ഹൈദരാബാദ്: മൂന്ന് വര്‍ഷത്തിന് ശേഷം സൈന നേവാള്‍ കളി പഠിച്ച കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ഇനിയുള്ള പരിശീലനം ഗോപീചന്ദ് അക്കാദമിയിലായിരിക്കുമെന്ന് സൈന വ്യക്തമാക്കികഴിഞ്ഞു. ഗ്ലാസ്‌ഗോ ലോകചാമ്പ്യന്‍ഷിപ്പിന് പിന്നാലെയാണ് ഗോപീചന്ദിന് കീഴില്‍ പരിശീലനത്തിന് തിരിച്ചെത്തുന്ന കാര്യത്തില്‍ സൈന തീരുമാനമെടുത്തത്. ഇരുവരും തമ്മില്‍ ഇതുസംബന്ധിച്ച് ലോകചാമ്പ്യന്‍ഷിപ്പിനിടെ സംസാരിക്കുകയും ചെയ്തിരുന്നു.

2014 സെപ്തംബര്‍ മുതല്‍ മലയാളി പരിശീലകനും മുന്‍ താരവുമായ വിമല്‍ കുമാറിന് കീഴിലാണ് സൈന പരിശീലനം നടത്തുന്നത്. ഇതിനായി ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് സൈന താമസവും മാറ്റിയിരുന്നു. 

ഗോപീചന്ദിന് കീഴില്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്ന സൈന പിന്നീട് ഗോപീചന്ദുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അക്കാദമി വിടുകയായിരുന്നു. സിന്ധുവിന് ഗോപീചന്ദ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് സൈന അക്കാദമി വിടാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായി. 

വിമല്‍ കുമാറിന് കീഴില്‍ റിയോ ഒളിമ്പിക്‌സില്‍ മങ്ങിപ്പോയ സൈനയെ പരിക്കും അലട്ടിയിരുന്നു. എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി സൈന തിരിച്ചുവരവ് നടത്തി. ലോകചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ ഫൈനല്‍ മത്സരത്തെ സൈന അഭിനന്ദിക്കുകയും ചെയ്തു. ശ്വാസമടക്കിപ്പിടിച്ചാണ് താന്‍ ആ ഫൈനല്‍ കണ്ടതെന്ന് സൈന, ഗോപീചന്ദിനോട് പറഞ്ഞത്. റിയോ ഒളിമ്പിക്‌സില്‍ സിന്ധുവിന് വെള്ളി ലഭിച്ചപ്പോള്‍ അഭിനന്ദിക്കാതിരുന്ന സൈന എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ആ നിലപാട് മാറ്റി. അതേസമയം സൈനയുടെ മാറ്റം അവള്‍ക്ക് സംതൃപ്തി നല്‍കുന്നതാണെങ്കില്‍ അതില്‍ സന്തോഷമേയുള്ളുവെന്ന് വിമല്‍ കുമാര്‍ പ്രതികരിച്ചു.