ഗുവാഹത്തി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പി.വി സിന്ധുവിനെ പരാജയപ്പെടുത്തി ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നേവാള്‍ സ്വന്തമാക്കി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍: 21- 16, 21- 15.  

കഴിഞ്ഞ വര്‍ഷവും സിന്ധുവിനെ തോല്‍പിച്ചാണ് സൈന കിരീടം നേടിയത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സൈന, അല്‍പമെങ്കിലും വിയര്‍ത്തത് ആദ്യ ഗെയിമിലായിരുന്നു. സൈനയുടെ നാലാം ദേശീയ കിരീടമാണിത്. 2006, 2007, 2018 വര്‍ഷങ്ങളിലായിരുന്നു സൈനയുടെ മറ്റ് കിരീടനേട്ടങ്ങള്‍.

2011, 2013 വര്‍ഷങ്ങളില്‍ സിന്ധുവിനായിരുന്നു കിരീടം. ആദ്യ ഗെയിമില്‍ 3-0 എന്ന ലീഡ് നേടിയിടത്തുനിന്നാണ് സിന്ധു മത്സരം കൈവിട്ടത്. പിന്നീട് 15-11 ന് മുന്നിലെത്തിയ സൈന ഗെയിം അനായാസം സ്വന്തമാക്കി. രണ്ടാം ഗെയിമിലും മുന്നിലെത്തിയെങ്കിലും സൈനയ്ക്കു മുമ്പില്‍ അധിക നേരം പിടിച്ചുനില്‍ക്കാന്‍ സിന്ധുവിനായില്ല. 

സെമിയില്‍ വൈഷ്ണവി ഭാലിയെയാണ് സൈന  പരാജയപ്പെടുത്തിയത്. അസമീസ് താരം അഷ്മിത ചാലിഹയെ മറികടന്നാണ് സിന്ധു ഫൈനലിലെത്തിയത്.

അതേസമയം പുരുഷ സിംഗിള്‍സില്‍ കൗമാരതാരം ലക്ഷ്യ സെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ച് ഇരുപത്തിയാറുകാരനായ സൗരഭ് വര്‍മ കിരീടം നേടി. സ്‌കോര്‍: 21-18, 21-13. സൗരഭിന്റെ ഹാട്രിക്ക് കിരീടമാണിത്.

Content Highlights: saina nehwal beats pv sindhu in senior nationals final