ഗ്വാങ്ഷു: ബാഡ്മിന്റണ്‍ സീസണൊടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടാം സീഡ് ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തകര്‍ത്തു. സ്‌കോര്‍: 21-19, 21-17. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 

62 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം. നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും ഏറെ വിയര്‍പ്പൊഴുക്കിയായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-6 ന് സിന്ധു ലീഡ് ചെയ്തുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി നൊസോമി 16-16നു ഒപ്പം പിടിച്ചു. എന്നാല്‍ പതറാതെ സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെയും ഇടവേള സമയത്ത് 11-9 എന്ന ലീഡ് മാത്രമാണ് സിന്ധുവിനുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആദ്യ ഗെയിമിനെക്കാള്‍ മികവ് പുലര്‍ത്തിയ താരം മത്സരം 21-19, 21-17 എന്ന സ്‌കോറിന് ജയിച്ചുകയറി. 

Read More: വോളിബോള്‍ കോര്‍ട്ടില്‍ പിറന്ന ഇന്ത്യയുടെ അഭിമാന സിന്ധു

തായ്ലന്‍ഡിന്റെ രചനോക്ക് ഇന്റനോണിനെ 21-16, 25-23 എന്ന സ്‌കോറിന് മറികടന്നായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചായിരുന്നു താരത്തിന്റെ മുന്നേറ്റം. ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യു.എസ്.എയുടെ സാങ് ബെയ്വാനും സിന്ധുവിന് മുന്നില്‍ വീണു. 

ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധുവിന് ഇതോടെ 2018 കിരീടനേട്ടത്തോടെ അവസാനിപ്പിക്കാനായി.

Read More: കാത്തിരുന്ന സുവര്‍ണ വിജയം

Content Highlights: world tour finals pv sindhu beat nozomi sokuhara wins title