2003 മെയ് മാസത്തെ ഒരു സായാഹ്നമാണ് ഓര്‍മയില്‍. ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഇടത്തരക്കാര്‍ താമസിക്കുന്ന രാജാസ് റോഡിലെ വീട്. മുറ്റത്ത് ഒരു യുവാവും കുറച്ചു കുട്ടികളും ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നു. യുവാവ് തന്റെ ബി.ഡി.എം ബാറ്റു കൊണ്ട് അടിച്ച ടെന്നീസ് ബോള്‍ വീടിനു മുകളിലൂടെ അപ്പുറത്തേക്ക് പോയി. കണ്ടു നിന്നവരെല്ലാം കൈയ്യടിച്ചു. പക്ഷെ പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ബൗളര്‍ കരയാന്‍ തുടങ്ങി.' ഉയര്‍ത്തി അടിക്കരുതെന്ന് ആദ്യമേ പറഞ്ഞതല്ലേ, പന്ത് പോയില്ലേ, ഇനി ഞങ്ങളൊക്കെ എങ്ങനെ ബാറ്റുചെയ്യും?' ബാറ്റ്‌സ്മാന്‍ ബൗളര്‍ക്കരികിലെത്തി ആശ്വസിപ്പിച്ചു. ' സോറി നമുക്ക് പന്ത് വേറെ വാങ്ങാം. നിന്റെ ബൗളിങ് മോശമായിരുന്നില്ല. ഞാന്‍ അടിച്ചപ്പോല്‍ ഭാഗ്യത്തിന്  കൊണ്ടെന്നേയുള്ളൂ. '- അത് കേട്ടപ്പോള്‍ ബൗളറുടെ പരിഭവം മാറി. മറ്റുള്ളവരുടെ ചിരിയില്‍ അവനും ചേര്‍ന്നു.

ബാറ്റ്‌സ്മാന് അന്ന് ഇരുപത് വയസ്സ് പ്രായം. ബൗളറും ഫീല്‍ഡര്‍മാരുമെല്ലാം യു.പി ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. കാഴ്ച്ചക്കാര്‍ കൂടുതലും സ്തീകളാണ്. ഒഴിവു സമയങ്ങളിലെല്ലാം അവര്‍ക്കിതൊരു പതിവാണ്. ക്രിക്കറ്റ് കമ്പക്കാരായ കോളനിവാസികളുടെ  ഹീറോയാണ് ബാറ്റുമായി നില്‍ക്കുന്നത്. പേര് ഗൗതം ഗംഭീര്‍!

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero

ഗൗതം ഗംഭീറിനെ ആദ്യം കാണുന്നത് അങ്ങിനെയാണ്. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് വീട്ടില്‍ തരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ ഗൗതം. ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ആ 21-കാരന്‍. ബംഗ്ലാദേശിനും ഇന്ത്യക്കും പുറമെ ദക്ഷിണാഫ്രിക്ക കൂടി കളിച്ച ആ ത്രിരാഷ്ട്ര ടൂര്‍ണമെന്റിനുള്ള ടീമില്‍ നിന്ന് സൗരവ് ഗാംഗുലിയും സച്ചിന്‍ തെണ്ടുല്‍ക്കറും മാറി നിന്നതു കൊണ്ടാണ് ഗൗതമിന് ടീമില്‍ ഇടം കിട്ടിയത്. ടൂര്‍ണമെന്റിലെ അഞ്ച് മല്‍സരത്തിലും ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഗൗതമിന് അവസരം ലഭിച്ചു. ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ 71 റണ്‍സ് നേടിയ ഗൗതം മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും നേടി.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയെന്ന് അംഗീകരിക്കപ്പെട്ട സച്ചിന്‍-സൗരവ് സഖ്യം മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് വീരേന്ദര്‍ സെവാഗിന്റെ വരവ്. എത്ര മികച്ച ബൗളിങ്ങിനെതിരേയും അതിവേഗത്തില്‍ റണ്ണടിക്കാന്‍ കെല്‍പ്പുള്ള സെവാഗ്, സച്ചിനും സൗരവിനുമൊപ്പം മാറി മാറി ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങി. ഇനി നാലാമതൊരു ഓപ്പണര്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് തോന്നിച്ച സമയത്താണ് ഗൗതം ടീമിന്റെ വാതിലില്‍ മുട്ടി തുടങ്ങിയത്. 

രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മല്‍സരങ്ങളില്‍ ഡല്‍ഹിക്കു വേണ്ടിയും ഇന്ത്യന്‍ എ ടീമിനു വേണ്ടിയും നിരന്തരം സ്‌കോര്‍ചെയ്തു കൊണ്ടിരുന്ന ഗൗതമിന് ഒടുവില്‍ സെലക്ടര്‍മാര്‍ ഒരവസരം നല്‍കുകയായിരുന്നു. കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഇടംകൈയ്യന്‍ ഓപ്പണറായതു കൊണ്ടാവാം സൗരവിന്റെ പിന്‍ഗാമിയെന്നാണ് മാധ്യമങ്ങളും ക്രിക്കറ്റ് നിരൂപകരും ആ യുവാവിനെ വിശേഷിപ്പിച്ചിരുന്നത്.

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero
രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ അവാര്‍ഡ് സ്വികരിക്കുന്ന ഗൗതം

അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ താരപദവിയിലേക്കുയര്‍ന്ന ഗൗതം ഗംഭീറിനെ കണ്ട് മാതൃഭൂമി സ്പോര്‍ട്സ് മാസികക്കായി ഫീച്ചര്‍ തയ്യായറാക്കാനായിരുന്നു കരോള്‍ബാഗിലെ രാജാസ് റോഡിലെ വീട് തേടിചെന്നത്. ഫോട്ടോഗ്രാഫര്‍ എസ്.എല്‍ ആനന്ദിനൊപ്പം അവിടെ ചെല്ലുമ്പോള്‍ ഗൗതം വീട്ടിനടുത്തുള്ള കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നു! അഭിമുഖത്തിനായി മുന്‍കൂട്ടി  അനുവാദം തേടിയിരുന്നതു കൊണ്ട് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടി വന്നില്ല. ഗൗതം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അമ്മ സീമ, സഹോദരി ഏക്ത, അമ്മയുടെ അച്ഛന്‍ സത്പാല്‍ ഗുലാത്തി, അമ്മയുടെ അമ്മ ആശാ ഗുലാത്തി, അമ്മാവന്‍, അമ്മായി, അവരുടെ മക്കള്‍...എല്ലാവരും ഉള്‍പ്പെട്ട വലിയ കുടുംബം. അത്ര ആര്‍ഭാടമൊന്നുമില്ലാത്ത് നാല് മുറി ഫ്ളാറ്റാണ് അവരുടേത്. അച്ഛന്‍ ദീപക് ഗംഭീര്‍ വീട്ടിലില്ല. തന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകളിലാണെന്ന് ഗൗതമിന്റെ അമ്മ പറഞ്ഞു.

ചെറുപ്പത്തിലേ ഗൗതമും അനിയത്തി ഏക്തയും വളര്‍ന്നത് അമ്മവീട്ടിലാണ്. മകനെക്കുറിച്ച് ചോദിച്ചപ്പോള്‍ സീമയ്ക്ക് വലിയ ഉല്‍സാഹം. ഉറക്കെ ചിരിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചത്. 'പൊട്ടിത്തെറിച്ച പ്രകൃതമായിരുന്നു കുഞ്ഞുനാളിലേ ഗൗതമിന്. ഒരിക്കലും വെറുതെ ഇരിക്കില്ല. ഓടി നടന്ന് കുസൃതി കാട്ടും. അവന്റെ ഈ ഉത്സാഹം ഏതെങ്കിലും ഒരു രംഗത്തേയ്ക്ക് തിരിച്ചു വിടണമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ, ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. അവന്റെ വഴി അവന്‍ തന്നെ തിരഞ്ഞെടുത്തു. പത്ത് വയസ്സായപ്പോഴേയ്ക്കും അവന്റെ ശ്രദ്ധ മുഴുവന്‍ ക്രിക്കറ്റിലായി. ഏത് സമയവും ബാറ്റും പന്തുമായി നടക്കും. ചെറുപ്പത്തില്‍ എനിക്കും സ്‌പോര്‍ട്‌സില്‍ താല്‍പര്യമുണ്ടായിരുന്നു. സ്‌കൂളില്‍ ഞാന്‍ ഹോക്കിയും ടെന്നീസും കളിച്ചിരുന്നു. കോളേജില്‍ അത്‌ലറ്റിക്‌സില്‍ വ്യക്തിഗത ചാമ്പ്യനുമായിരുന്നു. ആ പാരമ്പര്യമാണ് അവനെയും സ്‌പോര്‍ട്‌സിലേയ്ക്ക് നയിച്ചത്.'- അഭിമാനത്തോടെ സീമ പറഞ്ഞു.

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero
ഗൗതം മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് അര്‍ജുന പുരസ്‌കാരം സ്വീകരിക്കുന്നു

'ഹൈസ്‌കൂളിലെത്തിയപ്പോള്‍ വീട്ടിനടുത്തുള്ള പ്ലേമേക്കേഴ്‌സ് ക്രിക്കറ്റ് അക്കാദമിയില്‍ അമ്മാവന്‍ ഗൗതമിനെ ചേര്‍ത്തു. പരീക്ഷയുള്ള ദിവസങ്ങളില്‍ പോലും ഗൗതം പ്രാക്ടീസ് മുടക്കിയിരുന്നില്ല. ക്രിക്കറ്റിന്റെ കാര്യത്തിലൊഴിച്ച് മറ്റൊരു കാര്യത്തിലും അവന് ഒരു നിര്‍ബന്ധവുമില്ല. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തിലൊന്നും ഒരു പിടിവാശിയുമില്ല. ഏതുതരം ഡ്രസ്സും ധരിക്കും. ഏതു ഭക്ഷണവും കഴിക്കും. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ നോക്കാനാണ് അവനിഷ്ടം.' അമ്മ തന്നെ പുകഴ്ത്തി പറയുമ്പോള്‍ ഗൗതം പുഞ്ചിരിച്ചു കൊണ്ട് അരികില്‍ ഇരിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട തപസ്യയുടെ ഫലപ്രാപ്തിയായിരുന്നു ഗൗതമിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍. ഡല്‍ഹി മോഡല്‍ ഹൈസ്‌കൂളിനു വേണ്ടി ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളില്‍ കാഴ്ച വെച്ച മികച്ച ബാറ്റിങ്ങാണ് ഡല്‍ഹി ക്രിക്കറ്റില്‍ ഗൗതമിനെ ശ്രദ്ധേയനാക്കിയത്. വൈകാതെ 14 വയസ്സിനു താഴെയുള്ളവരുടെ ഡല്‍ഹി ടീമില്‍ ഗൗതം സ്ഥാനം പിടിച്ചു. ആദ്യ സീസണില്‍ തന്നെ പഞ്ചാബിനെതിരായ ഫൈനലില്‍ ഗൗതം 60 റണ്‍സെടുത്തു. പിന്നീട് അണ്ടര്‍ 19 ടീമിലും 1999 - 2000 സീസണില്‍ ഡല്‍ഹി രഞ്ജി ടീമിലും ഇടം പിടിച്ചു. 

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero
ഭാര്യയ്‌ക്കൊപ്പം

ചുരുങ്ങിയ സമയം കൊണ്ട് വിരേന്ദര്‍ സെവാഗിനൊപ്പം ഡല്‍ഹി ടീമിന്റെ ബാറ്റിങ് ന്യൂക്ലിയസായി മാറിയ ഗൗതമിന് ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും പര്യടനം നടത്തിയ ഇന്ത്യന്‍ 'എ'  ടീമിലും അവസരം ലഭിച്ചു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് അര്‍ധ സെഞ്ചുറിയും. ഗൗതമിന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകുകയായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേ ബോര്‍ഡ് പ്രസിഡണ്ട്‌സ് ടീമിനു വേണ്ടിയും രഞ്ജിയില്‍ റെയില്‍വേസിനെതിരെയും ഡബിള്‍ സെഞ്ചുറി, വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനു വേണ്ടിയുള്ള റണ്‍വേട്ട. ഇന്ത്യക്കു വേണ്ടി കളിച്ച ആദ്യ ഏകദിന ടൂര്‍ണമെന്റില്‍ തന്നെ ഒരു മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ്. എല്ലാം ഗൗതമിന്റെ ക്ലാസ്സ് വെളിപ്പെടുത്തുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ഗൗതം.

ചെറുപ്പത്തിലേ സൗരവ് ഗാംഗുലിയായിരുന്നു ഗൗതമിന്റെ ആരാധനാ പാത്രം. അതിന്റെ കാരണം ചോദിച്ചപ്പോള്‍ അല്‍പം നാണത്തോടെയായിരുന്നു മറുപടി പറഞ്ഞത്. 'അദ്ദേഹം എന്നെ പോലൊരു ഇടംകൈയ്യനാണ്. എത്ര അനായാസമായാണ് അദ്ദേഹം ഷോട്ടുകള്‍ കളിക്കുന്നത് ! വല്ലാത്ത ഭംഗിയുണ്ട് അവയ്ക്ക്. സൗരവിനെ പോലെ ആയിത്തീരുക എന്റെ സ്വപ്നമാണ്. ഒന്നോ രണ്ടോ മല്‍സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയല്ല. മറിച്ച് സൗരവിനെ പോലെ ദീര്‍ഘകാലം കളിക്കുക എന്നാതാണ് എന്റെ സ്വപ്നം.' 

ഗൗതം തനിക്ക് മുന്നില്‍ സ്വയം സെറ്റ് ചെയ്ത ടാര്‍ജറ്റായിരുന്നു സൗരവിനെ പോലെ ആവുക എന്നത്. പിന്നീട് എപ്പോള്‍ ഗൗതമിന്റെ കളി കാണുമ്പോഴും ഈ വാക്കുകള്‍ ഞാനോര്‍ക്കും. സൗരവിനോളമെത്തി ഗൗതമെന്ന് പറയാനാവില്ല. പക്ഷെ, സൗരവിനെ പോലെ ബൗളര്‍മാര്‍ ഭയക്കുന്ന ബാറ്റ്സ്മാനാവാനും ഇന്ത്യക്ക് വേണ്ടി ചില വലിയ വിജയങ്ങള്‍ നേടാനും കഴിഞ്ഞു. സച്ചിനും സൗരവും രാഹുലും സെവാഗും നിറഞ്ഞു നിന്ന് താരനിബിഡമായ ഇന്ത്യന്‍ ടീമില്‍ പത്തുവര്‍ഷത്തിലധികം(2003-2016) കളിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ വലിയ നേട്ടമാണ്. 

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero
ഭാര്യക്കും മകള്‍ക്കുമൊപ്പം സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍

58 ടെസ്റ്റുകളില്‍ നിന്ന് ഒമ്പത് സെഞ്ചുറിയടക്കം 4154 റണ്‍സ്, 147 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 11 സെഞ്ചുറിയുള്‍പ്പെടെ 5238 റണ്‍സ്. ഈ റെക്കോഡുകള്‍ക്കപ്പുറം ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്ന നിലയില്‍ ഗൗതമിനെ ഓര്‍ക്കാനാണ് എനിക്കിഷ്ടം. ഇന്ത്യ ചാമ്പ്യന്‍മാരായ 2011-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നിര്‍ണായകമായ ആ ഇന്നിങ്സ് മാത്രം മതി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഗൗതമിന്റെ പേര് സുവര്‍ണ ലിപികളില്‍ എഴുതാന്‍. 

ജയിക്കാന്‍ 50 ഓവറില്‍ 275 റണ്‍സ് വേണമെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റണ്ണെടുക്കും മുമ്പേ വീരേന്ദര്‍ സെവാഗിനെ നഷ്ടമായി. ആദ്യ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ സെവാഗിനെ ലസിത് മലിംഗ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മല്‍സരം പകുതി ജയിച്ചു കഴിഞ്ഞവെന്ന പോലെ ആഹ്ലാദ പ്രകടനം നടത്തുന്ന ലങ്കന്‍ ഫീല്‍ഡര്‍മാര്‍ക്കു നടുവിലൂടെ അക്ഷോഭ്യനായി ക്രീസിലേക്ക് വന്ന ഗൗതം മലിംഗയെ സമചിത്തതയോടെ നേരിട്ടു. മോശം പന്തുകള്‍ മാത്രം തിരഞ്ഞെടുത്ത് ഷോട്ടുകള്‍ കളിച്ച് മുന്നോട്ടു പോയി. എന്നാല്‍ ഏഴാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറേയും മലിംഗ പുറത്താക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായ പോലെ തോന്നിച്ചു. 

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero
അച്ഛനും അമ്മയക്കും ഭാര്യക്കുമൊപ്പം ഗൗതം

പകരക്കാരനായെത്തിയ വിരാട് കോലിയും ഗൗതവും ചേര്‍ന്ന് അപകട നില തരണം ചെയ്തു. 35 റണ്‍സെടുത്ത കോലി 22-ാം ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 114 റണ്‍സ്. ഏഴ് വിക്കറ്റും 28 ഓവറും ബാക്കി നില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ 161 റണ്‍സ് വേണ്ടിയിരുന്നു. ഇരു ടീമുകള്‍ക്കും തുല്യ സാധ്യതയുള്ള അവസ്ഥ. മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരുന്ന ഗൗതമിനൊപ്പം ദൃഡനിശ്ചയത്തോടെ വന്ന ക്യാപ്റ്റന്‍ ധോനി ചേര്‍ന്നു. ഗംഭീര്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ധോനി ആക്രമണത്തിന് തുനിയുകയായിരുന്നു. 42-ഓവറില്‍ പൂര്‍ണമായും അര്‍ഹിച്ചിരുന്ന ഒരു സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ വെച്ച് ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഗൗതം പുറത്താവുമ്പോള്‍ ഇന്ത്യന്‍ ജയം മിക്കവാറും ഉറപ്പായി കഴിഞ്ഞിരുന്നു. 

മീഡിയം പേസര്‍ തിസാര പെരേരയുടെ പന്തില്‍ സിക്സറടിക്കാനുള്ള ശ്രമം പാളുകയായിരുന്നു. 122 പന്തില്‍ ഒന്‍പത് ബൗണ്ടറിയുള്‍പ്പെടെ 97 റണ്‍സ് നേടിയ ഗൗതം ക്ലീന്‍ബൗള്‍ഡായി. ധോനിയും യുവ്‌രാജും ചേര്‍ന്ന് അനായാസം ജയം നേടി. 28 വര്‍ഷത്തിനു ശേഷം  ലോകകപ്പ് നേടിയതിന്റെ ആഹ്ലാദത്തിനിടയിലും ആപല്‍ഘട്ടത്തിലെ രക്ഷകനായ ഗൗതമിന്റെ സെഞ്ചുറി നഷ്ടം ഇന്ത്യന്‍ ആരാധര്‍ക്ക് ദു:ഖം പകര്‍ന്നു.

ഈ ലോകകപ്പ് വിജയത്തിന് ഒരു വര്‍ഷം മുമ്പ് ദേശീയ ടീമിന്റെ ക്യാപറ്റന്‍ പദവിയും ഗൗതം അലങ്കരിച്ചിരുന്നു. 2010-ല്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കാനുള്ള ദൗത്യം സെലക്ടര്‍മാര്‍ ഗൗതമിന ഏല്‍പ്പിച്ചിരുന്നു. 5-0 മാര്‍ജനില്‍ ഇന്ത്യ ജയിച്ച പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസും ഗൗതമായിരുന്നു.

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero
പാര്‍ലമെന്റിന് മുന്നില്‍ ഗൗതം ഗംഭീര്‍ എം.പി

2012-ല്‍ ഒരിക്കല്‍ കൂടി ഗൗതമിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ അവസരം കിട്ടി. ഒമ്പത് വര്‍ഷം മുമ്പ് എന്നോട് പറഞ്ഞിരുന്ന വാചകം അപ്പോള്‍ ഗൗതം തിരുത്തി പറഞ്ഞു.' എത്രകാലം കളിക്കാന്‍ കഴിഞ്ഞുവെന്നതല്ല, എങ്ങിനെ കളിച്ചു, ടീമിന് എന്തെല്ലാം സംഭാവനകള്‍ നല്‍കി എന്നതിനാണ് ഞാന്‍ വില കല്‍പ്പിക്കുന്നുത്. അക്കാര്യത്തില്‍ ഞാന്‍ തൃപ്തനാണ്.' കാലം ഗൗതമിനെ കൂടുതല്‍ പക്വമതിയാക്കി തീര്‍ത്തുവെന്ന് അപ്പോള്‍ തോന്നിപ്പോയി.

ആ വര്‍ഷം അവസാനത്തോടെ ഗൗതമിന് ഫോം നഷ്ടമായി തുടങ്ങി. ക്യാപ്റ്റന്‍ ധോനിയും സെലക്ടര്‍മാരും ചേര്‍ന്ന് കൂടുതല്‍ കളിക്കാര്‍ക്ക് മാറി മാറി അവസരം നല്‍കുന്ന റൊട്ടേഷന്‍ പോളിസി ടീമില്‍ നടപ്പിലാക്കിയതോടെ ഗൗതമിന് അവസരങ്ങള്‍ കുറഞ്ഞു. 2013-ലും 2014-ലും വളരെ കുറച്ച് മല്‍സരങ്ങളിലേ കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. ടീമിലേക്ക് യുവ താരങ്ങളുടെ തള്ളിക്കയറ്റം തന്നെ സംഭവിച്ചതോടെ 2014 ഓഗസ്റ്റോടെ ടീമില്‍ നിന്ന് പുറത്തായി. 

Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതമിന് ഡല്‍ഹി ടീമംഗങ്ങള്‍ യാത്രയയപ്പ് നല്‍കിയപ്പോള്‍

പിന്നീട് 2016 ഒക്ടോബറില്‍ ഇംഗ്ലണ്ടിനും ന്യൂസീലന്‍ഡിനുമെതിരേ ഓരോ ടെസ്റ്റ് മല്‍സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും പഴയ ഫോമിന്റെ നിഴലില്‍ ഒതുങ്ങി. 2018 ഡിസംബറില്‍ തന്റെ പ്രിയപ്പെട്ട കളിക്കളമായ ഡല്‍ഹി ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടില്‍ ആന്ധ്രാപ്രദേശിനെതിരെ രഞ്ജി മല്‍സരം കളിച്ചു കൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടും വിടപറഞ്ഞു.

പിന്നീട് ഗൗതമിനെ കണ്ടത് പുതിയ റോളിലാണ് രാഷ്ട്രീയക്കാരന്റെ വേഷത്തില്‍. ആ റോളില്‍ അയാള്‍ നടത്തുന്ന പ്രകടനം വിലയിരുത്തുകയെന്നത് നമ്മുടെ ജോലിയല്ല എന്നതു കൊണ്ടു തന്നെ ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

Content Highlights: Gautam Gambhir from that littele boy from karol bagh to India's 2011 World Cup hero