യശ്പാൽ ശർമ. ഫോട്ടോ: എസ്.എൽ. ആനന്ദ്
1983-ല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ലോകകപ്പ് നേടിയ കപില്‍ദേവിന്റെ ചെകുത്താന്‍ കൂട്ടത്തിലെ അക്ഷോഭ്യനായ പോരാളിയായിരുന്നു യശ്പാല്‍ ശര്‍മ. അന്നത്തെ ചരിത്രവിജയത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ മധ്യനിര ബാറ്റ്‌സ്മാന്‍ ഈ ലോകത്തോട് വിടവാങ്ങിയെന്ന വാര്‍ത്തയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതാണ്. ആദ്യ രണ്ട് ലോകകപ്പിലും തോല്‍വിയറിയാതെ കിരീടം ചൂടിയ ക്ലൈവ് ലോയ്ഡിന്റെ കരീബിയന്‍ പടയായിരുന്നു മൂന്നാം ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രതിയോഗികള്‍. വലിയ പ്രതീക്ഷയൊന്നുമില്ലാതെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീം പക്ഷെ അട്ടിമറി ജയം നേടി. ആദ്യ മല്‍സത്തിലെ ഈ അപ്രതീക്ഷിത ജയമാണ് കിപിലിന്റെ ടീമിനെ മാറ്റി മറിച്ചത്. അന്നു ലഭിച്ച ആത്മവീര്യവും ഉല്‍സാഹവും ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചുവെന്ന് പറയുന്നതിലും തെറ്റില്ല. മാഞ്ചസ്റ്ററിലെ ആ വിജയം യാഥാര്‍ത്ഥ്യമാക്കിയത് സത്യത്തില്‍ യശ്പാലിന്റെ ഉജ്വലമായൊരു ഇന്നിങ്‌സായിരുന്നു. ഒന്‍പത് ബൗണ്ടറിയടക്കം 89 റണ്‍സ് നേടി ആ മല്‍സരത്തിലെ ടോപ്‌സ്‌കോററായ യശ്പാലായിരുന്നു മാന്‍ ഓഫ് ദ മാച്ചും.
83-ലെ ഫൈനല്‍ വിജയത്തിന് 19 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ആദ്യമായി യശ്പാലിനെ നേരില്‍ കാണുന്നത്. ഒരു ക്രിക്കറ്റ് മാച്ച് മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യാന്‍ ഡല്‍ഹിയില്‍ പോയ സമയത്ത് ഗ്രൗണ്ടില്‍ വെച്ച് പരിചയപ്പെട്ട മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാനോട് (അദ്ദേഹവും ഇന്ന് ജീവിച്ചിരിപ്പില്ല) യശ്പാലിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ടെലിഫോണ്‍ നമ്പര്‍ തന്ന് അദ്ദേഹം പറഞ്ഞു.' വിളിച്ചു നോക്കൂ. യശ്പാല്‍ തീര്‍ച്ചയായായും നിങ്ങള്‍ക്ക് സമയമനുവദിക്കും.' ചൗഹാന്റെ നിഗമനം ശരിയായിരുന്നു. വിളിച്ച ഉടന്‍ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. അങ്ങോട്ടേക്കുള്ള വഴിയും പറഞ്ഞു തന്നു. ഞാനും മാതൃഭൂമിയുടെ ഫോട്ടോഗ്രാഫറായിരുന്ന എസ് എല്‍ ആനന്ദും കൂടി വീട്ടില്‍ ചെല്ലുമ്പോള്‍ ഞങ്ങളെ കാത്ത് സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വ്യാപകമായിട്ടില്ലായിരുന്ന കാലമാണ്. ഒരാളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ അറിയണമെങ്കില്‍ അയാളോടു തന്നെ തിരിക്കണം. യശ്പാല്‍ മറ്റൊരു ഇന്ത്യന്‍ താരമായിരുന്ന ചേതന്‍ ശര്‍മയുടെ ബന്ധുവാണെന്ന് ഞാന്‍ കേട്ടിരുന്നു. സംശയനിവൃത്തിക്കായി അദ്ദേഹത്തോട് തന്നെ തിരക്കി. ' അപ്പോള്‍ എന്നെ കുറിച്ച് ഒന്നും പഠിക്കാതെയാണ് നിങ്ങള്‍ അഭിമുഖത്തിന് വന്നതല്ലേ? ചേതന്‍ എന്റെ മരുമകനാണ്.' ആ മറുപടിക്കു മുന്നില്‍ ഞാനൊന്ന് പതറി. എന്റെ മുഖത്തെ ഭാവമാറ്റം കണ്ടാവണം, പുറത്തു തട്ടി അദ്ദേഹം പറഞ്ഞു. ' ഞങ്ങള്‍ പഞ്ചാബികള്‍ അങ്ങിനെയാണ് ചില്ലറ തമാശയൊക്കെ പറയും. ഇതും അങ്ങിനെ കണക്കാക്കിയാല്‍ മതി.
തന്റെ ജീവിതത്തേയും കരിയറിനേയും കുറിച്ചദ്ദേഹം വിശദമായി തന്നെ സംസാരിച്ചു. അഭിമുഖത്തിനിടെ ആനന്ദ് ഫോട്ടോയെടുക്കാന്‍ തുടങ്ങിയപ്പോള്‍ യശ്പാല്‍ പറഞ്ഞു. ' ഈ ഡ്രസ്സില്‍ ഞാനല്‍പ്പം സെക്‌സിയാണ് കുഴപ്പമില്ലല്ലോ ? ' കറുത്ത ഷോട്ട്‌സും പുവപ്പില്‍ വരകളുള്ള ടീഷര്‍ട്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ആനന്ദ് ചിരിച്ചു കൊണ്ട് തലകുലുക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു ,' ലോകകപ്പ് ജേതാവിനെ ഇങ്ങനെ കാണുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കുമില്ല കുഴപ്പം.'

ലോകകപ്പ് മല്‍സരങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ നര്‍മം ആവേശത്തിന് വഴി മാറി. ' ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ ജയം ഫ്‌ളൂക്കാണെന്നായിരുന്നു സകലരുടേയും വിലയിരുത്തല്‍. അത്തരം പ്രതികരണങ്ങള്‍ ഞങ്ങളെ വാശിപിടിപ്പിച്ചു. കൂടുതല്‍ വീറോടെ പൊരുതാന്‍ പ്രേരിപ്പിച്ചു. മൂന്നാമത്തെ മാച്ചില്‍ ഓസീസിനോട് വലിയ മാര്‍ജനില്‍ തോറ്റപ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഒന്നടങ്കം ഞങ്ങളെ എഴുതിതള്ളിയതാണ്. എന്നാല്‍ അവര്‍ക്കെതിരായ അടുത്ത മാച്ചില്‍ ഞങ്ങള്‍ പകരം വീട്ടി. ആ മാച്ചിലും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ഞാനായിരുന്നു. ' സംസാരിക്കുന്നതിനിടെ ഓരോ ഷോട്ടുകള്‍ കളിക്കുന്ന രീതി അദ്ദേഹം കൈകൊണ്ട് കാണിക്കുന്നുണ്ടായിരുന്നു.
സിംബാബ്വേക്കെതിരായ ഗ്രൂപ്പ് മാച്ചില്‍ കപില്‍ ദേവ് കളിച്ച ഇന്നിങ്‌സിനെ (175 നോട്ടൗട്ട്) കുറിച്ച് പറയുമ്പോള്‍ യശ്പാലിന്റെ ശബ്ദം ഉഛസ്ഥായിലെത്തി. അവേശം വാക്കുകളില്‍ അണപൊട്ടുന്ന പോലെ. വിന്‍ഡീസിനെതിരായ ഫൈനലില്‍ വഴിത്തിരാവായ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പുറത്താകലിനെ കുറിച്ചും യശ്പാല്‍ വാചാലനായി. ' ഫൈനലില്‍ ഞങ്ങള്‍ താരതമ്യേന ചെറിയ സ്‌കോറിന് ഓളൗട്ടായി. റിച്ചാര്‍ഡ്‌സ് ക്രീസിലുള്ളിടത്തോളം നമ്മള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. വണ്‍ഡൗണായി ഇറങ്ങിയ റിച്ചാര്‍ഡ്‌സ് ഏഴ് ബൗണ്ടറിയടിച്ച് ഫോം തെളിയിച്ചപ്പോള്‍ ഒറ്റക്ക് ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. അപ്പോഴതാ മദന്‍ലാലിന്റെ പന്ത് റിച്ചാര്‍ഡ്‌സ് ഉയര്‍ത്തിയടിക്കുന്നു. പന്ത് വായുവില്‍ ഉയര്‍ന്നു പൊങ്ങി മുന്നോട്ടു പോവുകയാണ്. ഞാനും കപിലും ഒരുമിച്ച് ക്യാച്ചിനായി ഓടി. ഇടയ്ക്ക് വെച്ച് എനിക്കു തോന്നി, കപിലിനായിരിക്കും ക്യാച്ചെടുക്കാന്‍ എളുപ്പം. ഞാന്‍ പിന്‍മാറി. കപില്‍ ക്യാച്ചെടുത്തു. അതോടെ ഞങ്ങള്‍ കളി ജയിച്ചുകഴിഞ്ഞിരുന്നു.' ആ ലോകകപ്പ് ജയം തന്നെയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമെന്ന് പറഞ്ഞ യശ്പാല്‍ വികാരാധീനനായി.
ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം കിട്ടിയില്ലെന്ന് തോന്നുന്നുവോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു. ' സുഹൃത്തേ ഇന്ത്യ പോലൊരു വിശാല രാജ്യത്ത് കഴിവുള്ള ക്രിക്കറ്റര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല. ഇത്രയൊക്കെ കളിക്കാന്‍ അവസരം ലഭിച്ചത് തന്നെ വലിയ കാര്യം.' നിറഞ്ഞ ചിരിയോടെയാണ് യശ്പാല്‍ ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ ആ ചിരിച്ച മുഖം ഇപ്പോള്‍ മനസ്സില്‍ നിറയുന്നു.
Content Highlights: 1983 Cricket World Cup Winner Yashpal Sharma Indian Cricket Chethan Sharma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..