Photo: Getty Images
ലയണല്‍ മെസ്സിയുടെ ജനനം 19-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇറ്റലിയിലെ ജനനായകനായിരുന്ന ജൂസപ്പെ ഗാരിബാള്‍ഡിയുടെ പേരിലുള്ള റൊസാരിയോയിലെ ആശുപത്രിയിലായിരുന്നു എന്ന അറിവ് ചെറിയ അത്ഭുതമുണ്ടാക്കി. ഗാരിബാള്‍ഡിയെക്കുറിച്ച് സ്‌കൂള്‍ ക്ലാസില്‍ സാമൂഹ്യ പാഠത്തില്‍ പഠിച്ച് മറന്നതാണ്. ഗാരിബാള്‍ഡിക്ക് തെക്കെ അമേരിക്കയില്‍ എന്തു കാര്യം എന്നു നോക്കിയപ്പോള്‍ വളരെ കാര്യമുണ്ട്. ഇറ്റലിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഘട്ടത്തില്‍ അദ്ദേഹം തെക്കെ അമേരിക്കയിലേക്ക് രക്ഷപ്പെടുകയും അവിടെ 14 കൊല്ലം ചെലവിടുകയും ചെയ്തിട്ടുണ്ട്. എന്നു മാത്രമല്ല അവിടെ പലവിധ സ്വാതന്ത്ര്യ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്.
മെസ്സി കുടുംബത്തിന്റെ ആരൂഢം ഇറ്റലിയാണ് താനും. യൂറോപ്പില്‍ നിന്ന് അര്‍ജന്റീനയിലേക്ക് കുടിയേറിവരില്‍ ഒരു വലിയ വിഭാഗം ഇറ്റലിക്കാരാണ്. മറ്റൊരു വിഭാഗം സ്പെയിനില്‍ നിന്ന് വന്നവരും. എന്നാല്‍ ഇപ്പോള്‍ കളിയിലും ജീവിതത്തിലും ഇവര്‍ രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങളാണ്. ഒന്ന് യൂറോപ്പ്, മറ്റേത് ലാറ്റിനമേരിക്ക. 13-ാം വയസ്സില്‍ മെസ്സി യുറോപ്യനായെങ്കിലും ഉള്ളിന്റെയുള്ളില്‍ മെസ്സി ലാറ്റിനമേരിക്കന്‍ തന്നെയാണെന്ന് പറയുന്നു.

1987 ജൂണ്‍ 24, അന്നാണ് മെസ്സി ജനിച്ചത്. റൊസാരിയോ ഉള്‍പ്പെടെ അര്‍ജന്റീനയില്‍ 14 ബോംബ് സ്ഫോടനങ്ങളുണ്ടായി. പ്രസിഡന്റ് അല്‍ഫോന്‍സിന്റെ ഒരു നിയമത്തിനെതിരായ പ്രതിഷേധമായിരുന്നു ഇതിന്റെ പിന്നിലെന്ന് പറയുന്നു. മെസ്സിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പന്ത് നിലത്തുവീഴ്ത്താതെ പാദം കൊണ്ട് തട്ടിക്കളിക്കുന്ന കീപ്പീ അപ്പ് എന്നു പറയുന്ന പന്തഭ്യാസത്തിലെ എണ്ണം ഉള്‍പ്പെടെ. ഒന്നാം പിറന്നാളിന് മെസ്സിക്ക് ലഭിച്ച സമ്മാനം റൊസാരിയൊ ടീമായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിന്റെ ചുവപ്പും കറുപ്പും ഷര്‍ട്ടായിരുന്നു. നാലാം പിറന്നാളിന് ആദ്യത്തെ പന്ത് സമ്മാനമായി ലഭിക്കുന്നു. ആ സമയത്ത് തെരുവില്‍ പന്ത് കളിക്കുകയായിരുന്ന അച്ഛന്‍ ജോര്‍ഗിന്റെയും ഏട്ടന്‍മാരുടെയും കൂടെ പന്ത് കളിക്കാന്‍ കൂടി മെസ്സി സര്‍വരെയും ഞെട്ടിക്കുന്നു.
2000 സെപ്തംബര്‍ 17, മെസ്സിയും അച്ഛനും ഭാവി സാധ്യതകള്‍ തേടി ബാഴ്സലോണയില്‍ എത്തുമ്പോള്‍ മെസ്സിക്ക് 13 വയസ്സാണ് പ്രായം. ക്ലബ്ബിന് 13 വയസ്സുകാരനായ ഒരു കുട്ടിയെ, അതും മറ്റൊരു അര്‍ജന്റീനക്കാരനെ എടുക്കുന്നതില്‍ ആശങ്കയില്ലാതില്ല. മറുനാടന്‍ കുട്ടികളെ ക്ലബ്ബിലേക്കെടുക്കുന്നത് അവരുടെ നയവുമായിരുന്നില്ല. മാറഡോണ പരിവാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഒരു വശത്ത്. 13-കാരന് വളര്‍ച്ചക്കുള്ള ചികിത്സ നല്‍കണം. അച്ഛന് ജോലിയും താമസവും നല്‍കണം. എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഫലമൊന്നുമില്ലെങ്കിലോ. ചില പരിശീലന കളികളില്‍ മെസ്സി പങ്കെടുക്കുന്നുണ്ട്.അവസാന തീരുമാനം ഫുട്ബോള്‍ ഡയറക്ടറായ ചാര്‍ലീ റെക്സാച്ചിന്റെതാണ്.
റെക്സാച്ച് അപ്പോള്‍ സിഡ്നിയില്‍ ഒളിമ്പിക്സ് ഫുട്ബോള്‍ കാണാന്‍ പോയിരിക്കുന്നു. ഒക്ടോബര്‍ രണ്ടിന് അദ്ദേഹം തിരിച്ചെത്തും. പിറ്റേന്ന് ഒരു പരിശീലന മത്സരം വെച്ചിട്ടുണ്ട്. മൂന്നാം തീയതി അഞ്ചു മണിക്ക് കളി തുടങ്ങിയെങ്കിലും റെക്സാച്ച് കളിസ്ഥലത്ത് എത്തുമ്പോള്‍ അല്‍പം വൈകി. ഗ്രൗണ്ട് ചുറ്റി ബെഞ്ചിലെത്താന്‍ എടുക്കുന്ന ആറേഴ് മിനുട്ടിനുള്ളില്‍ റെക്സാച്ച് തീരുമാനമെടുത്തിരുന്നു. അവിടെയെത്തി യൂത്ത് ടീം കോച്ചുകളായ റിഫെയോടും മിഗ്വെലിയോടും റെക്സാച്ച് പറഞ്ഞു. ''ഇവനെ നമുക്കെടുക്കണം.ഇപ്പോള്‍ തന്നെ.''
എന്താണ് താന്‍ കണ്ടതെന്ന് റെക്സാച്ച് പറയുന്നത് മെസ്സിയുടെ കളിയുടെ ചുരുക്കമാണ്. ഒരു ചെറിയ കുട്ടി. പക്ഷെ വ്യത്യസ്തന്‍. അവിശ്വസനീയമായ ആത്മവിശ്വാസം. ഉണര്‍വ്, നല്ല വേഗം, സാങ്കേതികമായ മികവ്, പന്തുമായി കുതിക്കുന്നു. തന്റെ വഴിയിലുള്ള ആരെയും മറികടന്നുപോകുന്നു. ഇതൊക്കെ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ലായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്ന ആ കഴിവുകള്‍ 13-ാം വയസ്സില്‍ കുറച്ചുകൂടി തെളിഞ്ഞു കാണാമായിരുന്നു. തങ്ങള്‍ക്ക് തിളങ്ങണമെങ്കില്‍ ഒരു ടീം വേണം കളിക്കാര്‍ക്ക്. അത്തരത്തിലുള്ള ഫുട്ബോളര്‍മാരുണ്ട്. ഇയാള്‍ക്ക് അതു വേണ്ട.
എന്നാലും ഔപചാരികമായ കരാര്‍ ഒപ്പുവെക്കാന്‍ പിന്നെയും പ്രതിബന്ധങ്ങളുണ്ടായിരുന്നു. വിദേശിയായ ഒരു കുട്ടിയെ കുട്ടികളുടെ മത്സരങ്ങളില്‍ കളിപ്പിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ഇയാള്‍ ബാഴ്സലോണ കളിക്കാരനായില്ലെങ്കിലോ? ബലഹീനനായ ഒരു കുട്ടിയെ എടുക്കുന്നതില്‍ ക്ലബ്ബിലെ ഉന്നതര്‍ക്കു തന്നെ വിപ്രതിപത്തിയുണ്ട്.

കരാര്‍ നീണ്ടുപോകുന്നതില്‍ മെസ്സി പക്ഷത്തിന് ആശങ്കയുണ്ടായിരുന്നു. ബാഴ്സലോണയില്‍ കഴിഞ്ഞിരുന്ന റൊസാരിയോ സ്വദേശി ഹൊറേഷ്യോ ഗാഗ്ഗിയോളിയാണ് മെസ്സി കുടുംബത്തിന് വേണ്ടി സംസാരിക്കാന്‍ ചുമതലപ്പെട്ടയാള്‍. ഒപ്പം ബാഴ്സയില്‍ അംഗത്വമുള്ള ജോസഫ് മിംഗ്വെല്ലയുമുണ്ട്. ഡിസംബറായതോടെ മിംഗ്വല്ല, റെക്സാച്ചിനെ വിളിച്ച് കാര്യം എന്തായെന്ന് അന്വേഷിക്കുന്നു. മൂവരും ഒരു റസ്‌റ്റോറന്റില്‍ ഒത്തു ചേരുന്നു. മെസ്സിയെ എടുക്കുന്നില്ലെങ്കില്‍ വേറെ ക്ലബ്ബു നോക്കുമെന്ന് ഗാഗ്ഗിയോളി സൂചിപ്പിക്കുന്നു. വാസ്തവത്തില്‍ റയല്‍ മഡ്രിഡുമായി ചില സംഭാഷണങ്ങള്‍ തുടങ്ങിവെച്ചിട്ടുണ്ടായിരുന്നു ഇദ്ദേഹം. ഒരു കരാര്‍ എഴുതിയില്ലെങ്കില്‍ സംഗതി അവിടെ അവസാനിക്കും. അപ്പോള്‍ റെക്സാച്ച് ഒരു കാര്യം ചെയ്തു, മേശമേല്‍ നിന്ന് ഒരു ടിഷ്യൂ പേപ്പര്‍ എടുക്കുകയും ഇന്നിന്ന ഉപാധികള്‍ സ്വീകാര്യമെങ്കില്‍ തങ്ങള്‍ മെസ്സിയെ എടുക്കുന്നതായി എഴുതി ഒപ്പു വെക്കുകയുമാണ്. ഗാഗ്ഗിയോളിയും മിംഗ്വെല്ലയും കൂടി കടലാസില്‍ ഒപ്പിടുന്നു. പിന്നീട് ഇതിന് ഔപചാരികമായി അംഗീകാരം നേടുന്നുണ്ട്.
2001 ജനുവരി 8-ന് അന്തിമ കരാര്‍ ഉണ്ടാവുന്നു. രണ്ടു കത്തുകള്‍ ജോര്‍ഗ് മെസ്സിയെ തേടിച്ചെല്ലുന്നു. ആദ്യത്തേത് റെക്സാച്ച് വക, റസ്‌റ്റോറന്റില്‍ വെച്ചെഴുതിയ കരാര്‍ സ്വീകരിക്കുന്നതായി ഇതില്‍ അറിയിച്ചു. മറ്റേത് ക്ലബ്ബിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ഡയറക്ടറായ ജോവന്‍ ലെക്വേവ വക. ഒരു വീട്, മെസ്സിയുടെ സ്‌കൂള്‍ പഠനച്ചെലവ് പുറമെ ജോര്‍ഗിന് 40000 ഡോളര്‍ ശമ്പളത്തില്‍ ക്ലബ്ബില്‍ ഒരു പണിയും. 2021-ല്‍ എത്തുമ്പോള്‍ മെസ്സിയുടെ സാമ്പത്തിക ഭാരം ചുമക്കാന്‍ കഴിയാത്ത ഒരു സ്ഥിതിയുണ്ടായി ബാഴ്സലോണയ്ക്ക് എന്നത് എന്നെങ്കിലും സംഭവിച്ചേക്കാനിടയുള്ള ഒരു കാര്യമായിരുന്നു.
മറ്റൊരു അര്‍ജന്റീനക്കാരന്‍ ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ റയല്‍ മഡ്രിഡിന്റെ എല്ലാകാലത്തെയും ഏറ്റവും വലിയ കളിക്കാരനായിരുന്നു. 1953 മുതല്‍ 1964 വരെയുള്ള ഒരു കാലത്ത് റയലിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ സ്‌റ്റെഫാനോ ഉണ്ട്. 1964 മുതല്‍ 1966 വരെ രണ്ടു വര്‍ഷം അദ്ദേഹം എസ്പാന്യോളിന്റെ കുപ്പായത്തില്‍ പ്രത്യക്ഷപ്പെടുകയും ലീഗില്‍ റയലിനെതിരെ കളിക്കുകയും ചെയ്തു. അതേ സമയം മെസ്സിക്ക് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലല്ലാതെ ബാഴ്സലോണയുമായി ഏറ്റുമുട്ടേണ്ടി വരില്ല.
Content Highlights: carles rexach and lionel messi s famous napkin contract
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..