ടുത്ത വര്‍ഷം ജനുവരി അഞ്ചിന് ഏകദിന ക്രിക്കറ്റിന് അമ്പത് വയസ്സ് തികയും. 1971 ജനുവരി ആദ്യ ആഴ്ചയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയിയും തമ്മില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മല്‍സരത്തിന്റെ ആദ്യ മൂന്നു ദിവസവും മഴ കാരണം കളി നടക്കാതിരുന്നതിനെ രണ്ടു ടീമുകള്‍ക്കും 40 ഓവര്‍ ബാറ്റ്ചെയ്യാന്‍ അവസരം നല്‍കുന്ന, ഒരു പകല്‍ മാത്രം നീളുന്ന മല്‍സരം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. അന്ന് ഒരു ഓവര്‍ എന്നു പറയുന്നത് ആറ് പന്തുകളായിരുന്നില്ല, എട്ടു പന്തുകളായിരുന്നു! അത് ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മല്‍സരമായി പരിഗണിക്കപ്പെട്ടു.

അന്ന് ഇംഗ്ലീഷ് ഓപ്പണര്‍ ജെഫ് ബോയ്ക്കോട്ടിനെതിരെ ഓസീസ് ഫാസ്റ്റ് ബൗളര്‍ ഗ്രഹാം മെക്കന്‍സി ആദ്യ പന്തെറിഞ്ഞപ്പോള്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിക്കപ്പെട്ടു (79കാരായ ബോയ്ക്കോട്ടും മെക്കന്‍സിയും ഇന്ന് ജീവിച്ചിരിപ്പുണ്ട്. ബോയ്ക്കോട്ട് പിന്നീട് 35 ഏകദിനങ്ങള്‍ കൂടി കളിച്ചു. മെക്കന്‍സി ഏകദിന അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചതേയില്ല.) ആ ആദ്യ ഏകദിന മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന് ഓസീസ് ജയിക്കുകയായിരുന്നു.

അതുവരെ ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം പരിചയിച്ചിരുന്ന കളിക്കാര്‍ക്കും കാണികള്‍ക്കും ഏകദിന മല്‍സരങ്ങളോട് വലിയ ഇഷ്ടംതോന്നി. ക്രിക്കറ്റിന്റെ ഭാവി ഏകദിനങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ ടീം തങ്ങളുടെ നാട്ടില്‍ പര്യനത്തിനെത്തിയപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കൂടി ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. പിന്നെ പതുക്കെ മറ്റു രാജ്യങ്ങളും ക്രിക്കറ്റിലെ പുതിയ ഫോര്‍മാറ്റിനെ ഏറ്റെടുത്തു.

ഇന്ത്യ ആദ്യമായി ഒരു ഏകദിന മല്‍സരം കളിച്ചതും ഇംഗ്ലണ്ടിനെതിരെയായിരുന്നു. 1974 ജൂലായ് 1-ന് ലീഡ്സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി സുനില്‍ ഗാവസ്‌കറാണ് ആദ്യ പന്ത് നേരിട്ടത്. ആദ്യമായാണ് നിയന്ത്രിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നതെങ്കിലും ഇന്ത്യക്കാര്‍ സാമാന്യം നന്നായി ബാറ്റു ചെയ്തു. നിശ്ചിത 55 ഓവറിലെ ഏഴ് പന്ത് ബാക്കിനില്‍ക്കെ 265 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ 82 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. പക്ഷെ ഇന്ത്യന്‍ നിരയിലെ യഥാര്‍ത്ഥ ഹീറോ ആറാമനായി ബാറ്റിങ്ങിനിറങ്ങി 78 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ 82 റണ്‍സ് നേടിയ ബ്രിജേഷ് പട്ടേലായിരുന്നു. മല്‍സരത്തില്‍ നാല് വിക്കറ്റിന് തോറ്റുവെങ്കിലും കന്നി മല്‍സരത്തില്‍ ഇന്ത്യന്‍ ടീം നടത്തിയ പ്രകടനം പ്രശംസ നേടി.

1975-ല്‍ ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിനും തുടക്കമിട്ടത് ഇംഗ്ലീഷ് ബോര്‍ഡിന്റെ മുന്‍കൈയ്യിലാണ്. ഇംഗ്ലീഷ് മണ്ണില്‍ നടന്ന ആ ആദ്യ ലോകകപ്പില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇംഗ്ലീഷ് ടീം പക്ഷേ സെമിയില്‍ ഓസ്ട്രേലിയയോട് തോറ്റു. ഫൈനലില്‍ ഓസീസിനെ കീഴടക്കി ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള കരീബിയന്‍ പട പ്രഥമ ലോകകപ്പില്‍ ചാമ്പ്യന്‍മാരാവുകയും ചെയ്തു. നാല് വര്‍ഷം കഴിഞ്ഞ് ഇംഗ്ലണ്ടില്‍ തന്നെ അരങ്ങേറിയ രണ്ടാം ലോകകപ്പിലും വെസ്റ്റിന്‍ഡീസ് ജയം ആവര്‍ത്തിച്ചു. 1983-ല്‍ മൂന്നാം തവണയും ഇംഗ്ലീഷ് മണ്ണില്‍ നടന്ന ലോകകപ്പിലാണ് അനശ്ചിതത്വം ക്രിക്കറ്റിന്റെ പ്രത്യേകിച്ചും ഏകദിന മല്‍സരങ്ങളുടെ മുഖമുദ്രയാണെന്ന് വ്യക്തമായി സ്ഥാപിക്കപ്പെട്ടത്.

ഹാട്രിക് വിജയം ലക്ഷ്യമിട്ട് തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പിന്റെ ഫൈനല്‍ കളിക്കാനിറങ്ങിയ വിന്‍ഡീസിനെ അന്ന് ലോകക്രിക്കറ്റിലെ ശിശുക്കളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കപില്‍ദേവിന്റെ ഇന്ത്യ അട്ടിമറിച്ചു. ഇന്ത്യയുടെ ഈ അപ്രതീക്ഷിത കിരീടധാരണം സത്യത്തില്‍ ഏകദിന ക്രിക്കറ്റിന്റെ ഭാഗദേയം തന്നെ മാറ്റിമറിക്കുകയായിരുന്നു. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയിലെ ജനകോടികള്‍ ഏകദിന ക്രിക്കറ്റിനെ ഹൃദയത്തിലേറ്റാന്‍ ഈ ലോകകപ്പ് വിജയം വഴിതെളിച്ചു.

ഏകദിന ക്രിക്കറ്റിനെ കൂടുതല്‍ ആകര്‍ഷകവും ജനപ്രിയവും ആക്കി മാറ്റാനുള്ള പരിശ്രമങ്ങളാണ് പിന്നീട് നടന്നത്. അതുവരെ അറുപത് ഓവറായിരുന്ന മല്‍സരങ്ങള്‍ അമ്പത് ഓവറായി കുറച്ചു. ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയങ്ങളിലേക്ക് ക്രിക്കറ്റ് കൂടുമാറി. വെള്ളപന്തും കളര്‍ ജേഴ്സികളും  പവര്‍പ്ലേകളുമെല്ലാം പടിപടിയായി അവതരിപ്പിക്കപ്പെട്ടു.

ഈ ലേഖനം ടൈപ്പ് ചെയ്യുമ്പോള്‍ 4255 അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങള്‍ ലോകത്ത് അരങ്ങേറിക്കഴിഞ്ഞു. കളിച്ച മല്‍സരങ്ങളുടെ എണ്ണത്തില്‍ 987 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞ ഇന്ത്യയാണ് മുന്നില്‍. പക്ഷെ വിജയങ്ങളില്‍ മുന്നില്‍ 949 മല്‍സരങ്ങളില്‍ നിന്ന് 575 ജയം നേടിയ ഓസീസ് ആണ്. ഇന്ത്യ 513 ജയങ്ങളാണ് നേടിയത്. അര നൂറ്റാണ്ട് തികക്കുന്ന ഏകദിന ക്രിക്കറ്റിന്റെ വികാസപരിണാമങ്ങളുടെ സംഷിപ്ത ചരിത്രം ഇങ്ങനെയാണ്.

ക്രിക്കറ്റില്‍ ഏകദിന മല്‍സരങ്ങള്‍ വ്യാപകമായതോടെയാണ് ക്രിക്കറ്റില്‍ കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ ജന്മം കൊണ്ടത്. ആത്യന്തികമായി ഒരു ടീം ഗെയിം ആണെങ്കിലും ഏകദിന മല്‍സരങ്ങളുടെ ഘടന വ്യക്തിഗത പ്രകടനങ്ങള്‍ക്കും താരങ്ങള്‍ക്കും വലിയ പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ്. ക്ലൈവ് ലോയ്ഡും വിവിയന്‍ റച്ചാര്‍ഡ്സും ഇമ്രാന്‍ ഖാനും കപില്‍ദേവും തൊട്ടിങ്ങോട്ട് സച്ചിനും പോണ്ടിങ്ങും എബി ഡിവില്ലിയേഴ്സും സ്മിത്തും കോലിയും വരെ നീളുന്ന വലിയ താരങ്ങളുടെ പ്രഭയിലാണ് ഏകദിന ക്രിക്കറ്റിന്റെ ഉയിര്‍പ്പും കുതിപ്പും സംഭവിച്ചത്.

ആ ഒരു വസ്തുതയുടെ പശ്ചാത്തലത്തില്‍ അമ്പത് വര്‍ഷം കൊണ്ട് ഏകദിന ക്രിക്കറ്റില്‍ കളിച്ച താരങ്ങളില്‍ നിന്ന് എക്കാലത്തേയും മികച്ച ഒരു ലോക ഇലവന്‍ തിരഞ്ഞെടുക്കാനുള്ള പരിശ്രമമാണിവിടെ. ഒരേസമയം ശ്രമകരവും രസകരമായ ദൗത്യമാണത്.

diary of a spotrs reporter
ആഡം ഗില്‍ക്രിസ്റ്റ്

ഓപ്പണര്‍മാര്‍ തൊട്ട് തുടങ്ങാം. ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, കൃഷ്ണമചാരി ശ്രീകാന്ത്, മാര്‍ക്ക് ഗ്രേറ്റ്ബാച്ച്, സയിദ് അന്‍വര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, സനത് ജയസൂര്യ, മാത്യു ഹെയ്ഡന്‍, ഹര്‍ഷലെ ഗിബ്സ്, ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ ആക്രമണകാരികളെ മുഴുവന്‍ പരിഗണിച്ച ശേഷം വീരേന്ദര്‍ സെവാഗിനേയും ആഡം ഗില്‍ക്രിസ്റ്റിനേയുമാണ് ലോക ഇലവന്റെ ഓപ്പണര്‍മാരായി ഞാന്‍ നിയോഗിക്കുന്നത്.

odi eleven of all time without ms dhoni adam gilchrist included
വീരേന്ദര്‍ സെവാഗ്

അവര്‍ നേടിയ റണ്ണുകളേക്കാള്‍ കളിച്ച ശൈലിയാണ് അവരെ ലോക ഇലവനിലെത്തിക്കുന്നത്. ഏത് കരുത്തുള്ള ബൗളിങ് നിരക്കെതിരെയും പത്ത് ഓവര്‍ കൊണ്ട് സ്‌കോര്‍ 120 കടത്താന്‍ കെല്‍പ്പുള്ള ഓപ്പണിങ് ജോഡിയാണിത്.

ഗില്‍ക്രിസ്റ്റ് ടീമിലെത്തുന്നതോടെ വിക്കറ്റ്കീപ്പറേയും വേറെ അന്വേഷിക്കേണ്ടതില്ലല്ലോ? അതുകൊണ്ട് തന്നെ മഹേന്ദ്ര സിങ് ധോനിക്കും കുമാര്‍ സംഗക്കാരക്കും ഈ ഇലവനില്‍ ഇടമുണ്ടാവില്ല.

എന്റെ ടീമില്‍ വണ്‍ഡൗണായി ബാറ്റു ചെയ്യാനിറങ്ങുക വിവിയന്‍ റിച്ചാര്‍ഡ്സാണ്. അലന്‍ ബോര്‍ഡറേയും രാഹുല്‍ ദ്രാവിഡിനേയും റിക്കി പോണ്ടിങ്ങിനേയും എ ബി ഡിവില്ലിയേഴ്സിനേയും സ്റ്റീവന്‍ സ്മിത്തിനേയും പരിഗണിച്ച ശേഷമാണ് ഞാന്‍ റിച്ചാഡ്സിലേക്കെത്തിയത്.

odi eleven of all time without ms dhoni adam gilchrist included
വിവിയന്‍ റിച്ചാര്‍ഡ്സ്

ഇമ്രാന്‍ഖാനും കപില്‍ദേവും റിച്ചാര്‍ഡ് ഹാഡ്ലിയും ഇയാന്‍ ബോതവും തീതുപ്പികൊണ്ടിരുന്ന കാലത്ത് അവര്‍ക്കെതിരെയെല്ലാം അനായാസമായ സ്ട്രോക്ക് പ്ലേ കാഴ്ച്ചവെച്ച വിവിയന്‍ ഇല്ലാത്ത ഒരു ലോക ഇലവനെ കുറിച്ച് എനിക്ക് ആലോചിക്കാനേ വയ്യ.

odi eleven of all time without ms dhoni adam gilchrist included
സച്ചിന്‍ തെണ്ടുല്‍ക്കര്‍

ബാറ്റിങ് നിരയിലെ നാലാമന്‍ ജാവേദ് മിയാന്‍ദാദിനേയും ജോ റൂട്ടിനേയും സാക്ഷാല്‍ ബ്രയാന്‍ ലാറയെയേയും പിന്തള്ളിയെത്തുന്ന സച്ചിന്‍ തെണ്ടുല്‍ക്കറാണ്. എന്തുകൊണ്ട് സച്ചിന്‍ എന്നതിന് വിശദീകരണം ആവശ്യമില്ലെന്നാണ് എന്റെ നിലപാട്.

odi eleven of all time without ms dhoni adam gilchrist included
വിരാട് കോലി

അഞ്ചാമന്‍ വിരാട് കോലി. കെവിന്‍ പീറ്റേഴ്സനേയും യുവരാജ് സിങ്ങിനേയും മറികടക്കുന്ന കോലി കെയ്ന്‍ വില്യംസനെ പിന്നിലാക്കുന്നത് കടുത്ത മല്‍സരത്തിലൂടെയാണ്. ഏത് തരം ബൗളിങ്ങിനെതിരെയും ഏത് വിക്കറ്റിലും നടത്തുന്ന സ്ഥിരമായ പ്രകടനമാണ് സാങ്കേതിക തികവുള്ള ബാറ്റ്സ്മാനായ കോലിയെ ടീമിലെത്തിക്കുന്നത്.

odi eleven of all time without ms dhoni adam gilchrist included
സ്റ്റീവ് വോ

ആറാമതായി ബാറ്റിങ്ങിനിറങ്ങുക ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് വോയാണ്. അരവിന്ദ ഡിസില്‍വയോ മഹേല ജയവര്‍ധനയോ ഓസീസിന്റെ വണ്‍ഡേ സ്പെഷ്യലിസ്റ്റായിരുന്ന മൈക്കല്‍ ബെവനോ പോരേയെന്ന് പലരും നെറ്റിചുളിച്ചേക്കാം. പോരാ. ഇത്രയ്ക്ക് പ്രതിഭാധനരായ കളിക്കാരുടെ സംഘത്തെ നയിക്കാന്‍ സ്റ്റീവ് വോയെ പോലെ അതുല്യനായ ക്യാപ്റ്റന്‍ കൂടിയേ തീരൂ. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ ടീമിനെ വിജയ തീരത്തേക്ക് നയിക്കാന്‍ കഴിയുന്ന ബാറ്റ്സ്മാനെന്ന പരിഗണനയും സ്റ്റീവിന്റെ സെലക്ഷന് പിന്നിലുണ്ട്.

എന്റെ ലോക ഇലവനിലെ ഓള്‍റൗണ്ടര്‍ ജാക് കാലിസാണ്. ബോതം, കപില്‍, ഇമ്രാന്‍ എന്നിവരെ പോലും പിന്നിലാക്കുന്ന ഓള്‍റൗണ്ട് മികവ് കാലിസിനുണ്ടെന്ന് അയാളുടെ വ്യക്തിഗത റെക്കോഡുകളും കേളീശൈലിയും തെളിയിക്കുന്നു. ഷെയ്ന്‍ വാട്സനെയും ആന്‍ഡ്രൂ സൈമണ്ട്സിനേയും കാലിസ് പിന്തള്ളുന്നതും ഈ മാനദണ്ഡങ്ങള്‍ വെച്ചു തന്നെ. ബാറ്റിങ് ഓള്‍റൗണ്ടറെന്നോ ബൗളിങ് ഓള്‍റൗണ്ടറെന്നോ വിശേഷിപ്പിക്കാന്‍ കഴിയാത്ത വിധം സംതുലിത ഓള്‍റൗണ്ടറാണ് കാലിസ്.

odi eleven of all time without ms dhoni adam gilchrist included
ഗ്ലെന്‍ മഗ്രാത്ത്

ടീമിലെ പേസ് ബൗളര്‍മാര്‍ വസിം അക്രവും ഗ്ലെന്‍ മെഗ്രാത്തുമാണ്. മൈക്കല്‍ ഹോള്‍ഡിങ്, ജോയല്‍ ഗാര്‍നര്‍, കോട്ട്നീ വാല്‍ഷ്, കര്‍ട്ട്ലി ആംബ്രോസ്, വഖാര്‍ യൂനുസ്, ഷെയ്ന്‍ ബോണ്ട്, ബ്രെറ്റ് ലീ, ഷോണ്‍ പൊള്ളോക്ക്, ഷോയിബ് അക്തര്‍ എന്നിവരെയെല്ലാം ബൗളിങ്ങിലെ കൃത്യതയും സ്ഥിരതയും കൊണ്ട് അക്രം - മഗ്രോ സഖ്യം മറികടക്കുന്നു.

odi eleven of all time without ms dhoni adam gilchrist included
വസീം അക്രം

ഇനിയൊരു ലെഗ്സ്പിന്‍ - ഓഫ്സ്പിന്‍ സഖ്യം കൂടി വേണം. ലഗ്ഗിയെ കുറിച്ച് ചിന്തിക്കുമ്പോഴേ ഷെയ്ന്‍ വോണിന്റെ പേര് കടന്നു വരും. അനില്‍ കുംബ്ലെയെ കൂടി ഇവിടെ ഒന്ന് പരാമര്‍ശിക്കാമെന്നു മാത്രം.

odi eleven of all time without ms dhoni adam gilchrist included
ഷെയ്ന്‍ വോണ്‍

ഓഫ് സ്പിന്നറുടെ കാര്യത്തില്‍ തര്‍ക്കം നടക്കും. മുത്തയ്യ മുരളീധരന്റെ പേരാണ് മിക്കവരും മുന്നോട്ട് വെക്കുക. ഹര്‍ഭജന്‍ സിങ്ങ് എന്ന് കടുത്ത ഇന്ത്യന്‍ ആരാധകരും പറഞ്ഞേക്കാം. ഇടംകൈയ്യന്‍ ഓഫ് സ്പിന്നറായ ഡാനിയല്‍ വെറ്റോറിയെ കൂടി പരിഗണിച്ച ശേഷം ഞാന്‍ സഖ്ലയിന്‍ മുഷ്താഖിനെ സെലക്ട് ചെയ്യുകയാണ്. മുരളീധന്റെ പോലെ ദീര്‍ഘമായ കരിയറല്ല സഖ്ലയിനിന്റേത്. അയാളുടെ പകുതി വിക്കറ്റേ നേടിയിട്ടുമുള്ളൂ. പാക് ക്രിക്കറ്റിലെ ആഭ്യന്തര കലഹങ്ങള്‍ കാരണം സഖ്ലയിന്റെ പ്രതിഭയുടെ അമ്പത് ശതമാനം പോലും വിനിയോഗിക്കാന്‍ കഴിയാതെ പോയതാണ് അതിനു കാരണം.

odi eleven of all time without ms dhoni adam gilchrist included
സഖ്ലയിന്‍ മുഷ്താഖ്

മാരകമായ ദൂസര (ഓഫ് സ്പിന്നറുടെ റോങ് വണ്‍ ഡെലിവറി)യുടെ ഉപജ്ഞാതാവായ സഖ്ലയിനെ ഭയപ്പെട്ടതു പോലെ സച്ചിനും പോണ്ടിങ്ങും ലാറയും ഉള്‍പ്പെടെയുള്ള പ്രതിഭാശാലികളായ ബാറ്റ്സ്മാന്‍മാര്‍ മുരളിയെ ഭയന്നിരുന്നില്ലെന്നത് അവരോട് ചോദിച്ചാല്‍ വ്യക്തമാവും. സഖ്ലയിന്‍ കളിക്കുന്ന കാലത്ത് ഞാന്‍ ഇന്റര്‍വ്യൂ ചെയ്ത മികച്ച ബാറ്റ്സ്മാന്‍മാരില്‍ കൂടുതലും ഏറ്റവും ഭയപ്പെടുന്ന സ്പിന്നര്‍ ആരെന്ന ചോദ്യത്തിന് വോണിന് മുമ്പേ പറഞ്ഞിരുന്ന പേര് സഖ്ലയിന്റേതാണ്. ആപല്‍ക്കരമായ ക്ലീന്‍ ഓഫ്സ്പിന്നറുകളായിരുന്നു ഈ പാകിസ്താന്‍കാരന്‍ എറിഞ്ഞിരുന്നത്. ഓരോ ബോളിലും വരുത്തുന്ന വ്യത്യസ്ഥത കൊണ്ടും സഖ്ലയിന്‍ മുരളിക്ക് ഒരു പടി മുന്നില്‍ നില്‍ക്കുന്നു.

diary of a spotrs reporter
മഹേല ജയവര്‍ധനെ

ഇനി ഒരു പന്തണ്ടാമനാവാം. പ്രതിഭാശാലിയായ മധ്യനിര ബാറ്റ്സ്മാനും മികച്ച ഫീല്‍ഡറുമായ മഹേല ജയവര്‍ധനയെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത് ക്യാപ്റ്റനായി സ്റ്റീവ് വോ തന്നെ വേണമെന്നതു കൊണ്ടാണ്. അതുകൊണ്ട് മഹേലയെ പന്ത്രണ്ടാമനാക്കുന്നു. ഇനി വേണമെങ്കില്‍ നിര്‍ണായക മല്‍സരത്തില്‍ സ്റ്റീവിന് സ്വയം മാറിനിന്നുകൊണ്ട് റിച്ചാഡ്സിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച് മഹേലയെ കളിക്കാനിറക്കാവുന്നതും ആണ്. ജയിക്കുക എന്നതില്‍ കുറഞ്ഞ് ഒരു ലക്ഷ്യവുമില്ലാതിരുന്ന ഈ കംഗാരു നായകന്‍ അങ്ങനെയൊക്കെ ചെയ്തെന്നു വരും.

അപ്പോള്‍ നമ്മുടെ ലോക ഇലവന്‍ ഇങ്ങനെയാണ്...

വീരേന്ദര്‍ സെവാഗ് (ഇന്ത്യ), ആഡം ഗില്‍ക്രിസ്റ്റ് (ഓസ്ട്രേലിയ), വിവിയന്‍ റിച്ചാര്‍ഡ്സ് (വെസ്റ്റിന്‍ഡീസ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (ഇന്ത്യ), വിരാട് കോലി (ഇന്ത്യ), സ്റ്റീവ് വോ (ഓസ്ട്രേലിയ -ക്യാപ്റ്റന്‍), ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), വസീം അക്രം (പാകിസ്താന്‍), ഗ്ലെന്‍ മഗ്രാത്ത് (ഓസ്ട്രേലിയ), ഷെയ്ന്‍ വോണ്‍ (ഓസ്ട്രേലിയ), സഖ്ലയിന്‍ മുഷ്താഖ് (പാകിസ്താന്‍) പന്ത്രണ്ടാമന്‍ - മഹേല ജയവര്‍ധനെ (ശ്രീലങ്ക).

ഓസ്ട്രേലിയയില്‍ നിന്ന് നാലു പേര്‍. ഇന്ത്യയില്‍ നിന്ന് മൂന്ന്. രണ്ട് പാകിസ്താന്‍കാര്‍. ദക്ഷിണാഫ്രിക്കയിലും വെസ്റ്റിന്‍ഡീസിലും നിന്ന് ഓരോ പേര്‍ വീതം. പന്ത്രണ്ടാമന്‍ ശ്രീലങ്കക്കാരന്‍. ഏകദിന ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കളായ ഇംഗ്ലീഷുകാരോട് ക്ഷമ ചോദിക്കാനേ നിര്‍വാഹമുള്ളൂ.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന്‍?

ഇനി രസകരമായ മറ്റൊരു തിരഞ്ഞെടുപ്പു കൂടി. ഏകദിന ക്രിക്കറ്റില്‍ ഇന്നോളം കളിച്ചതില്‍ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന ബഹുമതി ആര്‍ക്കു നല്‍കും? ഏറെ ചിന്തിച്ചും വിവിധ ഘടകങ്ങള്‍ വിലയിരുത്തിയും ഞാനൊരു ഉത്തരം കണ്ടെത്തി. അതിനു ശേഷം ഈയൊരു ചോദ്യം ഫെയ്സ്ബുക്കിലെ എന്റെ സുഹൃത്തുക്കളോടായി ഉന്നയിച്ചു. കോലിയുടേയും സച്ചിന്റേയും പേരുകളാണ് ആദ്യം വന്നത്. മേല്‍പറഞ്ഞ ലോക ഇലവനില്‍ എനിക്ക് ഉള്‍പ്പെടുത്താനാവാതെ പോയ എ ബി ഡിവില്ലിയേഴ്സിന്റെയും മൈക്കല്‍ ബെവന്റേയും പേരും കുറച്ചധികം പേര്‍ മുന്നോട്ടു വെച്ചു. രണ്ടു പേര്‍ (ചെറിയാന്‍ പോള്‍, ഹരിലാല്‍ രാജഗോപാല്‍) മാത്രമാണ് എന്റെ മനസ്സിലുണ്ടായിരുന്ന ഉത്തരത്തിലേക്ക് വന്നത്. - അത് ആഡം ഗില്‍ക്രിസ്റ്റാണ്.

odi eleven of all time without ms dhoni adam gilchrist included
ഗില്‍ക്രിസ്റ്റിനൊപ്പം കെ.വിശ്വനാഥ്

സച്ചിന്‍, റിച്ചാര്‍ഡ്സ്, വോണ്‍, ലാറ, ഇമ്രാന്‍ഖാന്‍, പോണ്ടിങ് തുടങ്ങിയ മഹാരഥന്‍മാരെടെല്ലാമുള്ള ആദരവ് നിലനിര്‍ത്തി കൊണ്ട് തന്നെ ഞാന്‍ ഗില്‍ക്രിസ്റ്റിനെ ആ സിംഹാസനത്തിലിരുത്തുന്നു. സച്ചിനും റിച്ചാഡ്സിനും ലാറയ്ക്കും മുന്നിലാണോ ഗില്‍ക്രിസ്റ്റെന്ന് പലരും നെറ്റിചുളിക്കുന്നത് എനിക്ക് കാണാം. പക്ഷേ, ഏകദിന ക്രിക്കറ്റിലെങ്കിലും അതങ്ങനെയാണെന്ന് സമ്മതിച്ചു കൊടുക്കണം. (കടുത്ത സച്ചിന്‍ പക്ഷപാതിയായ ഞാന്‍ സത്യത്തില്‍ വലിയ വിഷമത്തോടെയാണ് ഇങ്ങനെ പറയുന്നത്. ടെസ്റ്റ് മല്‍സരങ്ങള്‍ കൂടി പരിണിക്കുമ്പോള്‍ സച്ചിനും ലാറയുമെല്ലാം ഗില്ലിലേക്കാള്‍ ഉയരത്തിലാണ് താനും.)

ഏകദിന ക്രിക്കറ്റ് ജന്മം കൊണ്ട 1971-ല്‍ ജനിച്ച ഗില്‍ക്രിസ്റ്റ് 25-ാം വയസ്സിലാണ് ഓസ്ട്രേലിയക്ക് വേണ്ടി ആദ്യ ഏകദിനം കളിക്കുന്നത് ( ടെസ്റ്റ് കളിക്കാന്‍ പിന്നെയും മുന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു). ഓസീസ് ക്രിക്കറ്റിലെ സെലക്ഷന്‍ സമ്പ്രദായമാണ് ഈ വൈകലിന് കാരണം. 2008-ല്‍ 35-ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നതിനിടെ 287 ഏകദിനങ്ങളാണ് ഗില്ലി കളിച്ചത്. ഈ മാച്ചുകളില്‍ നിന്ന് 16 സെഞ്ചുറിയടക്കം 9619 റണ്‍സാണ് നേടിയത്. ഒപ്പം 417 ക്യാച്ചും 55 സ്റ്റംപിങ്ങും.
 
ഇനി മറ്റൊരു കണക്ക് നോക്കാം. ഗില്ലി കളിച്ച 287 ഏകദിന മല്‍സരങ്ങളില്‍ 202-ലും ഓസീസ് ജയിച്ചിരുന്നു. മാത്രമല്ല സെഞ്ചുറി നേടിയ എല്ലാ മല്‍സരങ്ങളിലും ടീം ജയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു റെക്കോഡ് ഗില്‍ക്രിസ്റ്റിനേ കാണൂ. തുടക്കത്തിലേ ആഞ്ഞടിച്ച് ടീമിന് തകര്‍പ്പന്‍ തുടക്കം സമ്മാനിക്കുകയും വേഗത്തില്‍ റണ്‍ നേടാനുള്ള പരിശ്രമത്തിനിടെ പലപ്പോഴും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടാനാവാതെ പുറത്താവുകയും ചെയ്ത ഗില്ലിയുടെ ബാറ്റിങ് ശരാശരി 35.89 മാത്രമാണ്. പക്ഷെ ഓസീസ് ജയിച്ച മല്‍സരങ്ങളില്‍ അത് 41.16 ആണ്. താന്‍ കളിച്ചിരുന്ന കാലത്ത് ഓസീസ് നടത്തിയ അജയ്യമായ കുതിപ്പിന്റെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് ഗില്‍ക്രിസ്റ്റിന്റെ സാന്നിധ്യമായിരുന്നെന്ന് നിസ്സംശയം പറയാം. മറ്റൊരു കളിക്കാരന്റേയും സാന്നിധ്യം ഓസീസ് ടീമിനെ സംബന്ധിച്ചിടത്തോളം ഇത്രയ്ക്ക് നിര്‍ണായകമായിരുന്നില്ല. പിന്നെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ വിക്കറ്റിനു പിന്നില്‍ നടത്തിയ പ്രകടനം. അത് പിഴവുറ്റതും കിറുകൃത്യവുമായിരുന്നു.

മൂന്നു ഏകദിന ലോകകപ്പ്  വിജയങ്ങളില്‍ പങ്കാളിയാണ് ഗില്‍ക്രിസ്റ്റ്. (ഈ നേട്ടം കുറിച്ച മറ്റു രണ്ടു പേര്‍ കൂടിയുണ്ട്, ഗ്ലെന്‍ മഗ്രാത്തും റിക്കി പോണ്ടിങ്ങും.) ഗ്രില്‍ക്രിസ്റ്റ് കളിച്ച മൂന്നു ലോകകപ്പുകളിലും ഓസീസ് ജയിച്ചുവെന്നര്‍ത്ഥം. 1999, 2003, 2007 ലോകകപ്പുകളുടെ ഫൈനലുകളില്‍ അമ്പതിനു മുകളില്‍ സ്‌കോര്‍ ചെയ്ത ഗില്ലി 2007-ലെ ഫൈനലില്‍ ശ്രീലങ്കക്കെതിരെ 104 പന്തില്‍ നേടിയ 149 റണ്‍സ് ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി പരിഗണിക്കപ്പെടുന്നു.

പൊതുവേ വഴക്കാളികളെന്ന് പേരുകേട്ട ഓസീസ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ മാന്യതയുടെ പ്രതീകമായി നിലകൊള്ളാനും ഗില്ലിക്ക് കഴിഞ്ഞു. ഔട്ടാണെന്ന് മനസ്സിലായാല്‍ അമ്പയറുടെ വിധിക്ക് കാക്കാതെ പുറത്തേക്ക് നടക്കുന്ന ഗില്ലിയുടെ രീതി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിക്കറ്റിനു പിന്നില്‍ നിന്ന് തുടരെ തമാശകള്‍ പറഞ്ഞ് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഗില്ലി ഫീല്‍ഡിനകത്തും പുറത്തും ഒട്ടേറെ സുഹൃത്തുക്കളെ സമ്പാദിച്ചു.

മാതൃഭൂമിക്ക് വേണ്ടി ക്രിക്കറ്റ് മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കാലത്ത് രണ്ട് തവണ ഗില്‍ക്രിസ്റ്റിനെ ഇന്റര്‍വ്യു ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. ഏറ്റവും ബഹുമാനിക്കുന്ന ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ ഗില്ലി നല്‍കിയ മറുപടി ' അത് നിങ്ങളുടെ സച്ചിന്‍ ' എന്നായിരുന്നു. അതുകൊണ്ട് കൂടിയാവാം ഇപ്പോള്‍ എക്കാലത്തേയും മികച്ച ഏകദിന ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി സച്ചിനെ മറികടന്ന് ഗില്‍ക്രിസ്റ്റെന്ന് പറയാന്‍ എനിക്ക് മടിയില്ലാത്തത്.

അന്ന് ചോദിച്ച മറ്റൊരു ചോദ്യത്തിന് ഗില്‍ക്രിസ്റ്റ് നല്‍കിയ മറുപടിയും ഇപ്പോള്‍ മനസ്സിലുണ്ട്. കളിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള ഷോട്ട് ഏതാണെന്നായിരുന്നു ആ ചോദ്യം. ഗില്ലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ' അങ്ങനെയൊന്നുമില്ല സുഹൃത്തേ. എനിക്ക് റണ്‍ നേടിത്തരുന്ന ഏത് ഷോട്ടും എനിക്ക് പ്രിയപ്പെട്ടതാണ്. അത് എന്റെ ടീമിന്റ ജയത്തിന് കാരണമായെങ്കില്‍ കൂടുതല്‍ പ്രിയപ്പെട്ടതാവും. ' ഈ സമീപനം തന്നെയാണ് ഗില്ലിയെ വ്യത്യസ്ഥനാക്കി തീര്‍ത്തത്.

വായനക്കാർക്ക് അവരുടെ ലോക ഇലവനെ തിരഞ്ഞെടുക്കാം. താഴെയുള്ള ഫോം പൂരിപ്പിക്കൂ...

Content Highlights: odi eleven of all time without ms dhoni adam gilchrist included