ഹേന്ദ്ര സിങ് ധോനിയെ ആദ്യമായി കാണുന്നത് അദ്ദേഹം തന്റെ നാലാമത്തെ അന്താരാഷ്ട്ര മല്‍സരം കളിക്കുന്നതിന്റെ തലേദിവസമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2005 ഏപ്രില്‍ ഒന്നിന് കൊച്ചിയില്‍ വെച്ച്.

ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരപരയിലൂടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ ധോനി ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ഒരു അന്താരാഷ്ട്ര മല്‍സരം കളിക്കാനെത്തിയതായിരുന്നു. മല്‍സര തലേന്ന് വീരേന്ദര്‍ സെവാഗിന്റെ ഒരു എസ്‌ക്ലൂസീവ് ഇന്റവ്യു ലക്ഷ്യമിട്ടാണ് ടീം താമസിക്കുന്ന ഹോട്ടലില്‍ ചെന്നത്. ഹോട്ടലിന്റെ ലോബിയില്‍ പേസ്ബൗളര്‍ ലക്ഷ്മിപതി ബാലാജിയോട് സംസാരിച്ചു നില്‍ക്കുന്നുണ്ട് നീണ്ടമുടിയുള്ള വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോനി. ബാലാജിയെ എനിക്ക് നേരത്തെ പരിചയമുണ്ട്. അടുത്തേക്ക് ചെന്ന് സംസാരിച്ചു. ബാലാജി ധോനിയെ പരിചയപ്പെട്ടുത്തി തന്നു. പക്ഷെ അപ്പോഴും ഒരു അഭിമുഖം ആവശ്യപ്പെടാന്‍ തോന്നിയില്ല. കാരണം ആഭ്യന്തര മല്‍സരങ്ങളില്‍ അടിച്ചു കളിക്കുന്ന കളിക്കാരനെന്ന നിലയില്‍ മുമ്പേ അയാളെ പറ്റി കേട്ടിരുന്നുവെങ്കിലും വലിയൊരു താരമായി മാറാനുള്ള മിടുക്കുണ്ടെന്ന് തോന്നിയിരുന്നില്ല. ബംഗ്ലാദേശിനെതിരെ കളിച്ച മൂന്നു മല്‍സരത്തിലും ഏഴാമനായി ബാറ്റിങ്ങിനിരങ്ങിയ ധോനി ഒന്നില്‍ പോലും രണ്ടക്കം കണ്ടിരുന്നില്ല. 

mahendra singh dhoni The maestro of achievements in Indian cricket
Image: PTI

മൂന്നു നാല് വര്‍ഷങ്ങളായി ഏകദിന ടീമില്‍ വിക്കറ്റ്കീപ്പറുടെ അധിക ജോലി ചെയ്യേണ്ടി വന്നിരുന്ന രാഹുല്‍ ദ്രാവിഡ് വിമുഖത പ്രകടിപ്പിച്ച് തുടങ്ങിയപ്പോഴാണ് പുതിയൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയത്. നേരത്തെ തന്നെ ടീമിനു വേണ്ടി കളിച്ച പാര്‍ഥിവ് പട്ടേലിനൊപ്പം മഹേന്ദ്ര സിങ് ധോനിയേയും ദിനേഷ് കാര്‍ത്തികിനേയുമായിരുന്നു സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഇടക്കിടെ സിക്‌സറുകളടിക്കാന്‍ കെല്‍പ്പുള്ള മധ്യനിര ബാറ്റ്‌സ്മാന്‍ എന്ന നിലയിലായിരുന്നു ധോനി പരിഗണിക്കപ്പെട്ടത്. ഇന്ത്യക്ക് വേണ്ടി കളിച്ച ആദ്യ പരമ്പരയില്‍ കാര്യമായ മതിപ്പ് ഉണ്ടാക്കാന്‍ കഴിയാതെ പോയ ആ 24-കാരനെ സംബന്ധിച്ചിടത്തോളം പാകിസ്താനെതിരെ കളിക്കാനിരിക്കുന്ന പരമ്പര നിര്‍ണായകമായിരുന്നു. അതിലെ ആദ്യ മല്‍സരമായിരുന്നു കൊച്ചിയില്‍.

അടുത്ത ദിവസം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരവും അയാള്‍ വലിയൊരു താരമായി മാറുമെന്നതിന്റെ ഒരു സൂചനയും നല്‍കിയില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ സെഞ്ചുറികള്‍ നേടിയ വിരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും മികച്ച സ്‌കോറിലേക്ക് നയിച്ച മല്‍സരത്തില്‍ 46-ാം ഓവറിലാണ് ധോനി ക്രീസിലെത്തിയത്. അവശേഷിക്കുന്ന കുറച്ചു പന്തുകളില്‍ പരമാവധി സ്‌കോര്‍ ചെയ്യാനുള്ള വ്യഗ്രതയില്‍ ആഞ്ഞടിക്കാന്‍ തുനിഞ്ഞ മഹി പെട്ടെന്ന് പുറത്തായി. മൂന്നു റണ്‍സ് മാത്രമായിരുന്നു നേടിയത്. സമീര്‍ദീഗെയേയോ അജയ് രത്രയേയോ വിജയ് ദാഹിയയോ പോലെ നാലോ അഞ്ചോ പരമ്പകളില്‍ കളിച്ച് പുറത്തേക്ക് പോകാവുന്ന ഒരു വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സാമാനാവും ധോനിയെന്ന് അന്നെനിക്ക് തോന്നി.

എന്നാല്‍ മൂന്നു ദിവസത്തിന് ശേഷം വിശാഖപട്ടണത്ത് നടന്ന അടുത്ത മാച്ചില്‍ ധോനി കളിച്ച ഇന്നിങ്‌സ് അയാളെ കുറിച്ച് അങ്ങനെ ചിന്തിച്ചുപോയതില്‍ ഒരു ക്രിക്കറ്റ് റിപ്പോര്‍ട്ടറെന്ന നിലയില്‍ എനിക്ക് എന്നോട് തന്നെ അവമതിപ്പ് തോന്നാന്‍ ഇടയാക്കി. അത്രയ്ക്ക് ഉജ്വലമായൊരു ഇന്നിങ്‌സായിരുന്നു അത്. പുതിയ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്  മികച്ചൊരു സ്‌കോര്‍ നേടാന്‍ വേണ്ടത്ര ഓവറുകള്‍ കഴിഞ്ഞ മാച്ചുകളിലൊന്നും കിട്ടിയില്ലെന്നൊരു അഭിപ്രായം ടീം മാനേജ്‌മെന്റില്‍ തന്നെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിശാഖപട്ടണത്തെ മാച്ചില്‍ ബാറ്റിങ് ഓര്‍ഡറില്‍ മഹിയെ നേരത്തെയിറക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാത്രമല്ല വണ്‍ഡൗണായി ഇറങ്ങിയിരുന്ന ക്യാപ്റ്റന്‍ സൗരവ് കഴിഞ്ഞ മല്‍സരങ്ങളില്‍ ക്ലിക്ക് ചെയ്യാതെ പോയതും മഹിക്ക് അനുകൂലഘടകമായി. വണ്‍ഡൗണായി ബാറ്റിങ്ങിനിറങ്ങിയ ധോനി 123 പന്തില്‍ 15 ബൗണ്ടറിയും നാലു സിക്‌സറും ഉള്‍പ്പെടെ 148 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു അത്. ഈ മിന്നല്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ പാകിസ്താനെതിരായ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ കണ്ടെത്തി. 50 ഓവറില്‍ 9 വിക്കറ്റിന് 356 റണ്‍സ്. മത്‌സരം ഇന്ത്യ 58 റണ്‍സിന് ജയിക്കുകയും ചെയ്തു.

mahendra singh dhoni The maestro of achievements in Indian cricket
Image: AP

മഹിയുടെ യഥാര്‍ഥ കരുത്ത് ലോകത്തിന് ബോധ്യം വന്നു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഏകദിന ടീമിലെ അവിഭാജ്യ ഘടകമായി മഹി മാറുകയായിരുന്നു. അപ്പോഴും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ സമയമായില്ലെന്നായിരുന്നു ഇന്ത്യന്‍ സെലക്റ്റര്‍മാരുടെ തീരുമാനം. അത് തെറ്റാണെന്നും ഏതു തരം മാച്ചിലായാലും ഒഴിവാക്കാന്‍ കഴിയാത്ത ക്രിക്കറ്ററാണ് താനെന്നും മഹി തെളിയിച്ചു. അതിന് ഏതാനും മാസങ്ങളേ കാത്തിരിക്കേണ്ടി വന്നുള്ളൂ. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലും റെക്കോഡ് പുസ്തകത്തിലും ഇടം പിടിച്ച ഒരു ഇന്നിങ്‌സിലൂടെയായിരുന്നു അത്.

ജയ്പുരിലെ ദീപാവലി

2005-ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങളുടെ കാലമായിരുന്നു. ടീമിന്റെ ചീഫ് കോച്ചായിരുന്ന ന്യൂസീലന്‍ഡുകാരന്‍ ജോണ്‍ റൈറ്റ് മാറി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പല്‍ വന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോഡുള്ള ക്യാപ്റ്റനായിരുന്ന സൗരവിന്റെ ബാറ്റിങ് ഫോം മങ്ങി തുടങ്ങിയിരുന്നു. പുതിയ കോച്ചിന്റെ ശൈലികളുമായി യോജിച്ചു പോവാന്‍ സൗരവിന് കഴിഞ്ഞില്ല. അതിന്റെ ഫലമായി സൗരവിന്റെ ക്യാപ്റ്റന്‍സി തെറിച്ചു. രാഹുല്‍ ദ്രാവിഡ് പുതിയ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു. ടീമില്‍ പുതിയ കളിക്കാരെ കൊണ്ടുവരാനും അവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പുതിയ കോച്ചും ക്യാപ്റ്റനും മുന്‍കൈയെടുത്തു. സുരേഷ് റൈന, ശ്രീശാന്ത്, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചു. പുതുമുഖങ്ങളെ ടീമില്‍ എടുക്കാന്‍ മാത്രമല്ല, അവരെ കൂടുതല്‍ ഉത്തരവാദിത്വമുള്ള റോള്‍ ഏല്‍പിക്കാനും ക്യാപ്റ്റന്‍ രാഹുല്‍ താത്പര്യം കാണിച്ചു. 2005 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ഏകദിന പരമ്പരക്കെത്തിയ ശ്രീലങ്കക്കെതിരായ മാച്ചുകള്‍ ഇങ്ങനെ, യുവതാരങ്ങളുടെ മികവ് പരീക്ഷിക്കാനുള്ള അവസരമായാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കണ്ടത്. സൗരവ് ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Captain Mahendra Singh Dhoni Crickettum Jeevithavum
പുസ്തകം വാങ്ങാം

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം മൊഹാലിയിലായിരുന്നു. ധോനിയെ കാണണമെന്ന ലക്ഷ്യത്തില്‍ രണ്ട് ദിവസം മുമ്പെ തന്നെ അവിടെയെത്തി. മല്‍സരത്തിന്റെ തലേ ദിവസം രാവിലെ ധോനിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അവസരം ഉണ്ടാക്കി തന്നത് ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന എസ്.കെ നായരായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തിയായിരുന്നു ധോനിയുടെ സംസാരം. ഇടയ്ക്കിടയ്ക്ക മുഖത്ത് പുഞ്ചിരി വിരിയുന്നു. തന്റെ ബാറ്റിങ്ങിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വാക്കുകളില്‍ പ്രകടമാക്കിയിരുന്ന ആത്മവിശ്വാസം ശരിക്കും അദ്ഭുതപ്പെടുത്തി. ഇന്ത്യ ഏട്ടു വിക്കറ്റിന് ജയിച്ച മൊഹാലി മാച്ചില്‍ ധോനിക്ക് ബാറ്റുചെയ്യാന്‍ അവസരം കിട്ടിയതേയില്ല.

അടുത്ത മാച്ച് ഒക്ടോബര്‍ 31 ദീപാവലിത്തലേന്ന് ജയ്പുരിലായിരുന്നു. മൊഹാലിയില്‍ നിന്ന് ജയ്പുരിലേക്ക് പോവും വഴി ഡല്‍ഹിയിലെത്തിയപ്പോഴാണ് ആ വാര്‍ത്തയറിഞ്ഞത്. ന്യൂഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ നടന്ന തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങളില്‍ അമ്പതിലധികം പേര്‍ മരിച്ചിരുന്നു. ഈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പരമ്പര റദ്ദാക്കുമെന്നുവരെ ആശങ്കയുയര്‍ന്നു. എന്നാല്‍ ഇരു ടീമംഗങ്ങളും കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ഏറെ അകലമില്ല ജയ്പുരിലേക്ക്. അതുകൊണ്ടുതന്നെ മത്സരത്തിനിടയിലോ കളിക്കാര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കു നേരെയോ തീവ്രവാദി ആക്രമണം ഉണ്ടാവുമെന്ന ആശങ്ക ശക്തമായിരുന്നു. ജയ്പുര്‍ സ്റ്റേഡിയത്തിലേക്ക് കാണികളേയും സംഘാടകരേയും മാധ്യമപ്രവര്‍ത്തകരേയുമെല്ലാം കടത്തിവിട്ടത് ഓരോ ഇഞ്ചും പരിശോധിച്ച ശേഷമാണ്. ഈ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയുമെല്ലാം കളിക്കാരിലും തെല്ല് ആശങ്ക ഉണ്ടാക്കിയിരുന്നു. എപ്പോഴും എന്തും സംഭവിക്കാമെന്ന ഭീതി. പക്ഷേ, കളി തുടങ്ങിയതോടെ കളിക്കാരും കാണികളും അതു മറന്നു. അടിമുടി ആവേശം വിതറിയ മത്സരമായിരുന്നു അത്. 

സവായി മാന്‍സിങ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ റണ്ണൊഴുകുമെന്ന് ഉറപ്പായിരുന്നതുകൊണ്ട് ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മര്‍വന്‍ അട്ടപ്പട്ടുവിന് ബാറ്റിങ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സെഞ്ചുറി നേടി പുറത്താവാതെ നിന്ന വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാരയുടെ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ശ്രീലങ്ക 50 ഓവറില്‍ നാലു വിക്കറ്റിന് 298 റണ്‍സെന്ന മികച്ച ടോട്ടല്‍ ഉയര്‍ത്തി.

mahendra singh dhoni The maestro of achievements in Indian cricket
Image: AP

ഇന്ത്യയ്ക്ക് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ചാമിന്ദ വാസിന്റെ ആദ്യ ഓവറില്‍ തന്നെ ഓഫ്സ്റ്റമ്പിന് പുറത്തേക്ക് പോവുകയായിരുന്ന പന്ത് കളിക്കാനുള്ള ശ്രമത്തിനിടെ സച്ചിന്‍ വിക്കറ്റ്കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. വണ്‍ഡൗണായി ഇറങ്ങിയത് ധോനിയായിരുന്നു. ബാറ്റിങിന് അനുകൂലമാണെങ്കിലും ഉച്ചയ്ക്കുശേഷം ഓരോ ഓവര്‍ കഴിയുംതോറും സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായി മാറുന്നതാണ് മാന്‍സിങ് സ്റ്റേഡിയത്തിലെ പിച്ച്. കൂറ്റന്‍ സ്‌കോറാണ് പിന്തുടരേണ്ടത്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റ്‌സ്മാന്‍ തുടക്കത്തില്‍തന്നെ പുറത്തായിരിക്കുന്നു. നേരിടേണ്ടത് മുരളീധരനും വാസും ഉള്‍പ്പെടെയുള്ള പരിചയസമ്പന്നരായ ബൗളര്‍മാരെയും. ഏതു യുവതാരവും പതറിപ്പോകാവുന്ന സാഹചര്യം. എന്നാല്‍ മഹി സമചിത്തതയോടെ, തികച്ചും ശാന്തനായി ശ്രീലങ്കന്‍ ബൗളര്‍മാരെ നേരിട്ടു. ആദ്യത്തെ ആറേഴു പന്തുകളില്‍ വലിയ ഷോട്ടുകള്‍ക്ക് മുതിരാതെ വിക്കറ്റിന്റെ സ്വഭാവം പഠിക്കുകയായിരുന്നു മഹി. വാസിന്റെ രണ്ടാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ആക്രമണം തുടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തൂടെയായിരുന്നു പന്ത്. മഹി അത് ഉയര്‍ത്തിയടിച്ചു. കവറിനു മുകളിലൂടെ സിക്‌സറിലേക്ക്. വാസിന്റെ അടുത്ത ഓവറിലും മഹി സിക്‌സറടിച്ചു, ഇത്തവണയും കവറിന് മുകളിലൂടെ തന്നെയായിരുന്നു ഷോട്ട്. അതോടെ തന്റെ വിശ്വസ്തനായ ബൗളറെ ശ്രീലങ്കന്‍ ക്യാപ്റ്റന് പിന്‍വലിക്കേണ്ടിവന്നു.

ബൗളര്‍ മാറിയെന്നുമാത്രം, ധോനിക്ക് മാറ്റമില്ലായിരുന്നു. മെഹറൂഫിനെയും ലോങ് ഓഫിനു മുകളിലൂടെ സിക്‌സറടിച്ച് ധോനി എതിരേറ്റു. തേ ഓവറില്‍ ഒരു ബൗണ്ടറിയും. എട്ടാമത്തെ ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. വീരേന്ദര്‍ സെവാഗ് പോലും ധോനിയുടെ കളി കണ്ട് ഭ്രമിച്ചു നിന്നുപോയി. സിംഗുളുകളെടുത്ത് സ്‌ട്രൈക്ക് ധോനിക്കു കൈമാറി വെടിക്കെട്ട് കാണാന്‍ വീരു കാത്തുനിന്നു. 

പേസ് ബൗളര്‍മാരെക്കൊണ്ട് രക്ഷയില്ലെന്നു ബോധ്യം വന്നപ്പോള്‍ 11-ാം ഓവറില്‍ത്തന്നെ അട്ടപ്പട്ടു, മുരളീധരനെ പന്ത് ഏല്‍പ്പിച്ചു. 37 പന്തില്‍ 39 റണ്‍സ് എടുത്തിരുന്ന സെവാഗിനെ മുരളി വിക്കറ്റിനുമുന്നില്‍ കുടുക്കുകയും ചെയ്തു. വിക്കറ്റിന്റെ സ്വഭാവം തിരിച്ചറിഞ്ഞ ധോനി തുടക്കത്തില്‍ മുരളിയെ അല്‍പം ബഹുമാനിച്ചു. മുരളിയെ നേരിടുക എന്ന ദൗത്യം രാഹുല്‍ ദ്രാവിഡ് ഏറ്റെടുത്തു. മറ്റേയറ്റത്ത് എറിയാനെത്തിയ സ്പിന്നര്‍ ഉപുല്‍ചന്ദനയെ ആണ് അപ്പോള്‍ ധോനി ഉപദ്രവിച്ചുകൊണ്ടിരുന്നത്. വൈകാതെ മുരളിയേയും ഈ ജാര്‍ഖണ്ഡുകാരന്‍ കീഴടക്കി. 21 ഓവറില്‍ത്തന്നെ സ്‌കോര്‍ 150 പിന്നിട്ടു. 25-ാം ഓവറില്‍ത്തന്നെ മഹി സെഞ്ചുറി തികച്ചു. ദില്‍ഹാര ഫെര്‍ണാണ്ടോ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് കുറേ പുറത്തൂടെയായിരുന്നു. മഹി കട്ട് ചെയ്തപ്പോള്‍ അല്‍പം ഉയര്‍ന്നു പോയി. പന്ത് പോയന്റ് ഫീല്‍ഡറുടെ കുറേ മുന്നിലാണ് ചെന്നു വീണത്. ഒരു സിംഗിള്‍ ഓടിയെടുത്ത് സെഞ്ചുറി തികച്ചു. ഏകദിന ക്രിക്കറ്റില്‍ മഹിയുടെ രണ്ടാം സെഞ്ചുറി. ഗ്യാലറി ഇരമ്പിയാര്‍ത്തു. 

രണ്ട് ഓവര്‍ കൂടിയെ കഴിഞ്ഞുള്ളു, രാഹുല്‍ (28) മുരളിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി. അപ്പോള്‍ ധോനി ആക്രമണം ഒന്നുകൂടി രൂക്ഷമാക്കുകയാണ് ചെയ്തത്. ശ്രീലങ്കയുടെ ഒരു ബൗളര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ലോങ് ഓണിനും ലോങ് ഓഫിനും മുകളിലൂടെ നിരന്തരം സിക്‌സറുകള്‍ പിറന്നു. ഈ സമയത്ത് മഹിക്ക് കാലില്‍ ചെറിയ പേശിവലിവ് അനുഭവപ്പെട്ടു. ഓടാന്‍ പ്രയാസം. വീരേന്ദര്‍ സെവാഗ് റണ്ണറായി എത്തി. മുപ്പതാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 പിന്നിട്ടു. മുപ്പത്തിയേഴാം ഓവറില്‍ 250 ഉം. അതിനിടയ്ക്ക് യുവരാജ്‌സിങ് (18) പുറത്തായിരുന്നു. പിന്നെ വേണുഗോപാല്‍ റാവുവിനെ പങ്കാളിയായി നിര്‍ത്തിയാണ് ധോനി ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്. 47-ാം ഓവറിലെ ആദ്യ പന്തില്‍തന്നെ ഇന്ത്യ ലങ്കയുടെ സ്‌കോര്‍ മറികടന്നു.

145 പന്തില്‍ 183 റണ്‍സെടുത്ത് മഹി പുറത്താവാതെ നിന്നു. അതില്‍ പത്ത് സിക്‌സറും 15 ബൗണ്ടറിയും! ശ്രീലങ്കയുടെ സ്‌കോര്‍ കുറേകൂടി ഉയര്‍ന്നതായിരുന്നെങ്കില്‍ മഹി ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് തകര്‍ക്കുമായിരുന്നെന്ന് തോന്നിച്ചു. 194 റണ്‍സെടുത്ത പാകിസ്താന്‍കാരന്‍ സയിദ് അന്‍വറിന്റെ പേരിലായിരുന്നു അന്ന് ആ റെക്കോര്‍ഡ്. ഏതായാലും ഒരു ഏകദിന മാച്ചില്‍ ഒരു വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ മഹിയുടേതായി കഴിഞ്ഞിരുന്നു. 2001-ല്‍ സിംബാബ്‌വേക്കെതിരെ 172 റണ്‍സ് നേടി, തന്റെ ആരാധനാപാത്രമായ ആദം ഗില്‍ക്രിസ്റ്റ് സ്ഥാപിച്ച റെക്കോര്‍ഡായിരുന്നു മഹി മറികടന്നത്. ഏകദിന മാച്ചുകളില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ രണ്ടാമത്തെ മികച്ച സ്‌കോറുമായി അത്. 1999-ല്‍ ന്യൂസിലന്‍ഡിനെതിരെ സച്ചിന്‍ നേടിയ 186 റണ്‍സായിരുന്നു അന്നത്തെ ഇന്ത്യന്‍ റെക്കോര്‍ഡ്. തീര്‍ന്നില്ല ഒരു ഏകദിന മാച്ചില്‍ ഏറ്റവും അധികം സിക്‌സര്‍ നേടിയതിനുള്ള ഇന്ത്യന്‍ റെക്കോര്‍ഡും മഹിയുടെ പേരിലായി. 

മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് ആരെന്ന ചോദ്യത്തിനു തന്നെ പ്രസക്തി ഉണ്ടായിരുന്നില്ല. താന്‍ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സുകളിലൊന്നാണ് ഇതെന്നായിരുന്നു മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുലിന്റെ കമന്റ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ കളിച്ച ഇന്നിങ്‌സ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച ഇന്ത്യന്‍ ഇന്നിങ്‌സ്. സച്ചിനെപോലെ പ്രതിയോഗികളുടെ കൂറ്റന്‍ ടോട്ടല്‍ പിന്തുടരുമ്പോഴാണ് മഹിയും ഈ ഇന്നിങ്‌സ് കളിച്ചത്. 'സച്ചിന്റെയും സൗരവിന്റെയും മികച്ച കുറേ ഇന്നിങ്‌സുകള്‍ ഞാന്‍ ക്രീസില്‍ നിന്ന് കണ്ടിട്ടുണ്ട്. ആ ഗണത്തില്‍പ്പെട്ടതുതന്നെ മഹിയുടെ ഈ ഇന്നിങ്‌സും.' - രാഹുല്‍, മഹിയെ പ്രശംസകൊണ്ട് മൂടി. മഹിയുടെ ഇന്നിങ്‌സ് ഒരു ദിവസം മുന്‍പേതന്നെ ജയ്പുരില്‍ ദീപാവലി കൊണ്ടുവന്നു. നഗരവാസികള്‍ പടക്കംപൊട്ടിച്ചും സ്റ്റേഡിയത്തിനു പുറത്ത് ആര്‍പ്പു വിളിച്ചും ആഘോഷിച്ചു. രജപുത്ര രാജാക്കന്‍മാര്‍ യുദ്ധങ്ങള്‍ പൊരുതി ജയിച്ച് ചരിത്രം മാറ്റിയെഴുതിയ മണ്ണില്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രാജകുമാരന്റെ പട്ടാഭിഷേകമായിരുന്നു അന്ന് കണ്ടത്. എനിക്കാവട്ടെ, റിപ്പോര്‍ട്ടിങ് കരിയറിനിടെ നേരില്‍ കണ്ട എറ്റവും മികച്ച ഏകദിന ഇന്നിങ്‌സുകളിലൊന്നായിരുന്നു അത്. 

mahendra singh dhoni The maestro of achievements in Indian cricket
Image Courtesy: REUTERS

ടി 20-യിലെ ചരിത്രവിജയം

2007 മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ഒന്‍പതാം ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയൊരു മുന്നറിയിപ്പായിരുന്നു. ക്രിക്കറ്റ് എന്ന കളിയില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ്. ഏകദിന മത്സരങ്ങളില്‍ കൂടുതല്‍ യുവതാരങ്ങളും അവരുടെ കരുത്തും ആവശ്യങ്ങളും മനസ്സിലാക്കി പ്രതികരിക്കാവുന്ന ക്യാപ്റ്റനും ആവശ്യമാണെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ ബോധ്യപ്പെടുത്തിയ ലോകകപ്പായിരുന്നു ഇത്. ലോകകപ്പിന് പോയ ടീമില്‍ യുവരക്തത്തേക്കാള്‍ പരിചയസമ്പത്തിനായിരുന്നു മുന്‍തൂക്കം.

രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ടീം ബംഗ്ലാദേശിനോടുപോലും തോറ്റ് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. ഏറെ പ്രതീക്ഷയോടെ പോയ ടീം വെറും കൈയോടെ തിരിച്ചു വന്നത് ഇന്ത്യന്‍ ആരാധകരെ കടുത്ത നിരാശയിലാഴ്ത്തി. ആരാധകര്‍ മാത്രമല്ല മുന്‍ താരങ്ങളും ക്രിക്കറ്റ് നിരൂപകരുമെല്ലാം ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. രോഷാകുലരായ ആരാധകര്‍ ചെറിയ തോതില്‍ അക്രമമഴിച്ചു വിട്ടു. ബാംഗ്ലൂരില്‍ ദ്രാവിഡിന്റെ വീട്ടിനു മുന്നിലും ഇത്തരം രോഷപ്രകടനങ്ങള്‍ അരങ്ങേറി. ഇതിന്റെ തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് മഹിക്കാണ്. റാഞ്ചിയില്‍ മഹി നിര്‍മിച്ചുകൊണ്ടിരുന്ന പുതിയ വീടിനുനേരെ അക്രമം അരങ്ങേറി. അക്രമി സംഘം പുതിയ വീടിന്റെ പണി നടന്നുകൊണ്ടിരുന്ന ചുമരുകള്‍ തകര്‍ത്തു. ഇതുവരെ തന്നെ വാഴ്ത്തികൊണ്ടിരുന്ന ആരാധകര്‍ തന്നെ ശാപവചനങ്ങള്‍ ചൊരിഞ്ഞപ്പോള്‍ മഹി ശരിക്കും വേദനിച്ചു. ക്രിക്കറ്റിന് ഇങ്ങനെയും ഒരു വശമുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. പക്ഷേ, ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാനും കൂടുതല്‍ വാശിയോടെ പൊരുതാനുമുള്ള കരുത്ത് അപ്പോഴേക്കും മഹി ആര്‍ജിച്ചു കഴിഞ്ഞിരുന്നു.

ഏതായാലും ടീമിന്റെ ഘടന മാറ്റുന്നതിനുള്ള ഗൗരവവഹമായ ചര്‍ച്ചകള്‍ക്ക് ലോകകപ്പിലെ ദയനീയ പരാജയം വഴിവെച്ചു. ഏകദിന ലോകകപ്പിന് ശേഷം ആറു മാസം കഴിഞ്ഞ് മറ്റൊരു ലോകകപ്പില്‍ ഇന്ത്യ കളിക്കാനൊരുങ്ങുമ്പോള്‍ അങ്ങനെയൊരു തീരുമാനം സീനിയര്‍ താരങ്ങളുടെ പൂര്‍ണ പിന്തുണയോടെതന്നെ സെലക്റ്റര്‍മാര്‍ കൈക്കൊണ്ടു കഴിഞ്ഞിരുന്നു.

2007 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ പ്രഥമ ട്വന്റി-20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴേ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ദ്രാവിഡും സച്ചിനും സൗരവും പരസ്യ പ്രസ്താവനയിറക്കി. രാഹുലിന്റെ അഭാവത്തില്‍ ട്വന്റി-20 ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്താന്‍ സെലക്റ്റര്‍മാര്‍ ശ്രമം തുടങ്ങി. സീനിയര്‍ കളിക്കാരായ യുവ്‌രാജിനെയും സെവാഗിനെയും പരിഗണിച്ചെങ്കിലും മഹിയെ ദൗത്യമേല്‍പ്പിക്കാനായിരുന്നു മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

പ്രതീക്ഷിക്കാതെ ലഭിച്ച പുതിയ ദൗത്യത്തെ തികച്ചും ക്രിയാത്മകമായി സമീപിക്കാനായിരുന്നു മഹിയുടെ തീരുമാനം. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ മഹി ഒരുങ്ങി. മഹിയും വൈസ്‌ക്യാപ്റ്റന്‍ യുവ്‌രാജും ഉള്‍പ്പെടെ 15 അംഗങ്ങളാണ് ടീമിലുണ്ടായിരുന്നത്. യുവ്‌രാജിനു പുറമെ ബാറ്റ്‌സ്മാന്‍മാരായി സെവാഗ്, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ, റോബിന്‍ ഉത്തപ്പ, സ്റ്റാന്‍ഡ് ബൈ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേഷ് കാര്‍ത്തിക്, ഇര്‍ഫാന്‍ പഠാന്റെ സഹോദരനും പുതുമുഖവുമായ യൂസഫ് പഠാന്‍, ഓള്‍ റൗണ്ടര്‍മാരായി ഇര്‍ഫാന്‍, ജൊഗീന്ദര്‍ ശര്‍മ. ശ്രീശാന്തും ആര്‍.പി സിങ്ങും പേസ് ബൗളര്‍മാര്‍. സ്പിന്നര്‍മാരായി ഹര്‍ഭജനും പിയുഷ് ചൗളയും - ഇതായിരുന്നു ടീമിന്റെ ഘടന.

പരീക്ഷണമെന്ന നിലയിലായിരുന്നു ഇങ്ങനെയൊരു യുവ ടീമിനെ സെലക്ടര്‍മാര്‍ ടി20 ലോകകപ്പിന് നിയോഗിച്ചത്. എന്നാല്‍ സര്‍വ്വ പ്രതീക്ഷകളേയും അതിലംഘിച്ച തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ധോനിയുടെ ടീം ലോകകപ്പ് ജയിച്ചു. ടെസ്റ്റ്, എകദിന മല്‍സരങ്ങള്‍ക്കും ധോനി തന്നെ ക്യാപ്റ്റനാവണമെന്ന അഭിപ്രായം വ്യപകമായി ഉയര്‍ന്നു. ആ സമയത്തുതന്നെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം രാഹുല്‍ ദ്രാവിഡ് രാജിവെച്ചു. അതോടെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയും ധോനിയെ ഏല്‍പ്പിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചു. 

ആ വിരുന്നിനിടെ ധോനി പറഞ്ഞത്

ഏകദിന ടീമിന്റ ക്യാപ്റ്റന്‍ ഏറ്റെടുത്ത ശേഷം കളിച്ച രണ്ടാമത്തെ പരമ്പരയിലെ ഒരു മല്‍സരം കൊച്ചിയിലായിരുന്നു. 2007 ഒക്ടോബര്‍ രണ്ടിനായിരുന്നു പാകിസ്താനെതിരായ ആ മല്‍സരം. മല്‍സരത്തിന്റെ തലേദിവസം ടീമംഗങ്ങള്‍ക്ക് ശ്രീശാന്തിന്റെ വീട്ടില്‍ ഭക്ഷണമൊരുക്കിയിരുന്നു. ടീമംഗങ്ങള്‍ക്കും ശ്രീയുടെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് മരടിലെ വീട്ടിലേക്ക് പ്രവേശനം. മീഡിയ തീരെ വേണ്ടെന്ന് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശമുണ്ട്. പക്ഷെ ശ്രീയുമായുള്ള അടുത്ത സൗഹൃദം കാരണം എനിക്കും ഫോട്ടോഗ്രാഫര്‍ എസ്. എല്‍. ആനന്ദിനും പ്രത്യേക പരിഗണന ലഭിച്ചു. ഞങ്ങള്‍ നേരത്തെ തന്നെ ശ്രീയുടെ വീട്ടിലെത്തി. 

ടീമിനൊപ്പം ശ്രീയുടെ വീട്ടിലെത്തിയ ധോനി വലിയ ഉല്‍സാഹത്തിലായിരുന്നു. ശ്രീയുടെ അച്ഛനോടും അമ്മയോടും ഏറെ നേരം സംസാരിച്ചിരുന്നു. പതുക്കെ അടുത്തുചെന്ന് കുശലം പറഞ്ഞു. നിറഞ്ഞ ചിരിയോടെ സംസാരിച്ചു തുടങ്ങിയ ധോനിയോട് ടീമിനെ കുറിച്ചും കളിയെ കുറിച്ചുമെല്ലാം ചില ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യങ്ങള്‍ കൂടിയപ്പോള്‍ ധോനിയുടെ മുഖത്ത് ഗൗരവം പരന്നു. 'നിങ്ങള്‍ ജേണലിസ്റ്റാണല്ലേ'? പറ്റിയ അബദ്ധം മനസ്സിലാക്കിയ ഞാന്‍ സോറി പറഞ്ഞു. അപ്പോള്‍ മറുപടി ചിരിച്ചു കൊണ്ടായിരുന്നു. 'സാരമില്ല. ശ്രീയുടെ അമ്മ പറഞ്ഞിരുന്നു.' പിന്നെയും കുറച്ചു നേരം ധോനി സംസാരിച്ചു. ക്യാപ്റ്റനായി കളിച്ച ആദ്യ ടൂര്‍ണമെന്റില്‍, അതും ഒരു ലോകകപ്പില്‍ ജയം നേടാനായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഒരു മികച്ച ടീമിന്റെ നേട്ടമാണെന്നും ക്യാപ്റ്റന്‍ എന്നത് ഒരു നിയോഗം മാത്രമാണെന്നുമായിരുന്നു മഹിയുടെ മറുപടി.

mahendra singh dhoni The maestro of achievements in Indian cricket
Image: AFP

കാലം കഴിയും തോറും ധോനി വലിയ നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരുന്നു. വൈകാതെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയും ധോനിക്ക് കൈവന്നു. ആ സമയത്താണ് ധോനിയുടെ ഒരു ജീവിതകഥ തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. സ്‌പോര്‍ട്‌സ് മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിക്കാനായിരുന്നു ഉദ്ദേശം. അതിനുവേണ്ടി ധോനിയുടെ കൂട്ടുകാരും ആദ്യകാല പരിശീലകരുമായി ബന്ധപ്പെട്ടു. അവരെല്ലാം നന്നായി സഹകരിച്ചു. പ്രത്യേകിച്ച് ചെറുപ്പത്തില്‍ റാഞ്ചി ലീഗില്‍ ധോനി കളിച്ചിരുന്ന കമാണ്ടോ ക്ലബ്ബിന്റെ പ്രധാന ഭാരവാഹിയും 'റാഞ്ചി എക്‌സ്പ്രസ്സ്' എന്ന പത്രത്തിലെ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ ചഞ്ചല്‍ ഭട്ടാചാര്യ. അദ്ദേഹത്തിന്റെ ഉല്‍സാഹത്തില്‍ 13-ാം വയസ്സിലായിരുന്നു ക്രിക്കറ്റ് മത്സരങ്ങളുടെ ലോകത്തേക്ക് മഹിയുടെ അരങ്ങേറ്റം. 
ചഞ്ചലാണ് മഹിയുടെ ബാല്യകാല ക്രിക്കറ്റ് ജീവിതം അനാവരണം ചെയ്തു തന്നത്. മഹിയുടെ ചെറുപ്പകാലത്തെ ഫോട്ടോകളും അദ്ദേഹം തന്നു. സ്‌പോര്‍സ് മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ജീവിതകഥ പിന്നീട് ക്യാപ്റ്റന്‍ എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പുസ്തകമായി ഇറക്കി.

വാംഖഡെയിലെ ചരിത്രനിമിഷങ്ങള്‍

ഉയര്‍ത്തി കാണിക്കാന്‍ നേട്ടങ്ങളേറെയുണ്ടെങ്കിലും മഹേന്ദ്ര സിങ്ങ് ധോനിയെന്ന റാഞ്ചിക്കാരന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ ഹൈലൈറ്റ് 2011-ലെ ലോകകപ്പ് ജയം തന്നെയാണ്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യ കുതിച്ചത് മഹിയുടെ നേതൃപാടവത്തിന്റെ പിന്‍ബലത്തിലായിരുന്നുവെന്നത് ചരിത്രമാണ്. അന്ന് സമ്മോഹനമായ ആ രാത്രിയില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആര്‍പ്പു വിളിച്ചു കൊണ്ടിരുന്ന ആയിരങ്ങളെ സാക്ഷിയാക്കി ധോനി ലോകകപ്പ് ഏറ്റുവാങ്ങുമ്പോള്‍ ടീമംഗങ്ങളില്‍ പലരും കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. പോഡിയത്തില്‍ നിന്നിറങ്ങിയ ഉടന്‍ കപ്പ് മഹി ടീമംഗങ്ങള്‍ക്ക് കൈമാറി. അവര്‍ കപ്പുമായി ഗ്രൗണ്ട് വലംവെച്ചു, നൃത്തം ചെയ്തു. അപ്പോഴെല്ലാം നായകന്‍ ശാന്തനായിരുന്നു. അമിതാവേശം കാണിക്കാതെ മാറിനിന്ന് തന്റെ ടീമംഗങ്ങളുടെ ആഘോഷം ആസ്വദിക്കും പോലെ....

മഹേന്ദ്ര സിങ് ധോനി അങ്ങനെയാണ്. പോര്‍ക്കളത്തില്‍ മുന്നില്‍ നിന്നുപൊരുതും, ജയിക്കും. പക്ഷെ വിജയം ആഘോഷിക്കുമ്പോഴും ട്രോഫിയുമായി നൃത്തം ചെയ്യുമ്പോഴും പിന്‍നിരയിലേക്ക് വലിയും. പടയ്ക്കു മുന്നിലും സദ്യയ്ക്ക് പിന്നിലുമാവുന്ന പടയാളിയാണ് ധോനി. ക്യാപ്റ്റന്‍ കൂള്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങിനെയൊക്കെ വ്യത്യസ്തനാവുന്നു എന്നു ചോദിക്കുമ്പോള്‍ പെട്ടെന്ന് നല്‍കാവുന്ന മറുപടി ഈ സവിശേഷത തന്നെ.

mahendra singh dhoni The maestro of achievements in Indian cricket
Image: AFP

ലോകകപ്പിന്റെ ഫൈനലില്‍ ധോനി കളിച്ച ഇന്നിങ്‌സ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതില്‍ ഒന്നായിരുന്നു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറു വിക്കറ്റിന് 274 റണ്‍സാണ് നേടിയിരുന്നത്. ബാറ്റിങ് അത്ര സുഖകരമല്ലാതിരുന്ന വാംഖഡെയിലെ വിക്കറ്റില്‍ ഫ്ളഡ് ലൈറ്റില്‍ ഈ സ്‌കോര്‍ പിന്തുടരുകയെന്നത് ദുഷ്‌ക്കരമായിരുന്നു. മറുപടി ബാറ്റിങാരംഭിച്ച ഇന്ത്യയ്ക്ക് റണ്ണെടുക്കും മുമ്പെ തന്നെ സെവാഗിനെ നഷ്ടമായി. വൈകാതെ തെണ്ടുല്‍ക്കറും(18) മടങ്ങിയപ്പോള്‍ എല്ലാം തീര്‍ന്നെന്നു കരുതിപ്പോയതാണ്. ആറ് ഓവറും ഒരു പന്തും പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ ടോട്ടല്‍ രണ്ട് വിക്കറ്റിന് 31 റണ്‍സ്. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന ഗംഭീറിന് വിരാട് കോലി മികച്ച പിന്തുണ നല്‍കി. പക്ഷെ ഇന്ത്യയുടെ റണ്‍റേറ്റ് ജയിക്കാന്‍ ആവശ്യമുള്ളതിലും ഏറെ താഴെയായിരുന്നു. ഇരുപതാം ഓവറിലാണ് സ്‌കോര്‍ നൂറിലെത്തിയത്. രണ്ട് ഓവറിനുള്ളില്‍ വിരാടും (35) വീണു. ഇന്ത്യയുടെ നില ശരിക്കും പരുങ്ങലിലായി. ആ സമയത്ത് വെല്ലുവിളി സ്വയം ഏറ്റെടുത്തു കൊണ്ട് യുവ്‌രാജിന് മുമ്പായി മഹി ബാറ്റുചെയ്യാനിറങ്ങി.  ക്രീസിലെത്തിയ ഉടന്‍ ഒരു സ്റ്റമ്പിങ് ശ്രമം അതിജീവിച്ച ധോനി പിന്നെ കളിച്ചത് ശരിയായ നായകന്റെ കളിയാണ്. സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരനേയും ദില്‍ഷനേയും കരുതലോടെ നേരിട്ട ധോനി ക്രീസില്‍ നിലയുറപ്പിച്ച ശേഷം ആക്രമിക്കാന്‍ തുടങ്ങി. അതിനിടയില്‍ ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍ തികയ്ക്കുകയും ചെയ്തു. 38-ാം ഓവറില്‍ മുരളിയുടെ പന്ത് എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ദ്ധ ശതകം തികച്ചു. പക്ഷെ 42-ാം ഓവറില്‍ ഗൗതം ഗംഭീറിന്റെ ഇന്നിങ്സിന് തിരശ്ശീല വീണു. ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായിരുന്ന ഗംഭീര്‍ സെഞ്ചുറിക്ക് വെറും മൂന്നു റണ്‍ അകലെ വെച്ച് അനാവശ്യമായൊരു ഷോട്ടിന് മുതിര്‍ന്ന് പുറത്താവുകയായിരുന്നു. അപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 52 റണ്‍സ് വേണ്ടിയിരുന്നു. അവശേശിക്കുന്നത് അത്ര തന്നെ പന്തും.

മല്‍സരം അവസാന ഓവറുകളിലേക്ക് നീണ്ടാല്‍ സമര്‍ദ്ദം ഏറുമെന്ന് തിരിച്ചറിഞ്ഞ മഹി പിന്നീട് സ്‌കോറിങ്ങിന് വേഗംകൂട്ടി. പേസ് ബൗളര്‍ തിസാര പെരേര എറിഞ്ഞ 44-ാം ഓവറിലെ ആദ്യ പന്ത് കട്ട് ചെയ്ത് പോയന്റിനു മുകളിലൂടെ സിക്സറിലേക്ക് പറത്തി. പിന്നെ വിജയം അധികം വൈകിയില്ല. 49-ാം ഓവറിലെ രണ്ടാമത്തെ പന്ത് ലോങോണിന് മുകളിലൂടെ തന്റെ ട്രേഡ് മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ ഗ്യാലറിയിലേക്ക് ഉയര്‍ത്തിവിട്ട് പത്ത് പന്ത് ശേഷിക്കെ തന്നെ ഇന്ത്യയുടെ വിജയം മഹി പൂര്‍ത്തിയാക്കുകയായിരുന്നു.

ഏറ്റവും മികച്ച ക്യാപ്റ്റന്‍? 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയശ്രീലാളിതനായ ക്യാപ്റ്റന്‍ എന്നാവും മഹിക്ക് യോജിക്കുന്ന വിശേഷണം. മഹിക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തിനിടക്ക് ഒരു തവണ, 1983-ല്‍ മാത്രമേ ലോകകിരീടം കൈവന്നിരുന്നുള്ളൂ എന്നതോര്‍ക്കണം. എന്നാല്‍ മഹി ക്യാപ്റ്റന്‍സി ഏറ്റെടുത്ത് നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് മൂന്നു തവണ ലോക കിരീടം കൈവന്നു. പ്രഥമ ടി-20 ലോകകപ്പ്, ടെസ്റ്റ്ക്രിക്കറ്റിലെ ഐ.സി.സി ലോക ചാമ്പ്യന്‍പട്ടം, ഒപ്പം ഏകദിന ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍ പട്ടവും.

ധോനി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതലും ഇന്ത്യ ജയം നേടിയിട്ടുണ്ടെന്നതും ഇവിടെ പരിഗണിക്കണം. 350 മല്‍സരങ്ങളില്‍  നിന്ന് പത്ത് സെഞ്ചുറി ഉള്‍പ്പെടെ 10,773 റണ്‍സാണ് ഏകദിന ക്രിക്കറ്റില്‍ ധോനിയുടെ കരിയര്‍ റെക്കോഡ്. ഇതില്‍ ഇന്ത്യ ജയിച്ചത് 205 മാച്ചുകളാണ്. ധോനിയുടെ ഏഴ് സെഞ്ചുറികളും 6486 റണ്‍സും ടീം ജയിച്ച മല്‍സരങ്ങളിലാണ്. മൊത്തം മല്‍സരങ്ങളില്‍ ധോനിയുടെ ബാറ്റിങ് ശരാശരി 50.57 ആണെങ്കില്‍ ജയിച്ച മല്‍സരങ്ങളില്‍ അത് 70.00 ആയി ഉയരുന്നു.

ഇന്ത്യയെ ഏറ്റവും അധികം ഏകദിന മല്‍സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍ ധോനിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കളിച്ച 200 ഏകദിനങ്ങളില്‍ 110-ലും ഇന്ത്യ ജയിച്ചു. വിജയ ശതമാനം 59.52 നൂറോ അതിലധികമോ മല്‍സരങ്ങളില്‍ ടീമിനെ നയിച്ച മറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ മുഹമദ് അസ്ഹറുദ്ദീനും (174 മല്‍സരം, 90 വിജയം 54.16 വിജയശതമാനം) സൗരവ് ഗാംഗുലിയും (146 മല്‍സരം, 76 വിജയം, 53.93%) മാത്രമാണ്.

(കെ.വിശ്വനാഥ് രചിച്ച ക്യാപ്റ്റന്‍: മഹേന്ദ്ര സിങ് ധോനി ക്രിക്കറ്റും ജീവിതവും എന്ന പുസ്തകം വാങ്ങാം)

 

Content Highlights: mahendra singh dhoni The maestro of achievements in Indian cricket