അന്റൊണിൻ പനേങ്കയും യോഹാൻ ക്രൈഫും | Photo: Getty Images
പനേങ്ക എന്നു കേള്‍ക്കുമ്പോള്‍ ശബ്ദ സാദൃശ്യം കൊണ്ട് കേരളത്തിലെ അനുഷ്ഠാന കലയായ പാനകളി ഓര്മ വന്നു എന്നു വരാം. രണ്ടും തമ്മില്‍ ബന്ധമില്ലെങ്കിലും അന്റൊണിന്‍ പനേങ്കയുടെ പെനാല്‍റ്റി കിക്കുകള്‍ ഒരനുഷ്ഠാന കലാരൂപമാവാം. ക്രൈഫ് ടേണ്‍ എന്നു കേള്‍ക്കുമ്പോള്‍ പലംതരം വട്ടം തിരിയലും ഓര്‍ത്തുപോകാം. ക്രൈഫിന്റെ പേരില്‍ മാത്രമല്ല, അയര്‍ലന്‍ഡ് താരമായ മെക്ഗീഡിയുടെ പേരിലും തിരിച്ചിലുണ്ട്, മെക്ഗീഡി സ്പിന്‍.
പെനാല്‍റ്റി പോസ്റ്റിന്റെ രണ്ടുഭാഗത്തുമായി ഗോള്‍ വലയുടെ ഉത്തരത്തിലേക്കോ അതല്ലെങ്കില്‍ നിലത്തുകൂടെ ഏതെങ്കിലും ഭാഗത്തോക്കോ ശക്തിയോടെയോ അല്ലാതെയോ അടിക്കുന്നതു കാണാം. ഇതെന്നുമല്ലാതെ നടുക്കുകൂടെ പതുക്കെ പൊന്തിച്ചിട്ട് അടിക്കുമ്പോള്‍ ഗോളി ഏതെങ്കിലും ഒരു വശത്തേക്ക് മോഹ വിവശനായി ചായുകയും പന്ത് വലയില്‍ കയറുകയും ചെയ്യുന്നു. അപ്പോള്‍ അത് പനേങ്കയായി.
പനേങ്ക പ്രാഗിലെ ബോഹീമിയന്സിന് കളിക്കുമ്പോള്‍ ട്രെയിനിങ് ഗ്രൗണ്ടിലെ പെനാല്‍റ്റി മല്‍സരത്തില്‍നിന്ന് വികസിപ്പിച്ചെടുത്തതാണിത്. ഗോളി സഡനെക് ഹ്രുസ്കയുമായായിരുന്നു പനേങ്കയുടെ പെനാല്റ്റിയടി മല്‍സരം പ്രധാനമായും. ബെറ്റു വെച്ചുള്ള അടിയില്‍ മിക്കപ്പോഴും ഹ്രുസ്കയോട് തോല്‍ക്കുകയായിരുന്നു പനേങ്ക. തുടര്‍ന്ന് പുതിയ രീതി പരീക്ഷിച്ചുവെന്നു മാത്രമല്ല, രണ്ടു കൊല്ലം രാകി രാകി അത് മൂര്‍ച്ചവരുത്തുകയും കളിക്കളത്തില്‍ പ്രയോഗിച്ച് ഗോളുകള്‍ നേടുകയും ചെയ്തു.
അന്താരാഷ്ട്ര മല്‍സരത്തില്‍ നാടകീയവും വിധിനിര്‍ണായകവുമായ ഒരു മുഹൂര്‍ത്തത്തില്‍ പനേങ്ക ഇത് പ്രയോഗിക്കാന്‍ ധൈര്യം കാട്ടി എന്നത് എടുത്തു പറയേണ്ടതാണ്. ഇത് ഇവിടെ ചെയ്യല്ലേ എന്ന് കൂട്ടുകാര്‍ പനേങ്കയെ വിലക്കിയിരുന്നു. റും മേറ്റായ ഗോളി ഐവോ വിക്ടര്‍, മുറിയില്‍ കയറ്റില്ലെന്ന് മുന്നറിയിപ്പ് നല്കിയിരുന്നതുമാണ്. 1976 യൂഗോസ്ലാവ്യയില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൂചി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയില്‍ എത്തിയിരുന്നു. ജര്‍മനിയുമായുള്ള മല്‍സരം 2-2 ല്‍ സമനിലയില്‍ അവസാനിക്കുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലാമത്തെ കിക്ക് ജര്‍മനിയുടെ ഉലി ഹോയ്നസ് പാഴാക്കുന്നു. പനേങ്കയുടെ ഊഴം വരികയായി. ഗോളി സെപ്പ് മെയര്‍ തന്റെ സൂത്രം കാണാന്‍ വഴിയില്ലെന്ന് പനേങ്ക ഊഹിക്കുന്നു. മെയര്‍ ഇടത്തോട്ട് ചാഞ്ഞപ്പോള്‍ പനേങ്കയുടെ ഇളംകാറ്റു പോലുള്ള കിക്ക് ഉയര്‍ന്നുതാണ് നെറ്റില്‍ പതിക്കുന്നു. ചെക്കോസ്ലോവാക്യ നടാടെ ചാമ്പ്യന്മാരാവുകയായി.
എന്നാലും ചെക്ക് റിപ്പബ്ലിക്കില്‍ ഈ വിദ്യയ്ക്ക് മറ്റൊരു പേരാണുള്ളത്. അവര്‍ ഇതിനെ വ്രസോവിക്കി ഡൊബാക്ക് (vrsovicky dloubak) എന്ന് പറയും. വ്രസോവീസ് പ്രാഗില്‍ ബൊഹീമിയന്സിന്റെ കളിക്കളം നില്ക്കുന്ന സ്ഥലമാണ്.
പനേങ്ക ഇപ്പോഴും സക്രിയമാണ്. 2022-ലെ ഐഎസ്എല്ലില്‍ ജംഷേദ്പുര്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കിയപ്പോള്‍ അതില്‍ രണ്ടു ഗോളും പെനാല്‍റ്റി വഴി നേടിയത് ഫോര്‍വേഡ് ഗ്രെഗ് സ്റ്റിയുവര്ട്ടായിരുന്നു. ആദ്യത്തെ കിക്ക് സ്റ്റിയുവര്‍ട്ട് മൂലക്കലേക്കടിച്ച് ഗോളാക്കിയപ്പോള്‍ രണ്ടാമത്തേത് നല്ല പനേങ്കയായിരുന്നു.
ഹോളണ്ടിന്റെ മഹാതാരം യോഹാന്‍ ക്രൈഫ് തന്റെ പ്രശസ്തമായ തിരിച്ചല്‍ (ക്രൈഫ് ടേണ്‍) ലോകകപ്പില്‍ തന്നെയാണ് പ്രയോഗിച്ചത്. 1974-ല്‍ സ്വീഡനെതിരെയുള്ള മല്‍സരത്തില്‍ അവരുടെ വലതു ബാക്ക് ജാന്‍ ഓള്സന് ഇടതുവിങ്ങിലായിരുന്ന ക്രൈഫിനെ തടയുന്നു. ക്രൈഫ് ഉള്ളിലേക്ക് പന്ത് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് നടിക്കുന്നു. അടുത്ത നിമിഷം വലതു കാലിന്റെ ഉള്പാദം കൊണ്ട്, നിലത്തൂന്നിയ ഇടതുകാലിന്റെ പിന്നിലൂടെ പന്തിനെ മറുവശത്തേക്ക് കൊണ്ടുപോകുകയും ഡിഫന്‍ഡറെ അയാളുടെ പാട്ടിന് വിട്ട് വിങ്ങിലൂടെ കുതിക്കുകയുമാണ്. കളി ആരും ഗോളടിക്കാതെ സമനിലയില്‍ അവസാനിച്ചു. ഓള്സന് ഇതൊരപമാനമാണെന്ന് കണക്കാക്കുന്നില്ല. താന്‍ ഈ മുഹൂര്‍ത്തത്തെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നതെന്ന് ഓള്സന് പിന്നീട് പറയുകയുണ്ടായി. കാരണം ഒന്നേയുള്ളൂ. ക്രൈഫ് ജീനിയസായിരുന്നു. ആ ടേണ്‍ മുമ്പേ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും.
റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് താരം അയ്ഡന്‍ മെക്ഗീഡിയുടെ തിരിയുഴിച്ചിലും ക്രൈഫ് ടേണിന് സമാനം. ടേണിന് പകരം സ്പിന്‍ എന്ന് ഇതിനെ പറയുന്നു. കളിയുടെ കാര്യത്തില്‍ ക്രൈഫും മെക്ഗീഡിയും അജഗജാന്തരമുണ്ടെങ്കിലും മെക്ഗീഡിയുടെ തിരിച്ചിലും ഫുട്ബോളിലെ ഒരു വിദ്യയായി എഴുതപ്പെട്ടിരിക്കുന്നു. മെക്ഗീഡി 2022-ലും ഇംഗ്ലണ്ടില്‍ പയറ്റിയിരുന്നു. പ്രീമിയര്‍ ലീഗിലല്ല, തൊട്ടു താഴെയുള്ള ഒന്നാം ലീഗില്‍ സണ്ടര്ലാന്റിലാണെന്നു മാത്രം.
2004-ല്‍ സ്കോട്ട്ലന്‍ഡ് ലീഗില്‍ കെല്ട്ടിക്കിന് കളിക്കവെ അബര്‍ഡീന്റെ ഒരു കളിക്കാരനെ മെക്ഗീഡി പറ്റിക്കുന്നത് യൂട്യൂബില്‍ കാണാം. ക്രൈഫ് ടേണില്‍ നിന്നുള്ള ഒരു വ്യത്യാസം തിരിച്ചില്‍ കഴിഞ്ഞ് മെക്ഗീഡി എതിര്‍കളിക്കാരനെ അഭിമുഖീകരിക്കുകയും പെട്ടെന്ന് പന്ത് തട്ടി നീക്കി എതിരാളിയെ പിന്നിലാക്കി അത് ഓടിപ്പിടിക്കുകയുമാണ്. ഫിഫ 22 ഫുട്ബോള്‍ വീഡിയോ ഗെയിമില്‍ മെക്ഗീഡിയുടെ ഈ സ്പിന്‍ ഉണ്ട്.
പെനാല്‍റ്റി കിക്കുകളും തിരിച്ചിലുകളും എന്നതു പോലെ തന്നെ ഗോളുകളുടെ മേലും കളിക്കാര്‍ മേലൊപ്പ് ചാര്‍ത്തുകയും അത് കളിക്കാരുടെ പേരില്‍ അടയാളപ്പെടുത്തുകയും ചെയ്യാറുണ്ട്. മെക്സിക്കോയ്ക്കും റയല്‍ മഡ്രിഡിനും കളിച്ചിട്ടുള്ള ഹ്യുഹോ സാഞ്ചസ്, വായുവില്‍ നീന്തി വളഞ്ഞും തിരിഞ്ഞും മറിഞ്ഞും അടിച്ചിട്ടുള്ള ഗോളുകളുടെ പേരില്‍ ഏറെ പ്രസിദ്ധന്‍. ഗോളുകള്‍ നിര്‍വഹിച്ച ശേഷമുള്ള ആഘോഷവും അതു പോലെ. സാഞ്ചസ് ഈ അവസരങ്ങളില്‍ നിന്ന നില്പ്പില് മലക്കം മറിയുന്നതു കാണാം. അത്ലറ്റിക്കോ മഡ്രിഡിന് നാലു വര്‍ഷവും റയലിന് ഏഴു വര്‍ഷവും കളിച്ചിട്ടുള്ള സാഞ്ചസിന്റെ ഗോളുകളെ ആരാധകര്‍ ഹ്യൂഗ്വിനാ എന്നു വിളിച്ചു.
ലാ ലീഗയില്‍ ലാഗ്രോണസിനെതിരേ റയലിന് വേണ്ടി മാര്ട്ടിന് വാസ്ക്വേസ് പുറപ്പെടുവിച്ച ക്രോസിന്റെ ചിറകിലേറി വന്ന പന്ത്, ഏതു ഭാഗത്തേക്ക് കുരുക്കിയടിക്കണമെന്ന് തനിക്ക് തീരുമാനമെടുക്കാന്‍ വായുവില്‍ അല്പനേരം സൗമനസ്യത്തോടെ തങ്ങി നിന്നു എന്ന് ആ പന്തിനെ വീശിയടിച്ച സാഞ്ചസ് വിചാരിക്കുന്നു. കൂടുതല്‍ ഗംഭീരമാകട്ടെയെന്നു കരുതി സാഞ്ചസ് അകലത്തുള്ള പോസ്റ്റിനെ തിരഞ്ഞെടുത്തു എന്നും വിചാരിക്കുകയുണ്ടായി. പന്തും സാഞ്ചസും ഒരു പോലെ അങ്ങനെ ഭൂഗുരുത്വത്തെ വെല്ലുവിളിച്ചു. അഥവാ അങ്ങനെ ഒരു മിഥ്യാദര്‍ശനം സമ്മാനിച്ചു.
ഇതില്‍ അദ്ഭുതമില്ല. കുട്ടിക്കാലത്ത് സാഞ്ചസ് ജിംനാസ്റ്റിക്സ് പരിശീലിച്ചിരുന്നു. മലക്കം മറിച്ചിലിന്റെ രഹസ്യം അതാണ്. സാഞ്ചസിന്റെ ചേച്ചി ഹെര്ലിന്ഡ 1976-ലെ മോണ്ട്രിയോള് ഒളിംപിക്സില്‍ മെക്സിക്കോക്ക് വേണ്ടി മല്‍സരിക്കുകയുണ്ടായി. സാഞ്ചസ് ചേച്ചിയില്‍ നിന്നും പഠിച്ചിട്ടുണ്ടാവും.
Content Highlights: antonin panenka s panenka kick and johan cruyff s famous cruyff turn
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..