ഹൈദരാബാദ്: ടോക്യോ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധു.

പരിക്കിനെ തുടര്‍ന്ന് സ്‌പെയ്‌നിന്റെ കരോലിന മാരിന്‍ ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയത് നിര്‍ഭാഗ്യകരമാണെന്നും സിന്ധു പ്രതികരിച്ചു. മാരിന്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്നും കളിക്കളത്തില്‍ സജീവമാകാന്‍ സാധിക്കട്ടെയെന്നും സിന്ധു ആശംസിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സിന്ധുവിന്റെ വാക്കുകള്‍. റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്.

ഇതിനിടെ ഏത് നടിയാണ് തന്നെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അനുയോജ്യയെന്ന ചോദ്യത്തിനും സിന്ധു മറുപടി പറഞ്ഞു. ''ദീപിക പദുക്കോണിന്റെ പേരാകും ഞാന്‍ പറയുക. കാരണം അവര്‍ ഈ കളി കളിച്ചയാളാണ്. ഒരു നടിയെന്ന നിലയില്‍ എനിക്ക് ഇഷ്ടമുള്ളയാളും.''

ടോക്യോയില്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ലെന്നും സിന്ധു പറഞ്ഞു. ടോപ്പ് ടെന്‍ കളിക്കാരെല്ലാം തന്നെ ഒരേ നിലവാരമുള്ളവരാണ്. അതിനാല്‍ തന്നെ മത്സരത്തിന്റെ നിലവാരവും ഉയര്‍ന്നു തന്നെയായിരിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Content Highlights: PV Sindhu wants Deepika Padukone to play her on-screen