'വിശ്വാ, ഒരു കാര്യം തീരുമാനിച്ചു ഞാന്‍ അത്‌ലറ്റിക്‌സ് നിര്‍ത്തുകയാണ്. റിട്ടയര്‍മെന്റായൊന്നും പ്രഖ്യാപിക്കുന്നില്ല.'- അഞ്ജുവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമയാണ് അവരിങ്ങനെ പറഞ്ഞത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കായികതാരങ്ങളില്‍ ഒരാളായ അഞ്ജു ബി ജോര്‍ജ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റ് ട്രാക്കിനോട് വിടപറയുന്നു. വലിയ വാര്‍ത്തയാണ്. പക്ഷേ, വാര്‍ത്ത കൊടുക്കാന്‍ വേണ്ടിയല്ല അഞ്ജു അതു പറഞ്ഞത്. അഞ്ജുവുമായും അവരുടെ പരിശീലകന്‍ കൂടിയായ ജീവിതപങ്കാളി റോബര്‍ട്ട് ബോബി ജോര്‍ജുമായും എനിക്ക് ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പലപ്പോഴും ഞാനുമായി അവര്‍ പങ്കിടാറുമുണ്ട്. സ്‌പോര്‍ട്സ് ജേണലിസ്‌റ്റെന്ന നിലയില്‍ എനിക്കു ലഭിച്ച നല്ല സുഹൃത്തുക്കളുടെ പട്ടികയിലെ ആദ്യ പേരുകാരാണവര്‍. പ്രത്യേകിച്ച് വാര്‍ത്തകള്‍ ഒന്നുമില്ലെങ്കിലും ഇടയ്‌ക്കൊക്കെ ഞാനങ്ങോട്ടും അവരിങ്ങോട്ടും ഫോണില്‍ വിളിക്കാറുണ്ട്.
ഞാനോര്‍ക്കുന്നു, 2013 ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം രാവിലെ ആയിരുന്നു അത്. അഞ്ജു ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ നേടിയിട്ട് ആ ഓഗസ്റ്റ് മുപ്പതിന് പത്ത് വര്‍ഷം തികയുന്നു. അന്നേ ദിവസം പത്രത്തില്‍ നല്‍കേണ്ട വാര്‍ത്ത നേരത്തെ തന്നെ തയ്യാറാക്കി വെക്കാമെന്ന ഒരു ഉദ്യേശവും ആ ഫോണ്‍ കോളിനു പിന്നിലുണ്ടായിരുന്നു. അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇനി ട്രാക്കിലിറങ്ങി മത്സരിക്കുകയില്ലെന്ന് അഞ്ജു എന്നോട് പറയുന്നത്. അതിനെ കുറിച്ച് ബോബിയോട് സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അഞ്ജു ഫോണ്‍ കൈമാറി. അഞ്ജു വിരമിക്കുന്നുവെന്ന് വാര്‍ത്ത കൊടുക്കട്ടെ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അതിന്റെയൊക്കെ ആവശ്യമുണ്ടോയെന്നായിരുന്നു ബോബിയുടെ മറുചോദ്യം. 'കഴിഞ്ഞ വര്‍ഷത്തെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മല്‍സരിക്കാനും മികച്ചൊരു പ്രകടനം നടത്താനും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി പരിശീലനവും തുടങ്ങിയതാണ്. പക്ഷെ, അതിനിടക്ക് ജംപിങ് പിറ്റില്‍ വീണ് അഞ്ജുവിന് പരിക്കേറ്റു. അതോടെ ലണ്ടന്‍ ഒളിമ്പിക്‌സ് എന്ന സ്വപ്‌നം പൊലിഞ്ഞു. അന്നേ തീരുമാനിച്ചതാണ് ഇനി നിര്‍ത്താമെന്ന്. പ്രഖ്യാപനമോ ചടങ്ങോയില്ലാതെ സ്വാഭാവികമായി കരിയര്‍ അവസാനിപ്പിക്കാമെന്ന് ഞങ്ങളങ് തീരുമാനിച്ചു.'-ബോബി അങ്ങനെ പറഞ്ഞെങ്കിലും എന്നിലെ പത്രപ്രവര്‍ത്തകന് അതൊരു എക്സ്ക്ലുസീവായിരുന്നു. അടുത്ത ദിവസത്തെ മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് പേജില്‍ എന്റെ ബൈലൈനില്‍ പ്രാധാന്യത്തോടെ ആ വാര്‍ത്ത വന്നു.- യാത്ര പറയാതെ അഞ്ജു ട്രാക്ക് വിടുന്നു. അടുത്ത ദിവസമാണ് രാജ്യത്തെ മറ്റെല്ലാ പ്രധാന പത്രങ്ങളും ആ വാര്‍ത്ത കൊടുത്തത്. അങ്ങിനെ ഒരു വലിയ കായിക താരത്തിന്റെ റിട്ടയര്‍മെന്റ് എന്റെ എക്സ്ക്ലുസീവ് ബൈലൈന്‍ സ്റ്റോറിയായി. അഞ്ജുവിന് നന്ദി.

സ്‌കൂള്‍ മീറ്റുകളില്‍ അഞ്ജു മാര്‍ക്കോസ് മത്സരിച്ചു തുടങ്ങുന്ന കാലം തൊട്ടേ അവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രത്തില്‍ വായിക്കാറണ്ടെങ്കിലും 1997-ല്‍ ബാംഗ്ലൂരില്‍ നടന്ന ദേശീയ ഗെയിംസിനിടെയായിരുന്നു അവര്‍ മല്‍സരിക്കുന്നത് നേരില്‍ കാണുന്നതും നേരില്‍ സംസാരിക്കുന്നതും. അന്ന് ജംപിങ് പിറ്റിലെ താരം പക്ഷെ അഞ്ജുവായിരുന്നില്ല. അഞ്ജവിനൊപ്പം തന്നെ പരിശീലിക്കുന്ന സീനിയര്‍ താരം ലേഖാ തോമസിനായിരുന്നു ലോങ് ജംപിലും ട്രിപ്പിള്‍ ജംപിലും സ്വര്‍ണം. ലേഖ ഡബ്ള്‍ തികച്ചപ്പോള്‍ രണ്ടിനത്തിലും അഞ്ജുവിന് വെള്ളി നേടി. മത്സരങ്ങള്‍ കഴിഞ്ഞ് അത്‌ലറ്റുകളുമായി സംസാരിക്കുന്നതിനായി പോകുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടര്‍ രാജീവ് കൊളശ്ശേരി പറഞ്ഞു, 'നല്ല ട്രെയ്‌നിങ് കിട്ടിയാല്‍ അന്താരാഷ്ട്ര ലെവലിലൊക്കെ മെഡല്‍ നേടാന്‍ കഴിവുള്ള അതലറ്റാണ് അഞ്ജു.' രാജീവിന്റെ ഈ വാക്കുകളായിരുന്നു അഞ്ജുവിനോട് പ്രത്യേകം സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നാട്യങ്ങളൊന്നുമില്ലാത്ത തനി നാട്ടിന്‍ പുറത്തുകാരി. എല്ലാവരോടും തികഞ്ഞ സൗഹൃദത്തോടെ ഇടപെടുന്നു. ഈ ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ അവരോട് ഏറെ ഇഷ്ടവും ആദരവും തോന്നി. ദേശീയ ഗെയിംസ് കഴിഞ്ഞ് ആറു മാസത്തിനുശേഷം ബെംഗളൂരുവില്‍ തന്നെ നടന്ന ഇന്റര്‍സ്റ്റേറ്റ് മീറ്റില്‍ ലേഖാ തോമസിന്റെ പേരിലുള്ള ദേശീയ റെക്കോഡ് അഞ്ജു തകര്‍ത്തതോടെ അവരെ കുറിച്ചുള്ള രാജീവിന്റെ പ്രവചനം വെറുതെയാവില്ലെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു. അന്നു തൊട്ട് അഞ്ജുവിന്റെ ഓരോ മത്സരങ്ങളും ഓരോ കുതിപ്പും ഞാന്‍ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.
തൊട്ടുത്ത വര്‍ഷം 1998-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ അഞ്ജുവിന് യോഗ്യത നേടാനായില്ല. അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാന്‍ ശ്രമിച്ചു കൊണ്ടിരുന്ന അഞ്ജുവിനെ പോലുള്ള ഒരു അത്‌ലറ്റിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തിരിച്ചടിയായിരുന്നു. "ഏഷ്യന്‍ ഗെയിംസിനുള്ള മുന്നൊരുക്കങ്ങളെല്ലാം അവസാനിച്ചതോടെ അതുവരെ ഞങ്ങളുണ്ടായിരുന്ന ദേശീയ ക്യാമ്പ് പിരിച്ചുവിട്ടു. പിന്നെ ബാംഗ്ലൂരിലെ സായി ഹോസ്റ്റലില്‍ നില്‍ക്കണമെങ്കില്‍ കാശടയ്ക്കണം. പെട്ടെന്ന് വല്ലാതെ ഒറ്റപ്പെട്ടുപോയ പോലെ തോന്നി. നേരത്തെ സംഭവിച്ച ഒരു പരിക്കും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എന്തിനാണ് ഇത്ര ബുദ്ധിമുട്ടി സ്‌പോര്‍ട്‌സ് ചെയ്യുന്നതെന്നുവരെ തോന്നിപ്പോയി. എങ്കിലും ഞാന്‍ പിടിച്ചുനിന്നു. പരിശീലകരാരും ഇല്ല. ടി പി ഔസേപ്പ് സാറായിരുന്നു നാട്ടില്‍ എന്റെ കോച്ച്. പക്ഷേ ബാംഗ്ലൂരില്‍ അങ്ങനെയൊരാള്‍ എനിക്കില്ല. അപ്പോള്‍ ഞാന്‍ സായിയില്‍ വെച്ച് പരിചയപ്പെട്ടിരുന്ന റോബര്‍ട്ട് ബോബി ജോര്‍ജിനെ കുറിച്ച് ഓര്‍ത്തു. മുന്‍ ദേശീയ ട്രിപ്പില്‍ ജംപ് ചാമ്പ്യനാണ്. ഒരു കോച്ചിന്റേയും പിന്തുണയില്ലാതെ തനിയെ ആയിരുന്നു ബോബി പരിശീലിച്ചു കൊണ്ടിരുന്നത്. എനിക്കും അങ്ങനെ എന്തുകൊണ്ട് ആയിക്കൂടാ എന്നു ഞാന്‍ ചിന്തിച്ചു.

ഒറ്റയ്ക്ക് തന്നെ ട്രെയ്‌നിങ് തുടങ്ങി. പക്ഷെ നല്ല ചെലവുള്ള കാര്യമാണ്. കംസ്റ്റസില്‍ ജോലി കിട്ടിയിട്ട് അധികം നാളായിട്ടിരുന്നില്ല. തുടക്കക്കാരിയായതു കൊണ്ട് അധികം ശമ്പളവുമില്ല. ആ സമയത്താണ് തമിഴ്‌നാട്ടിലെ ഡിജിപിയായിരുന്ന വാള്‍ട്ടര്‍ ദേവാരം സാര്‍ രക്ഷകനായി എത്തിയത്. സ്‌പോര്‍ട്‌സിനോടും കായിക താരങ്ങളോടും വലിയ താല്‍പര്യമായിരുന്ന അദ്ദേഹത്തെ മുമ്പേ അറിയാം. എന്റെ പ്രയാസം മനസ്സിലാക്കിയ ദേവാരം സാര്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ട് എനിക്ക് ഒരു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പാടാക്കി തന്നു. പ്രതിമാസം 4000 രൂപയായിരുന്നു സ്‌കോളര്‍ഷിപ്പ്. അന്നത് വലിയ സഹായമായിരുന്നു", - അഞ്ജു ഓര്‍ക്കുന്നു.
ഒറ്റയ്ക്ക് പരിശിലിക്കുക അത്ര എളുപ്പമല്ലെന്ന് അഞ്ജു മനസ്സിലാക്കി തുടങ്ങിയ കാലത്താണ് ബോബി സഹായവുമായെത്തുന്നത്. പരിശീലന ചുമതല ബോബി ഏറ്റെടുത്തു. അത് അഞ്ജുവിന്റെ കരിയരിലെ വലിയ വഴിത്തിരിവായിരുന്നു. അതിനിടെ അവര്‍ തമ്മിലടുത്തു. അത് പ്രണയമായി മാറി, വിവാഹത്തില്‍ കലാശിച്ചു. ദേശീയ തലത്തില്‍ മത്സരിച്ചു കൊണ്ടിരുന്ന അത്‌ലറ്റായിരുന്ന അഞ്ജു മാര്‍ക്കോസിനെ അന്താരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള അഞ്ജു ബോബി ജോര്‍ജെന്ന ലോങ്ജംപറായി മാറ്റിയെടുക്കുകയായിരുന്നു ഈ വിവാഹത്തിലൂടെ ബോബി.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളിബോള്‍ താരമായിരുന്ന ജിമ്മി ജോര്‍ജിന്റെ അനിയനാണ് റോബര്‍ട്ട് ബോബി ജോര്‍ജ്. ബോബിയുടെ കുടുംബം എല്ലാ അര്‍ത്ഥത്തിലും ഒരു സ്‌പോര്‍ട്‌സ് കുടുംബമാണ്. തിരുവിതാംകൂറില്‍ നിന്ന് വടക്കെ മലബാറിലേയ്ക്ക് കുടിയേറിയ ആദ്യകുടുംബങ്ങളിലൊന്നാണ് കുടക്കച്ചിറക്കാര്‍. 1928-ല്‍ പാലായില്‍ നിന്ന് പേരാവൂരിലേയ്ക്ക്് കുടിയേറിയ ജോസഫ്കുട്ടിയുടേയും അന്നമ്മയുടേയും മകനായിരുന്ന ജോര്‍ജ് ജോസഫാണ് ജിമ്മിയും ബോബിയും ഉള്‍പ്പെടെയുള്ള പത്തു മക്കളുടെ അപ്പന്‍. യൂണിവേഴ്‌സിറ്റി തലത്തില്‍ വോളിബോള്‍ കളിച്ചിരുന്ന ജോര്‍ജ് ജോസഫ് മക്കളേയും ചെറുപ്പത്തിലേ കളിക്കളത്തിലേക്ക് ഇറക്കിവിടുകയായിരുന്നു. മൂത്തമകന്‍ ജോസ് ഗുസ്തിയിലാണ് തുടക്കമിട്ടത്. ജിമ്മി നീന്തലിലും. യൂണിവേഴ്‌സിറ്റി നീന്തല്‍ ചാമ്പ്യനുമായിരുന്നു. പിന്നീട് വോളിബോളിലേക്ക് തിരിഞ്ഞ ജിമ്മി മൂന്ന്് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. എണ്‍പതുകളില്‍ ലോകത്തെ തന്നെ മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായിരുന്നജിമ്മിയുടെ ചേട്ടന്‍ ജോസ് ജോര്‍ജ് 1978-ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ കളിച്ച ഇന്ത്യന്‍ വോളി ടീമില്‍ അംഗമായിരുന്നു. ജിമ്മിയുടെ അനിയന്‍മാരായ ബൈജുവും സെബാസ്റ്റിയനും സംസ്ഥാന ടീമുകള്‍ക്കു വേണ്ടി വോളിബോള്‍ കളിച്ചു. മറ്റൊരു അനിയന്‍ മാത്യു ദേശീയ ചെസ് മല്‍സരങ്ങളില്‍ മെഡല്‍ നേടിയിട്ടുണ്ട്. ആണ്‍കുട്ടികളില്‍ ഏറ്റവും ഇളയവനായ ബോബി അത്‌ലറ്റിക്‌സിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ദേശീയ ട്രിപ്പിള്‍ ജംപ് ചാമ്പ്യനായി. അങ്ങനെ സ്‌പോര്‍ട്‌സ് നിറഞ്ഞുനില്‍ക്കുന്ന കുടുംബത്തിലേക്ക് കാലെടുത്തുവെച്ചതോടെ അഞ്ജുവെന്ന അത്‌ലറ്റിന്റെ ജാതകം തിരുത്തികുറിക്കപ്പെടുകയായിരുന്നു.
ബോബി പരിശീലകനായതോടെ അഞ്ജുവെന്ന് അത്‌ലറ്റില്‍ സംഭവിച്ച മാറ്റം ഞാന്‍ നേരില്‍ കണ്ടറിഞ്ഞത് 2001-ല്‍ ലുധിയാനയില്‍ നടന്ന ദേശീയ ഗെയിംസിലാണ്. ജംപിങ് പിറ്റിലെ പ്രകടനത്തില്‍ മാത്രമല്ല അവരുടെ ശരീരഭാഷയിലും മത്സരിക്കുന്ന രീതിയിലും മാധ്യമങ്ങളെ നേരിടുന്നതിലും പെരുമാറ്റത്തിലുമെല്ലാം ക്രിയാത്മകമായ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ദേശീയ ഗെയിംസിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ തുടങ്ങുന്നതിന്റെ തലേദിവസം ലുധിയാനയിലെ അതിലറ്റിക്‌സ് സ്റ്റേഡിയത്തിലേക്ക് ഞാന്‍ ചെല്ലുമ്പോള്‍ പുതുതായി നിര്‍മിച്ച സിന്തറ്റിക് ട്രാക്കില്‍ വാം അപ്പ് ചെയ്യുകയായിരുന്നു അഞ്ജു. അഞ്ജുവിന്റെ ഓരോ ചലനവും ശ്രദ്ധിച്ച് ട്രാക്കിനരികില്‍ ബോബി നില്‍ക്കുന്നു. അന്നാണ് ഞാന്‍ ബോബിയെ ആദ്യമായി നേരില്‍ കണ്ട് പരിചയപ്പെടുന്നത്. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ഒരു യുവാവ്. അത്‌ലറ്റിന് ആവശ്യമായ സ്‌കില്ലുകളെയും പുതിയ ട്രെയ്‌നിങ് സ്‌കീമുകളെയും കുറിച്ച് ലോകത്ത് ലഭ്യമായ ഏറ്റവും പുതിയ അറിവുകള്‍ പോലും സ്വായത്തമാക്കിയ പരിശീലകന്‍. അഞ്ജുവിന്റെ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുമ്പോള്‍ അയാളുടെ കണ്ണുകളിലുണ്ടായിരുന്ന തിളക്കവും വാക്കുകളിലെ ആവേശവും ഞാനുള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളെ വല്ലാതെ ആകര്‍ഷിച്ചു. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന അതിലറ്റിക്‌സ് റിപ്പോര്‍ട്ടറും ഹിന്ദുവിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ മോഹനേട്ടന്‍ (കെപി മോഹനന്‍) പറഞ്ഞു. 'ബോബി മിടുക്കന്‍ കോച്ചാണ്. അഞ്ജുവിനെ കൊണ്ട് അദ്ഭുതങ്ങള്‍ കാണിക്കുമെന്നാണ് എനിക്കു തോന്നുന്നത്.'

എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആ വലിയ സ്‌പോര്‍ട്‌സ് ജേണലിസ്റ്റിന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ഫലിക്കുന്നതാണ് പിന്നീട് നമ്മള്‍ കണ്ടത്. ലുധിയാന ദേശീയ ഗെയിംസിലെ അഞ്ജുവിന്റെ പ്രകടനം അതിന്റെ തുടക്കമായിരുന്നു. ലോങ്ങ്ജംപില്‍ മീറ്റ് റിക്കാര്‍ഡോടെയും (6.61 മീ) ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോഡോടെ (13.61 മീ.) യുമാണ് അഞ്ജു അവിടെ സ്വര്‍ണമണിഞ്ഞത്. പിന്നീടും ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ അഞ്ജുവിന്റെ ജംപുകള്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം കിട്ടി. ഓരോ തവണയും അഞ്ജുവിന്റെ സ്‌റ്റൈലും സ്‌കില്ലും മെച്ചപ്പെട്ടു വരുന്നതാണ് കണ്ടത്.
അന്താരാഷ്ട്രരംഗത്ത് അഞ്ജുവിന്റെ ആദ്യ വലിയ നേട്ടം 2002 ജൂലായില്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു. ഗെയിംസിലെ ലോങ്ജംപ് മല്‍സരത്തില്‍ വെങ്കലമെഡല്‍ നേടിയപ്പോള്‍ അഞ്ജു ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ പുതിയ ചരിത്രം കുറിക്കുകയായിരുന്നു. കാരണം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അതിനു മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഒരു വനിതാ അത്‌ലറ്റിനും മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്ററില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ ബാംഗ്ലൂരില്‍ ചെന്ന് അഞ്ജുനിവേയും ബോബിയേയും കണ്ട്് മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികക്ക് വേണ്ടി ദീര്‍ഘമായൊരു അഭിമുഖം തയ്യാറാക്കി. മെഡല്‍ നേടിയ സന്തോഷത്തെക്കാള്‍ സ്വര്‍ണ മെഡല്‍ നേടാന്‍ കഴിയാതെ പോയതിലുള്ള ഇച്ഛാഭംഗമായിരുന്നു അന്ന് അവര്‍ രണ്ടു പേരും പ്രകടമാക്കിയത്. അതുവരെയുള്ള അഞ്ജുവിന്റെ മികച്ച പ്രകടനം 6.74 മീറ്ററായിരുന്നു. മാഞ്ചസ്റ്ററില്‍ സ്വര്‍ണം നേടിയ ഗുല്‍സണ്‍ ചാടിയത് 6.7 മീറ്ററുമായിരുന്നു.
' ആദ്യമായാണ് ഞാനിത്ര വലിയ ഒരു മീറ്റില്‍ മത്സരിക്കുന്നത്. മാഞ്ചസ്റ്ററില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട് ശരിക്കും വിരണ്ടുപോയി. ആകെ ഒരു വെപ്രാളമായിരുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു ഫൈനല്‍ ഞങ്ങളുടെ മത്സരം നടക്കുന്നതിനിടയ്ക്ക് മറ്റ് പല ഇനങ്ങളുടേയും ഫൈനല്‍ നടക്കുന്നുണ്ടായിരുന്നു. അത് മൂലം ഏകാഗ്രത നഷ്ടമായി. ഒട്ടേറെ മെഡല്‍ദാന ചടങ്ങുകളും അതിനിടയ്ക്ക് നടന്നു.ഓരോ രാജ്യത്തിന്റേയും ദേശീയഗാനം മുഴങ്ങുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം.

ഓരോ തവണ ചാടാനും നീണ്ട കാത്തിരിപ്പ്, ശരിക്കും വിഷമിച്ചുപോയി.'-വലിയ അന്താരാഷ്ട്ര മത്സരങ്ങളുടെ വേദിയിലേക്ക് കാലെടുത്തുവെച്ച ഒരു തുടക്കക്കാരിയുടെ പരിഭ്രമമായിരുന്നു ഇത് പറയുമ്പോള്‍ അഞ്ജു പ്രകടമാക്കിയത്. അടുത്ത തവണയാവുമ്പോഴേക്കും അതെല്ലാം മാറികിട്ടുമെന്നായിരുന്നു ബോബിയുടെ അപ്പോഴത്തെ മറുപടി. മാഞ്ചസ്റ്ററില്‍ അഞ്ജുവിന് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയതിന് മറ്റൊരു വലിയ കാരണം കൂടിയുണ്ടായിരുന്നു. ബോബിക്ക് കോച്ചെന്ന നിലയില്‍ അഞ്ജുവിനെ അനുഗമിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം അത്‌ലറ്റിക് ഫെഡറേഷന്‍ പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനായി നല്‍കിയ ടീം ലിസ്റ്റില്‍ കോച്ചെന്ന നിലയില്‍ ബോബിയുടെ പേരുണ്ടായിരുന്നു. അവസാനനിമിഷം ചെലവു കുറക്കാനെന്ന പേരില്‍ ഒഴിവാക്കി. ചീഫ് കോച്ചെന്ന നിലയില്‍ ബഹാദൂര്‍ സിങ്ങ് മാഞ്ചസ്റ്ററിലേക്ക് പോവുകയും ചെയ്തു. ചെലവ് കുറക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വന്‍സംഘം തന്നെ മാഞ്ചസ്റ്ററിലേക്ക് പോയിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
'മാഞ്ചസ്റ്ററില്‍ ബോബിയുടെ അഭാവം എന്റെ ട്രെയിനിങ്ങിനെ ശരിക്കും ബാധിച്ചു. അതുവരെ ബോബിയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രാക്ടീസ് ചെയ്തിരുന്ന എനിക്ക് മാഞ്ചെസ്റ്ററില്‍ നിര്‍ണായക ഘട്ടത്തില്‍ ആ തുണ നഷ്ടമായി. സംശയങ്ങള്‍ക്ക് ഉണ്ടാവുമ്പോള്‍ ഫോണില്‍ ബോബിയെ ബന്ധപ്പെടുകയേ വഴിയുണ്ടായിരുന്നു. എക്‌സര്‍സൈസ് ചെയ്യുമ്പോള്‍ സഹായിക്കാനും മല്‍സരത്തിനിടെ ഓരോ ജംപ് കഴിയുമ്പോളും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആരുമില്ലാതെ പോയി. ബോബി കൂടെയുണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ വെങ്കലം സ്വര്‍ണമാക്കി മാറ്റാന്‍ കഴിയുമായിരുന്നു.' -അഞ്ജുവിന്റെ വാക്കുകളില്‍ കടുത്ത നിരാശയും വേദനയും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു. രാജ്യത്തിന് വേണ്ടി വലിയ നേട്ടങ്ങള്‍ കൊണ്ടുവരുന്ന അത്‌ലറ്റുകളോട് ഇതാണ് അധികൃതരുടെ സമീപനമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ നമുക്ക് കൂടുതല്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തതിന് വേറെ കാരണം അന്വേഷിക്കേണ്ടല്ലോ? എന്നാല്‍ അത്തരം അവഗണനകളെയും അപര്യാപ്തകളേയും കുറിച്ച് ഓര്‍ക്കാതെ, അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും അതിനടുത്ത വര്‍ഷം ആതന്‍സില്‍ നടക്കുന്ന ഒളിമ്പിക്‌സും ലക്ഷ്യമിട്ട് തന്റെ ശിഷ്യയെ ഒരുക്കിയെടുക്കുന്നതിനുള്ള കഠിനാധ്വാനത്തിലായിരുന്നു അപ്പോള്‍ ബോബി. ബെംഗളൂരു കെങ്കേരിയിലെ സായി സെന്ററിനടുത്ത് വാടകക്കെടുത്ത ഒരു ഫ്ലാറ്റിലായിരുന്നു അന്നവരുടെ താമസം. അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ അഞ്ജുവിന് ലഭ്യമാക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രൊഫഷണല്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റുകളില്‍ മത്സരിപ്പിച്ച് ലോകചാമ്പ്യന്‍ഷിപ്പിലേക്ക് സജ്ജമാക്കാനുമുള്ള കഠിനയത്‌നമാണ് ബോബി നടത്തിയത്.
ഒരുപാട് പണം ആവശ്യമായിരുന്നു അതിന്. പണം കണ്ടെത്തുന്നതിന് വേണ്ടി ബോബി അന്ന് വല്ലാതെ ബുദ്ധിമുട്ടിയിരുന്നുവെന്ന് ഇടക്കിടെ അവരുടെ ഫ്ലാറ്റില്‍ അവരെ സന്ദര്‍ശിച്ചിരുന്ന എനിക്ക് തോന്നിയിരുന്നു. എന്റെ ഈ സന്ദര്‍ശനങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്ക് വേണ്ടി അഞ്ജുവിന്റെ ഒരു ആത്മകഥ തയ്യാറാക്കണം. അതിനുവേണ്ടി രണ്ടു പേരുമായി ദീര്‍ഘമായ അഭിമുഖങ്ങള്‍ നടത്തി. അഞ്ജു തന്റെ ബാല്യ കൗമാരങ്ങളേയും ബോബിയുമായുള്ള പ്രണയത്തെയുമെല്ലാം കുറിച്ച് സംസാരിക്കുമ്പോള്‍ ബോബി വല്ലാത്തൊരു ആവേശത്തോടെ, ലോക അത്‌ലറ്റിക്‌സ് മീറ്റിലും ഒളിമ്പിക്‌സിലുമെല്ലാം മത്സരിക്കാനെത്തുന്ന അത്‌ലറ്റുകളുടെ പരിശീലന രീതികളെയും ഇന്ത്യയിലെ അത്‌ലറ്റുകള്‍ക്കും അത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ അനിവാര്യതയേയും പറ്റി പറഞ്ഞുകൊണ്ടിരുന്നു. 'എല്ലാവരും അത്‌ലറ്റിക്‌സില്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും ഒളിമ്പിക് മെഡലുകളും നേടേണ്ടതിനെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ അതിനു വേണ്ടി നമ്മള്‍ നടത്തേണ്ട ഇന്‍വെസ്റ്റ്‌മെന്റിനെകുറിച്ചും ഇന്ത്യന്‍ അത്‌ലറ്റുകളെ വലിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിരന്തരം പങ്കെടുപ്പിക്കേണ്ടതിനെ കുറിച്ചും ചിന്തിക്കുന്നില്ല. ദേശീയചാമ്പ്യന്‍ഷിപ്പിലോ ഏഷ്യന്‍ ഗെയിംസിലോ അല്ല നമ്മുടെ മികച്ച അത്‌ലറ്റുകള്‍ മത്സരിക്കേണ്ടത്. യൂറോപ്പിലും മറ്റും നടക്കുന്ന പ്രോഫഷണല്‍ സര്‍ക്യൂട്ട് മീറ്റുകളില്‍ മാറ്റുരച്ചാലേ ഒരു അതലറ്റിന് ലോകചാമ്പ്യന്‍ഷിപ്പിലും ഒളിമ്പികിസിലുമെല്ലാം മല്‍സരിക്കാനും മെഡല്‍ നേടാനുമുള്ള കെല്‍പ്പുണ്ടാവൂ.' തങ്ങള്‍ നാട്ടില്‍ നേരിടുന്ന അവഗണനെ കുറിച്ചുള്ള അമര്‍ഷവും നിരാശയുമെല്ലാം ഉള്ളിലൊതുക്കിയാണ് ബോബി ഇതെല്ലാം പറയുന്നതെന്ന് തോന്നിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ബോബിയും അഞ്ജുവും പരിശീലനത്തിനായി സായി സെന്ററിലെ ട്രാക്കിലേക്ക് പോവുമ്പോള്‍ ഒന്നു രണ്ടു തവണ ഞാനും അവരെ അനുഗമിച്ചിരുന്നു. മണിക്കൂറുകള്‍ നീളുന്ന അവരുടെ കഠിനാദ്വാനം നേരില്‍ കണ്ടപ്പോഴാണ് ഒരു അത്‌ലറ്റിന്റെ ജീവിതം എത്രത്തോളം ദുഷ്ക്കരമാണെന്ന് എനിക്ക് ബോധ്യം വന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരുന്നു ബുസാന്‍ ഏഷ്യന്‍ ഗെയിംസ്. ഗെയിംസില്‍ ലോങ്ങ്ജംപില്‍ 6.53 മീറ്റര്‍ ചാടി സ്വര്‍ണം നേടിയതോടെ അഞ്ജു ലോക റാങ്കിങ്ങില്‍ പതിനാറാം സ്ഥാനത്തെത്തി. പിന്നീട് പടിപടിയായി ഉയര്‍ന്ന് നാലാം സ്ഥാനത്ത് വരെ അഞ്ജു എത്തി. 2003-ല്‍ പാരീസില്‍ നടക്കേണ്ട ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യം വെച്ച് വ്യക്തമായൊരു ട്രെയനിങ്ങ് പ്രോഗ്രാമും ആക്ഷന്‍പ്ലാനും ബോബി തയ്യാറാക്കിയിരുന്നു. വിദേശത്ത് പോയി ഏതെങ്കിലും പ്രഗല്‍ഭനായ കോച്ചിന്റെ കീഴില്‍ പരിശീലിക്കാന്‍ അഞ്ജുവിന് അവസരമൊരുക്കിയേ തീരുവെന്ന് ബോബി പറഞ്ഞു. മാത്രമല്ല യൂറോപ്പില്‍ നടക്കുന്ന സര്‍ക്യൂട്ട് മീറ്റുകളില്‍ കഴിയുന്നത്ര മല്‍സരിക്കാനും തീരുമാനിച്ചു കഴിഞ്ഞിരുന്നു. അഞ്ജുവുമായുള്ള അഭിമുഖത്തിന് ഓരോ തവണയും അവരുടെ ഫ്ലാറ്റില്‍ ചെല്ലുമ്പോഴും വിദേശയാത്രകള്‍ക്കുള്ള പണവും യാത്രാരേഖകളും സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ബോബിയെന്ന് എനിക്കു മനസ്സിലായി. പകല്‍ സമയത്ത് അഞ്ജുവിനെ പരിശീലിപ്പിക്കുന്നതിനായി സമയം വിനിയോഗിക്കുന്നത് കാരണം രാത്രിയില്‍ ഉറക്കമൊഴിച്ചിരുന്നാണ് ബോബി ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്ന് അഞ്ജു പറഞ്ഞു.
ട്രാക്കില്‍ ഇറങ്ങി മത്സരിക്കുന്ന തന്നേക്കാള്‍ ബുദ്ധിമുട്ടും വേദനയും തനിക്ക് വേണ്ടി ബോബി അനുഭവിക്കുന്നുണ്ടെന്ന് അഞ്ജു പറഞ്ഞത് ഓര്‍ത്തു പോകുകയാണ്. ബോബിയുടെ പ്രയത്‌നങ്ങള്‍ ഫലം കണ്ടു. അമേരിക്കയില്‍ ചെന്ന് ഒളിമ്പിക്‌സ് ജേതാവും ലോകത്തെ ഏക്കാലത്തേയും മികച്ച ചാട്ടക്കാരില്‍ ഒരാളുമായ മൈക്ക് പവലിന് കീഴില്‍ പരിശീലിക്കാന്‍ അഞ്ജുവിന് അവസരം കിട്ടി. ഒപ്പം യൂറോപ്പിലും അമേരിക്കയിലും നടന്ന സര്‍ക്യൂട്ട് മീറ്റുകളിലും മല്‍സരിച്ചു. ഉത്തര കാലിഫോര്‍ണിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റിലായിരുന്നു തുടക്കം 6.47 മീറ്റര്‍ ചാടി അവിടെ അഞ്ജു സ്വര്‍ണം നേടി. തൊട്ടു പിന്നാലെ ദക്ഷിണ കാലിഫോര്‍ണിയയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ സ്വര്‍ണവും സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടന്ന സൂപ്പര്‍ഗ്രാന്‍പ്രീ മീറ്റില്‍ വെള്ളിയും നേടി. ഇങ്ങനെ പവലിന്റെ കീഴിലെ പരിശീലനവും പ്രൊഫഷണല്‍ മീറ്റുകളിലെ മല്‍സര പരിചയവും നല്‍കിയ ആത്മ വിശ്വാസവുമായാണ് അഞ്ജു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ പാരീസിലേക്ക് പോയത്.

2003 ഓഗസ്റ്റ് 30- ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇടം പിടിച്ച ദിവസമായിരുന്നു അത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അഞ്ജു മത്സരിക്കുന്നു. പാരീസില്‍ വൈകുന്നേരമാണ് മത്സരം തുടങ്ങിയത്. ഇന്ത്യയില്‍ അത് രാത്രിയാണ്. മത്സരത്തിന്റെ പുരോഗതി അറിയാന്‍ ഇന്റര്‍നെറ്റ് തന്നെ ശരണം. പിന്നെ പാരീസിലെ തന്റെ സുഹൃത്ത് ബിശ്വജിത്തിന്റെ സെല്‍ഫോണ്‍ നമ്പര്‍ ബോബി തന്നിരുന്നു. ആദ്യ ശ്രമത്തില്‍ അഞ്ജു 6.61 മീറ്റര്‍ ചാടി. ആ റൗണ്ടില്‍ അഞ്ജുവായിരുന്നു മുന്നില്‍. പക്ഷേ, രണ്ടാമത്തേയും മൂന്നാമത്തേയും ചാട്ടം ഫൗളായി. രണ്ടാം റൗണ്ടില്‍ 6.74 മീറ്റര്‍ ചാടി റഷ്യക്കാരി തത്യാന കൊട്ടോവയും ഫ്രാന്‍സിന്റെ യൂനുസ് ബാര്‍ബറും അഞ്ജുവിന് മുന്നില്‍ കയറി. നിര്‍ണായകമായ അഞ്ചാം ജംപില്‍ 6.70 മീറ്റര്‍ ചാടി അഞ്ജു മൂന്നാം സ്ഥാനം ഉറപ്പിച്ചു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍!
മെഡല്‍ ഉറപ്പായതിന് ശേഷം ഞാന്‍ നിരന്തരം ബിശ്വജിത്തിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു. എന്‍ഗേജ്ഡ് ആണ്. ഒരു മണിക്കൂറിന് ശേഷമാണ് ലൈനില്‍ കിട്ടിയത്. ഫോണ്‍ ബിശ്വജിത്ത് അഞ്ജുവിന് കൊടുത്തു. അപ്പോള്‍ സന്തോഷം കൊണ്ട് അവരുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു. 'എത്രയോ കാലത്തെ സ്വപ്‌നമാണ്. അത് സാധിച്ചല്ലോ? എനിക്കും ബോബിക്കും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.' -അഞ്ജു പറഞ്ഞു.
പാരീസില്‍ നിന്ന് തരിച്ചെത്തിയ അഞ്ജുവിനേയും ബോബിയേയും വീണ്ടും ബെംഗളൂരുവില്‍ ചെന്ന് ഇന്റര്‍വ്യൂ ചെയ്തു. പാരീസിലെ വിജയത്തേക്കാള്‍ ഏതന്‍സില്‍ നേരിടാന്‍ പോവുന്ന വെല്ലുവിളികളെ കുറിച്ചാണ് രണ്ടു പേരും അപ്പോള്‍ സംസാരിച്ചത്. ആതന്‍സ് ഒളിമ്പിക്‌സിന് മുന്നോടിയായി സ്‌പോര്‍ട്‌സ് മാസികയിറക്കിയ സ്‌പെഷ്യലിനൊപ്പം ഞാന്‍ തയ്യാറാക്കിയ അഞ്ജുവിന്റെ ആത്മകഥയും ഉണ്ടായിരുന്നു. ' ഞാന്‍ മഞ്ജു' എന്നായിരുന്നു ആ ആത്മകഥയുടെ പേര്. അഞ്ജുവിന് ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പേര് അതായിരുന്നു. പിന്നീട് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അഞ്ജുവെന്ന് മാറ്റുകയായിരുന്നു. ആതന്‍സില്‍ ഒരു മെഡല്‍ അഞ്ജുവിന്റെയും ബോബിയുടേയും വലിയ സ്വപ്‌നമായിരുന്നു. പക്ഷെ, അവര്‍ക്കതിന് കഴിഞ്ഞില്ല. നേടാതെ പോയ മെഡലിനെ ചൊല്ലി അവര്‍ എത്രത്തോളം വേദനിക്കുകയും നിരാശപ്പെടുകയും ചെയ്‌തെന്ന് ഞാന്‍ നേരില്‍ കണ്ട് മനസ്സിലാക്കിയതാണ്. പക്ഷെ നഷ്ടസൗഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത് തളര്‍ന്നിരിക്കുകയായിരുന്നില്ല അപ്പോഴും അവര്‍. ആതന്‍സ് ഒളിമ്പിക്‌സ് കഴിഞ്ഞ് തൊട്ടുത്ത വര്‍ഷം മൊണാക്കോ വേള്‍ഡ് അത്‌ലറ്റിക്‌സ് ഫൈനലില്‍ 6.75 മീറ്റര്‍ ചാടി വെള്ളി മെഡല്‍ നേടി അഞ്ജു ഒരിക്കല്‍ കൂടി ചരിത്രം കുറിച്ചു.
2008-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മല്‍സരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ പരിക്ക് വില്ലനായി. കരിയര്‍ അവസാനിപ്പിച്ച ശേഷവും അത്‌ലറ്റിക്‌സിനോടുള്ള അഭിവാഞ്ജ രണ്ടുപേര്‍ക്കും നഷ്ടമായിട്ടില്ല. ഏറെ കൊതിച്ചിട്ടും നേടാനാവാതെ പോയത് നേടാന്‍ കെല്‍പ്പുള്ള അത്‌ലറ്റുകളെ വാര്‍ത്തെടുക്കാനുള്ള തീവ്ര പരിശ്രമത്താലാണ് ഇപ്പോള്‍ അഞ്ജുവും ബോബിയും. ജംപര്‍മാര്‍ക്കായി ഒരു അക്കാദമി ബെംഗളൂരുവിൽ അവര്‍ തുടങ്ങിക്കഴിഞ്ഞു. ആ അക്കാദമിയില്‍ ലോക നിലവാരമുള്ള പരിശീലന സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണിരുവരും.
അഞ്ജുവിന് ഒളിമ്പിക് മെഡല്‍ എന്നത് ഒരു സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു. പക്ഷെ ഒരു കാര്യം കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. ഏതന്‍സില്‍ അഞ്ജുവിനെ പിന്നിലാക്കിയ അത്‌ലറ്റുകള്‍ മിക്കവരും പില്‍ക്കാലത്ത് ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ടിരുന്നു. മുമ്പും അവര്‍ ഉത്തേജകം ഉപയോഗിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതുമാണ്. അഞ്ജുവാകട്ടെ മല്‍സരിക്കുന്ന കാലത്ത് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ(വാഡ) പോസ്റ്ററില്‍ ഇടം പിടിച്ച ക്ലീന്‍ അത്‌ലറ്റായിരുന്നു. മുമ്പൊരിക്കല്‍ ബോബി ഒരു സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞത് ഓര്‍ത്തുപോവുന്നു. ' ഉത്തേജക മരുന്നുകള്‍ ലോകത്തെ മുന്‍നിര അത്‌ലറ്റുകളില്‍ പലരും ഉപയോഗിക്കുന്നുണ്ട്. ചിലര്‍ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. കാരണം ഒരിക്കലും പിടിക്കപ്പെടാത്ത തരത്തിലുള്ള മരുന്നുകളാണ് പലരും വികസിപ്പിച്ചെടുക്കുന്നത്. ഈ മരുന്നുകള്‍ ഉപയോഗിച്ചാല്‍ അത്‌ലറ്റിന്റെ പ്രകടനം മെച്ചപ്പെടുത്താനാവും. പക്ഷേ, അത് അവരുടെ ആരോഗ്യത്തിനും പതുക്കെ ജീവന് തന്നെയും ഹാനികരമാവും. അത് മനുഷ്യത്വരഹിതമാണ്. പിന്നെ അഞ്ജു എനിക്ക് ഒരു ട്രെയ്‌നിയല്ല. എന്റെ പ്രിയപ്പെട്ട ഭാര്യയാണ്. ഏത് വലിയ മെഡലിനേക്കാളും എന്റെ ഭാര്യയുടെ ജീവനും ആരോഗ്യത്തിനും ഞാന്‍ വിലമതിക്കുന്നു. ഭാവിയില്‍ മറ്റേതെങ്കിലും അത്‌ലറ്റിനെ പരിശീലിപ്പിക്കേണ്ടി വന്നാലും ഇതുതന്നെയാവും എന്റെ നിലപാട്. കായിക താരങ്ങളുടെ കുടുംബത്തിലാണ് ഞാന്‍ പിറന്നത്. എന്നെ ഞാനാക്കിയത് സ്‌പോര്‍ട്‌സ് തന്നെയാണ്. അത് എന്റെ ജീവിതമാണ്. അതില്‍ ചതി കാണിക്കാനാവില്ല.'
കായികതാരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന നല്‍കി അഞ്ജുവിനെ രാജ്യം ആദരിച്ചിരുന്നു. പരിശീലകര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന ബഹുമതി ദ്രോണാചാര്യ പുരസ്‌കാരം ബോബിക്കും നല്‍കിയിട്ടുണ്ട്. പക്ഷേ ഇതൊന്നും ഈ ദമ്പതികളുടെ പ്രയത്‌നത്തിന്, രാജ്യത്തിന് അവര്‍ സമ്മാനിച്ച നേട്ടങ്ങള്‍ക്ക്, അവരുടെ പോരാട്ടവീര്യത്തിന്, ജീവിതത്തിലെ സുഖങ്ങള്‍ മാറ്റിവെച്ച് അവര്‍ ഒഴുക്കിയ വിയര്‍പ്പിന് പകരമാവുന്നില്ല.-ഈ വാക്കുകള്‍ ഈ നല്ല സുഹൃത്തുക്കളെ കുറിച്ചുള്ള എന്റെ അനുഭവസാക്ഷ്യമാണ്.
Content Highlights: Anju Bobby George, Athletics, World Athletic Championship, K.Viswanath