പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് വെള്ളി. ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ ഒന്നാം സീഡായ മാര്‍ക്കസ് ഫെര്‍ണാള്‍ഡി ഗിഡിയോണ്‍-കെവിന്‍ സഞ്ജയ സുകാമുലോ സഖ്യത്തോടാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ കീഴടങ്ങിയത്. സ്‌കോര്‍: 21-18, 21-16.
ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സഖ്യം പിന്നിലായിരുന്നെങ്കിലും 17-17 എന്ന സ്‌കോറിന് ഒപ്പംപിടിച്ചു. പിന്നീട് തുടര്‍ച്ചയായി മൂന്ന് പോയിന്റ് നേടി ഇന്‍ഡൊനീഷ്യന്‍ സഖ്യം മുന്നേറി. രണ്ടാം ഗെയിമില്‍ തുടക്കം തൊട്ടേ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ പരിചയസമ്പത്ത് എതിരാളികള്‍ക്ക് തുണയായി.
വനിതാ സിംഗള്‍സില്‍, സ്‌പെയിനിന്റെ കരോളിന മരിനെ തോല്‍പിച്ച് ദക്ഷിണ കൊറിയയുടെ ആന്‍ സെന്‍ യങ് (16-21, 21-8, 21-5) കിരീടം നേടി. പുരുഷ സിംഗിള്‍സില്‍ ഇന്‍ഡൊനീഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ തോല്‍പിച്ച് ചൈനയുടെ ചെന്‍ ലോങ് കിരീടം നേടി. സ്‌കോര്‍: 21-19, 21-12.
Content Highlights: Satwiksairaj Rankireddy and Chirag Shetty Bags Silver in French Open Badminton