ടോക്യോ: ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട പരിക്കില്‍ നിന്നും മോചിതനായി കളിക്കളത്തിലേക്ക് തിരിച്ചെത്തി. കാറപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്ന താരം ഓള്‍ ജപ്പാന്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണ് തിരിച്ചെത്തിയത്. 

ചാമ്പ്യന്‍ഷിപ്പിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ താരം കോഷിറോ മോറിഗുച്ചിയെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-12, 21-14. താരം വീണ്ടും പഴയഫോമിലെത്തിയെന്ന് മൊമോട്ടയുടെ കോച്ച് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് മൊമോട്ടയ്ക്ക് കാറപകടത്തില്‍ പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ താരം ഇനി കളിക്കളത്തിലേക്ക് തിരിച്ചെത്തുമോ എന്നുവരെ കായികലോകം സംശയിച്ചിരുന്നു. എന്നാല്‍ കൃത്യമായ വ്യായാമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും താരം കളിക്കളത്തിലേക്ക് തിരിച്ചെത്തി. 

അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുക എന്നതാണ് മൊമോട്ടയുട ലക്ഷ്യം. 26 കാരനായ മൊമോട്ട കഴിഞ്ഞ വര്‍ഷം 11 കിരീടങ്ങളാണ് സ്വന്തമാക്കിയത്. 

Content Highlights: World number one shuttler Kento Momota back from car crash with a win