ടോക്കിയോ: കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് നസോമി ഒകുഹാരയുടെ മധുരപ്രതികാരം. ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ രണ്ടാം റൗണ്ടില്‍ ഒകുഹാരക്ക് മുന്നില്‍ സിന്ധുവിന് അടിതെറ്റി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഒകുഹാരയുടെ വിജയം. സ്‌കോര്‍: 18-21, 8-21.

അതേസമയം മുന്‍ലോക ഒന്നാം നമ്പര്‍ താരമായ സൈന നേവാളും മൂന്നാം റൗണ്ട് കാണാതെ പുറത്തായി. സ്പാനിഷ് താരം കരോലിന മാരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-16, 21-13.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്ക് പ്രതീക്ഷയേകി എച്ച്.എസ് പ്രണോയ് മൂന്നാം  റൗണ്ടിലും കിഡംബി ശ്രീകാന്ത് അവസാന എട്ടിലുമെത്തിയിട്ടുണ്ട്. പ്രണോയ് ഹു ജെന്‍ ഹോയെ തോല്‍പ്പിച്ചപ്പോള്‍ ശ്രീകാന്ത് അരമണിക്കൂറിനുള്ളില്‍ ഹോങ്കോങിന്റെ ഹു യുന്നിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-12,21-11. അടുത്ത റൗണ്ടില്‍ ലോകചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സനാണ് ശ്രീകാന്തിന്റെ എതിരാളി.