ഹൈദരാബാദ്: ബാഡ്മിന്റൺ താരം പി.വി.സിന്ധു ഗോപിചന്ദ് അക്കാദമിയിലെ പരിശീലനം മതിയാക്കുന്നു. ടോക്യോ ഒളിമ്പിക്‌സ് ലക്ഷ്യം വെച്ച് താരം പരിശീലനം ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലേയ്ക്ക് മാറ്റി.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരിക്കും ഇനിമുതല്‍ താരം പരിശീലനം നടത്തുക. ടോക്യോ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ കോര്‍ട്ടുമായി ഏറെ സാദൃശ്യമുള്ളതുകൊണ്ടാണ് പരിശീലനത്തിന് ഗച്ചിബൗളി തിരഞ്ഞെടുത്തതെന്ന് സിന്ധു പറഞ്ഞു. ഗോപിചന്ദ് അക്കാദമിക്ക് അടുത്താണ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയം.

പുല്ലേല ഗോപിചന്ദിന്റെ കീഴില്‍ ഗോപിചന്ദ് അക്കാദമിയിലൂടെയാണ് സിന്ധു മികച്ച താരമായി വളര്‍ന്നത്. ഗോപിചന്ദുമായി യാതൊരു പ്രശ്‌നവുമില്ലെന്നും കോര്‍ട്ടിലെ സാദശ്യം കൊണ്ട് മാത്രമാണ് ഗച്ചിബൗളിയിലേക്ക് മാറുന്നതെന്നും സിന്ധു വ്യക്തമാക്കി. 

'ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയമാണ് ഗച്ചിബൗളിയിലുള്ളത്. ഇന്ത്യയുടെ ഡബിള്‍സ് താരങ്ങളും ഇവിടെയാണ് പരിശീലിക്കുന്നത്. ഗോപിചന്ദിന്റെ അനുവാദത്തോടെയാണ് ഞാന്‍ പരിശീലനവേദി മാറ്റിയത്. അദ്ദേഹം തന്നെയാണ് തെലങ്കാന സ്‌പോര്‍ട്‌സ് അതോറിറ്റിയോട് ഇതേക്കുറിച്ച് സംസാരിച്ചത്. ഒളിമ്പിക്‌സില്‍ വിജയം നേടുക എന്നത് മാത്രമാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം'-സിന്ധു പറഞ്ഞു

Content Highlights: Sindhu shifts base from Gopichand academy to help with Tokyo prep, says no differences with coach