
ഇസ്രയേലിന് ജക്കാര്‍ത്തയില്‍ പ്രവേശനം നിഷേധിച്ചതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഗുരുദത്ത് സോന്ധി ഇന്‍ഡൊനീഷ്യക്കാര്‍ക്ക് അനഭിമതനായത്. 64-ലെ ഏഷ്യാ കപ്പില്‍ നിന്ന് അറബ് മുസ്ലിം രാജ്യങ്ങള്‍ വിട്ടുനിന്നതോടെ ടൂര്‍ണമെന്റ് നാലു ടീമുകള്‍ മാത്രമായി ഒതുങ്ങി. 1974-ല്‍ ഇസ്രയേലിനെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) പുറംതള്ളി. 1994-ല്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ അംഗത്വം നേടും വരെ ഇസ്രയേലിന് അലഞ്ഞു തിരിയേണ്ടിവന്നു. 1964-ല്‍ ജയിച്ച ടീം അമേച്വര്‍മാരുടെ സംഘമായിരുന്നു. അന്ന് ജാഫയിലെ ബ്ലൂംഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ ഗോളടിച്ച അവരുടെ മോര്‍ദഹായി സ്പീഗ്ലര്‍ പിഎസ്ജിക്കും പിന്നീട് പെലെയ്ക്കൊപ്പം ന്യൂയോര്‍ക്ക് കോസ്മോസിനും കളിക്കുന്നുണ്ട്. സ്പീഗ്ലര്‍ 1970-ലെ ലോകകപ്പിലും കളിച്ചു.
ഇസ്രയേലിന്റെ ഏഷ്യന്‍ ഫുട്ബോള്‍ ബന്ധം ഇന്ന് വിദൂരസ്മരണയാണ്. 64-ലെ വിജയം അക്കാലത്ത് കളിച്ചവര്‍ 50 വര്‍ഷത്തിനു ശേഷം ഓര്‍മിച്ചു എന്നതൊഴിച്ചാല്‍ ആഘോഷമൊന്നുമുണ്ടായിരുന്നില്ല. 1960-ലെ ഏഷ്യന്‍ നേഷന്‍സ് കപ്പിന്റെ യോഗ്യതാ നിര്‍ണയ മത്സരത്തില്‍ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം വേദിയായി. ഇന്ത്യക്കു പുറമെ ഇറാന്‍, ഇസ്രയേല്‍, പാകിസ്താന്‍ എന്നിവരായിരുന്നു പശ്ചിമ മേഖലയിലെ നാലു ടീമുകള്‍.
ഇതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ നോക്കുമ്പോള്‍ രസകരമാണ്. ഡിസംബര്‍ 5 മുതല്‍ 18 വരെയായിരുന്നു കളികള്‍. ഇരു പാദ മത്സരമായിരുന്നു. ആദ്യ പാദത്തില്‍ ഇന്ത്യ പാകിസ്താനെയും (1-0) ഇറാനെയും (3-1) തോല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഇസ്രയേലിനോട് 3-1 ന് തോറ്റു. രണ്ടാം പാദത്തില്‍ ഇന്ത്യ എല്ലാ കളിയും തോറ്റു. പാകിസ്താന്‍ (0-1), ഇസ്രയേല്‍ (1-2), ഇറാന്‍ (1-2) എന്നിങ്ങനെയാണ് ഇന്ത്യയുടെ കളിയുടെ സ്‌കോര്‍ നില. എട്ടു പോയന്റുമായി ഇസ്രായേല്‍ യോഗ്യത നേടിയപ്പോള്‍ ഇന്ത്യ നാലു പോയന്റോടെ അവസാന സ്ഥാനത്തായിരുന്നു. പാകിസ്താന്‍ ഇസ്രയേലിനോട് ഒരു തവണ സമനില പിടിക്കുന്നു. ഇറാനെ മറ്റൊരിക്കല്‍ 4-1 ന് തറപറ്റിക്കുന്നു. എന്നാല്‍ ഇതേ സ്‌കോറിന് ഇറാന്‍ പാകിസ്താന് രണ്ടാം പാദത്തില്‍ മറുപടി നല്‍കുന്നുമുണ്ട്.
തെക്കന്‍ കൊറിയയിലെ സോളില്‍ നടന്ന ഫൈനല്‍ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ ചാമ്പ്യന്‍മാരാവുകയും ഇസ്രയേല്‍ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്തു. ഇറാന്‍ ഒഴിച്ച് മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇക്കാലയളവില്‍ ഫുട്ബോളില്‍ പിന്‍നിരയിലായിരുന്നു എന്നതാണ് ഈ ഫലങ്ങള്‍ നല്‍കുന്ന സൂചന. ജപ്പാന്റെ നിലവാരം അത്ര ഉയര്‍ന്നതായിരുന്നില്ല എന്നു മനസ്സിലാക്കാം. അതേ സമയം ഇറാനും ഇസ്രയേലും തെക്കന്‍ കൊറിയയും മുമ്പേ തന്നെ ഫുട്ബോളില്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് എന്നും കാണാം. പാകിസ്താനും അവരുടെ കളിക്കാരും ഒരിക്കല്‍ ഇന്ത്യയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആ ചരിത്രം എന്നാണ് വിസ്മൃതമായത്.
1970-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനെ തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. ജപ്പാനെതിരെ അടിച്ച ഏക ഗോള്‍ അമര്‍ ബഹാദൂറിന്റെ വകയായിരുന്നു. കുറെക്കാലം അത് മഞ്ചിത് സിങിന്റെ പേരിലാണ് രേഖപ്പെടുത്തപ്പെട്ടത്. ഇപ്പോള്‍ അത് തിരുത്തപ്പെട്ടിരിക്കുന്നു.
Content Highlights: 1960 asian nations cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..