച്ചിന്‍... എന്ന ആരവും ഉയരുന്നു. പ്രസ്സ് ഗ്യാലറിയില്‍ ഇരിക്കുന്ന എന്റെ നെഞ്ചിനകത്തും അതേ മുഴക്കം. പക്ഷേ ഒട്ടും പുറത്തറിയിക്കാതെ ഗൗരവത്തോടെ ഇരുന്നു. കാരണം ഞാനിപ്പോള്‍ ആരാധകനല്ല, വലിയ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറാണ്. പെട്ടെന്ന് എന്റെ തൊട്ടുത്ത സീറ്റില്‍, ക്രിക്കറ്റ് കാണാന്‍ തുടങ്ങിയ കാലം തൊട്ടേ ഞാനാരാധിച്ചിരുന്ന സുനില്‍ ഗാവസ്‌കര്‍ വന്നിരിക്കുന്നു. സ്വപ്‌നമോ, യാഥാര്‍ഥ്യമോ? നുള്ളി നോക്കേണ്ട അവസ്ഥയായിരുന്നു. എന്റെ കണ്ണുകളിലെ ആരാധന തിരിച്ചറിഞ്ഞതു കൊണ്ടാവണം, അദ്ദേഹം എന്നോട് പേരു ചോദിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പത്രങ്ങള്‍ക്കായി കോളം എഴുതുന്ന ഗാവസ്‌കര്‍ മാധ്യമ പ്രവര്‍ത്തകനായാണ് വന്നിരിക്കുന്നത്. പ്രസ് ബോക്‌സിലെ കടുത്ത ആരാധകന്റെ സാന്നിധ്യം സച്ചിനും തിരിച്ചറിഞ്ഞിരിക്കണം. എനിക്കു വേണ്ടി 144 പന്തുകള്‍ നീണ്ട, സാമാന്യം ദീര്‍ഘമായ ഒരിന്നിങ്‌സ് കളിച്ചു. പക്ഷേ ഒരു സച്ചിന്‍ സെഞ്ച്വറി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. 88 റണ്‍സെടുത്ത് പുറത്തായി. മത്സരശേഷം പ്ലെയേഴ്‌സ് ഡ്രെസ്സിങ് റൂമിനു മുന്നില്‍ ചെന്ന് കാത്തിരുന്ന് സച്ചിനെ നേരില്‍ കണ്ടു, ഓട്ടോഗ്രാഫ് വാങ്ങി.

K.Viswanath Handing Over the book to Sachin
സച്ചിന്റെ ജീവിത കഥ സച്ചിന് നല്‍കുന്നു. സമീപം മുന്‍ ബി സി സി ഐ സെക്രട്ടറി എസ് കെ നായര്‍. ഫോട്ടോ: ബി ചന്ദ്രകുമാര്‍

ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ ലോകം മുഴുവന്‍ നിങ്ങള്‍ക്കായി ഗൂഢാലോചന നടത്തുമെന്നൊക്കെ പൗലോ കൊയ്‌ലോ എഴുതിയത് കൊണ്ടാണോ എന്നറിയില്ല, സച്ചിന്‍ കളിച്ച ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യാന്‍ എനിക്ക് പിന്നെയും പിന്നെയും അവസരം ലഭിച്ചു. എന്നാല്‍ സച്ചിനുമായി ഒരു അഭിമുഖമെന്ന മോഹം സാക്ഷാത്ക്കരിക്കാന്‍ മൂന്നു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2004-ല്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസീസ് ഇന്ത്യാ പര്യടനത്തിന് വന്നു. രണ്ടാം ടെസ്റ്റ് ചെന്നൈയില്‍. സൗരവ് ഗാംഗുലിയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. സച്ചിന്‍ ടെന്നിസ് എല്‍ബോ കാരണം വിഷമിക്കുന്ന സമയമാണ്. എങ്കിലും ഓസീസിനെതിരേ കളിക്കണമെന്ന ആഗ്രഹത്തോടെ ചെന്നൈയില്‍ വരുന്നു. സച്ചിനെ കാണണമെന്ന മോഹത്തോടെ മത്സരം കവര്‍ ചെയ്യാന്‍ ഞാനും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സെക്രട്ടറിയായിരുന്ന എസ്‌കെ നായര്‍, വാക്കുതന്നിരുന്നു. ഇത്തവണ വിശ്വനാഥിന് സച്ചിന്റെ ഇന്റര്‍വ്യൂ ലഭിച്ചിരിക്കും. മത്സരത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് എസ്.കെ ഫോണില്‍ വിളിച്ചു, 'സച്ചിന്റെ കൈയ്ക്ക് നല്ല വേദനയുണ്ട്. കളിക്കാനാവില്ല. നാളെ രാവിലെ തിരിച്ച് മുംബൈയിലേക്ക് പോവുകയാണ്. നമുക്ക് ഇന്നു രാത്രി തന്നെ താജ് ഹോട്ടലില്‍ പോയി സച്ചിനെ കാണണം.'  സച്ചിനെ കുറിച്ച് ഞാനെഴുതിയിരുന്ന പുസ്തകവും കൈയ്യില്‍ വെച്ചാണ് രാത്രി പോയത്. എസ്‌കെ പറഞ്ഞുറപ്പിച്ചത് പ്രകാരം ഞങ്ങള്‍ (എസ്‌കെ യും ഞാനും ഫോട്ടോഗ്രാഫര്‍ ബി ചന്ദ്രകുമാറും) മുറിയില്‍ ചെന്നു. കളിക്കാന്‍ കഴിയാത്തതില്‍ ദു:ഖിതനായിരുന്നു സച്ചിന്‍. എങ്കിലും അഭിമുഖത്തിന് ഇരുന്നു തന്നു. ചിരകാല അഭിലാഷം സാധ്യമായതിന്റെ അനുഭൂതിയിലായിരുന്നു എന്നിലെ സച്ചിന്‍ ആരാധകന്‍. സംസാരിച്ചു കഴിഞ്ഞ ശേഷം ഞാനെഴുതിയ പുസ്തകം അദ്ദേഹത്തിന് കൈമാറി. എസ്‌കെ മുമ്പേ തന്നെ അതിനെ കുറിച്ച് പറഞ്ഞിരുന്നതു കൊണ്ട് താല്‍പര്യപൂര്‍വം താളുകള്‍ മറിച്ചു നോക്കി. 'മലയാളമായതു കൊണ്ട് എനിക്ക് വായിക്കാനാവില്ല. പക്ഷേ അഞ്ജലിയുടെ(ഭാര്യ) സുഹൃത്തുണ്ട് മലയാളി, അവരോട് പറഞ്ഞ് ഞാനിതില്‍ എഴുതിയതെന്താണെന്ന് മനസ്സിലാക്കാം.' ആരാധകനായ ഗ്രന്ഥകര്‍ത്താവിനെ സച്ചിന്‍ ആശ്വസിപ്പിച്ചു. അഭിമുഖത്തിനിടെ പറഞ്ഞ ഒരു കാര്യം എന്റെ മനസ്സില്‍ തറച്ചു. സച്ചിന്‍ എന്ന വ്യക്തിയുടെ മഹത്വം വെളിവാക്കുന്ന വാക്കുകളായിരുന്നു അത്. യുവതാരങ്ങളോടുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന് ' മുതിര്‍ന്നവര്‍ പറയുന്നത് ശ്രദ്ധിക്കുക, അതിനനുസരിച്ച് തിരുത്തലുകള്‍ വരുത്തുക.' - അതായിരുന്നു മറുപടി.
 

K.Viswanath with Ajith Tendulkar
സച്ചിന്റെ റിട്ടയര്‍മെന്റ് മല്‍സരം നടക്കുമ്പോള്‍ വാംഖ്‌ഡെ സ്‌റ്റേഡിയത്തില്‍ സച്ചിന്റെ സഹോദരന്‍ അജിത്തിനൊപ്പം

പിന്നീട് ഇന്ത്യയുടെ ഏത് മത്സരത്തിന് പോവുമ്പോഴും പ്രധാന അജണ്ട സച്ചിനെ കാണുക എന്നാതായിരുന്നു. സച്ചിനെ കുറിച്ചാവും ഞാന്‍ ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ എഴുതിയതും. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ ഓരോ ലക്കത്തിനും സച്ചിന്റെ കവര്‍ ചിത്രം നല്‍കാന്‍ ഒആറിനെ സ്വാധീനിക്കാന്‍ ശ്രമിക്കും. 2013-ല്‍ സച്ചിന്‍ റിട്ടയര്‍ ചെയ്യുന്നുവെന്ന് അറിഞ്ഞ ആ നിമിഷം മാതൃഭൂമി പത്രത്തിന്റെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ രവിയേട്ടനെ (പികെ രവീന്ദ്രന്‍) ഫോണില്‍ വിളിച്ചു. മുംബൈ വാംഖ്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന റിട്ടയര്‍മെന്റ് മാച്ച് കവര്‍ ചെയ്യാന്‍ എന്നെ അയക്കണമെന്ന് രവിയേട്ടനോട് അപേക്ഷിച്ചു. വിശ്വനല്ലാതെ ആരാണ് ആ മാച്ചിന് പോവേണ്ടതെന്നായിരുന്നു ചിരിച്ചുകൊണ്ട് രവിയേട്ടന്റെ മറുപടി. മത്സരത്തിന്റെ മൂന്നു ദിവസം മുമ്പ് നവംബര്‍ പത്തിനു തന്നെ മുംബൈയിലെത്തി. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ബി മുരളീകൃഷ്ണന്‍, മാതൃഭൂമി ന്യൂസ് ചാനലിന്റെ സീനിയര്‍ ന്യൂസ് എഡിറ്ററും സ്‌പോര്‍ട്‌സ് ജേണലിസത്തില്‍ എന്റെ വഴികാട്ടികളില്‍ ഒരാളുമായ എബി ടി എബ്രഹാം, ക്യാമറാമാന്‍ എസ്‌ജെ സിനു (ഇപ്പോള്‍ ഫ്ലവേഴ്‌സ് ചാനലിലെ ജനപ്രിയ പരമ്പര ഉപ്പും മുളകിന്റെ സംവിധായകന്‍) അങ്ങനെ ഞങ്ങള്‍ നാലുപേരടങ്ങിയ സംഘം ഒരുമിച്ചായിരുന്നു. മുംബൈയില്‍ ചെന്ന് അടുത്ത ദിവസം സച്ചിന്‍ ജനിച്ചു വളര്‍ന്ന കിഴക്കന്‍ ബാന്ദ്രയിലെ സാഹിത്യ സഹവാസ് കോളനിയില്‍ പോയി. അവിടുത്തെ ഉഷാകാല്‍ എന്നു പേരായ കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സച്ചിന്‍ ബാല്യംകാലം ചെലവഴിച്ചത്. അവിടെയിപ്പോള്‍ അവിവാഹിതനായ ചേട്ടന്‍ അജിത്താണ് താമസം. സച്ചിന്റെ കുടുംബ വീട് തേടി വന്ന ടെലിവിഷന്‍ സംഘം സച്ചിന്റെ പഴയ കൂട്ടുകാരെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ താഴേക്ക് ഇറങ്ങി വന്ന അജിത്ത് എല്ലാവരേയും വെട്ടിച്ച് തന്റെ ബിഎംഡബ്ല്യു കാറിയല്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി. താടിയും മുടിയും നീട്ടി വളര്‍ത്തിയ അജിത്തിന് ഒരു സന്യാസിയുടെ ഭാവം. 'സന്യാസി തന്നെയാണ്. അവന്റെ ജീവിതം അങ്ങിനെയാണ്.'-കോളനിയില്‍ തെണ്ടുല്‍ക്കര്‍ കുടുംബത്തിന്റെ അയല്‍വാസിയും അജിത്തിന്റെ സമപ്രായക്കാരനുമായ അമല്‍ ഭട്ട് പറഞ്ഞു. സച്ചിനെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചതും കോച്ച് രമാകാന്ത് അച്‌രേക്കറുടെ കളരിയില്‍ എത്തിച്ചതും അജിത്തായിരുന്നു.

K.Viswanath with Anjali
സച്ചിന്റെ റിട്ടയര്‍മെന്റ് മല്‍സരം നടക്കുമ്പോള്‍ വാംഖ്‌ഡെ സ്‌റ്റേഡിയത്തില്‍ സച്ചിന്റെ ഭാര്യ അഞ്ജലിക്കൊപ്പം

മുംബൈ നഗരത്തിന്റെ ചരിത്രത്തിലെ തന്നെ വലിയ സംഭവങ്ങളിലൊന്നായി സച്ചിന്റെ റിട്ടയര്‍മെന്റ് മാറുന്നതാണ് പിന്നീട് കണ്ടത്. ആ ദിവസങ്ങളില്‍ മുംബൈ സംസാരിച്ചത് സച്ചിനിനെ കുറിച്ച് മാത്രമായിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിവസം തൊട്ട് വാംഖ്‌ഡേ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തി. സ്റ്റേഡിയം മുഴുവന്‍ സച്ചിന്‍... സച്ചിന്‍... എന്ന് ജപിച്ചു കൊണ്ടേയിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് മല്‍സരങ്ങള്‍ കവര്‍ചെയ്യാന്‍ പോവുമ്പോള്‍ എത്രയോ കാലമായി കേട്ടു കൊണ്ടിരിക്കുന്ന ആരവം ഇനി കേള്‍ക്കാനിവില്ലല്ലോ എന്ന ദു:ഖമായിരുന്നു അപ്പോഴെല്ലാം എന്റെ ഉള്ളില്‍ നിറഞ്ഞത്.
 

K.Viswanath with Sachin Tendulkar

സച്ചിന്‍ വാംഖ്‌ഡെയില്‍ കളിച്ച അവസാന ഇന്നിങ്‌സ് പോലും ക്രിക്കറ്റ് എന്ന കളിയോടുള്ള സച്ചിന്റെ സ്‌നേഹാതിരേകങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു.  ആധികാരികമായ ഷോട്ടുകള്‍ കണ്ട ഇന്നിങ്‌സ്. ഷില്ലിങ്‌ഫോര്‍ഡിനെ ബാക്ക്ഫൂട്ടില്‍ ഇറങ്ങി പോയന്റിലൂടെ ബൗണ്ടറി. തൊട്ടടുത്ത പന്തില്‍ ഏറ്റവും മികച്ച ഫോമിലുള്ളപ്പോള്‍ മാത്രം കളിച്ചു കണ്ടിട്ടുള്ള പാഡ്ല്‍ സ്വീപ്പ്. തന്റെ ടെസ്റ്റ് കരിയറിലെ 68-ാം അര്‍ധ ശതകം തികച്ച സച്ചിന്‍ ഒരു സെഞ്ച്വറിയുടെ പ്രതീക്ഷ ജനിപ്പിച്ച ശേഷമാണ് പുറത്തായത്. ഓഫ് സ്പിന്നര്‍ ദിയോനരേന്റെ (ദേവനാരാണന്‍) പന്ത് ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു. കട്ട് ചെയ്യാനായിരുന്നു സച്ചിന്റെ ശ്രമം. പക്ഷേ പന്ത് പിച്ചില്‍ കുത്തി പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ന്നു. ബാറ്റിനരികില്‍ തട്ടി തെറിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി മനോഹരമായൊരു ക്യാച്ചെടുത്തു. ആ നിമിഷത്തില്‍ വാംഖഡെ നിശബ്ദമായി.

പിന്നെ ത്രിവര്‍ണമുദ്രയുള്ള ആ ബാറ്റ് ഒരിക്കല്‍ക്കൂടി വായുവില്‍ ഉയര്‍ന്നു, പവലിയനിലേക്കുള്ള മടക്കയാത്ര, ബൗണ്ടറി വര കടക്കും മുമ്പ് സച്ചിന്‍ തിരിഞ്ഞു നോക്കി. കളിക്കളത്തോട് മനസ്സില്ലാമനസ്സോടെ വിടപറയുന്ന വേദന ആ നോട്ടത്തില്‍ നിറഞ്ഞുനിന്നു. വാംഖഡെ സ്‌റ്റേഡിയത്തിലെ പവലിയനിലേക്കുള്ള ഓരോ പടവുകള്‍ കയറുമ്പോഴും ഇനിയൊരു തിരിച്ചിറക്കമില്ല എന്ന വസ്തുത സച്ചിനെ വേദനിപ്പിച്ചിരിക്കണം. ആ ടെസ്റ്റ് നാലാം ദിവസം അവസാനിച്ചു. നവംബര്‍ 16-ന് രാവിലെ 11. 47 വെസ്റ്റിന്‍ഡീസിന്റെ അവസാന ബാറ്റ്‌സ്മാന്‍ ഷാനന്‍ ഗബ്രിയേലിന്റെ മിഡില്‍ സ്റ്റമ്പ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമദ് ഷമിയുടെ പന്തില്‍ കട പുഴകി. ഫൈന്‍ ലെഗ്ഗില്‍ നിന്ന് വിക്കറ്റിനടുത്തേക്ക് കുതിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു സ്റ്റമ്പ് പിഴുതെടുത്തു. 24 വര്‍ഷവും ഒരു ദിവസവും മുമ്പ് ആരംഭിച്ച, സ്വപ്‌നതുല്യമായ പ്രയാണം അവിടെ അവസാനിക്കുകയായിരുന്നു.
 
ചുറ്റും ഓടിക്കൂടിയ കൂട്ടുകാര്‍ രണ്ടു ഭാഗത്തായി നിരന്നു നിന്ന് 'ക്രിക്കറ്റിന്റെ ദൈവത്തിന്' പാതയൊരുക്കി. അവരുടെ പ്രിയപ്പെട്ട 'സച്ചിന്‍പാജി' ഓരോ ചുവടു വെക്കുമ്പോഴും അവരും മുന്നോട്ടുനീങ്ങി. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ അതിനെ വിശേഷിപ്പിച്ചത് ചലിക്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ എന്നാണ്. സ്മരണകള്‍ തുടിക്കുന്ന മൈതാനത്തുനിന്ന് ഊരിയെടുത്ത പച്ചമണ്ണിന്റെ നനവ് മാറാത്ത സ്റ്റമ്പ് ഉയര്‍ത്തിപ്പിടിച്ച് ലോകമെമ്പാടുമുള്ള ആരാധകരോട് സച്ചിന്‍ യാത്ര പറഞ്ഞു. സച്ചിന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇന്ത്യന്‍ താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച, അവനെ അന്ന് വഴി നടത്തിയ, സുനില്‍ ഗാവസ്‌കറും ദുലീപ് വെങ്‌സര്‍ക്കാറും ടീമില്‍ സച്ചിന്റെ കൂട്ടുകാരായിരുന്ന രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണും അപ്പോള്‍ ആ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു!

sachin book
പ്ലസ് ടു പാഠപുസ്തകത്തില്‍ സച്ചിനെ കുറിച്ചുള്ള പാഠവും (ഇടത്ത്) സച്ചിനെ കുറിച്ച് വിശ്വനാഥ് എഴുതിയ പുസ്തകത്തിന്റെ കവറും (വലത്ത്)

വികാരനിര്‍ഭരമായ യാത്രയപ്പിന് സച്ചിന്റെ മറുപടി, കേട്ടുനിന്നവരുടെ ഹൃദയത്തില്‍ തറച്ചു. നന്ദി പറയേണ്ടവരോടെല്ലാം അത് പറഞ്ഞേ തീരൂ എന്ന് സച്ചിന് നിര്‍ബന്ധമുണ്ടായിരുന്നു. പേരുകള്‍ വിട്ടുപോവാതിരിക്കാന്‍ എഴുതി തയ്യാറാക്കിയ പട്ടികയുമായാണ് അദ്ദേഹം വന്നത്. കുടുംബാംഗങ്ങള്‍, ആദ്യ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍, കൂട്ടുകാര്‍, സഹായികള്‍, പരിചരിച്ച ഡോക്ടര്‍മാര്‍, മാധ്യമങ്ങള്‍, ആരാധകര്‍... അങ്ങനെ ആരെയും വിട്ടുപോവാതെ... ദീര്‍ഘമായിരുന്നു ആ പ്രസംഗം. ഹൃദയത്തില്‍ കൊത്തി വലിക്കുമ്പോഴും സുഖമുള്ള ഒരനുഭവമായിരുന്നു. സച്ചിന്‍ കവിയുടെ മകന്‍ തന്നെയെന്ന് ബോധ്യപ്പെടുത്തിയ വാക്കുകള്‍.

അത് അവസാനിച്ചപ്പോള്‍ കൂട്ടുകാര്‍ വീണ്ടും ചുറ്റുംകൂടി. പിന്നെ കണ്ടത് രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ ലോകകപ്പ് ജയിച്ച സുന്ദര രാത്രിയില്‍ ഇതേ സ്‌റ്റേഡിയത്തില്‍ കണ്ടതിന്റെ തനിയാവര്‍ത്തനം. കൂട്ടുകാരുടെ ചുമലില്‍ മൈതാനത്തിന് ചുറ്റും ഒരു യാത്ര. ഭാര്യ അഞ്ജലിയും മക്കള്‍ സാറയും അര്‍ജുനും അവരെ അനുഗമിച്ചു. ആദ്യം ചുമലിലേറ്റിയത് ടീമിന്റെ ക്യാപ്റ്റന്‍ ധോനിയും വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുമായിരുന്നു. എല്ലാം അവസാനിച്ചപ്പോള്‍ സച്ചിന്‍ പതുക്കെ മൈതാനത്തിന് നടുവിലേക്ക് നടന്നു. തന്റെ കരിയറിലെ നിര്‍ണായക വഴിത്തിരുവുകള്‍ക്ക് വേദിയായ വാംഖഡെയിലെ വിക്കറ്റില്‍ നിന്ന് ഒരുപിടി മണ്ണ് വാരിയെടുത്ത് നെറ്റിയില്‍ വെച്ചു. അപ്പോള്‍ ലിറ്റില്‍ മാസ്റ്ററുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ണുനീര്‍ തുടച്ചു കൊണ്ട് പവലിയനിലേക്ക് നടക്കുമ്പോള്‍ ആ സ്‌റ്റേഡിയത്തിന്റെ പടവുകളില്‍ കണ്ണീരൊഴുക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.
 
കണ്ണീര്‍ ഉണങ്ങുന്നതിനുമുമ്പാണ് സന്തോഷാശ്രുക്കളുമായി ആ വാര്‍ത്തയെത്തിയത്. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം സച്ചിന് സമ്മാനിക്കുന്നു. പെട്ടെന്ന് മുംബൈയുടെ മുഖം പ്രസന്നമായി. മൊബൈലുകളില്‍ നിന്ന് സന്ദേശങ്ങള്‍ പറന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായികതാരം ഭാരതരത്‌നമാവുന്നത്. കാല്‍നൂറ്റാണ്ടോളം നീണ്ട തപസ്യക്ക്, ശരിയായ സമയത്ത് ലഭിച്ച അംഗീകാരം. ആ വിടവാങ്ങല്‍ ചടങ്ങ് സച്ചിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം വാംഖഡെ സ്റ്റേഡിയത്തിലെ പ്രസിഡന്റ്‌സ് ബോക്‌സില്‍ ഇരുന്ന് കാണാനായി എന്നതാണ് ഒരു സച്ചിന്‍ ആരാധകനെന്ന നിലയില്‍ എനിക്കുണ്ടായ ഭാഗ്യം. സച്ചിന്റെ അമ്മ രജനി തെണ്ടുല്‍ക്കറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ചുണ്ടുകള്‍ കടിച്ച് കരച്ചിലടക്കാന്‍ ശ്രമിക്കുകയാണ് അജിത്ത്. മറ്റൊരു സഹോദരന്‍ നിഥിന്‍, കറുത്ത കണ്ണട പൊക്കി കണ്ണുകള്‍ തുടയ്ക്കുന്നു. അവരുടെ കണ്‍മുന്നില്‍ താഴെ ഗ്രൗണ്ടില്‍ അവരുടെ പ്രിയപ്പെട്ട സച്ചു കണ്ണുകള്‍ നിറച്ചുകൊണ്ട് ഇടറുന്ന സ്വരത്തില്‍ സംസാരിക്കുകയാണ്. അവന്റ വികാരഭരിതമായ സ്വരം അവരെ കരയിപ്പിക്കാതിരിക്കുന്നതെങ്ങനെ?വീല്‍ ചെയറിലിരുന്നാണ് രജനി മകന്റെ അവസാനമത്സരം കാണുന്നത്. അല്പം മാറി നിഥിനും അജിത്തും ഇരിക്കുന്നു. സച്ചുവിന്റ പ്രിയപ്പെട്ട അമ്മായിയും അവര്‍ക്കൊപ്പമുണ്ട്. അല്പമകലെ ഭാര്യ അഞ്ജലിക്കൊപ്പമിരിക്കുന്ന സച്ചിന്റെ മകള്‍ സാറ ഇടയ്ക്കിടെ എഴുന്നേറ്റുവന്ന് ദാദിയുടെ സുഖവിവരങ്ങള്‍ തിരക്കുന്നു. രജനിയുടെ വലിഞ്ഞുമുറുകിയ മുഖം സാറയെ കാണുമ്പോള്‍ മാത്രം അല്പം പ്രസന്നമാവുന്നു. 

Sachin Tendulkar


ഇന്ത്യ വിജയം പൂര്‍ത്തിയാക്കിയപ്പോള്‍ അജിത്തും നിഥിനും എഴുന്നേറ്റുനിന്ന് കൈയടിച്ചു. അഞ്ജലിയും സാറയും സച്ചിനൊപ്പം ചേരാന്‍ ഗ്രൗണ്ടിലേക്ക്. മുന്‍ നിരയില്‍ ഇരിക്കുകയായിരുന്ന ബ്രയാന്‍ ലാറ ഒപ്പമുണ്ടായിരുന്ന മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡിന് സാറയെ കാണിച്ചുകൊടുക്കുന്നു. സാറ ഇരുവരേയും വണങ്ങി തിരക്കിട്ട് അമ്മയ്ക്കാപ്പം നടന്നു. സച്ചിന്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ അച്ഛനെക്കുറിച്ച് പറഞ്ഞപ്പോള്‍ രജനിയുടെ കണ്ണുകളില്‍ തളംകെട്ടി നിന്ന കണ്ണീര്‍ പുറത്തക്കൊഴുകി. പൊതുവേ വികാരങ്ങള്‍ പുറത്തുകാണിക്കാത്ത അജിത്തും എത്ര ശ്രമിച്ചിട്ടും വിതുമ്പിപ്പോയി. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ പിന്‍നിര യില്‍നിന്ന് എഴുന്നേറ്റുവന്ന് അജിത്തിനെ കെട്ടിപ്പിടിച്ചു. അച്ഛന്‍ രമേഷിനെപ്പോലെ മറാത്താ കവിയായ നിഥിന്‍ കണ്ണുകള്‍ നിറച്ചുകൊണ്ട് പുഞ്ചിരിച്ചു.

2016-ല്‍ ബ്രസീലിലെ റിയോ ഡി ജനിറോയില്‍ നടന്ന ഒളിമ്പിക്‌സ് മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യാന്‍ പോയപ്പോള്‍ സച്ചിന്‍ അവിടെ ഉണ്ടായിരുന്നു. ഇന്ത്യന്‍ സംഘത്തിന്റെ മത്സരം നടക്കുന്ന സ്‌റ്റേഡിയങ്ങളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് സച്ചിന്‍ ഓടി നടക്കുന്നു.  തെന്നിവീണ് കാലില്‍ കരിക്കേറ്റതു കാരണം ക്രെച്ചസ്സുമായായിരുന്നു അദ്ദേഹം വന്നത്. ടെന്നീസ് മിക്‌സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ റൗണ്ട് മല്‍സരം കവര്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ഗ്യാലറിയില്‍ സച്ചിനുണ്ട്. സച്ചിന് തൊട്ടുത്ത് കളി കാണാന്‍ ചെന്നിരുന്നു. സാനിയ-രോഹന്‍ സഖ്യത്തിന്റെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോള്‍ തികഞ്ഞ ആധികാരികതയോടെ തന്നെ സച്ചിന്‍ സംസാരിച്ചു. ഇന്ത്യന്‍ സഖ്യത്തിന്റെ പ്രതിയോഗികളുടെ ശക്തി, ദൗര്‍ബല്യങ്ങളെ കുറിച്ചെല്ലാം തികഞ്ഞ ധാരണയുണ്ട്. മത്സരശേഷം സച്ചിനൊപ്പം പടമെടുക്കാന്‍ പലരുമെത്തി. അപ്പോള്‍ തന്റെ ഒപ്പമുണ്ടായിരുന്ന ടെന്നീസ് താരം ലിയാണ്ടര്‍ പേസിനു നേരെ ചൂണ്ടി അദ്ദേഹം പറഞ്ഞു.' ഇതാ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ യഥാര്‍ഥ ലജന്റ്. നിങ്ങള്‍ ലിയാണ്ടറിനൊപ്പം പടമെടുക്കൂ.ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്.' - അതാണ് സച്ചിന്‍. പോരുന്നതിന് മുമ്പ് ഇന്ത്യന്‍ കായികരംഗത്തെ രണ്ട് ലജന്റുകള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഹിന്ദു പത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് കാമേഷ് ശ്രീനിവാസന്‍ എടുത്തു തന്നു. കാമേഷിന് നന്ദി.

സച്ചിനിപ്പോള്‍ കളിക്കളത്തിലില്ല. പക്ഷേ, സച്ചിനോടുള്ള ഇഷ്ടം അവസാനിക്കുന്നില്ല. അതു തുടരുകയാണ്. ഒരു വലിയ സന്തോഷം കൂടി പങ്കുവെക്കട്ടെ. സച്ചിന്റെ അവസാന ടെസ്റ്റിനെ കുറിച്ച് ഞാന്‍ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ എഴുതിയ റിപ്പോര്‍ട്ട് 'വാംഖഡെയുടെ ഹൃദയത്തുടിപ്പുകള്‍'  എന്ന തലക്കെട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ മലയാളം പാഠപുസ്തകത്തില്‍ ഉപ്പെടുത്തി. സച്ചിനെ കുറിച്ച് ഞാനെഴുതിയ ലേഖനം എന്റെ രണ്ടു മക്കളും ക്ലാസില്‍ പഠിച്ചു. ഒരു സച്ചിന്‍ ആരാധകന് ആനന്ദലബ്ദിക്ക് ഇനിയെന്തു വേണം ! 

Content Highlights: Sachin Tendulkar Retirement Indian Cricket Diary Of A Cricket Reporter