ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. 

വനിതാ സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ ബുസനാന്‍ ഓങ്ബാംറുങ്ഫാനോട് ആദ്യ ഗെയിം അടിയറവച്ച ശേഷം മൂന്നാം സീഡായ സിന്ധു വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: 21-23, 21-13, 21-18.

പുരുഷ സിംഗിള്‍സില്‍ തായ്‌ലന്‍ഡ് താരത്തിന്റെ ചെറുത്തുനില്‍പിനെ അതിജീവിച്ചാണ് ശ്രീകാന്ത് വിജയം നേടിയത്. തായ്‌ലന്‍ഡിന്റെ സുപ്പന്യു അവിഹിങ്‌സനോണിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ മൂന്നാം ഗെയിം 24-22 എന്ന സ്‌കോറിന് സ്വന്തമാക്കിയാണ് ശ്രീകാന്ത് വിജയിച്ചത്.

ആദ്യ ഗെയിം അനായാസം (21-12) നേടിയ ശ്രീകാന്തിന് പക്ഷേ രണ്ടാം ഗെയിമില്‍ ആ മികവ് തുടരാനായില്ല. രണ്ടാം ഗെയിം 15-21 ന് തായ് താരം സ്വന്തമാക്കി. ഒടുവില്‍ ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട മത്സരത്തില്‍ മൂന്നാം ഗെയിം സ്വന്തമാക്കിയ ശ്രീകാന്ത് വിജയം കൈപ്പിടിയിലൊതുക്കി.

അതേസമയം ചൈന ഓപ്പണിലെ ഇന്ത്യയുടെ ഡബിള്‍സ് പ്രാതിനിധ്യം അവസാനിച്ചു. 14-21, 11-21 എന്ന സ്‌കോറിനു ചൈനീസ് താരങ്ങളോട് തോറ്റ് ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം പുറത്തായി.

നേരത്തെ പുരുഷ ഡബിള്‍സില്‍ മനു ആത്രി-ബി. സുമീത് റെഡ്ഡി സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഡി-ജെറി പ്രണവ് ചോപ്ര സഖ്യവും പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Content Highlights: sindhu srikanth enters china open quarters