ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരുന്ന സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണിതെന്ന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അറിയിച്ചു. 

ഇതോടെ, ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സൈന നേവാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ക്ക് ടോക്യോ ഒളിമ്പിക്സിന് യോഗ്യതനേടാനുള്ള സാധ്യത ഏറക്കുറെ അവസാനിച്ചു.

ജൂണ്‍ 16-നാണ് സിങ്കപ്പൂര്‍ ഓപ്പണ്‍ തുടങ്ങേണ്ടിയിരുന്നത്. ടോക്യോ ഒളിമ്പിക്സിന് യോഗ്യതനേടാനുള്ള അവസാന അവസരമായിരുന്നു ഇത്. അതും മുടങ്ങിയതോടെ ഇരുവരുടെയും സാധ്യത ഏറക്കുറെ അടഞ്ഞു. 

ഈ മാസം ഒടുവില്‍ നടക്കേണ്ടിയിരുന്ന മലേഷ്യന്‍ ഓപ്പണും ഉപേക്ഷിച്ചിരുന്നു. ഒളിമ്പിക്സിനു മുമ്പ് മറ്റൊരു ടൂര്‍ണമെന്റ് നടത്താനും സാധ്യതയില്ല. കിഡംബി ശ്രീകാന്ത് ലോകറാങ്കിങ്ങില്‍ പതിനാലാം സ്ഥാനത്തും സൈന 20-ാം സ്ഥാനത്തുമാണ്.

2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സൈന കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. ജൂലായ് 23 മുതല്‍ ടോക്യോയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒളിമ്പിക്സിനെക്കുറിച്ചും ആശങ്കയുണ്ട്.

Content Highlights: Singapore Open 2021 canceled Saina Nehwal Kidambi Srikanth s Olympic qualification hit