22 ലോക കിരീടങ്ങൾ! പങ്കജ് അദ്വാനിയെന്ന ചാമ്പ്യന്റെ റെക്കോഡ് അതാണ്. സ്നൂക്കറിലും ബില്യാർഡ്സിലും വിസ്മയങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ 34-കാരൻ ഇന്നും അവിവാഹിതനാണ്. അതിന് പങ്കജ് പറയുന്ന കാരണമാണ് ഏറ്റവും രസകരം. ''ഞാൻ എന്റെ ഗെയ്മിനെ വിവാഹം കളിച്ചിരിക്കുകയാണല്ലോ?'' തന്റെ ഗെയ്മിനോട് അത്രയ്ക്ക് ഇഴുകി ചേർന്നു പോയിരിക്കുന്നു പങ്കജ് എന്നർത്ഥം. ''അവൻ ഉറങ്ങുന്നത് പോലും ക്യൂ (ബില്യാർഡ് കളിക്കുന്ന സ്റ്റിക്ക്) കെട്ടിപിടിച്ചു കിടന്നാണെന്ന് സുഹൃത്തായ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ തമാശയായി പറഞ്ഞത് ഓർത്തു പോവുന്നു.

1
2016-ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് കിരീടവുമായി

14 തവണ അമച്വർ ബില്യാർഡ്സ് ലോക കിരീടം, നാല് തവണ അമച്വർ സ്നൂക്കർ കിരീടം. നാല് തവണ പ്രൊഫഷണൽ ബില്യാർഡ്സ് ലോക കിരീടം. രാജ്യത്തെ സാധാരണക്കാർക്കിടയിൽ വലിയ സ്വാധീനമില്ലാത്തെ ഗെയിമാണെങ്കിലും പങ്കജ് ഇന്ത്യൻ സ്പോർട്സിലെ സൂപ്പർ താരമായി മാറിയത് അവിശ്വസനീയമെന്ന് തോന്നിപ്പോവുന്ന നേട്ടങ്ങളുടെ പെരുപ്പവും പെരുമയും കൊണ്ടാണ്. പങ്കജിന് മുമ്പും ബില്യാർഡ്സിൽ ഇന്ത്യയിൽ നിന്ന് ലോക ചാമ്പ്യൻമാർ ഉണ്ടായിട്ടുണ്ട്. മൈക്കൽ ഫെറീറയും ഗീത് സേഥിയും. പക്ഷെ അവരാരും പങ്കജിനോളം മുന്നോട്ടു പോയിട്ടില്ല. പങ്കജിനെ പോലെ ഇന്ത്യൻ കായിക രംഗത്ത് സ്വാധീനം ചെലുത്തിയിട്ടില്ല.

2

മൂന്നാമത്തെ ലോക കിരീടം നേടിയ ഉടൻ 2005-ലാണ് ആദ്യമായി പങ്കജിനെ കാണുന്നത്. അന്ന് 19 വയസ്സേ പ്രായമുള്ളൂ പങ്കജിന്. മാതൃഭൂമി സ്പോർട്സ് മാസികക്ക് വേണ്ടി അഭിമുഖം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചപ്പോൾ അമ്മയുടെ നമ്പർ തന്നു. ''അമ്മയോട് സംസാരിച്ച് സമയം ഫിക്സ് ചെയ്തോളൂ. ഇനി രണ്ടാഴ്ച്ചത്തേക്ക് ഞാൻ വീട്ടിൽ തന്നെയുണ്ടാവും.''

3
പങ്കജ്, റോബിൻ ഉത്തപ്പ, ശിഖ ഠണ്ഡൻ എന്നിവർക്കൊപ്പം കെ വിശ്വനാഥ്

ആ നമ്പറിൽ വിളിച്ച് സമയം നിശ്ചയിച്ച് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. ഒരു ലോക ചാമ്പ്യനെയാണ് കണ്ടുമുട്ടാൻ പോവുന്നത്. മനസ്സിൽ കുറേ സങ്കൽപ്പങ്ങൾ ഉണ്ട്. വിശ്വനാഥൻ ആനന്ദിനെപ്പോലെ പ്രകാശം സ്‌ഫുരിപ്പിക്കുന്ന ഒരാൾ, സച്ചിൻ തെണ്ടുൽക്കറെപ്പോലെ ആരാധകരെ വിഭ്രമിപ്പിക്കുന്ന സാന്നിധ്യം. ബാംഗ്ലൂർ നഗരത്തിലെ ഉൾസൂർ ലെയ്ക്കിനടുത്തുള്ള രംഗാധി പാരഡൈസിന്റെ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് ചെന്നത് ചില മുൻധാരണകളോടെയായിരുന്നു.

4
കോച്ച് അരവിന്ദ് സവൂലിനൊപ്പം

360-ാം നമ്പർ ഫ്ളാറ്റിനു പുറത്ത് പങ്കജ് അദ്വാനി എന്ന പേരു പരതി. പക്ഷേ, കണ്ടത് മറ്റൊരു പേര്, കാജൽ അദ്വാനി. കോളിങ് ബെല്ലടിച്ച് കുറച്ചു സമയം കാത്തിരിക്കേണ്ടിവന്നു വാതിൽ തുറക്കാൻ. മുന്നിൽ അമ്പതു വയസ്സ് മതിക്കുന്ന പ്രൗഢയായ സ്ത്രീ. ആംഗ്ലോ ഇന്ത്യൻ ശൈലിയിലുള്ള വസ്ത്രം. കറുത്ത പാന്റ്സും ടോപ്പും. ''വരൂ, പങ്കജ് അകത്തുണ്ട്.''

5
ലോക ബില്യാർഡ്‌സ് ഫൈനലിൽ ഗീത് സേഥിയെ തോൽപ്പിച്ച് ചാമ്പ്യനായ ശേഷം

വെള്ളച്ചായമടിച്ച വിശാലമായ സ്വീകരണമുറി, വെളുത്ത കർട്ടനുകൾ. ലളിതവും കുലീനവുമായ ചമയങ്ങൾ. ചുവരിലെ ഷോകേസിൽ നിറയെ ട്രോഫികൾ, മെഡലുകൾ. അഞ്ചുമിനുട്ട് കാത്തിരുന്നുകാണും. ഇളംനിറത്തിലുള്ള പാന്റ്സും ടീഷർട്ടും ധരിച്ച് പങ്കജ് വന്നു. അധികം ഉയരമില്ലാത്ത കൃശഗാത്രനായ പയ്യൻ. ലോകം കീഴടക്കിയ ജേതാവിന്റെ ചിരിയില്ല. കോഴിക്കോട്ടോ കോട്ടയത്തോ കണ്ട ഒരു പ്രീഡിഗ്രിക്കാരന്റെ ഭാവം. ഒരു ഇളം ചിരി ഞങ്ങൾക്ക് സമ്മാനിച്ച് പതിഞ്ഞ ശബ്ദത്തിൽ ചോദ്യം, ''കേരളത്തിൽ നിന്നാണല്ലേ?'' പ്രശസ്തി തലയ്ക്കു പിടിക്കാത്ത, അന്യരെ ബഹുമാനിക്കുന്ന, കഠിനാധ്വാനിയായ യുവാവാണ് പങ്കജെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ ബോധ്യപ്പെട്ടു. സ്വീകരണ മുറിയിലെ സെറ്റിയിൽ പങ്കജും അമ്മയും ഒരുമിച്ചിരുന്നാണ് ഞങ്ങളോട് സംസാരിച്ചത്.

6
ഗ്വാങ്ഷൂ ഏഷ്യൻ ഗെയിംസിൽ നേടിയ സ്വർണ മെഡലുമായി പങ്കജ്  

സിന്ധികളാണ് അദ്വാനിമാർ. പാകിസ്താനിൽ നിന്ന് വിഭജനത്തിന്നുശേഷം ഇന്ത്യയിലേക്ക് വന്നവരുടെ പിന്തുടർച്ചക്കാർ. കാജൽ ജനിച്ചതും വളർന്നതും മുംബൈയിലായിരുന്നു. വിവാഹശേഷം കുവൈത്തിലേക്കു പോയി. പങ്കജിന്റെ അച്ഛൻ അർജൻ അദ്വാനിക്ക് അവിടെ ബിസിനസ് ഉണ്ടായിരുന്നു. അദ്വാനി ദമ്പതികൾക്ക് രണ്ടു മക്കൾ - ശ്രീയും പങ്കജും. പങ്കജിന് നാലു വയസ്സുള്ളപ്പോൾ ഒരു വെക്കേഷന് ഇന്ത്യയിൽ വന്നതാണ് അവർ. അന്ന് 1990-ൽ ഗൾഫിൽ യുദ്ധം തുടങ്ങി. പിന്നെ തിരിച്ചുപോവാൻ കഴിഞ്ഞില്ല. കുടുംബം ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി. അതനിടയിൽ അപ്രതീക്ഷിതമായി അർജൻ അദ്വാനി ഇഹലോക വാസം വെടിഞ്ഞു. കുടുംബത്തിന് വലിയ ഷോക്കായിരുന്നു അത്. പക്ഷെ കാജലിന്റെ മനക്കരുത്ത് അച്ഛന്റെ മരണം കുട്ടികളെ ബാധിക്കാതെ നോക്കി.

8
അമ്മയ്ക്കും സഹോദരനുമൊപ്പം പങ്കജ്

ഒഴിവുസമയത്ത് ബാംഗ്ലൂരിലെ വീട്ടിനടുള്ള ക്ലബ്ബിൽ പോയാണ് പങ്കജ് ബില്യാർഡ്സും സ്നൂക്കറും കളിക്കാൻ തുടങ്ങിയത്. ആദ്യം കർണാടകത്തിനുവേണ്ടി ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ തുടങ്ങിയത് ശ്രീയാണ്. ചേട്ടന്റെ പ്രേരണ കൊണ്ട് വൈകാതെ പങ്കജും ആ വഴിക്ക് നീങ്ങി. അധികം കഴിയും മുമ്പ് പങ്കജിന് ബില്യാർഡ്സ് ആവേശമായി മാറി. പിന്നെ കർണാടക സ്റ്റേറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടു. നഗരത്തിൽതന്നെ നല്ലൊരു കോച്ചിനേയും കിട്ടി. അരവിന്ദ സവൂൽ.

9
മൈക്കൽ ഫെറീറക്കൊപ്പം

അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു പരിശീലനം. ഇന്റർനാഷണൽ ബില്യാർഡ്സ്, സ്നൂക്കർ അസോസിയേഷൻ നടത്തിയ ഓപ്പൺ ടൂർണമെന്റുകളിൽ ലോക കിരീടങ്ങൾ ജയിച്ചുക്കൊണ്ട് ചെറിയ പ്രായത്തിലേ പങ്കജ് തന്റെ പ്രതിഭയറിയിച്ചു. ലോകത്തെ മികച്ച പ്രൊഫഷണൽ താരങ്ങളും പ്രൊഫഷണൽ അല്ലാത്ത അമേച്വർ കളിക്കാരും മത്സരിച്ചിരുന്ന ടൂർണമെന്റുകളായിരുന്നു അവ. ബില്യാർഡ്സ് അല്ലാതെ സ്നൂക്കറിൽ വലിയ ടൂർണമെന്റുകൾ ജയിക്കുക എന്നത് തുടക്കത്തിൽ പങ്കജിന്റെ അജണ്ടയിലുണ്ടായിരുന്ന കാര്യമല്ല. അങ്ങനെയൊരു കാര്യം സ്വപ്നം കണ്ടിരുന്നുമില്ലെന്ന് പങ്കജ് തുറന്നു പറയുന്നു. എന്നിട്ടും സ്നൂക്കറിലും ലോകകപ്പ് ജയിക്കാനായി. ഒന്നല്ല, നാല് തവണ.

10
ലോക ബില്യാർഡ്‌സ് ഫൈനലിൽ ഗീത് സേഥിയെ തോൽപ്പിച്ച് ചാമ്പ്യനായ ശേഷം ഗീതിനൊപ്പം പങ്കജ്

അഭിമുഖത്തിനിടയിൽ തന്റെ മുൻഗാമികളെ കുറിച്ച് വലിയ ആദരവോടെയാണ് പങ്കജ് സംസാരിച്ചത്. ''എന്റെ റോൾമോഡൽസായിരുന്നു ഗീത് സേഥിയും മൈക്കൽ ഫെറീറയും. പ്രത്യേകിച്ചും ഗീത്, അതീവപ്രതിഭാശാലിയാണ്. പക്ഷേ, വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന ഗെയിമുകളാണ് ബില്യാർഡ്സും സ്നൂക്കറും. മുമ്പുള്ളവർ കളിച്ച ശൈലിയിൽ കളിച്ചിട്ട് കാര്യമില്ല. നിയമങ്ങളും പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. സ്വന്തമായ ഒരു ശൈലിയും സ്ട്രാറ്റജിയും ഉണ്ടെങ്കിലേ നിലനിൽക്കാനാവൂ. ഞാൻ അതിനാണ് ശ്രമിച്ചത്.'' - പങ്കജ് പറഞ്ഞു. പിൽക്കാലത്ത് തന്റെ ലോകകിരീട നേട്ടങ്ങളുടെ വഴിയിൽ ഗീത് സേഥിയെ തന്നെ പങ്കജ് തോൽപ്പിച്ചു.

ബില്യാർഡ്സും സ്നൂക്കറും ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുള്ള ഗെയിമുകളല്ലെന്നതു കൊണ്ട് ഇന്ത്യൻ സ്പോർട്സിൽ തനിക്കു ലഭിക്കുന്ന താരപരിവേഷത്തിന്റെ പരിമിതികളെ കുറിച്ച് പങ്കജിന് നല്ല ബോധ്യമുണ്ട്. അതിനെ പങ്കജ് വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. ''ലോകചാമ്പ്യനായാലും ക്രിക്കറ്റ് പോലെ പോപ്പുലറായ ഗെയിമല്ല ഇതെന്നതുകൊണ്ട് ആരാധകർ അധികമില്ല. ചില ഇ-മെയിലുകൾ വരും. ചിലർ ഫോൺ വിളിക്കും. അതിനപ്പുറം ആരാധകരുടെ 'ആക്രമണം' ജീവിതത്തിൽ ഇല്ല. എവിടെ പോയാലും എല്ലാവരും തിരിച്ചറിയുന്നുവെന്ന് മാത്രം. ആശംസകൾ നേരും. മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് താരങ്ങൾ ഏറെ പ്രശസ്തരാണ്. അതുകൊണ്ടുതന്നെ അവർക്ക് ആരാധകർ കൂടും. പക്ഷെ, എനിക്ക് അങ്ങനെ പ്രശസ്തി കിട്ടാത്തതിൽ പരിഭവം ഇല്ല. ബില്യാർഡ്സും സ്നൂക്കറും കൂടുതൽ പേരെ പരിചയപ്പെടുത്തണമെന്ന് മാത്രം ആഗ്രഹിക്കുന്നു. അതിന് എന്റെ നേട്ടങ്ങൾ വഴിവെച്ചാൽ സന്തോഷമാവും. പിന്നെ ക്രിക്കറ്റ് താരങ്ങൾക്ക് ആരാധകരും പ്രശസ്തിയും കൂടുതൽ ഉള്ളതുകൊണ്ട് അവർക്ക് സമ്മർദം ഏറും. എപ്പോഴും ഏറ്റവും മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്യുന്നതിനുള്ള സമ്മർദം. അത് എനിക്കില്ല. സ്വയം നിശ്ചയിക്കുന്ന ചില ലക്ഷ്യങ്ങളേ എനിക്കുള്ളൂ.''

11
പത്മഭൂഷൻ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് സ്വീകരിക്കുന്നു.

തന്റെ അമ്മയക്ക് പോലും ബില്യാർഡ്സിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ചിരിച്ചു കൊണ്ടു തന്നെ പങ്കജ് പറഞ്ഞു. ''എന്താണ് കളി ഈ എന്നേ അമ്മയ്ക്കറിയില്ല. മക്കൾ കളിക്കുന്നു, ജയിക്കുന്നു. അതുകൊണ്ട് കൊള്ളാവുന്ന കാര്യമാണ് എന്നറിയാം. ഞാൻ ലോകചാമ്പ്യനാവുമ്പോൾ അമ്മ പഞ്ചാബിലായിരുന്നു. അവിടെ ഗുരുവിനെ കാണാൻ പോയതായിരുന്നു. ആത്മീയ കാര്യങ്ങളിൽ മുഴുകിക്കഴിയുന്നതുകൊണ്ട് ടിവിയോ പത്രങ്ങളോ ശ്രദ്ധിച്ചിരുന്നില്ല. ഹൈദരാബാദിൽനിന്ന് അമ്മാവൻ ഫോണിൽ വിളിച്ചു പറഞ്ഞപ്പോഴാണ് അമ്മ കാര്യം അറിഞ്ഞത് തന്നെ.''

അഭിമുഖം അവസാനിപ്പിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ കാജൽ പറഞ്ഞു, ''നിങ്ങൾ ഇനിയും വരണം. അപ്പോഴേക്കും ഒരു ലോകകിരീടം കൂടി അവൻ നേടിയിരിക്കും. അതിനായി പ്രാർത്ഥിക്കണം.'' പങ്കജ് പക്ഷേ കാജലിന്റെ പ്രതീക്ഷകൾക്കും ഏറെ മുകളിലേക്ക് വളർന്നു. മൂന്നു വർഷം കഴിഞ്ഞ് ഞാൻ വീണ്ടും കാണുമ്പോൾ പങ്കജ് തന്റെ ലോകകിരീടങ്ങൾ ഇരട്ടിപ്പിച്ച് കഴിഞ്ഞിരുന്നു. പങ്കജിന്റെ സുഹൃത്തായിരുന്ന ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയായിരുന്നു ആ കൂടിക്കാഴ്ച്ച ഒരുക്കി തന്നത്. പങ്കജും താനും ദേശീയ വനിതാ നീന്തൽ ചാമ്പ്യനായിരുന്ന ശിഖാ ഠണ്ഡനും സഹപാഠികളാണെന്ന് റോബിൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. എങ്കിൽ മൂന്നു പേരെയും ഒരുമിച്ചിരുത്തി സ്പോർട്സ് മാസികക്ക് വേണ്ടി ഒരു കൂടിക്കാഴ്ച്ചയായി കൂടേയെന്ന് ഞാൻ ചോദിച്ചു. റോബിൻ ഉടൻ സമ്മതം മൂളി. റോബിന്റെ തന്നെ ഉൽസാഹത്തിൽ മൂന്നു പേരും ഒരുമിച്ചുകൂടി.

12
പത്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മഹേന്ദ്ര സിങ് ധോനിക്കൊപ്പം

ബാംഗ്ലൂരിലെ മഹാവീർ ജയിൻ കോളേജിൽ ഡിഗ്രി ക്ലാസിൽ ഒരുമിച്ചു പഠിച്ചവരാണ് മൂന്നു പേരും. കേരളത്തിനും ദക്ഷിണമേഖലക്കും വേണ്ടി കളിച്ച മുൻ ക്രിക്കറ്റ് താരം ജെ.കെ മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂർ റിച്ച്മൗണ്ട് റോഡിൽ ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച ഒരുക്കിയത്. മൂന്നുപേരും അവരവരുടെ അമ്മമാർക്കൊപ്പമാണ് അവിടെ എത്തിയത്. സുഹൃത്തുക്കളുടെ അമ്മമാർ തമ്മിലും നല്ല കൂട്ടാണ്.

കോളേജ് കാമ്പസിൽ ഹീറോകളായിരുന്ന കൂട്ടുകാർ മൂന്നുപേരും ഗൃഹാതുരത്വത്തോടെ പഴയ നാളുകൾ അയവിറക്കി. കൂട്ടുകാർക്കിടയിൽ ഏറ്റവും കൂൾ അന്നേ പങ്കജായിരുന്നുവെന്ന് ശിഖ പറഞ്ഞപ്പോൾ റോബിനും അത് ശരിവെച്ചു. ആ കൂടിക്കാഴ്ച്ചക്കിടയിലും വ്യക്തിഗത ജീവിതത്തേക്കാൾ തന്റെ ഗെയ്മിനെ കുറിച്ചും ഇനിയും ജയിക്കാനുള്ള മൽസരങ്ങളെ കുറിച്ചുമാണ് പങ്കജ് സംസാരിച്ചത്. അടങ്ങാത്ത ഈ വിജയവാഞ്ജയാവും മറ്റുള്ളവരിൽ നിന്ന് പങ്കജിനെ ഭിന്നനാക്കുന്നത്. 2006-ലെയും 2010-ലെയും ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യക്ക് വേണ്ടി സ്വർണ മെഡലുകൾ നേടാൻ പങ്കജിനെ പ്രാപ്തനാക്കിയതും അതുതന്നെ. 2010-ൽ ചൈനയിലെ ഗ്വാങ്ഷൂയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പങ്കജ് മെഡൽ നേടുമ്പോൾ അത് നേരിൽ കാണാൻ ഞാനുമുണ്ടായിരുന്നു അവിടെ. ഓരോ വിജയത്തിനു ശേഷവും അമിത ആഹ്ലാദപ്രകടനങ്ങളൊന്നുമില്ലാതെ ശാന്തനായി പുഞ്ചിരി തൂകി കൊണ്ടിരിക്കുന്ന പങ്കജിനെ ആരും സ്നേഹിച്ചു പോവും. ഇങ്ങനെ എത്ര വിജയങ്ങൾ നേടിയിരിക്കുന്നു എന്ന ഭാവം! രണ്ട് പതിറ്റാണ്ടിലേറെയായി ബില്യാർഡ്സ് ടേബിളിൽ സമ്പൂർണ ആധിപത്യം പുലർത്തുന്ന പങ്കജിന് ഇനിയെന്താണ് കൂടുതൽ നേടാനുള്ളത്? നമ്മുടെ ചാമ്പ്യന് അതിനും മറുപടിയുണ്ട്. 'ഓരോ ഗെയിം കഴിയുമ്പോഴും ഞാൻ മനസ്സിലാക്കും, ചില മേഖലകളിൽ പ്രതിയോഗി എന്നേക്കാൾ മുന്നിലാണെന്ന്. അപ്പോൾ അക്കാര്യത്തിൽ കൂടുതൽ മെച്ചപ്പെടാനുള്ള പരിശ്രമാണ് നടത്തുക.'' - പങ്കജ് പറയുന്നു.

7

പങ്കജിനെ അർജുനയും ഖേൽരത്നയും പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. പക്ഷെ നേട്ടങ്ങളിലൊന്നും പങ്കജ് ഒരു പരിധിക്കപ്പുറം അഭിരമിക്കുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം ലോക ചെസ്സ് ചാമ്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദാണ് പങ്കജിന്റെ മാതൃകയെന്ന് തോന്നിയിട്ടുണ്ട്.

Content Highlights: diary of a sports reporter The legendary Pankaj Advani