ശാന്തകുമാരന്‍ ശ്രീശാന്ത് എനിക്കാരാണ്? ഒരു സ്‌പോര്‍ട്‌സ് ജേണലിസ്റ്റിന് ഒരു ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തിനപ്പുറത്തേക്ക് കരുതലും സ്‌നേഹവും ഞങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ ഞാനെഴുതാന്‍ പോവുന്ന ഈ കുറിപ്പില്‍ അല്‍പം പക്ഷപാതം ഉണ്ടെന്നു തോന്നിയാല്‍ മാന്യവായനക്കാര്‍ ക്ഷമിക്കണം. ശ്രീയെ വളരെ അടുത്തറിയുന്നതു കൊണ്ടും എടുത്തുചാട്ടക്കാരന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള വ്യക്തിത്വത്തിന് ഉടമയായ അവന്റെ നിഷ്‌ക്കളങ്കതയെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളതു കൊണ്ടുമാണ് ഈ 'പക്ഷപാത'മെന്നു കൂടി ആദ്യമേ പറഞ്ഞു വെക്കട്ടെ.

മറ്റുള്ളവരാല്‍ ഇത്രയധികം തെറ്റിധരിക്കപ്പെട്ട ഒരു കായിക താരം, സെലിബ്രിറ്റി ഇന്ത്യയില്‍ വേറെയില്ലെന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കായികതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രശസ്ത വ്യക്തികളുമായി ബന്ധംപുലര്‍ത്തുകയും അഭിമുഖങ്ങള്‍ നടത്തുകയും അവരെ പിന്തുടരുകയും ചെയ്ത ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനാവും. 

Diary of a sports reporter s sreesanth
സച്ചിനും ശ്രീശാന്തിനുമൊപ്പം ലേഖകന്‍

ശ്രീയെ ഞാന്‍ ആദ്യമായി കാണുന്നത് 2002-ലാണ്. കൊച്ചിയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എന്റെ ആദ്യ പുസ്തകം, സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതകഥ പുറത്തിറങ്ങുന്ന സമയം. പുസ്തകത്തിന്റെ ബ്രോഷര്‍ എന്റെ കയ്യിലുണ്ടായിരുന്നു. അപ്പോള്‍ ശ്രീ, ചേട്ടന്‍ ദിപുവിനൊപ്പം അവിടെ വന്നു. പരിചയപ്പെട്ടു. നെറ്റിയില്‍ ചന്ദനക്കുറിയുമായി വെളുക്കെ ചിരിക്കുന്ന ശ്രീ. ഞാന്‍ സച്ചിന്റെ പുസ്തകത്തിന്റെ ബ്രോഷര്‍ കൊടുത്തു. അത് കൗതുകത്തോടെ നോക്കുന്നു. കടുത്ത സച്ചിന്‍ ആരാധകനാണ് അന്നേ ശ്രീ. വിടര്‍ന്ന കണ്ണുകളുമായി ശ്രീ ചോദിച്ചു, ' ചേട്ടന്‍ സച്ചിനെ കണ്ടിട്ടുണ്ടോ, സംസാരിച്ചിട്ടുണ്ടോ?' അന്ന് കുറച്ചു നേരം സംസാരിച്ചു. പിന്നീട് ഞാന്‍ ഇടയ്ക്ക് വിളിക്കും. എന്റെ പരിമിതമായ ജ്ഞാനം വെച്ച് ക്രിക്കറ്റില്‍ ഉയര്‍ന്നു വാരാന്‍ എന്തൊക്കെ ചെയ്യണമെന്ന ഉപദേശങ്ങള്‍ നല്‍കും. എല്ലാം ക്ഷമയോടെ കേള്‍ക്കും. 

ഓരോ തവണ കാണുമ്പോഴെല്ലാം ശ്രീ വാതോരാതെ സംസാരിച്ചത് ക്രിക്കറ്റിനെ കുറിച്ച് മാത്രമായിരുന്നു. ക്രിക്കറ്റിനെ ശ്രീശാന്ത് എത്രത്തോളം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അത് ധാരാളമായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളിച്ചതിനു ശേഷം ശ്രീ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമായി. ഇനിയങ്ങ് മരിച്ചു പോയാലും വേണ്ടില്ല. ഇന്ത്യയുടെ ഒരു ഏകദിന പരമ്പരക്കിടെ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ചണ്ഡീഗഡിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ശ്രീ ചോദിച്ചതും ഓര്‍മ്മ വരുന്നു.' ഞാന്‍ മരിച്ചു പോവുമോ, എങ്കില്‍ ഇനിയെങ്ങനെ ഞാന്‍ ക്രിക്കറ്റ് കളിക്കും?' സത്യം, ക്രിക്കറ്റിനെ അത്രത്തോളം സ്നേഹിച്ചിരുന്നു ശ്രീ.

Diary of a sports reporter s sreesanth
പി.ടി ഉഷയുടെ കാലില്‍ തൊട്ട് തലയില്‍ വെക്കുന്ന ശ്രീശാന്ത്. ഐ.എം വിജയനേയും കാണാം

കരിയറിന്റെ തുടക്കത്തില്‍ ശ്രീശാന്ത് കളിച്ച ഒന്നു രണ്ട് രഞ്ജി മല്‍സരങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്തപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി, കേരളത്തിന്റെ മറ്റ് ബൗളര്‍മാരില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഉണ്ട് ശ്രീക്ക്. ഉച്ചത്തിലുള്ള അപ്പീല്‍, ബൗള്‍ ചെയ്യുന്നതിനിടെ ബാറ്റ്‌സ്മാന്‍മാരോട് കൂടുതല്‍ സംസാരിക്കുന്നു - സ്ലെഡ്ജിങ് തന്നെ. ശരീരഭാഷയില്‍ ആക്രമണോല്‍സുകതയുണ്ട്. പയ്യന്‍ പ്രശ്‌നക്കാരനാണ്, എന്നതാണ് ഇമേജ്. എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് ടീമില്‍ ശ്രീയുടെ ക്യാപ്റ്റനായിരുന്ന സതീഷ് ആണ് ഇതിന്റെ ഒരു മറുവശം പറഞ്ഞുതന്നത്. സതീഷ് ഒരു അനുഭവം പങ്കുവെച്ചു. 'ഒരു ടൂര്‍ണമെന്റില്‍ ബൗള്‍ ചെയ്യുന്നതിനിടെ എതിര്‍ ടീമിലെ കളിക്കാരനു നേരെ ശ്രീ ശരിക്കും ബഹളം വെക്കുന്നു. ഞങ്ങള്‍ എല്ലാവരും അത് കണ്ട് വിഷമിച്ചു. കാരണം, എറണാകുളം ലീഗിലും മറ്റും വളരെ സൗഹൃദാന്തരീക്ഷത്തിലാണ് കളി നടക്കാറ്. ഇങ്ങനെ സ്ലെഡ്ജ് ചെയ്യുന്നത് ഞങ്ങള്‍ ടി.വി.യിലേ കണ്ടിട്ടുള്ളൂ. ആ സംഭവം അങ്ങനെ കഴിഞ്ഞു. പിന്നീട് ശ്രീ ഇന്ത്യക്കുവേണ്ടി കളിച്ചതിനുശേഷം ഞാന്‍ പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചു. അന്ന് ശ്രീ സ്ലഡ്ജ് ചെയ്ത ആ ബാറ്റ്‌സ്മാന്‍ ഇംഗ്ലീഷ് ക്ലബ്ബിനുവേണ്ടി കളിക്കാന്‍ പോയിരിക്കുന്നു. അയാള്‍  പറയുന്നു, തന്നെ ഇംഗ്ലണ്ടില്‍ പോവാനും കളിക്കാനുമെല്ലാം സഹായിച്ചത് പ്രധാനമായും ശ്രീശാന്താണ്! അവന്‍ ശരിക്കും ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്നു', സതീഷിന്റെ വാക്കുകള്‍. 
അങ്ങനെയാണ് ശ്രീശാന്ത്. കളിക്കളത്തില്‍ എതിര്‍ ടീമിന്റെ ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്യുന്നത് മാനസികമായ ആധിപത്യം നേടുന്നതിന്റെ ഭാഗമായാണ്. അല്ലാതെ അയാളോടുള്ള വെറുപ്പു കൊണ്ടല്ല.

ഇങ്ങനെ ഏത് കാര്യവും നേടിയെടുക്കുമെന്ന് ദൃഢനിശ്ചയമുള്ള, അതിനുവേണ്ടി അധ്വാനിക്കുന്ന യുവാവിനെയാണ് ശ്രീയുമായി അടുത്തിടപഴകുമ്പോള്‍ അറിയാനാവുക. തന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ അറിവുകളും പരിജ്ഞാനങ്ങളും നേടാനും കൃത്യമായി പ്ലാന്‍ ചെയ്യാനും കഴിയുന്നു എന്നത് ശ്രീയുടെ മിടുക്കാണ്. ശാരീരികവും മാനസികവുമായ സ്റ്റാമിന ഉണ്ടാക്കേണ്ടത്, കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടത് എങ്ങിനെയെന്ന് അതിന് എന്തൊക്കെ ചെയ്യണമെന്ന് ശ്രീ പഠിക്കുന്നു. അഗ്രസ്സിവെന്ന് മുദ്രകുത്തപ്പെട്ട ശ്രീശാന്ത് ചുറ്റുമുള്ളവരോട് നല്ല സൗഹൃദം സൂക്ഷിക്കുന്ന സരസനായ യുവാവാണ്. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ചകളിലൊന്നില്‍ ശ്രീ പറഞ്ഞ ഒരു തമാശ ഓര്‍മ വരികയാണ്. കൈക്കുഞ്ഞായിരിക്കെ വലിയൊരു ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയേണ്ടിവന്നതിനെക്കുറിച്ചായിരുന്നു ആ കഥ. ആറുമാസമേ ശ്രീക്ക് പ്രായമായിരുന്നുള്ളൂ. അന്നത്തെ സംഭവങ്ങള്‍ എങ്ങനെ ഓര്‍ക്കുന്നുവെന്ന് ചോദിക്കരുത്, കഥയില്‍ ചോദ്യമില്ലത്രെ.

Diary of a sports reporter s sreesanth
സ്‌പോര്‍ട്‌സ് മാസികക്കൊപ്പം സപ്ലിമെന്റായി പുറത്തിറക്കിയ ശ്രീയുടെ ജീവിത കഥ മോഹന്‍ലാലിന് സമ്മാനിക്കുന്ന ശ്രീശാന്ത്

കഥയിങ്ങനെയാണ്: സര്‍ജറി കഴിഞ്ഞ് അഞ്ചെട്ട് ദിവസം കഴിഞ്ഞുകാണും. ഒരുദിവസം കുഞ്ഞു ശ്രീശാന്തിന്റെ കിടക്കക്കരികെ ഒരു പുള്ളി വന്നിരുന്നു. എന്നിട്ട് തലയില്‍ തടവിക്കൊണ്ട് പറഞ്ഞു: 'ശ്രീശാന്തേ, നിന്നെ ഞാന്‍ എഴുന്നേല്‍പ്പിക്കുകയാണ്. നോക്കീം കണ്ടും ജീവിച്ചോളണം. കേരളത്തിനും ഇന്ത്യക്കും കളിച്ച് പേരുണ്ടാക്കിക്കൊടുക്കാനുള്ള പയ്യനാണ്.' അങ്ങനെ സല്യൂട്ട് അടിച്ച് എഴുന്നേറ്റതാ. പിന്നെങ്ങനെ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാതിരിക്കും ?- ഗൗരവഭാവത്തിലുള്ള ശ്രീയുടെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. പ്രശസ്തിയുടെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോഴും തന്നേക്കാള്‍ മുതിര്‍ന്നവരെ കണ്ടാല്‍ കാല്‍ തൊട്ട് തലയില്‍ വെക്കുന്ന ശീലം ശ്രീക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനെ എങ്ങിനെയാണ് അഹങ്കാരിയെന്ന് വിശേഷിപ്പിക്കുക?
   
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശ്രീശാന്തിന് സെലക്ഷന്‍ കിട്ടിയപ്പോള്‍ അഭിനന്ദിക്കുന്നതിനായി വിളിച്ചു.' ചേട്ടാ കളി കാണാന്‍ തീര്‍ച്ചയായും വരണം.'  അതായിരുന്നു ആദ്യ പ്രതികരണം. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു അരങ്ങേറ്റം. ആ പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിന് ഞാന്‍ മൊഹാലിയില്‍ പോയി. മല്‍സരത്തിന്റെ അന്ന് രാവിലെ ടീം താമസിക്കുന്ന ഹോട്ടലില്‍ ചെന്ന് ശ്രീയെ കണ്ടു. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുകയായിരുന്നു ശ്രീ. ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയും വിക്കറ്റ് നേടുകയും ചെയ്തതിന്റെ ആവേശം മുഖത്തുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് എത്ര സന്തോഷകരമായ അനുഭവമാണെന്ന് ശ്രീയുടെ ഓരോ വാക്കിലും പ്രകടമായിരുന്നു. പക്ഷെ, അന്നെനിക്ക് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാനായില്ല. ആ മല്‍സരത്തിലെ അവസാന ഇലവനില്‍ ശ്രീ ഉണ്ടായിരുന്നില്ല.

Diary of a sports reporter s sreesanth
കേരളത്തിന്റെ ശ്രീശാന്ത് പ്രകാശന വേളയില്‍ റോബിന്‍ ഉത്തപ്പ, ശ്രീശാന്ത്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്കൊപ്പം വേദിയില്‍ കെ. വിശ്വനാഥ്

പിന്നീട് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് നേരില്‍ കണ്ട് മാതൃഭൂമിക്കായി കവര്‍ ചെയ്തത് അടുത്ത വര്‍ഷം ഒക്ടോബറില്‍ മൊഹാലിയില്‍ വെച്ചു തന്നെയായിരുന്നു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മല്‍സരമായിരുന്നു അത്. അതിനു ശേഷം ടെസ്റ്റുകളും ഏകദിനങ്ങളും ഉള്‍പ്പെടെ ശ്രീശാന്ത് കളിച്ച ഒട്ടേറെ മല്‍സരങ്ങള്‍ ഞാന്‍ നേരില്‍ കണ്ടു. ആ സമയത്താണ് ശ്രീശാന്തുമായി ഉറ്റസൗഹൃദം സ്ഥാപിക്കുന്നത്. മിക്ക ദിവസങ്ങളിലും ശ്രീയുമായി ഫോണില്‍ സംസാരിക്കും. കളിയെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കും. തന്റെ ബാല്യ, കൗമാരങ്ങളെ കുറിച്ച് രസകരമായി ശ്രീ സംസാരിക്കും. അങ്ങനെയൊരു സൊറപറച്ചിലിനിടെയാണ് ശ്രീശാന്തിന്റെ ജീവിതകഥ എഴുതുന്നതിനെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചത്. 

ഇന്ത്യക്ക് വേണ്ടി ഓരോ പരമ്പര ശ്രീ കളിക്കാന്‍ പോയി തിരിച്ചെത്തുമ്പോഴും ഞാന്‍ ശ്രീയുടെ മരടിലെ വീട്ടില്‍ ചെല്ലും മണിക്കൂറുകളോളം സംസാരിക്കും. അതിനിടയ്ക്ക് ചില കഥകള്‍ പറയും പാട്ടു പാടും. പാട്ടെന്ന് പറഞ്ഞാല്‍ പല രീതിയിവുള്ള പാട്ടുകള്‍. മാപ്പിളപ്പാട്ടും കോല്‍ക്കളിയുടെ പാട്ടും തൊട്ട് ഇംഗ്ലീഷ് പോപ്പ് നമ്പറുകളും യേശുദാസിന്റെ മെലഡിയും വരെ. അതിനിടയ്ക്ക് പണ്ടെങ്ങോ പഠിച്ച ഒരു അറബിക് പാട്ടുമുണ്ടായിരിുന്നു. കുറേ നേരം സംസാരിച്ച് മടുക്കുമ്പോള്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങും. പിന്നെ കാറിലിരുന്നാവും സംസാരം.

Diary of a sports reporter s sreesanth
ഇന്ത്യക്ക് വേണ്ടി ഒരു വിക്കറ്റെടുത്ത ശേഷം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്ന ശ്രീശാന്ത്

ഓരോ കാര്യവും വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ശ്രീ സംസാരിക്കുക. ഉദാഹരണത്തിന് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു. 'പൈലറ്റാവുക എന്നത് എന്റെ വലിയൊരു സ്വപ്‌നമായിരുന്നു. കാക്കൂരിലെ പാടത്തൂടെ നടക്കുമ്പോള്‍ ഇടയ്ക്ക് ആകാശത്ത്കൂടെ പൊട്ട്‌പോലെ പോവുന്ന വിമാനങ്ങള്‍ കാണും. അപ്പോള്‍ ചേച്ചിയോടും കൂട്ടുകാരോടുമെല്ലാം ഞാന്‍ പറഞ്ഞിരുന്നു, ഞാന്‍ വലുതായാല്‍ പൈലറ്റാവും, വിമാനം ഓടിക്കും. അതായിരുന്നു അന്നത്തെ ആഗ്രഹം. ക്രിക്കറ്റിനെക്കുറിച്ച് അറിയുന്നത് തന്നെ പിന്നീടാണ്. അന്നത്തെ ബാലമാസികയായ പൂമ്പാറ്റയില്‍ വന്ന ഒരു ചിത്രവും ലേഖനവുമായിരുന്നു അതിനു വഴിവെച്ചത്. സച്ചിനും കാംബ്ലിയും കൂടി സ്‌കൂള്‍ മത്സരത്തില്‍ കളിച്ച് ലോകറെക്കോഡ് സൃഷ്ടിച്ചതിനെക്കുറിച്ചുള്ള ആ ലേഖനം വായിച്ചതോടെയാണ് ക്രിക്കറ്റിനെക്കുറിച്ച് അറിയുന്നത്. ഞങ്ങളുടെ പറമ്പിന് മുന്നില്‍ ഒരു സിമന്റ് തറയുണ്ട്. അരി ഉണങ്ങാനിടുന്ന തറ. ആ തറയായിരുന്നു എന്റെ ആദ്യത്തെ ക്രിക്കറ്റ് ഗ്രൗണ്ട്. ഉണക്കപേരയ്ക്കയാണ് പന്ത്. ദിവ്യച്ചേച്ചി പന്ത് ഇട്ടുതരും. പലകക്കഷ്ണംകൊണ്ട് ഞാന്‍ അടിച്ചകറ്റും. അന്ന് തൊട്ട് ഞാന്‍ മനസ്സുകൊണ്ട് സച്ചിനാവാന്‍ തുടങ്ങി. രണ്ട് രൂപയ്ക്ക് റബ്ബര്‍ പന്ത് കിട്ടും. പക്ഷേ, അന്നൊന്നും കുട്ടികള്‍ക്ക് വെറുതെ പൈസ കൊടുക്കില്ല. അതുകൊണ്ട് പന്തും കിട്ടില്ല. പക്ഷേ, അമ്പിശ്ശേരിക്കാവിലെ ഒരുല്‍സവത്തിന് ദിവ്യചേച്ചി പ്ലാസ്റ്റിക് ബാറ്റും പന്തും വാങ്ങിത്തന്നു. പിന്നെ അതുവെച്ചായി കളി.' അതുകൊണ്ടു തന്നെ എനിക്ക് ശ്രീയുടെ ജീവിത കഥ തയ്യാറാക്കുന്നതിനായി അധികം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നിരുന്നില്ല. 

Diary of a sports reporter s sreesanth
ശ്രീശാന്ത് ഹര്‍ഭജനൊപ്പം

2007-ലെ ലോകകപ്പിന് മുമ്പ് സ്‌പോര്‍ട്‌സ് മാസികക്കൊപ്പം പ്രത്യേക സപ്ലിമെന്റായും പിന്നീട് മാതൃഭൂമി ബുക്‌സിലൂടെ 'കേരളത്തിന്റെ ശ്രീശാന്ത് ' എന്ന പേരില്‍ പുസ്തകമായും ശ്രീയുടെ ജീവിതകഥ പുറത്തിറക്കി. ഒരു ദിവസം അര്‍ദ്ധരാത്രി രണ്ടു മണിക്ക് മൊബൈലില്‍ ഒരു കോള്‍. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നാണ് ഞാന്‍ ഫോണെടുത്തത്. ശ്രീശാന്താണ്. മെല്‍ബണില്‍ നിന്ന് വിളിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ കളിക്കുന്നതിനായി പോയതാണ്. 'ഇപ്പോഴാണ് ചേട്ടനെഴുതിയ എന്റെ ജീവിതം ഞാന്‍ വായിച്ചു തിര്‍ത്തത്. എനിക്ക് വല്ലാത്തൊരു ഊര്‍ജം കിട്ടി. ഞാന്‍ എന്നെ മനസ്സിലാക്കിയ ഒരവസ്ഥ. ' അതു പറഞ്ഞ ശേഷം ശ്രീ നിര്‍ത്താതെ ചിരിച്ചു. ഉറക്കം നഷ്ടമായെങ്കിലും എനിക്ക് വലിയ സന്തോഷം തോന്നി. സത്യം ആ ഫോണ്‍ കോള്‍ എനിക്കും വലിയ ഊര്‍ജം നല്‍കുന്നതായിരുന്നു. ഇന്ത്യ ചാമ്പ്യന്‍മാരായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഓസീസിനെതിരായ സെമി ഫൈനല്‍ മല്‍സരം കളിക്കാനിറങ്ങും മുമ്പ് ശ്രീ വിളിച്ചു. 'ചേട്ടാ പറയൂ ഇന്നാരുടെ വിക്കറ്റാണ് വേണ്ടത്?' ചില മല്‍സരങ്ങള്‍ക്ക് മുമ്പ് ശ്രീ ഫോണില്‍ വിളിച്ച് അങ്ങനെ ചോദിക്കാറുണ്ട്. രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ പറഞ്ഞു, 'ആഡം ഗില്‍ക്രിസ്റ്റിന്റേയും മാത്യു ഹൈഡന്റേയും.' അപ്പോള്‍ ശ്രീ പറഞ്ഞു ' രണ്ടു പേരേയും പുറത്താക്കിയിരിക്കും. 'അദ്ഭുതമെന്നു പറയട്ടെ അന്നത് തന്നെ സംഭവിച്ചു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ശ്രീശാന്തിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ പിന്‍ബലത്തിലാണ് ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. ആ രണ്ട് വിക്കറ്റുകള്‍ ഗില്‍ക്രിസ്റ്റും ഹൈഡനും തന്നെയായിരുന്നു!

Diary of a sports reporter s sreesanth

നല്ല ഫോമില്‍ കളിച്ചു കൊണ്ടിരിക്കെ തന്നെ പല തവണ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. എന്തും തുറന്നടിക്കുന്ന പ്രകൃതക്കാരനായതു കൊണ്ട് തുടരെ വിവാദങ്ങള്‍ക്ക് ശ്രീ പാത്രമായി. അപ്പോഴെല്ലാം കടുത്ത നിരാശയോടെ ശ്രീ വിളിക്കും. ഏറെ നേരം സംസാരിക്കും. പലപ്പോഴും ശ്രീ ഉദ്ദേശിച്ച രീതിയിലല്ലാതെ അവന്റെ വാക്കുകള്‍ വ്യാഖ്യാനപ്പെടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോന്നിയിട്ടുണ്ട്. 2008-ലും 2013-ലുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ട് സംഭവങ്ങള്‍ ശ്രീശാന്തിന്റെ ജിവിതത്തേയും കരിയറിനേയും പിടിച്ചുലക്കുന്നതായിരുന്നു.

2008-ലെ ഐ.പി.എല്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരം കഴിഞ്ഞ ഉടനായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ സംഭവം ഉണ്ടായത്. മല്‍സരത്തില്‍ ശ്രീയുടെ ടീമായിരുന്ന പഞ്ചാബ് കിങ്‌സാണ് ജയിച്ചത്. അതിനു ശേഷം ഗ്രൗണ്ടിന് പുറത്തേക്ക് പോവുന്നതിനിടെ ശ്രീശാന്ത് മുംബൈ ടീമംഗവും ഇന്ത്യന്‍ ടീമില്‍ തന്റെ സഹബൗളറുമായ ഹര്‍ഭജന്‍ സിങ്ങിന് ഹസ്തദാനം നല്‍കാന്‍ മുന്നോട്ട് ചെന്നു. ആസമയത്ത് സകലരേയും ഞെട്ടിച്ചുകൊണ്ട് ഹര്‍ഭജന്‍ ശ്രീയുടെ മുഖത്ത് ആഞ്ഞടിച്ചു. അടിയേറ്റ ശ്രീശാന്ത് പൊട്ടിക്കരഞ്ഞു പോയി. അത് വലിയ വാര്‍ത്തയായി. ഹര്‍ഭജന്‍ സിങ്ങ് അങ്ങനെ പെരുമാറിയതിന്റെ കാരണം ആര്‍ക്കും പിടികിട്ടിയിരുന്നില്ല. അന്നു രാത്രി തന്നെ ശ്രീയെ വിളിച്ചു. ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലായിരുന്ന ശ്രീ പറഞ്ഞു, 'എന്തിനാണ് ഭാജി അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല ഗ്രൗണ്ടിനകത്തോ പുറത്തോ വെച്ച് ഞാന്‍ മോശമായി ഒന്നും പെരുമാറിയിരുന്നില്ല. 'എന്നോട് സംസാരിക്കുന്നതിനിടയിലും സങ്കടം കൊണ്ട് ശ്രീയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അതായാലും ഹര്‍ഭജന്‍ മാപ്പുപറഞ്ഞതോടെ ആ വിവാദം തല്‍ത്താലും അവസാനിച്ചു.

Diary of a sports reporter s sreesanth
ശ്രീശാന്ത് ഭാര്യക്കും മകള്‍ക്കുമൊപ്പം

പിന്നീട് കാലിനേറ്റ പരിക്കു കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രീശാന്തിന് മാറി നില്‍ക്കേണ്ടി വന്നു. കാലില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താന്‍ കഠിനമായി പരിശ്രമിച്ചു കൊണ്ടിരുന്ന ശ്രീശാന്ത് ഐ.പി.എല്ലില്‍ പഞ്ചാബ് ടീമില്‍നിന്ന് രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറി. 2013 സീസണിലെ ഐ.പി.എല്‍ മല്‍സരങ്ങളില്‍ ചിലതില്‍ രാജസ്ഥാന്‍ ടീമിന്റെ അവസാന ഇലവനില്‍ ശ്രീക്ക് സ്ഥാനം പിടിക്കാനായില്ല. ആ സമയത്ത് ഫോണില്‍ വിളിക്കുമ്പോഴെല്ലാം കളിക്കാന്‍ കഴിയാത്തതിന്റെ നിരാശ ശ്രീയുടെ വാക്കുകളില്‍ നിഴലിച്ചിരുന്നു. ഒരു ദിവസം രാവിലെ തികച്ചും അപ്രതീക്ഷിതമായാണ് ആ വാര്‍ത്തയറിഞ്ഞത്. ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ ടീമിലെ മൂന്നു കളിക്കാരെ അറസ്റ്റു ചെയ്തിരിക്കുന്നു. അതറിഞ്ഞ ഉടന്‍ ശ്രീയുടെ ഫോണിലേക്ക് വിളിച്ചു, സ്വിച്ച് ഓഫാണ്. പിന്നെ ശ്രീയെ കുറിച്ച് പത്രങ്ങളിലും ടെലിവിഷനിലും നിറഞ്ഞത് മോശം വാര്‍ത്തകള്‍ മാത്രം. ലക്കുകെട്ട മദ്യപാനി, വഴിവിട്ട ബന്ധങ്ങളില്‍ അഭിരമിക്കുന്ന അഹങ്കാരി, അശ്രീകരം.... അങ്ങിനെ പോയി വാര്‍ത്തകള്‍... ശ്രീയെ അടുത്തറിയാമായിരുന്നതു കൊണ്ട് അതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം ഡല്‍ഹിയിലെ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ഉടന്‍ ഒപ്പമുണ്ടായിരുന്ന ഡല്‍ഹിയിലെ മലയാളി സമൂഹത്തിന്റെ നേതാവായ ജയരാജിനെ ഞാന്‍ വിളിച്ചു. ജയരാജ്  ഫോണ്‍ ശ്രീയ്ക്ക് കൊടുത്തു. ' സന്തോഷം ചേട്ടാ, അയ്യപ്പന്‍ കാത്തു. ഇനി ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കും. വീണ്ടും ഇന്ത്യക്ക് കളിക്കും...' അപ്പോഴും ശ്രീ സംസാരിച്ചത് ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ചു തന്നെ. ഇടയ്ക്ക് ഒരു തേങ്ങല്‍... പെട്ടെന്ന് ഫോണ്‍ കട്ടായി. 

പിന്നീട് കൊച്ചിയിലെ വീട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ശ്രീ ശ്രമിച്ചത്. തന്നെ കുറിച്ച് അത്രത്തോളം നിറംപിടിപ്പിച്ച കഥകള്‍ ഏഴുതിപിടിപ്പിച്ചതില്‍ ഒരു ചെറുപ്പക്കാരനുള്ള പ്രതിഷേധമാവണം കാരണം. കൊച്ചിയിലെത്തി മൂന്നാമത്തെ ദിവസം ശ്രീയെ കാണാന്‍ ചെന്നു. സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന്റെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച്ച. ഉറക്കെ പൊട്ടിച്ചിരിച്ചും പാട്ടുകള്‍ പാടിയും ശ്രീ എനിക്കു മുന്നില്‍ അഭിനയിച്ചു. അത് അല്‍പ്പ നേരം മാത്രം. പിന്നെ ഇപ്പോള്‍ എഴുതരുതെന്ന ആമുഖത്തോടെ ശ്രീ ജയില്‍ ജീവിതത്തെ കുറിച്ച് പറയാന്‍ തുടങ്ങി. ചോദ്യം ചെയ്ത പോലീസുകാരുടെ നിരന്തരമായ ഭീഷണിയെ കുറിച്ചും സഹതടവുകാരില്‍ നിന്നേറ്റ ക്ഷതങ്ങളെ കുറിച്ചും സംസാരിച്ചു. തന്നെ കുറിച്ച് പുറത്തു വന്ന വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് കരഞ്ഞു. ഭയവും ദു:ഖവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവന്‍. 'പറയുന്നത് അനുസരിച്ചില്ലെങ്കില്‍ നഖം പിഴുതെടുക്കുമെന്നും അച്ഛനെ പിടിച്ചു കൊണ്ടുവന്ന് ചോദ്യം ചെയ്യുമെന്നും എല്ലാം അവര്‍ ഭിഷണിപ്പെടുത്തി. ഞാന്‍ മരിക്കാതെ പുറത്തെത്തിയത് അമ്മയും അച്ഛനും ചെയ്ത പുണ്യങ്ങള്‍ കൊണ്ടുമാത്രമാണ്.' മാനസികമായി ആകെ തകര്‍ന്നു പോയ സുഹൃത്തിനോട് കൂടുതല്‍ സംസാരിക്കാതെ ഞാന്‍ തിരിച്ചു പോരുകയായിരുന്നു. 

Diary of a sports reporter s sreesanth

കോടതിയില്‍ കേസ് നടക്കുമ്പോള്‍ പല തവണ ശ്രീയെ കണ്ട് സംസാരിച്ചു. അപ്പെഴെല്ലാം 'എഴുതാന്‍ പാടില്ലാത്ത' കാര്യങ്ങളായിരുന്നു ശ്രീ പറഞ്ഞത്. അവന്‍ ആരെയൊക്കയോ ഭയക്കുന്നുണ്ടെന്ന് തോന്നി. ദീര്‍ഘമായ നിയമയുദ്ധത്തിനൊടുവില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. അതിനു ശേഷം തന്റെ അറസ്റ്റിനെ കുറിച്ചും മറ്റ് സംഭവ വികാസങ്ങളെ കുറിച്ചുമെല്ലാം ശ്രീശാന്ത് വിശദമായി തന്നെ എന്നോട് സംസാരിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം ശ്രീ മുംബൈയില്‍ ചെന്നത് രാജസ്ഥാന്‍ റോയല്‍സ് ബുക്ക് ചെയ്ത് കൊടുത്ത ടിക്കറ്റിലായിരുന്നു. എന്നാല്‍ അടുത്ത മല്‍സരങ്ങളില്‍ കളിക്കേണ്ടതില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയച്ചതു കൊണ്ട് മറ്റുകളിക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ അല്ല തങ്ങിയിരുന്നത്. അടുത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അടുത്ത സുഹൃത്തായ സിനിമാതാരം രാജിവ് പിള്ള അപ്പോള്‍ രാജീവിനൊപ്പമുണ്ടായിരുന്നു. രാജീവിന് വേണ്ടി ഹിന്ദിസിനിമാ പ്രോജക്റ്റിനെ കുറിച്ച് സംസാരിക്കാന്‍ പോയി തിരിച്ചു പോരുമ്പോള്‍ നടുറോട്ടില്‍ വണ്ടി തടഞ്ഞുവെച്ചായിരുന്നു അറസ്റ്റ്.

അറസ്റ്റിനെ കുറിച്ച് ശ്രീശാന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'നമ്മളെ കിഡ്‌നാപ്പ് ചെയ്തു കൊണ്ടു പോവുംപോലെയുള്ള അനുഭവായിരുന്നു. പോലീസ് എത്തിയപ്പോള്‍ ഞാന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നു. അതെല്ലാം പച്ചക്കള്ളമാണ്. പോലീസാണെന്ന് പറഞ്ഞപ്പോള്‍ ഞാനാകെ അമ്പരന്നുപോയി. എങ്കിലും അറസ്റ്റ് വാറന്റുണ്ടോയെന്ന് മാത്രം ഞാനവരോട് ചോദിച്ചു. അറസ്റ്റ് ചെയ്ത ശേഷം എന്നെ കൊണ്ടു പോയത് മറൈന്‍ ഡ്രൈവിലേക്കാണ്. രാവിലെയാവുന്നതു വരെ, ഏകദേശം ഏഴു മണി വരെ അവിടെ ഒരു മുറിയില്‍ ഇരുത്തി. അറസ്റ്റ് ചെയ്ത ഉടനെ എന്റെ മൊബൈല്‍ ഫോണുകള്‍ വാങ്ങിവെച്ചിരുന്നതു കൊണ്ട് ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എയര്‍പോട്ടിലേക്ക് കൊണ്ടുപോയി. ചുറ്റും കമാന്റോകളുമായി പതിനൊന്നു മണിവരെ എയര്‍പോര്‍ട്ടിലിരുത്തി. പിന്നെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്. അവിടെ വലിയൊരു സംഘം പോലീസ് എത്തിയിരുന്നു. ഒട്ടേറെ വണ്ടികളുടെ അകമ്പടിയോടെ കൊടും തീവ്രവാദികളെ എന്ന പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. അവിടെ വെച്ച് എന്റെ മാലയും പേഴ്‌സും വാങ്ങിവെച്ചു. കൈയ്യില്‍ കെട്ടിയിരുന്ന പൂജിച്ചചരടുകള്‍ മുറിച്ചെടുത്തു. എല്ലാംകൂടി ഒരു കവറിലിട്ട് അവര്‍ സീല്‍ ചെയ്തു. 

പിന്നെ ദിവസങ്ങള്‍ നിണ്ട ചോദ്യം ചെയ്യലായിരുന്നു. എനിക്കറിയാത്ത കാര്യങ്ങളെ കുറിച്ചാണ് ചോദിച്ചത്. അവര്‍ പറയുന്ന കാര്യങ്ങള്‍ എന്നെകൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ശ്രമം. നിരന്തരമായ ഭീഷണി. അച്ഛനെ അറസ്റ്റ് ചെയ്യും, അമ്മയെ അറസ്റ്റ് ചെയ്യും, ചേച്ചിയെ പിടിച്ചു കൊണ്ടുവരും എന്നിങ്ങനെ. എന്റെ കടുത്ത ശത്രുവിന് പോലും സംഭവിക്കരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങളാണ് നടന്നത്. അവരെഴുതിയ കുറ്റപത്രത്തില്‍ ഒപ്പിടുവിക്കാനായിരുന്നു ഈ ഭീഷണിയെല്ലാം. ഒപ്പിട്ടു കൊടുത്തില്ലെങ്കില്‍ ജീവനോടെ ഞാന്‍ പുറത്തു പോവില്ലെന്ന് എനിക്ക് മനസ്സിലായി. അതില്‍ ഒപ്പിട്ടു കൊടുത്തതോടെ പിന്നെ വലിയ പ്രശ്‌നമൊന്നും ഉണ്ടായില്ല. ചോദ്യം ചെയ്ത ചില ഉദ്യോഗസ്ഥര്‍ എന്നോട് മാപ്പുപറഞ്ഞു. സ്‌നേഹത്തോടെ പെരുമാറി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോവുമ്പോള്‍ പലരും പറഞ്ഞു, ശ്രീശാന്തിനെ തിഹാറിലേക്ക് കൊണ്ടുപോവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്ന്. തിഹാറില്‍ നരകയാതനയായിരിക്കുമെന്ന് അവരെല്ലാം പറഞ്ഞിരുന്നു.'

പക്ഷേ കോടതിയില്‍ നിന്ന് ശ്രീയെ തിഹാര്‍ ജയിലിലേക്ക് തന്നെ കൊണ്ടു പോയി. ആ ജയിലിലെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഒന്നു രണ്ടു തവണ ശ്രീ പൊട്ടിക്കരഞ്ഞു. അതിനെ കുറിച്ച് ശ്രീ പറഞ്ഞു തുടങ്ങിയത് തന്നെ തിഹാര്‍ നരകമാണെന്ന ആമുഖത്തോടെ ആയിരുന്നു.

Diary of a sports reporter s sreesanth
ശ്രീശാന്ത് ഐ.എം വിജയനും സി.കെ വിനീതിനുമൊപ്പം

'അവിടെ വലിയൊരു സംഘം ക്രിമിനലുകള്‍ക്കിടയിലാണ് ഞാന്‍ ചെന്നുപെട്ടത്. കൊലപാതകികള്‍, ബലാല്‍സംഗ കേസില്‍പെട്ടവര്‍ അങ്ങിനെ, അങ്ങിനെ... പലരും തുടക്കംതൊട്ടേ എന്നെ നോട്ടമിട്ടിരുന്നു. ബ്ലേഡ് വെച്ച് മാന്താന്‍ ശ്രമിക്കും. വാതിലിന്റെ പിന്നില്‍ നിന്ന് പറിച്ചെടുത്ത ലോഹക്കഷ്ണം രാകിമൂര്‍ച്ച വരുത്തി ഉണ്ടാക്കിയ ആയുധം കൊണ്ട് ഒരുത്തന്‍  കുത്താന്‍ ശ്രമിച്ചു. ഞാന്‍ ഒഴിഞ്ഞ് മാറിയപ്പോള്‍ അയാളുടെ ബാലന്‍സ് തെറ്റിയത് കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. അതിനെക്കുറിച്ചൊന്നും പരാതിപറഞ്ഞിട്ട് കാര്യമില്ല. തിഹാറിലെ നിയമങ്ങള്‍ അങ്ങിനെയാണ്. ഹരിയാണയിലെ മുന്‍മന്ത്രിയായ ഗോപാല്‍കാന്ത സാറാണ് ആ അവസ്ഥയില്‍ നിന്നെന്നെ രക്ഷിച്ചത്. ജയിലിലെ അഞ്ചാമത്തെയോ ആറാമത്തെയോ ദിവസമായിരുന്നു. ഫോണ്‍ചെയ്യാന്‍ പോയപ്പോള്‍ ഗോപാല്‍കാന്ത സാറിനെ കണ്ടു. അദ്ദേഹം വിവരങ്ങള്‍ തിരക്കി. ഞാന്‍ എല്ലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു. ഇവിടെ ശ്രീശാന്ത് മരിക്കാതിരിക്കണമെങ്കില്‍ ശ്രീശാന്ത് തന്നെ തീരുമാനിക്കണം. അദ്ദേഹം ഇടപെട്ടതു കൊണ്ടാവണം അടുത്ത ദിവസം എന്നെ ഒരു മുറിയിലേക്ക് മാറ്റി. അതുവരെ 200 പേര്‍ക്കുള്ള ഡോര്‍മെട്രിയില്‍ മൂന്നൂറിലധികം തടവുകാര്‍ക്കൊപ്പമായിരുന്നു ഞാന്‍. ബാത്ത്റൂമിനടുത്ത് നനഞ്ഞ നിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവന്‍ സമയം 1200 വാട്ട് ബള്‍ബ് ഓണ്‍ചെയ്ത് വെച്ചിരുന്നതു കൊണ്ട് ഉറങ്ങാനാവില്ല. അവിടെ ഇരുന്ന് കരയുകയായിരുന്നു പലപ്പോഴും ഞാന്‍. ആത്മഹത്യയെ കുറിച്ചാണ് അധികസമയവും ചിന്തിച്ചത്. കഴിക്കാന്‍ ഉച്ചയ്ക്ക് രണ്ട് റൊട്ടി, സന്ധ്യക്ക് നാല് റൊട്ടി. അതു തന്നെ കഴിക്കാനാവില്ല. ബോധപൂര്‍വം വൃത്തികേടാക്കി വെച്ച ബാത്ത് റൂം.'- ഇതു പറയുമ്പോള്‍ ശ്രീയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു.

കോടതിയില്‍  പോലീസ് ശ്രീശാന്തിനെതിരേ സമര്‍പ്പിച്ച  കുറ്റപത്രത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ മിക്കതും ബാലിശങ്ങളായിരുന്നു. ശ്രീശാന്തിന്റേതായി ഉണ്ട് എന്ന ആരോപിക്കപ്പെട്ടിരുന്ന ഫോണ്‍ സംഭാഷണങ്ങളുടെ തെളിവ് പോലും കോടതിയില്‍ ഹാജരാക്കാനായില്ല. സ്വാഭാവികമായും കോടതി കേസ് തള്ളിക്കളഞ്ഞു. അപ്പോള്‍ അവശേഷിക്കുന്ന ചില ചോദ്യങ്ങളുണ്ട് . ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്ന ചെറുപ്പക്കാരന്‍ അനുഭവിച്ച നരകയാതനകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ആരാണ് മറുപടി പറയേണ്ടത്, ഉജ്വലമായ ഒരു കരിയറില്‍ അവശേഷിച്ചിരുന്ന വര്‍ഷങ്ങള്‍ നഷ്ടമായതിന് ആരാണ് ഉത്തരവാദികള്‍. ഒരിക്കലും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ ശ്രീശാന്തിനെ ഇപ്പോള്‍ വേദനിപ്പിക്കുന്നില്ല. ചെറിയപ്രായത്തിനിടയില്‍ ശ്രീശാന്തിനുണ്ടായ അനുഭവങ്ങള്‍, അഭിമുഖീകരിച്ച ജീവിത സാഹചര്യങ്ങള്‍ - ഓര്‍ത്തുനോക്കുമ്പോള്‍ നമ്മള്‍ വിസ്മയിച്ചു പോവും.

ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പുകള്‍ ജയിച്ച ക്രിക്കറ്റര്‍. പ്രശസ്തിക്കും സുഖസൗകര്യങ്ങള്‍ക്കിടയില്‍ നിന്ന് കുപ്രസിദ്ധമായ തിഹാര്‍ ജയിലിന്റെ ഇരുളിലേക്കൊരു പതനം. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം കേസുകളും കുത്തുവാക്കുകളും ശ്രീയെ വേട്ടയാടി. അപ്പോഴും ജീവിതത്തെ ചിരിച്ചുകൊണ്ട് പോസറ്റീവായി നേരിടുകയായിരുന്നു ശ്രീശാന്ത്.

Content Highlights: Diary of a sports reporter s sreesanth