സോള്‍: ഇന്ത്യയുടെ സൂപ്പര്‍താരം പി.വി. സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയം. ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയാണ് സിന്ധു ഫൈനനില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 22-20, 11-21, 21-18. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സിന്ധു.

മത്സരത്തിലെ ആദ്യഗെയിം 22-20ന്  സിന്ധു കരസ്ഥമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ നൊസോമി അതി ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. വളരെ അനായാസമായിരുന്നു നൊസോമിയുടെ മുന്നേറ്റം. ഇത് സിന്ധുവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ചാണ് ഇരുവരും പോരാടിയത്. സിന്ധു പത്തൊന്‍പതാം പോയിന്റ് നേടിയ റാലി 56 ഷോട്ടാണ് നീണ്ടു നിന്നത്.

ഗ്ലാസ്‌ഗോവില്‍ വച്ചു നടന്ന ലോക ചാമ്പ്യന്‍ ഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരമാണിത്. 19- 21, 22-10, 20-22 സ്‌കോറിനാണ് നൊസോമി അന്ന്‌ സിന്ധുവിനെ പരാജയപ്പെടുത്തിയത്. റിയോ ഒളിമ്പിക്സ് സെമിയില്‍ സിന്ധു നൊസോമിയെ പരാജയപ്പെടുത്തിയിരുന്നു.