ന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരുകാലത്തും പഞ്ഞമുണ്ടായിരുന്നില്ല. സുനില്‍ ഗാവസ്‌കര്‍, ഗുണ്ടപ്പ വിശ്വനാഥ്, മൊഹീന്ദര്‍ അമര്‍നാഥ്, ദുലീപ് വെങ്‌സര്‍ക്കാര്‍ തുടങ്ങിയവരായിരുന്നു ക്രിക്കറ്റ് മല്‍സരങ്ങള്‍ കാണാന്‍ തുടങ്ങിയ കാലത്ത് എന്റെ ബാറ്റിങ് ഹീറോകള്‍. ബൗളിങ്ങില്‍ കപില്‍ദേവും ചേതന്‍ ശര്‍മയും റോജര്‍ ബിന്നിയും രവിശാസ്ത്രിയുമുണ്ടായിരുന്നു. പക്ഷെ, ഫീല്‍ഡിങ്ങിന്റെ കാര്യമെടുക്കുമ്പോള്‍ ഉയര്‍ത്തി കാണിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ഓസ്‌ട്രേലിയയുടേയും വെസ്റ്റിന്‍ഡീസിന്റേയും ഇംഗ്ലണ്ടിന്റേയുമെല്ലാം കളിക്കാര്‍ ഫീല്‍ഡിങ്ങില്‍ വിസ്മയം കാണിക്കുമ്പോള്‍ അത്തരത്തിലൊരുത്തന്‍ നമ്മുടെ ടീമിലില്ലല്ലോയെന്ന് നെടുവീര്‍പ്പിടാനായിരുന്നു ഇന്ത്യന്‍ ആരാധകരുടെ വിധി. വിന്‍ഡീസിന്റെ ഗസ് ലോഗിയും കൂറ്റന്‍ ശരീരമുള്ള ഓസ്‌ട്രേലിയക്കാരന്‍ ഡേവിഡ് ബൂണുമെല്ലാം പന്ത് തടുത്തിടുന്നതും കിറുകൃത്യമായി ത്രോ ചെയ്യുന്നതു കാണുമ്പോള്‍ രവിശാസ്ത്രിയേയും മൊഹീന്ദറിനേയുമെല്ലാം ഞങ്ങള്‍ പ്രാകിയിരുന്നു. 

അങ്ങനെയിരിക്കെയാണ് ഹൈദരാബാദുകാരനായ ഒരു പയ്യന്‍ ഞങ്ങളുടെ ദു:ഖത്തിന് അറുതി വരുത്തിക്കൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് കാലെടുത്തു വെച്ചത്. ഫീല്‍ഡിലൂടെ ഒടിഞ്ഞുവളഞ്ഞ് അലസഭാവത്തില്‍ നടന്നിരുന്ന അയാളുടെ പേര് മുഹമ്മദ് അസ്ഹറുദ്ദീനെന്നായിരുന്നു. ഡൈവ് ചെയ്ത് പന്ത് തടയുന്നതിലും വിക്കറ്റിലേക്ക് ലക്ഷ്യം തെറ്റാതെ ത്രോ ചെയ്യുന്നതിലും സ്ലിപ്പില്‍ അസാധ്യമെന്ന് തോന്നിക്കുന്ന ക്യാച്ചുകളെടുക്കുന്നതിലും അസ്ഹര്‍ പ്രകടമാക്കിയ പാടവം ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ബാറ്റിങ്ങ് ഫോം മങ്ങിപ്പോയിരുന്ന സമയത്തും ഫീല്‍ഡിങ്ങ് മികവ് കൊണ്ട് മാത്രം അസ്ഹര്‍ ടീമില്‍ ഇടം പിടിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു.

അസ്ഹറിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച മികച്ച ഫീല്‍ഡര്‍മാര്‍ റോബിന്‍ സിങ്ങും അജയ് ജഡേജയുമായിരുന്നു. എന്നാല്‍ അവരെയെല്ലാം വെല്ലുന്ന ഒരു ഫീല്‍ഡിങ് പ്രതിഭാസം രണ്ടായിരത്തിന്റെ തുടക്കത്തില്‍ സൗരവ് ഗാംഗുലിയുടെ ടീമിലേക്ക് കടന്നു വന്നു. ഏറെക്കാലം ടീം ഇന്ത്യയുടെ നെടുംതൂണാവേണ്ടിയിരുന്ന, മധ്യനിര ബാറ്റ്‌സ്മാനും ഒന്നാംതരം ഫീല്‍ഡറുമായിരുന്ന ഉത്തര്‍പ്രദേശുകാരന്‍ മുഹമ്മദ് കൈഫ്. പേരില്‍ മുഹമ്മദ് ഉള്ളതു കൊണ്ടും ശരീരപ്രകൃതികൊണ്ടും മാത്രമായിരുന്നില്ല കൈഫ് അസ്ഹറിനെ ഓര്‍മിപ്പിച്ചത്. ഫീല്‍ഡിലെ വിസ്മയ പ്രകടനങ്ങള്‍ കൊണ്ടു കൂടിയായിരുന്നു. 

ഒരുവേള ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ എന്നുവരെ വിലയിരുത്തപ്പെട്ടിരുന്ന കൈഫ് പക്ഷെ പിന്നീട് അവിശ്വനീയമായ രീതിയില്‍ ഫോം നഷ്ടമായി ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ആറ് വര്‍ഷത്തില്‍ താഴെ മാത്രം ടീം ഇന്ത്യയുടെ ഭാഗമായിരുന്ന കൈഫിന് 13 ടെസ്റ്റും 125 ഏകദിനങ്ങളും മാത്രമേ കളിക്കാനായുള്ളൂ. ടെസ്റ്റില്‍ ഒരേയൊരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടെ 624 റണ്‍സ്. ഏകദിനത്തില്‍  രണ്ട് സെഞ്ചുറിയും 17 ഫിഫ്റ്റിയുമടക്കം 2753 റണ്‍സ്. ഈ കരിയര്‍ റെക്കോഡ് കൈഫിന്റെ പ്രതിഭയോട് തെല്ലും നീതി പുലര്‍ത്തുന്നില്ല.

2002-ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഏകദിന ക്രിക്കറ്റ് സീരിസിന്റെ ഫൈനലില്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഐതിഹാസിക ഇന്നിങ്‌സിന്റെ പേരിലാണ് കൈഫ് എന്ന് ബാറ്റ്‌സ്മാന്‍ ഇന്നും ഓര്‍ക്കപ്പെടുന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 146 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മുന്നില്‍ കണ്ടപ്പോള്‍ ഏഴാമനായി ക്രീസിലെത്തിയ കൈഫ് കളിച്ച ഇന്നിങ്‌സ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മാറക്കാനാവില്ല. 75 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പെടെ പുറത്താവാതെ 87 റണ്‍സെടുത്ത കൈഫ് ആയിരുന്നു ഇന്ത്യ രണ്ട് വിക്കറ്റിന് ജയിച്ച ആ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്. 

mohammad kaif the indian jonty rhodes

69 റണ്‍സെടുത്ത കൂട്ടുകാരന്‍ യുവരാജ് സിങ്ങിനൊപ്പം  ആറാം വിക്കറ്റില്‍ കൈഫുണ്ടാക്കിയ കൂട്ടുകെട്ട്, 2001-ലെ വിഖ്യാതമായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യക്ക് വിസ്മയജയം സമ്മാനിച്ച ദ്രാവിഡ്-ലക്ഷ്മണ്‍ കൂട്ടുകെട്ടിന്റെ ഏകദിന പകര്‍പ്പായി പരിഗണിക്കപ്പെടുന്നു. 2001 മാര്‍ച്ചിലായിരുന്നു കൊല്‍ക്കത്ത ടെസ്റ്റെങ്കില്‍ 2002 ജൂലായില്‍ ഇതേ 13-ാം തീയതിയായിരുന്നു നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍. രണ്ട് ജയങ്ങളിലും ഇന്ത്യയുടെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തന്നെ.

ക്യാപ്റ്റന്‍ സൗരവിന്റെ അടയുറച്ച പിന്തുണയിലാണ് കൈഫ് ഉള്‍പ്പെടെയുള്ള യുവതാരങ്ങളുടെ സംഘം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുന്നത്. കൈഫിന് പുറമെ യുവരാജ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ഖാന്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയവരുള്‍പ്പെട്ട യങ് ബ്രിഗേഡ് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു. സച്ചിനും സൗരവും രാഹുല്‍ ദ്രാവിഡും ഉള്‍പ്പെട്ട സീനിയര്‍ താരങ്ങള്‍ പരാജയപ്പെട്ടാല്‍ പോലും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ ടീം ഇന്ത്യക്ക് കഴിയുമെന്ന് തെളിയിച്ചുവെന്നതാണ് നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ പ്രസക്തി. അന്നത്തെ ഫൈനല്‍ വിജയവും ലോര്‍ഡ്‌സില്‍ ബാല്‍ക്കണിയില്‍ ജഴ്‌സിയൂരി തലക്ക് മുകളില്‍ കറക്കി സൗരവ് നടത്തിയ ആഘോഷവുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഫോക്‌ലോറിന്റെ ഭാഗമായി മാറി. ആ വിജയം ടീം ഇന്ത്യയിലെ യങ്ബ്രിഗേഡിന് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

mohammad kaif the indian jonty rhodes

നാറ്റ്‌വെസ്റ്റ് ട്രോഫി വിജയം കൈഫിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹോട്ട് പ്രോപ്പര്‍ട്ടിയാക്കി മാറ്റിയ ഉടനായിരുന്നു മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികക്ക് വേണ്ടി കൈഫിന്റെ കുടുംബത്തെ കുറിച്ച് ഫീച്ചര്‍ തയ്യാറാക്കുന്നതിനായി അദ്ദേഹത്തിന്റെ ജന്‍മനാടായ അലഹബാദില്‍ ചെല്ലുന്നത്. നഗരത്തില്‍ ഞങ്ങളെത്തുമ്പോള്‍ നേരം പുലര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. റോഡരികിലെ കൂറ്റന്‍ പരസ്യബോര്‍ഡില്‍ നിന്ന് കൈയില്‍ കോളകുപ്പിയുമായി കൈഫ് ഞങ്ങളെ നോക്കി ചിരിച്ചു. ടാക്‌സി പിടിച്ച് കൈഫിന്റെ വീട്ടിലേക്ക് പോവണമെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവറുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. കൈഫ് അലഹബാദിന്റെ സ്വന്തം ഹീറോ ആയി മാറിക്കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോപാല്‍ ശര്‍മ്മയും രുദ്രപ്രതാപ് സിങ്ങും ഇന്ത്യക്ക് വേണ്ടി ഒന്നോ രണ്ടോ ടെസ്റ്റുകള്‍ കളിച്ചതിനുശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ഒരിന്ത്യന്‍ ക്രിക്കറ്റ് താരം ഉദിച്ചുയരുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ടാവാം ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോ ആയി മാറിക്കഴിഞ്ഞ കൈഫിനുമേല്‍ അലഹബാദുകാര്‍ സ്‌നേഹം ചൊരിയുകയായിരുന്നു.

പുരാതനമായ കെട്ടിടങ്ങളും അഴുക്ക് ചാലുകളും തീരെ ഇടുങ്ങിയ റോഡുകളുമൊക്കെയായി പുതുതായി എത്തുന്നവര്‍ക്ക് വിമ്മിട്ടമുണ്ടാക്കുന്ന അനുഭവമാണ് അലഹബാദ്. ഇടത്തരക്കാര്‍ താമസിക്കുന്ന ഗലിയുടെ ഉള്ളില്‍ ഒരു ചെറിയ കെട്ടിടം. അതായിരുന്നു മുഹമ്മദ് കൈഫിന്റെ വീട്. വാതില്‍ തുറന്നു തന്നത് കൗമാരത്തിന്റെ തുടിപ്പ് മുഖത്തുള്ള പെണ്‍കുട്ടിയാണ്, കൈഫിന്റെ ഏക സഹോദരി. 'ഇരിക്കൂ അബ്ബാജാന്‍ പുറത്ത് പോയിരിക്കയാണ്. ഇപ്പോള്‍ വരും' അവള്‍ അകത്ത് പോയി ഉമ്മയെ കൂട്ടിവന്നു. സല്‍വാര്‍ കമ്മീസ് ധരിച്ച കുലീനയായ സ്ത്രീ, പേര് കൈസര്‍ജാന്‍. ഉറങ്ങുകയായിരുന്ന മൂത്ത ചേട്ടന്‍ ആസിഫിനെയും ഉമ്മ കൂട്ടി വന്നു.

mohammad kaif the indian jonty rhodes
അലഹബാദിലെ വീട്ടില്‍ കൈഫിന്റെ പിതാവ് മുഹമ്മദ് താരിഫിനൊപ്പം ലേഖകന്‍

ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബമാണ് ഇത്. അച്ഛനും മൂന്നുമക്കളും ഉത്തര്‍പ്രദേശിനെ ദേശീയ മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 16 വര്‍ഷം റെയില്‍വേക്കും ഉത്തര്‍പ്രദേശിനുമായി രഞ്ജിട്രോഫിയില്‍ കൈഫിന്റെ പിതാവ് മുഹമദ് താരിഫ് കളിച്ചിരുന്നു. താരിഫിന്റെ മൂത്തമകന്‍ ആസിഫ് അണ്ടര്‍ 19 യു.പി. ടീമിനും സെന്‍ട്രല്‍ സോണിനും വേണ്ടി കളിച്ചു. രണ്ടാമന്‍ മുഹമ്മദ് സൈഫ് രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും കളിച്ചിച്ചുണ്ട്. ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ വി.വി.എസ്. ലക്ഷ്മണിനൊപ്പം മധ്യനിര ബാറ്റ്‌സ്മാനായിരുന്നു.

അച്ഛനും ചേട്ടന്‍മാരും ബാറ്റ്‌സ്മാന്‍മാരായത് കൊണ്ടാവണം കൈഫും ചെറുപ്പത്തിലേ ബാറ്റിങ്ങിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അഞ്ചാം വയസ്സില്‍ തന്നെ കൈഫ് ചേട്ടന്‍മാര്‍ക്കൊപ്പം വീടിനു മുന്നിലെ ഇടവഴിയില്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയതാണ്. ഇളയമകന് ചേട്ടന്‍മാരേക്കാള്‍ ടാലന്റുണ്ടെന്ന് തിരിച്ചറിഞ്ഞ താരിഫ് ചെറുപ്പത്തിലേ നല്ല പരിശീലനം നല്‍കി. ഫീല്‍ഡിംഗില്‍ അന്നേ മികവ് കാട്ടിയിരുന്നു. പത്ത് വയസ്സായപ്പോഴേക്കും തുടരെ മാച്ചുകള്‍ കളിക്കാന്‍ തുടങ്ങി. ''പഠനത്തില്‍ അവന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ക്രിക്കറ്റായിരിക്കും അവന്റെ വഴിയെന്ന് എനിക്ക് തോന്നിയിരുന്നു. 12-ാം വയസ്സില്‍ തന്നെ അവനെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ചേര്‍ത്തു. ആ തീരുമാനത്തില്‍ പിന്നീട് ഞങ്ങള്‍ക്ക് ദു:ഖിക്കേണ്ടി വന്നിട്ടില്ല.'' -മകനെ കുറിച്ച് പറയുമ്പോള്‍ ആ പിതാവിന്റെ കണ്ണുകള്‍ അഭിമാനം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.

ഞങ്ങളന്ന് അലഹബാദിലെ വീട്ടില്‍ ചെല്ലുമ്പോള്‍ കൈഫ് അവിടെയുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിന് വേണ്ടി രഞ്ജി മാച്ചില്‍ കളിക്കാന്‍ പോയതായിരുന്നു. തിരിച്ചു പോരുമ്പോള്‍ താരിഫ് പറഞ്ഞു, ''നിങ്ങള്‍ തീര്‍ച്ചയായും കൈഫിനെ കാണണം, സംസാരിക്കണം. ഞാനവനോട് പറയാം.''

mohammad kaif the indian jonty rhodes
മുഹമ്മദ് കൈഫുമായുള്ള അഭിമുഖത്തിനിടെ

മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ചെന്നൈയില്‍ ഒരു മല്‍സരം കളിക്കാന്‍ വന്നപ്പോഴാണ് അതിന് അവസരം കിട്ടിയത്. മഴകാരണം ടെസ്റ്റിന്റെ  കളി മുടങ്ങി. ടീമംഗങ്ങള്‍ നേരത്തെ തന്നെ ഹോട്ടലിലേക്ക് മടങ്ങി. ഞാന്‍ റിസപ്ഷനില്‍ ചെന്ന് കൈഫിന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു, മുമ്പ് വീട്ടില്‍ ചെന്നതിനെ കുറിച്ച് പറഞ്ഞു. '' അച്ഛന്‍ നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ താഴേക്ക് വരാം. റസ്‌റ്റോറന്റില്‍ ഇരുന്നോളൂ. അവിടെ വെച്ച് സംസാരിക്കാം.'' - കൈഫ് പറഞ്ഞു.

കൈഫ് ഫീല്‍ഡിങ്ങില്‍ പ്രകടമാക്കുന്ന മികവിനെ കുറിച്ച് തന്നെയായിരുന്നു എന്റെ ആദ്യ ചോദ്യം. ''സത്യത്തില്‍ ക്രിക്കറ്റില്‍ നമ്മുടെ നിയന്ത്രണത്തിലുള്ള ഏകകാര്യം ഫീല്‍ഡിങ്ങാണ്. ബാറ്റിങ്ങിനേയും ബൗളിങ്ങിനേയും കുറിച്ച് നിങ്ങള്‍ക്ക് ഒന്നും പ്രവചിക്കാനാവില്ല. അത് ഭാഗ്യത്തെക്കൂടി ആശ്രയിച്ചിരിക്കും. പക്ഷേ, നന്നായി ഫീല്‍ഡ് ചെയ്യണമെന്ന് തീരുമാനിച്ച് കഠിനാധ്വാനം ചെയ്താല്‍ തീര്‍ച്ചയായും അതിന് കഴിയും. പ്രാക്ടീസ് സമയത്തുപോലും ഞാന്‍ ഫീല്‍ഡിങ് ആസ്വദിക്കുന്നു. മുമ്പ് ഞാന്‍ ചേട്ടന്‍ സൈഫുമായി ആരാണ് മികച്ച ഫീല്‍ഡര്‍ എന്നതില്‍ മത്സരിക്കുമായിരുന്നു. അതെന്നെ ശരിക്കും സഹായിച്ചു. ഫീല്‍ഡിങ് ആഹ്ലാദകരമായ അനുഭവമാണ്. ജീവിതത്തില്‍ ഊര്‍ജസ്വലത ഉണ്ടെങ്കിലേ കളിയിലും ആര്‍ജ്ജവം ഉണ്ടാവൂ. അതുകൊണ്ട് മാറ്റിയെടുക്കേണ്ടത് ജീവിതരീതി തന്നെയാണ്. പിന്നെ ടീമിന്റെ ക്യാപ്റ്റന്റെ പിന്തുണയും ഫീല്‍ഡില്‍ നമ്മുടെ പ്രകടനം മെച്ചപ്പെടുന്നതില്‍ നിര്‍ണായ പങ്കുവിഹിക്കുന്നുണ്ട്.'' - സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റനോടുള്ള കൈഫിന്റെ ഇഷ്ടവും കടപ്പാടും ഈ വാക്കുകളില്‍ പ്രകടമായിരുന്നു.

2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ നിര്‍ണായ റോളാണ് കൈഫിന് സൗരവ് നല്‍കിയത്. ട്രെയ്നിങ് സെഷനുകള്‍ നിയന്ത്രിക്കാനും മല്‍സരങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയാനും ബാറ്റിങ്ങിവും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഓരോ ക്യാപ്റ്റന്‍മാരെ സൗരവ് നിശ്ചയിച്ചിരുന്നു. ഫീല്‍ഡിങ് ക്യാപ്റ്റന്റെ ചുമതല കൈഫിനായിരുന്നു. ഇന്ത്യ ഫൈനല്‍ വരെയെത്തി ഒടുവില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ കീഴടങ്ങി. ഈ ലോകകപ്പിലും കൈഫിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങ് പ്രകടനം കണ്ടു. രണ്ട് മാച്ചുകളില്‍ ബാറ്റുകൊണ്ടും കൈഫ് മികവുകാട്ടി. സെഞ്ചൂറിയനില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തില്‍ നാലാമനായിറങ്ങി 35 റണ്‍സ് നേടിയ കൈഫിന്റെ സംഭാവന നിര്‍ണായകമായിരുന്നു. ഇതേഗ്രൗണ്ടില്‍ തന്നെ ന്യൂസീലന്‍ഡിനെതിരായ സൂപ്പര്‍ 8 റൗണ്ടിലെ മല്‍സരത്തിലെ ടോപ്സ്‌കോറര്‍ കൈഫായിരുന്നു. ചെറിയ സ്‌കോറുകള്‍ മാത്രം കണ്ട ഈ മാച്ചില്‍ 68 റണ്‍സ് നേടിയ കൈഫ് ഇന്ത്യയുടെ വിജയം അനായാസമാക്കി തീര്‍ത്തു.

mohammad kaif the indian jonty rhodes
കൈഫ് ഭാര്യ പൂജാ യാദവിനൊപ്പം

ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ ഓസ്ടേലിയക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഓസീസ് ഉയര്‍ത്തിയ കൂറ്റന്‍ ടോട്ടല്‍ (2 വിക്കറ്റിന് 359 റണ്‍സ്) മറികടക്കാന്‍ ആക്രമിച്ച് റണ്‍സ് നേടണമെന്ന അവസ്ഥയില്‍ ബാറ്റിങ് നിരയില്‍ നാലാമനായി ക്രീസിലെത്തിയ കൈഫ് റണ്ണെടുക്കാതെ പുറത്തായി. അന്നത്തെ പരാജയം ഏറെനാള്‍ കൈഫിനെ വേട്ടയാടിയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും കൈഫുമായി ഒരു അഭിമുഖത്തിന് എനിക്ക് അവസരം ലഭിച്ചു. തന്റെ കരിയറിലെ ഏറ്റവും വലിയ വീഴ്ച ലോകകപ്പ് ഫൈനലിലെ ഡക്ക് ആയിരുന്നുവെന്ന് അപ്പോഴും കൈഫ് പറഞ്ഞു. ''നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിലെ പോലെ ഒരിന്നിങ്സ് അന്ന് കളിക്കേണ്ടതായിരുന്നു. എന്നില്‍ നിന്ന് ആ ഘട്ടത്തില്‍ ടീം പ്രതീക്ഷിച്ചതും അതായിരുന്നു. പക്ഷെ എല്ലായ്പ്പോഴും നമ്മള്‍ ആശിക്കുന്ന രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കണമെന്നില്ലല്ലോ?'' - കഠിനമായ ഇച്ഛാഭംഗത്തോടെയാണ് കൈഫ് അങ്ങനെ പറഞ്ഞത്.

2006-ല്‍ 26-ാം വയസ്സിലാണ് കൈഫ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. ബാറ്റിങ് ഫോമിന് മങ്ങലേല്‍ക്കുകയും ആഭ്യന്തര ക്രിക്കറ്റില്‍ വിരാട് കോലിയെ പോലുള്ള യുവബാറ്റ്സ്മാന്‍മാരുടെ ഉദയവും കൈഫിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. പ്രതിഭയോട് അമ്പതു ശതമാനം പോലും നീതി പുലര്‍ത്താനാതെ പോയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ നിരയില്‍ സഞ്ജയ് മഞ്ജരേക്കറിനും വിനോദ് കാംബ്ലിക്കുമെല്ലാം ഒപ്പം കൈഫിന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു.

Content Highlights: mohammad kaif the indian jonty rhodes