• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Cricket
  • Football
  • Sports Extras
  • SportsMasika
  • Badminton
  • Tennis
  • Athletics
  • Columns
  • ISL 2020-21
  • Gallery
  • Videos
  • Other Sports

എന്തുകൊണ്ടാവും മെഗ്രാത്തിന് പകരം ഗില്ലെസ്പി?, കുംബ്ലെയുടെ പ്രകൃതത്തിൽ തന്നെയുണ്ടായിരുന്നു ഉത്തരം

Diary Of A Sports Reporter
# K.Viswanath | alokviswa@mpp.co.in
Apr 23, 2020, 08:42 AM IST
A A A

വ്യക്തിഗത നേട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെന്നും എത്ര തവണ തന്റെ ടിമിനെ വിജയത്തിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഒരു ക്രിക്കറ്ററുടെ മികവിന്റെ മാനദണ്ഡമെന്നും അദ്ദേഹം നല്‍കിയ അഭിമുഖങ്ങളിലെല്ലാം ആവര്‍ത്തിച്ചു പറയുന്നത് കേട്ടിട്ടുണ്ട്

# കെ.വിശ്വനാഥ്
Diary of a Sports reporter anil kumble
X

ലേഖകനൊപ്പം അനില്‍ കുംബ്ലെ

ക്രിക്കറ്റ് കളി കാണാനും അതിനും എത്രയോ മുമ്പേ കമന്ററി കേള്‍ക്കാനും ആ കളിയെ കുറിച്ചു വായിക്കാനും തുടങ്ങിയ കാലം തൊട്ടേ എനിക്ക് ഇന്ത്യയുടെ പേസ് ബൗളര്‍മാരേക്കാള്‍ സ്‌നേഹം സ്പിന്നര്‍മാരോടായിരുന്നു. (കപില്‍ദേവ് മാത്രമായിരുന്നു ഒരു അപവാദം.)

ചെറുപ്പത്തില്‍ എറാപ്പള്ളി പ്രസന്നയേയും ഭഗവത് ചന്ദ്രശേഖറിനേയും പിന്നീട് ശിവലാല്‍ യാദവിനേയും ദുലീപ് ദോഷിയേയും ശിവരാമകൃഷ്ണനേയും മനീന്ദര്‍ സിങ്ങിനേയും എല്ലാം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. സ്പിന്നര്‍മാരോടുള്ള ഇഷ്ടത്തിന്റെ തുടര്‍ച്ച ഒരു സമ്പൂര്‍ണ ഇന്ത്യന്‍ ആരാധകനായ എന്നില്‍ സംഭവിച്ചത് സ്വാഭാവികമായും അനില്‍ കുംബ്ലെയിലൂടെയാണ്.

എണ്‍പതുകളില്‍ ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ആക്രമണത്തിന്റെ കുന്തമുനകളായിരുന്ന മനീന്ദര്‍ സിങ്ങും ലക്ഷ്മണ്‍ ശിവരാമകൃഷ്ണനും മങ്ങിത്തുടങ്ങിയപ്പോള്‍ പകരം വെക്കാന്‍ പോന്ന സ്പിന്നര്‍മാര്‍ക്കായുള്ള അന്വേഷണമാണ് മധ്യപ്രദേശിന്റെ രഞ്ജിതാരം നരേന്ദ്ര ഹിര്‍വാനിയേയും കര്‍ണാടകക്കാരനായ അനില്‍ കുംബ്ലെയേയുമെല്ലാം ടീമിലെത്തിച്ചത്.  

Diary of a Sports reporter anil kumble
കുടുംബത്തോടൊപ്പം

1989 നവംബറില്‍ കര്‍ണാടകത്തിന് വേണ്ടി ആദ്യമായി കളിച്ച അനില്‍ അഞ്ചു മാസത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ ടീമിലെത്തി. 1990-ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രല്‍ ഏഷ്യാകപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ഏപ്രില്‍ 25-ന് ശ്രീലങ്കക്കതിരായ മല്‍സരത്തിലായിരുന്നു 19-കാരനായ അനിലിന്റെ അരങ്ങേറ്റം. മുഹമദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ടീമില്‍ കപില്‍ദേവ്, കൃഷ്ണമചാരി ശ്രീകാന്ത്, നവജോത് സിങ് സിദ്ധു, മനോജ് പ്രഭാകര്‍, രവി ശാസ്ത്രി തുടങ്ങിയ സീനിയര്‍ താരങ്ങളും തലേ ദിവസം 17-ാം പിറന്നാള്‍ ആഘോഷിച്ച സച്ചിന്‍ തെണ്ടുല്‍ക്കറും ഉണ്ടായിരുന്നു. ശ്രീലങ്ക മൂന്നു വിക്കറ്റിന് ജയിച്ച മല്‍സരത്തില്‍ 10 ഓവര്‍ ബൗള്‍ ചെയ്ത അനില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

ഓസ്ട്രല്‍ ഏഷ്യാകപ്പില്‍ കളിച്ച രണ്ടു മല്‍സരത്തിലും എടുത്തുപറയാന്‍ പോന്ന പ്രകടനമൊന്നം കാഴ്ച്ചവെക്കാനായില്ലെങ്കിലും ആ വര്‍ഷം ജൂലായ് - ഓഗസ്റ്റ് മാസം ഇഗ്ലണ്ട് പര്യടനത്തിനു പോയ ഇന്ത്യന്‍ ടീമിലും അനില്‍ ഇടംനേടി. ഇംഗ്ലണ്ടിനെതിരായ ലീഡ്‌സില്‍ നടന്ന ആദ്യ ഏകദിന മല്‍സരത്തില്‍ അനില്‍ താന്‍ ഏതുതരത്തിലുള്ള ബൗളറാണെന്ന സൂചന നല്‍കി. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് ഗവറിനെ ക്ലീന്‍ ബൗള്‍ ചെയ്തു. അടുത്ത ഓവറില്‍ മറ്റൊരു മുന്‍നിര ബാറ്റ്‌സ്മാന്‍ റോബിന്‍ സ്മിത്തിനേയും പുറത്താക്കി. 55 ഓവര്‍ മല്‍സരമായിരുന്നതു കൊണ്ട് ഓരോ ബൗളര്‍ക്കും 11 ഓവറുകള്‍ ബൗള്‍ ചെയ്യാമായിരുന്നു. തന്റെ 11 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയാണ് അനില്‍ രണ്ട് വിക്കറ്റെടുത്തത്. ഈ മല്‍സരം ഇന്ത്യ ജയിക്കുകയും ചെയ്തു. ഇതേ പര്യടനത്തില്‍ മാഞ്ചെസ്റ്ററിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. അനിലും ഹിര്‍വാനിയും, ഇന്ത്യക്ക് വേണ്ടി രണ്ട് ലെഗ് സ്പിന്നര്‍മാര്‍ ഈ മല്‍സരത്തില്‍ കളിച്ചു. ഇംഗ്ലണ്ട് ബാറ്റിങ്‌നിരയിലെ കരുത്തനായ അലന്‍ ലാംബായിരുന്നു ആദ്യ ഇര. ബൗള്‍ ചെയ്ത ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ തന്നെ മൂന്നു വിക്കറ്റ് നേടുകയും ചെയ്തു. സച്ചിന്‍ ഇന്ത്യക്ക് വേണ്ടി തന്റെ ആദ്യ സെഞ്ചുറി നേടിയ ഈ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Diary of a Sports reporter anil kumble
അമ്മയ്‌ക്കൊപ്പം

92 നവംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ജോഹന്നാസ്ബര്‍ഗ് ടെസ്റ്റിലായിരുന്നു ആദ്യ അഞ്ച് വിക്കറ്റ് നേട്ടം. ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിങ്‌സില്‍ 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് അനില്‍ നേടിയത്. പീറ്റര്‍ ക്രിസ്റ്റനും ജോണ്ടി റോഡ്‌സും ഹാന്‍സി ക്രോണ്യെയുമുള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകളായിരുന്നു ഇത്. മറ്റ് ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ നിന്ന് വ്യത്യസ്ഥമായി അനിലിന്റെ ആദ്യകാലത്തെ മികച്ച പ്രകടനങ്ങളെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ സ്‌ട്രൈക്ക് ബൗളര്‍ എന്ന നിലയിലേക്ക് അനിലിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ബാറ്റ്‌സ്മാന്‍മാരെ കുഴക്കുന്ന ഫ്‌ളിപ്പറുകളും ടോപ് സ്പിന്നുകളും കൊണ്ട് രണ്ടു പതിറ്റാണ്ടോളം ക്രിക്കറ്റ് പിച്ചുകളില്‍ വിസ്മയം സൃഷ്ടിച്ചു. കരിയറിന്റെ തുടക്കം തൊട്ടേ കുംബ്ലെയുടെ ബൗളിങ് ശൈലിയെ കുറിച്ച് ക്രിക്കറ്റ് വിധഗ്ദര്‍ക്കിടിയില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. നേരിയ തോതില്‍ മാത്രം പന്ത് സ്പിന്‍ ചെയ്യിക്കുന്ന ബൗളറെ സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും സ്ലോ മീഡിയം ബൗളറാണെന്നും വരെ പലരും അഭിപ്രായപ്പെട്ടിരുന്നു. (സത്യത്തില്‍ ഫാസ്റ്റ് ബൗളറായാണ് അനില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. പിന്നീട് ലെഗ്‌സ്പിന്നിലേക്ക് തിരിയുകയായിരുന്നു.) കുംബ്ലെയെ എന്നെങ്കിലും നേരില്‍ കാണുമ്പോള്‍ ഈയൊരു കാര്യത്തെ കുറിച്ച് ചോദിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.

മറ്റു ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ശരീരഭാഷയും പെരുമാറ്റ ശൈലിയുമായിരുന്നു അനിലിന്. വിക്കറ്റ് നേടിയ ശേഷമുള്ള ആഹ്ലാദപ്രകടനങ്ങളില്‍ പോലും അദ്ദഹം ഒരു മിതത്വം പാലിച്ചിരുന്നു. ഒരു ക്രിക്കറ്റ് താരത്തേക്കാള്‍ ഒരു ബുദ്ധിജീവിയുടെ അപ്പിയറന്‍സും രീതികളുമാണ് ആ കണ്ണടക്കാരനെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന പ്രകൃതം. എങ്കിലും 2002-ല്‍ ചെന്നൈയില്‍ വെച്ച് അനിലിനോട് നേരില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന മല്‍സരത്തിന്റെ തലേദിവസം പിരിശീലനത്തിന് എം.എ ചിദംബരം സ്റ്റേഡിയത്തിലേക്ക് വരുന്നതിനിടയില്‍ എന്റെ അപേക്ഷ പരിഗണിച്ച് പത്തു മിനുറ്റ് അനുവദിച്ചു തന്നു. മുമ്പേ ഞാന്‍ കരുതിവച്ചിരുന്ന ചോദ്യത്തിന് എനിക്ക് മറുപടിയും ലഭിച്ചു. ' ഞാന്‍ എന്തു തരം ബൗളറാണന്നതില്‍ എനിക്ക് വലിയ പ്രശ്‌നമൊന്നും തോന്നുന്നില്ല. ഞാന്‍ വിക്കറ്റുകള്‍ നേടുന്നുണ്ടോ, ടീമിന്റെ വിജയത്തില്‍ പങ്കു വഹിക്കുന്നുണ്ടോ എന്നതില്‍ മാത്രമേ കാര്യമുള്ളൂ.'  കുംബ്ലെക്ക് മാത്രമേ അത്തരത്തിലൊരു മറുപടി നല്‍കാനാവൂയെന്ന് എനിക്കന്ന് തോന്നി.

Diary of a Sports reporter anil kumble
കുംബ്ലെ ഷെയ്ന്‍ വോണിനൊപ്പം

സമകാലികരായ ഷെയ്ന്‍ വോണിനെയോ മുത്തയ്യ മുരളീധരനെയോ പോലെ സ്വാഭാവിക പ്രതിഭയുള്ള മികച്ച സ്പിന്നറായിരുന്നില്ല അദ്ദേഹം. കുബ്ലെ നേടിയ വിക്കറ്റുകളില്‍ കൂടുതലും മസ്തിഷ്‌കം കൊണ്ടായിരുന്നെന്ന് പറയുന്നത് അതുകൊണ്ടാണ്. ലൈനിലും ലെങ്തിലും വേഗതയിലും ബൗണ്‍സിലും നിരന്തരം വ്യതിയാനം വരുത്തി പ്രതിയോഗികളെ സമര്‍ദത്തിലാഴ്ത്തി വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു അനില്‍. അതെ, സാഹചര്യത്തിനനുസരിച്ച് ബൗളിങ്ങ് ശൈലിയില്‍ മാറ്റം വരുത്തുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത മറ്റൊരു ബൗളര്‍ ലോക ക്രിക്കറ്റില്‍ തന്നെ വിരളമായിരിക്കും.

ഫിറോസ്ഷാ കോട്​ലയിലെ മാജിക്

ഇന്റര്‍നെറ്റില്ലാത്ത എന്റെ കൗമാരകാലത്ത് ക്രിക്കറ്റ് മല്‍സരങ്ങളേയും താരങ്ങളേയും കുറിച്ചുള്ള വിവരങ്ങളും റെക്കോഡുകളും അറിയുകയെന്നത് അത്രക്ക് എളുപ്പമായിരുന്നില്ല. വീട്ടില്‍ വരുന്ന മാതൃഭൂമിയുടേയും ഹിന്ദുവിന്റേയും സ്‌പോര്‍ട്‌സ് പേജുകളും റെയില്‍വേസ്റ്റേഷനിലെ ബുക്ക് സ്റ്റാളില്‍ നിന്നു മാത്രം വാങ്ങാന്‍ കിട്ടുന്ന സ്‌പോര്‍ട്സ്റ്റാര്‍ മാഗസിനുമായിരുന്നു ആശ്രയം. ക്രിക്കറ്റ് റെക്കോഡുകളില്‍ ഏറെ അദ്ഭുതപ്പെടുത്തിയത്. ഡോണ്‍ ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറികളും ജിം ലേക്കറിന്റെ ഒരു ടെസ്റ്റ് ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളുമായിരുന്നു. ബ്രാഡ്മാന്റെ ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോഡ് സുനില്‍ ഗാവസ്‌കര്‍ തകര്‍ത്തപ്പോള്‍ ഞാനനുഭവിച്ച ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. പിന്നീട് കപില്‍ദേവും സച്ചിന്‍ തെണ്ടുല്‍ക്കറും  ഓരോ റെക്കോഡുകള്‍ പിന്നിടുമ്പോഴും അതെല്ലാം എനിക്ക് ദിവസങ്ങളോളം ആഘോഷിക്കാനുള്ള വക നല്‍കിയിരുന്നു. അപ്പോഴും ഇംഗ്ലീഷ് ഓഫ് സ്പിന്നര്‍ ജിം ലേക്കര്‍ 1956-ല്‍ ഓസ്‌ട്രേലിയക്കെതിരെ കുറിച്ച പത്ത് വിക്കറ്റ് നേട്ടം ഇനിയൊരിക്കലും ആവര്‍ത്തിക്കാനാവില്ലെന്ന് ക്രിക്കറ്റ് ലോകം ഉറച്ചു വിശ്വസിച്ചിരുന്നു.

എന്നാല്‍ 1999 ഫെബ്രുവരി ഏഴാം തിയതി ഡല്‍ഹിയില ഫിറോസ്ഷാ കോട്​ല ഗ്രൗണ്ടില്‍ അനില്‍ കുംബ്ലെ അത് സാധ്യമാക്കി. അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് ഒറ്റയാള്‍ പോരാട്ടങ്ങളുടെ പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ച ടെസ്റ്റ് പരമ്പരയായിരുന്നു അത്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ കടുത്ത പുറംവേദന സഹിച്ച് നടത്തിയ പോരാട്ടത്തിന്റെ പേരിലാണ് ഓര്‍ക്കപ്പെടുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 271 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 82 റണ്‍സെടുക്കുന്നതിനിടിയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായി. പിന്നീട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നയന്‍ മോംഗിയയുടെ പിന്തുണയില്‍ സച്ചിന്‍ നടത്തിയ ഉജ്വല പോരാട്ടം ഇന്ത്യക്ക് ജയപ്രതീക്ഷ നല്‍കി. വസീം അക്രം, വഖാര്‍ യൂനിസ്, സഖ്‌ലെയിന്‍ മുഷ്താഖ്, ഷാഹിദ് അഫ്രീദി എന്നിവരുള്‍പ്പെട്ട സംഹാര ശേഷിയുള്ള ബൗളിങ് പടയോട് പൊരുതിനിന്ന സച്ചിന്‍ - മോംഗിയ സഖ്യം സ്‌കോര്‍ 218-ലെത്തിച്ചു. പക്ഷെ, 52 റണ്‍സെടുത്ത മോംഗിയ പുറത്തായതോടെ പിന്തുണ നഷ്ടമായ സച്ചിന്‍ വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്നു. മാത്രമല്ല അപ്പോഴേക്കും അസഹനീയമായി മാറിയ പുറംവേദന സച്ചിനെ വല്ലാതെ തളര്‍ത്തിയിരുന്നു. 136 റണ്‍സെടുത്തിരുന്ന സച്ചിന്‍ സഖ്‌ലെയിനിന്റെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ചപ്പോള്‍ അക്രം ക്യാച്ചെടുത്തു. മല്‍സരം ഇന്ത്യ 12 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

രണ്ട് മല്‍സരങ്ങളുള്ള പരമ്പരയിലെ അടുത്ത മല്‍സരം ഡല്‍ഹിയിലായിരുന്നു. നാട്ടില്‍ നടക്കുന്ന പരമ്പര തോല്‍ക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ ജയിച്ചേ തീരൂ. വാശിയോടെ കളിച്ച ഇന്ത്യക്കാര്‍ മല്‍സരത്തിന്റെ തുടക്കം തൊട്ടേ ആധിപത്യം പുലര്‍ത്തി. പാകിസ്താന് മുന്നില്‍ രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമൊരുക്കി. ഓപ്പണര്‍മാരായ സയിദ് അന്‍വറും ഷാഹിദ് അഫ്രീദിയും പാകിസ്താന് മികച്ച തുടക്കമാണ് നല്‍കിയത്. വിക്കറ്റ് പോവാതെ സ്‌കോര്‍ നൂറ് കടന്നു. പക്ഷെ അവിടെ വെച്ച് കുംബ്ലെ സംഹാരതാണ്ഡവം നടത്തി. അന്‍വറിനും അഫ്രീദിക്കും പുറമെ ഇജാസ് അഹമദ്, ഇന്‍സമാം ഉല്‍ ഹഖ്, മുഹമദ് യൂസഫ്, സലീം മാലിക്, മോയിന്‍ ഖാന്‍ തുടങ്ങിയ പ്രഗല്‍ഭമതികള്‍ ഉല്‍പ്പെട്ട പാക് ബാറ്റിങ് നിര ക്ഷണവേഗത്തില്‍ തകര്‍ന്നടിഞ്ഞു. ആദ്യ ഒന്‍പത് വിക്കറ്റുകള്‍ കുംബ്ലെക്ക് തന്നെ ലഭിച്ചതോടെ അവസാന വിക്കറ്റ് കൂടി കുംബ്ലെക്ക് തന്നെ കിട്ടണമെന്ന ഉദ്യേശത്തോടെയാണ് മറ്റു ബൗളര്‍മാര്‍ പന്തെറിഞ്ഞത്. മറ്റേ എന്‍ഡില്‍ നിന്ന് ബൗള്‍ ചെയ്ത ജവഗല്‍ ശ്രീനാഥ് ബോധപൂര്‍വം ഓഫ്സ്റ്റംപിന് പുറത്തൂടെ തുടരെ പന്തെറിയുകയായിരുന്നു. ആ സമയത്ത് ശ്രീനാഥിന്റെ പന്തില്‍ നിന്ന് ലഭിച്ച ഒരു ക്യാച്ച് എടുക്കാന്‍ ഇന്ത്യന്‍ ഫീല്‍ഡര്‍ സദഗോപന്‍ രമേശ് ശ്രമിച്ചതുമില്ല.

Diary of a Sports reporter anil kumble
ഫിറോസ്ഷാ കോട്​ലാ ഗ്രൗണ്ടില്‍ 10 വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കുംബ്ലെ

എതായാലും തന്റെ 27-ാം ഓവറിന്റെ മൂന്നാം പന്തില്‍ വസീം അക്രമിനെ പുറത്താക്കി കുംബ്ലെ ചരിത്ര നേട്ടം കുറിച്ചു. 26.3 ഓവര്‍ - 9 മെയ്ഡന്‍ - 74 റണ്‍സ് - 10 വിക്കറ്റ്. 43 വര്‍ഷത്തിനു ശേഷം ആ നേട്ടം ആവര്‍ത്തിക്കപ്പെട്ടു. ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയ ആ റെക്കോഡിനൊപ്പം അനില്‍ കുംബ്ലെയെത്തി. അനില്‍ പിന്നെയും വിലോഭനീയമായ ബൗളിങ് പ്രകടനങ്ങളിലൂടെ ഇന്ത്യക്ക് മഹത്തായ വിജയങ്ങള്‍ സമ്മാനിച്ചു കൊണ്ടിരുന്നു. ടെസ്റ്റിലും ഏകദിന മല്‍സരങ്ങളിലും ഒരേപോലെ മികവറിയിച്ച വിശ്വസ്ഥനായ പോരാളിയായിരുന്നു എന്നും അനില്‍. വ്യക്തിഗത നേട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെന്നും എത്ര തവണ തന്റെ ടിമിനെ വിജയത്തിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഒരു ക്രിക്കറ്ററുടെ മികവിന്റെ മാനദണ്ഡമെന്നും അദ്ദേഹം നല്‍കിയ അഭിമുഖങ്ങളിലെല്ലാം ആവര്‍ത്തിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ റെക്കോഡുകള്‍ കുബ്ലെയെ തേടിവന്നു കൊണ്ടേയിരുന്നു. 2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മാച്ചില്‍ മുഹമദ് റഫീഖിനെ പുറത്താക്കിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന് ബഹുമതിയും അനിലിന് സ്വന്തമായി. 434 വിക്കറ്റ് നേടിയിരുന്ന സാക്ഷാല്‍ കപില്‍ദേവിനെയായിരുന്നു ഇക്കാര്യത്തില്‍ മറികടന്നത്.

Diary of a Sports reporter anil kumble
400-ാമത്തെ ടെസ്റ്റ് വിക്കറ്റ് നേട്ടം ഭാര്യ ചേതനക്കും മകനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നു

ഒരിക്കലും ഒരു ഓള്‍റൗണ്ടറെന്ന നിലയില്‍ കുംബ്ലെ പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും ബാറ്റുകൊണ്ട് ടീമിന് ഫലപ്രദമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 1996 ഒക്ടോബറില്‍ ടൈറ്റന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ഓസട്രേലിക്കതിരേ വിജയം സമ്മാനിച്ച ഇന്നിങ്‌സ് ഒരിക്കലും മറക്കാനാവില്ല. ജയിക്കാന്‍ നാല്‍പത് ഓവറില്‍ 216 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ എട്ടു വിക്കറ്റിന് 164 റണ്‍സെന്ന നിലയിലായിരുന്നു. ഒന്‍പതാം വിക്കറ്റില്‍ കുംബ്ലെയും ജവഗല്‍ ശ്രീനാഥും ഒത്തുചേര്‍ന്നപ്പോള്‍ ബൗളിങ്ങിനെ തുണക്കുന്ന വിക്കറ്റില്‍ ഒട്ടും ജയപ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ അനിലിലും ശ്രീനാഥിനും ആ മല്‍സരം തോല്‍ക്കാന്‍ കഴിയില്ലായിരുന്നു. കാരണം ഇരുവരുടേയും ഹോംഗ്രൗണ്ടായ ബാഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ സ്റ്റേഡിയത്തില്‍ ഇരിക്കുന്നുമുണ്ടായിരുന്നു. ഇരുത്തം വന്ന ബാറ്റ്‌സ്മാന്‍മാരെ പോലെ കളിച്ച അനില്‍-ശ്രീ സഖ്യം ഒന്‍പതാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ ജയത്തിലേക്ക് നയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ്പ്രേമികളുടെ മനസ്സില്‍ എക്കാലവും പച്ചപിടിച്ചു നില്‍ക്കുന്ന ഒരു മല്‍സരമാണിത്.

Diary of a Sports reporter anil kumble
2007-ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് സെഞ്ചുറി നേടിയപ്പോള്‍ കുംബ്ലെയുടെ ആഹ്ലാദം. സമീപം ശ്രീശാന്ത്

2006 ഓഗസ്റ്റില്‍ ഓവലില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ നേടിയ ടെസ്റ്റ് സെഞ്ചുറിയും അനിലിന്റെ ബാറ്റിങ് മികവിന് നിദര്‍ശനമാണ്. തന്റെ 118-മാത്തെ ടെസ്റ്റിലായിരുന്നു ഈ കന്നി സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ പത്തു വിക്കറ്റുകളെടുക്കുകയും സെഞ്ചുറി നേടുകയും ചെയ്ത ഒരേയൊരു ക്രിക്കറ്ററെന്ന ബഹുമതി അനിലിനു മാത്രം സ്വന്തമാണ്. ഈയൊരു നേട്ടം മറ്റാര്‍ക്കും ആവര്‍ത്തിക്കാന് കഴിയില്ലെന്ന് തല്‍ക്കാലം ഉറപ്പിച്ചു പറയാം.

ക്ലീന്‍ ക്രിക്കറ്റര്‍, തിങ്കിങ് ക്യാപ്റ്റന്‍

2007-ല്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചപ്പോള്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത് കുംബ്ലെയായിരുന്നു. അനിലിനു കീഴില്‍ കളിച്ച ആദ്യ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താനെതിരെ ഇന്ത്യ 1-0 മാര്‍ജനില്‍ ജയിക്കുകയും ചെയ്തു. കപില്‍ദേവിനും രവിശാസ്ത്രിക്കും ശേഷം ഇന്ത്യന്‍ ക്യാപ്റ്റനായ ആദ്യ ബൗളറാണ് അനില്‍ കുംബ്ലെ. ഒപ്പം ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ ഏക ലെഗ്‌സ്പിന്നറും. വളരെ കുറച്ചുമത്സരങ്ങളിലേ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കാന്‍ കുംബ്ലെയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇന്ത്യ കണ്ട ബുദ്ധിമാന്മാരായ ക്രിക്കറ്റ് ക്യാപ്റ്റന്മാരില്‍ ഒരാളാണ് അനിലെന്ന് സുനില്‍ ഗാവസ്‌കറെപ്പോലുള്ളവര്‍ വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിനുകീഴില്‍ കളിച്ച മിക്ക ഇന്ത്യന്‍ താരങ്ങളും ഇതിനോട് യോജിക്കും. അങ്ങനെ ബുദ്ധികൊണ്ട് ക്രിക്കറ്റ് കളിക്കുകയും മത്സരങ്ങള്‍ ജയിക്കുകയും ചെയ്ത ക്രിക്കറ്ററാണ് കുംബ്ലെ.

2008-ല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ സെമണ്ട്‌സിനെ പുറത്താക്കിയാണ് അനില്‍ 600 വിക്കറ്റ് തികക്കുന്നത്. ഈ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ബാംഗ്ലൂരില്‍ ചെന്ന് അനിലിനെ കണ്ടു. ആറുമാസം മുമ്പേ തന്നെ പറഞ്ഞുറപ്പിച്ച അഭിമുഖത്തിന് വേണ്ടിയായിരുന്നു അത്.

നല്ല തണുപ്പുള്ള പ്രഭാതമായിരുന്നു അത്. ബാംഗ്ലൂര്‍ നഗരം ഉറക്കമുണര്‍ന്നിരുന്നില്ല. കടകള്‍ അടഞ്ഞുകിടക്കുന്നു. റോഡുകളില്‍ ട്രാഫിക് നന്നേ കുറവ്. ചിന്നസ്വാമി സ്റ്റേഡിയത്തിനകത്തേക്കുള്ള കവാടത്തിലെ ഗേറ്റ് അടഞ്ഞുകിടക്കുന്നു. തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ചൗക്കിദാര്‍ എവിടെനിന്നോ ഓടി വന്നു. ''എന്താ, ആരെ കാണാനാ?'' അയാളുടെ ചോദ്യം. 'അനില്‍ കുംബ്ലെ' എന്ന മറുപടി കേട്ടപ്പോള്‍ ചൗക്കിദാര്‍ പറഞ്ഞു. ''ജിമ്മിനകത്ത് കാണും. സാബ് പുലര്‍ച്ചെ വരും.'' സ്റ്റേഡിയം കോംപ്ലക്‌സിനുള്ളിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ജിംനേഷ്യത്തിലേക്ക് ചെന്നു. ഉള്ളില്‍ നിന്ന് എന്തോ ശബ്ദം കേള്‍ക്കുന്നതൊഴിച്ചാല്‍ സര്‍വം ശാന്തം, വിജനം.

Diary of a Sports reporter anil kumble
ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹാര്‍മിസണെ പുറത്താക്കി 500-ാമത്തെ ടെസ്റ്റ് വിക്കറ്റ് നേടുന്ന കുംബ്ലെ

ജിംനേഷ്യത്തിനകത്ത് ട്രെഡ്മില്ലില്‍ അനില്‍ ഓടിക്കൊണ്ടിരിക്കുന്നു. വിയര്‍ത്ത് കുളിച്ചിരിക്കുന്നു. ഷോട്ട്‌സും ബനിയനും വിയര്‍പ്പില്‍ കുളിച്ച് ശരീരത്തില്‍ ഒട്ടിക്കിടക്കുന്നു. കുറച്ചുനേരം കാത്തുനിന്നു. ഇടയ്ക്ക് ശബ്ദം കേട്ടാവണം അനില്‍ തിരിഞ്ഞുനോക്കി. മുന്‍കൂട്ടി അനുവാദം വാങ്ങിച്ചിരുന്നതുകൊണ്ട് ഞങ്ങളെ തിരിച്ചറിഞ്ഞു. ''പ്ലീസ് കുറച്ചു നേരം കാത്തുനില്‍ക്കൂ. ഇതൊന്നു തീര്‍ക്കട്ടെ'' അനില്‍ വിളിച്ചു പറഞ്ഞു. ഇടയ്ക്ക് ഫോട്ടോഗ്രാഫറോട് പടമെടുത്തുകൊള്ളാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. അനില്‍ ഓട്ടം തുടര്‍ന്നു. അര മണിക്കൂറിലധികം പിന്നെയും ഞങ്ങള്‍ കാത്തിരുന്നു.

കളിച്ചിരുന്ന കാലത്ത് അനിലിന്റെ ഓരോ  ദിവസവും ആരംഭിച്ചിരുന്നത് അങ്ങിനെയായിരുന്നു. രാവിലെ രണ്ടു മണിക്കൂറോളം നീളുന്ന വ്യായാമം. പരിക്കോ വലിയ പ്രശ്‌നങ്ങളോ ഉള്ളപ്പോഴല്ലാതെ ഈ പതിവ് മുടങ്ങില്ല. അഭിമുഖത്തില്‍ ചോദിക്കാന്‍ കരുതിയിരുന്ന ആദ്യ ചോദ്യത്തിന് അങ്ങനെ ഉത്തരം കിട്ടി. അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരെ കളിക്കാനുള്ള ശാരീരികക്ഷമതയും ഊര്‍ജവും ലഭിച്ചിരുന്നത് എങ്ങിനെയാണ്? ആ  ചോദ്യം ഇനി ചോദിക്കേണ്ടതില്ല.

Diary of a Sports reporter anil kumble
ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കുംബ്ലെയെ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്യുന്നു. സമീപം ആര്‍.എല്‍ ഹരിലാല്‍

വിയര്‍പ്പു തുടച്ച് ജിംനേഷ്യത്തിന്റെ ഒരരുകിലേക്ക് അനില്‍ നടന്നുവന്നു. അവിടെയുള്ള ലൈറ്റുകള്‍ ഓണ്‍ ചെയ്തു. എക്‌സര്‍സൈസ് ചെയ്യുന്നതിനുള്ള ഒരു ബെഞ്ച് എടുത്തിട്ട് ഇരുന്നു. മുന്നിലുള്ള മറ്റൊരു ബെഞ്ചില്‍ ഞങ്ങളോടും ഇരിക്കാന്‍ പറഞ്ഞു. ''എങ്ങനെ വന്നു കേരളത്തില്‍ നിന്ന് ബസ്സിലോ അതോ...?''.

ചിരിച്ചുകൊണ്ടുള്ള കുശലാന്വേഷണം. ചോദ്യങ്ങള്‍ക്ക് അനില്‍ മറുപടി പറയുന്നത് ഔപചാരികത ഇല്ലാതെയാണ്. ഇടയ്ക്ക് ഉറക്കെ ചിരിക്കുന്നു. കൈകൊണ്ട് മുഖം പൊത്തുന്നു. കാല്‍മുട്ടില്‍ വിരലുകള്‍കൊണ്ട് താളമിടുന്നു.

കേരളവുമായി അനിലിനു ബന്ധമുണ്ടെന്നറിയാമായിരുന്നു. അതിനെ കുറിച്ചായിരുന്നു എന്റെ ആദ്യ ചോദ്യം. മുഖം നിറഞ്ഞ ഒരു ചിരിയോടെയായിരുന്നു മറുപടി. 'അച്ഛനു മുമ്പുള്ള തലമുറ കാസര്‍കോട് ജില്ലയിലെ കുമ്പളയിലായിരുന്നു. അച്ഛനും അമ്മയും ചെറുപ്പത്തില്‍ അവിടെ ആയിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലാണ്. കുമ്പളയിലെ ലക്ഷ്മീനാരായണക്ഷേത്രം ഞങ്ങളുടെ കുടുംബക്ഷേത്രവുമാണ്. എന്റെ കുടുംബാംഗങ്ങള്‍ ഇടയ്ക്ക് അവിടെ പോവാറുണ്ട്. ചെറിയൊരു ടൗണ്‍ ആണ് കുമ്പള എന്നറിയാം. എനിക്ക് അറിയുന്നവര്‍ ആരും അവിടെ ഇല്ലതാനും. ഞങ്ങളുടെ ഈ കുടുംബപേര് കുംബ്ലെ വന്നത് കുമ്പളയില്‍ നിന്നാണ്.'

ബൗളറെന്ന നിലയില്‍ അനിലിന്റെ പ്രധാന കരുത്ത് എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ തന്നെ അദ്ദേഹം മറുപടി തന്നു.'എന്തു തിരിച്ചടിയുണ്ടായാലും തളരാതെ മുന്നോട്ടു പോവാനുള്ള പ്രവണതയും ആഗ്രഹവും തന്നെ പ്രധാന കരുത്ത്. പൊരുതിക്കൊണ്ടേയിരിക്കുക എന്നതാണ് ഞാന്‍ സ്വയം എനിക്കായി നിശ്ചയിച്ച മുദ്രാവാക്യം. പിന്നെ സാങ്കേതികമായി പറയുമ്പോള്‍ ബൗളിങ്ങിലെ കൃത്യതയും ബൗണ്‍സ് ചെയ്യിക്കാനുള്ള കഴിവുമാണ് പ്രധാനപ്പെട്ടത്. പന്ത് എത്രത്തോളം ടേണ്‍ ചെയ്യിക്കുന്നു എന്നതിലല്ല, നിങ്ങള്‍ എറിയുന്ന എത്ര പന്തുകള്‍ ബാറ്റ്‌സ്മാനെ വിഷമിപ്പിക്കുന്നു, കബളിപ്പിക്കുന്നു, എത്ര വിക്കറ്റുകള്‍ നിങ്ങള്‍ നേടുന്നു എന്നതിലാണ് കാര്യം. '

Diary of a Sports reporter anil kumble
മുത്തയ്യ മുരളീധരനൊപ്പം

ഇന്ത്യന്‍ ടീമില്‍ തനിക്കൊപ്പം കളിച്ച സ്പിന്നര്‍മാരെ കുറിച്ചു ചോദിച്ചപ്പോള്‍ അനില്‍ വാചാലനായി. ' അവരുടെയൊക്കെ പിന്തുണ എന്നെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. ഭാജി (ഹര്‍ഭജന്‍) വരുന്നതുവരെ മറ്റാരും സ്ഥിരം പങ്കാളികളായി മാറിയിരുന്നില്ല. എന്നാല്‍ വെങ്കിടപതി രാജുവിന്റെ സാന്നിധ്യം ഞാന്‍ ഏറെ വിലമതിച്ചിരുന്നു. വളരെ മികച്ച ബൗളറായിരുന്നു. ഇനിയും എത്രയോ കളിക്കാനാവുമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്രയോ വര്‍ഷങ്ങള്‍കൂടി കളിക്കാനുള്ള കഴിവും ഊര്‍ജവും രാജുവിനുണ്ടായിരുന്നു. അര്‍ഹിച്ചതില്‍ എത്രയോ കുറച്ചേ രാജുവിന് ലഭിച്ചുള്ളൂ. അവസരങ്ങളും വിക്കറ്റുകളും അര്‍ഹിച്ചത്ര കിട്ടിയില്ല. അതു വലിയ നിര്‍ഭാഗ്യമായിപ്പോയി. മറിച്ച് ഭാജിക്ക് അവസരങ്ങള്‍ കിട്ടി. അതിനനുസരിച്ച് മികവ് കാട്ടാനും കഴിഞ്ഞു. ഭാജിക്കൊപ്പം ബൗള്‍ ചെയ്യുന്നത് ശരിക്കും ആസ്വദിച്ചിരുന്നു.'

തന്റെ സമകാലികരായ സ്പിന്നര്‍മാര്‍ വോണിനേയും മുരളിധരനോടുമുള്ള മതിപ്പും ബഹുമാനവും അനില്‍ പ്രകടമാക്കി. 'മഹാന്മാരായ ബൗളര്‍മാരാണ് വോണും മുരളിയും. തുടര്‍ച്ചയായി അവര്‍ അവരുടെ ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ചിരുന്നു. വളരെ പ്രതിഭയുള്ള കഠിനാധ്വാനികളായ ബൗളര്‍മാരായിരുന്നു. ഇതില്‍ ആരാണ് കൂടുതല്‍ മികച്ചവന്‍ എന്നു താരതമ്യം ചെയ്യാനാവില്ല. ഏതായാലും സ്പിന്‍ബൗളിങ്ങിനെക്കുറിച്ചുള്ള ധാരണ തിരുത്തിയവരാണ്. വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയവരാണ് ഈ രണ്ടുപേരും. ലോകക്രിക്കറ്റിലെ വിഗ്രഹങ്ങള്‍. അവര്‍ കളിക്കുന്ന കാലത്തുതന്നെ കളിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം ഉണ്ട്. രണ്ടുപേരേയും എനിക്ക് വിക്തിപരമായി അറിയാം. വളരെ നല്ല വ്യക്തികളാണ് ഈ രണ്ടുപേരും.'- അനില്‍ പറഞ്ഞു.

Diary of a Sports reporter anil kumble
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത കുംബ്ലെയെ ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് തോളിലേറ്റിയപ്പോള്‍

ഈ അഭിമുഖം നടക്കുന്ന സമയത്ത് തന്റെ റിട്ടയര്‍മെന്റിനെ കുറിച്ച് അനില്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പുതുതലമുറക്കായി മാറിക്കൊടുക്കേണ്ട സമയമായന്നും വിരമിച്ചാലും ക്രിക്കറ്റില്‍ തന്നെ ഉണ്ടായുമെന്നും അഭിമുഖം അവസാനിപ്പിക്കുമ്പോള്‍ അനില്‍ പറഞ്ഞു. രണ്ടു മാസത്തിന് ശേഷം തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് വേദിയായ ഫിറോസ്ഷാ കോട്‌ല ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റ് മല്‍സരം കളിച്ചു കൊണ്ട് അനില്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു.

132 ടെസ്റ്റില്‍ നിന്ന് 619-ഉം 271 ഏകദിനങ്ങളില്‍ നിന്ന് 337-ഉം വിക്കറ്റുകളാണ് ഈ ലെഗ്‌സ്പിന്നറുടെ സമ്പാദ്യം. വോണും മുരളീധരനും കഴിഞ്ഞാല്‍ ടെസ്റ്റില്‍ 600 വിക്കറ്റ് നേടിയ ബൗളര്‍, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍. ടെസ്റ്റ് ഇന്നിങ്‌സില്‍ 35 തവണ അഞ്ച് വിക്കറ്റ് നേട്ടം. ടെസ്റ്റില്‍ എട്ട് തവണ പത്ത് വിക്കറ്റ് നേട്ടം. ടെസ്റ്റ് ഇന്നിങ്‌സില്‍ മുപ്പതിലധികം തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച മറ്റു മൂന്നു ബൗളര്‍മാര്‍ കൂടിയേ ഉള്ളൂ.- വോണും മുരളിയും ന്യൂസിലന്‍ഡുകാരനായ പേസ് ബൗളര്‍ റിച്ചാഡ് ഹാഡ്‌ലിയും. കുബ്ലെയുടെ മഹത്വം പ്രകടമാക്കാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളമാണ്.

എന്നാല്‍ അതിനുമുപരിയാണ് അനില്‍ കുബ്ലെയെന്ന മനുഷ്യന് ക്രിക്കറ്റ് ലോകം നല്‍കുന്ന സ്ഥാനം.  മാന്യമായ പെരുമാറ്റവും ഇടപെടലുകളുമാണ് അനിലിനെ ക്രിക്കറ്റ വൃത്തങ്ങളില്‍ കൂടുതല്‍ സ്വീകാര്യനാക്കി തീര്‍ത്തത്. എത്ര വലിയ പ്രകോപനങ്ങള്‍ ഉണ്ടായാലും സംയമനം കൈവിടില്ല. ആശയവിനിമയശേഷിയിലും മറ്റു ക്രിക്കറ്റര്‍മാരെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നു. തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും ഒരു മടിയുമില്ല. അളന്നുതൂക്കിയേ സംസാരിക്കൂ. കുംബ്ലെയുടെ വാക്കുകളുടെ തീക്ഷ്ണത ഏറ്റവുമധികം അറിഞ്ഞത് ഒരുപക്ഷേ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമായിരിക്കണം. കുപ്രസിദ്ധമായ മങ്കി ഗേറ്റ് സംഭവത്തില്‍ (ഹര്‍ഭജന്‍ സിങ് ആന്‍ഡ്രൂ സൈമണ്ട്‌സിനെ മങ്കി എന്നു വിളിച്ചുവെന്ന ആരോപണം) അനില്‍ നടത്തിയ ഇടപെടലുകള്‍ മാത്രം മതി ഉദാഹരണമായി.

Diary of a Sports reporter anil kumble
കുബ്ലെ ലേഖകനൊപ്പം ഷിമോഗ ക്രിക്കറ്റ് ഗ്രൗണ്ടില്‍

ഇന്ത്യന്‍ ടീമില്‍ നിന്ന് വിടവാങ്ങിയ ശേഷം കുംബ്ലെ ക്രിക്കറ്റ് ഭരണം കയ്യാളി മാറ്റുതെളിയിച്ചു. ജവഗല്‍ ശ്രീനാഥിനൊപ്പം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അമരത്തുവന്നു. കെ.സി.എ. പ്രഡന്റായിരുന്ന ഹ്രസ്വകാലത്ത് ബാംഗ്ലൂര്‍ നഗരത്തിനുപുറത്തും മികച്ച പരിശീലനസൗകര്യങ്ങളും ഗ്രൗണ്ടുകളും ഉണ്ടാക്കിയെടുത്തു. ആ സമയത്ത് തന്നെ കര്‍ണാടകയിലെ ഷിമോഖയില്‍ ഒരു രഞ്ജി നടക്കുന്നു. അനിലുമായി ഒരു കൂടിക്കാഴ്ച്ച കൂടി ഞാന്‍ ആഗ്രഹിച്ചിരുന്നു. വളിച്ചപ്പോള്‍ ഷിമോഗയിലേക്ക് ചെല്ലാന്‍ പറഞ്ഞു. രഞ്ജി മല്‍രത്തിനായി അനില്‍ മുന്‍കൈയ്യെടുത്ത് ഒരുക്കിയ മനോഹരമായ ഗ്രൗണ്ടിലായിരുന്ന ഉത്തര്‍പ്രദേശും കര്‍ണാടകയും തമ്മിലുള്ള മല്‍സരം. അവിടെ ആദ്യവസാനം സംഘാടകനെന്ന നിലയില്‍ അനിലിന്റെ സാന്നിധ്യമുണ്ടായിരുന്നു. കര്‍ണാടക ക്രിക്കറ്റിന്റെ വളര്‍ച്ചയേയും പുതിയ കളിക്കാര്‍ക്ക് ചെയ്തു കൊടുക്കേണ്ട സൗകര്യങ്ങളേയും കുറിച്ചാണ് അന്ന് അനില്‍ കൂടുതലായും സംസാരിച്ചത്.

പിന്നീട് അസോസിയേഷനിലെ രാഷ്ട്രീയവും പടലപ്പിണക്കവും മനസ്സുമടുപ്പിച്ചതോടെ സഹഭാരവാഹിയായിരുന്ന ശ്രീനാഥിനൊപ്പം ആ പണി മതിയാക്കുകയായിരുന്നു. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തലവനുമായി. അതിനുശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി കുറച്ചു നാള്‍. അനില്‍ ക്രിക്കറ്റ് മതിയാക്കിയാലും ക്രിക്കറ്റിന് അനിലിനെ ഉപേക്ഷിക്കാനാവില്ല. കൂടുതല്‍ ഉത്തരവാദിത്വമുള്ള പദവികളിലേക്ക് അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും.   
                     
അനില്‍ കുംബ്ലെയെ കുറിച്ച് പറയുമ്പോള്‍ വിസ്മയപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഉണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ച് നടത്തിയ അഭിമുഖത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍ ആരാണെന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇതായിരുന്നു. ' അങ്ങനെ ഒരാളെ പറയാനാവില്ല. വോണും മുരളിയും അതിലുണ്ട്. പിന്നെ സച്ചിന്‍, അക്രം, രാഹുല്‍ ദ്രാവിഡ്, ഗില്ലസ്പിയേയും വിട്ടുകളയാനാവില്ല.'

Diary of a Sports reporter anil kumble
ലക്ഷ്മണ്‍, സൗരവ്, സച്ചിന്‍ എന്നിവര്‍ക്കൊപ്പം

ആദ്യ അഞ്ചു പേരുകളും ഞാന്‍ പ്രതീക്ഷിച്ചതാണ്. പക്ഷേ ഗ്ലെന്‍ മെഗ്രാത്തിനെ ഒഴിവാക്കി ജേസണ്‍ ഗില്ലസ്പിയുടെ പേര് പറഞ്ഞത് എന്തു കൊണ്ടാവും? കളിക്കളത്തിനകത്തും പുറത്തും ഗില്ലസ്പി പ്രകടമാക്കിയ മാന്യതയാണ് അതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ക്യാരക്ടരിലും ശരീരഭാഷയിലും അനിലുമായി ഗില്ലസ്പിക്ക് എന്തോ ചില സാദൃശ്യങ്ങള്‍ തോന്നിയിട്ടുണ്ട്. അതിലുമേറെ എന്ന വിസ്മയിപ്പിച്ച മറ്റൊരു കാര്യമുണ്ട്. - സച്ചിന്‍, ദ്രാവിഡ്, അനില്‍ ലോക ക്രിക്കറ്റിലേയും എക്കാലത്തേയും മികച്ച ഈ മൂന്നു താരങ്ങള്‍ ഒരേ കാലത്ത് ഒരേ ടീമില്‍ കളിക്കാന്‍ ഇടയായി എന്നതാണത്.

Content Highlights: Diary of a Sports reporter anil kumble

PRINT
EMAIL
COMMENT

 

Related Articles

കുംബ്ലെയുടെ പെര്‍ഫക്ട്‌ ടെന്നിന് ഇന്ന് 22 വയസ്
Sports |
Sports |
പത്ത് മാസം പ്രായമുള്ള മകനൊപ്പം ചെന്നെെയിൽ; സുനാമിയുടെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച് കുംബ്ലെ
Sports |
അന്ന് ഡി.ആര്‍.എസ്. ഉണ്ടായിരുന്നെങ്കില്‍ 10 വിക്കറ്റ് നേട്ടം നേരത്തെ സ്വന്തമായേനേ - അനില്‍ കുംബ്ലെ
Sports |
നാലു റണ്‍സിന് ആറു വിക്കറ്റ്; ആ റെക്കോഡ് പ്രകടനം കണ്ട് ബിന്നിയോട് കുംബ്ലെ പറഞ്ഞത്‌
 
  • Tags :
    • Anil Kumble
More from this section
cricket
ഒന്നാമന്‍ കപില്‍, രണ്ടാമന്‍ അശ്വിനോ?
The small Patel of team India Parthiv Patel retires from all forms of cricket
കുഞ്ഞു പട്ടേലിന്റെ പരിണാമങ്ങള്‍ !
Tinu Yohannan the first Kerala Ranji player to play Test and one day cricket for India
അന്ന് സണ്ണി പറഞ്ഞു; ടി.സി യോഹന്നാന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച വിലയേറിയ ഒരു മെഡലാണ് ടിനു
dhyanchand
'ഞാന്‍ മരിച്ചാല്‍ ലോകം കരഞ്ഞേക്കും. പക്ഷേ ഇന്ത്യയിലെ ജനങ്ങള്‍ എനിക്കുവേണ്ടി കണ്ണീരൊഴുക്കില്ല'
mahendra singh dhoni The maestro of achievements in Indian cricket
ഇന്ത്യന്‍ ക്രിക്കറ്റിലെ നേട്ടങ്ങളുടെ 'മഹേന്ദ്ര'ജാലക്കാരന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.