ബാങ്കോക്ക്: തോമസ്-ഊബര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മോശം തുടക്കം. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം (തോമസ് കപ്പ്) ഫ്രാന്‍സിനോടും വനിതകള്‍ (യൂബര്‍ കപ്പ്) കാനഡയോടും തോല്‍വി ഏറ്റുവാങ്ങി.

ഫ്രാന്‍സിനോട് 1-4 നായിരുന്നു പുരുഷ ടീമിന്റെ തോല്‍വി. ലോക നാലാം നമ്പര്‍ താരം കെ. ശ്രീകാന്ത് ഇല്ലാതെയാണ് ഇന്ത്യ കളിച്ചത്. സിംഗിള്‍സില്‍ ആദ്യ മത്സരത്തിനിറങ്ങിയ സായി പ്രണീത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-18) വിജയിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളെല്ലാം ഇന്ത്യ പരായപ്പെട്ടു. ഡബിള്‍സില്‍ അര്‍ജുന്‍-രാമചന്ദ്രന്‍ ശ്ലോക്, അരുണ്‍ ജോര്‍ജ്-സന്യം ശുക്ല എന്നിവര്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കും സമീര്‍ വര്‍മ്മ, ലക്ഷ്യ സെന്‍ എന്നിവര്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലും പരാജയം സമ്മതിച്ചു. ഗ്രൂപ്പ് എയില്‍ ചൈനയും ഓസ്‌ട്രേലിയയുമാണ് ഇനി ഇന്ത്യയുടെ എതിരാളികള്‍. 

കാനഡയ്‌ക്കെതിരേ 1-4 നായിരുന്നു വനിതാ ടീമിന്റെ തോല്‍വി. പിവി സിന്ധു ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ കളിയില്‍ തന്നെ തോറ്റു. സിംഗിള്‍സില്‍ സൈന നേവാള്‍ 21-15, 16-21, 16-21 എന്ന മിച്ചലെ ലീയോട് പരാജയപ്പെട്ടു. കൃഷ്ണ പ്രിയ 11-21, 15-21 എന്ന സ്‌കോറില്‍ ബ്രിട്നി ടാമിനോടും തോല്‍വി സമ്മതിച്ചു. വൈഷ്ണവി റെഡ്ഡി ജക്ക ഹോണ്ട്‌റിച്ചിനോട് നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കും തോറ്റു. ഡബിള്‍സില്‍ മേഘ്‌ന-റാം സഖ്യമാണ് ഇന്ത്യക്ക് ആശ്വാസജയം നല്‍കിയത്. മിച്ചല്‍ ടോങ്-ജോസ്ഫിന്‍ വൂ സഖ്യത്തെ 21-19, 21-15 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. മറ്റൊരു ഡബിള്‍സില്‍ ഗോര്‍പടെ-സാവന്ത്‌ സഖ്യവും തോറ്റു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ജപ്പാനും ആസ്‌ട്രേലിയയുമാണ് ഇന്ത്യന്‍ വനിതകളുടെ എതിരാളികള്‍.

Content Highlights; Thomas And Uber Cup, Indian Shuttlers Struggle In Group Match