ഹൈദരാബാദ്: പി.വി. സിന്ധുവിന്റെ ഒരു ദിവസം സൂര്യനുദിക്കും മുമ്പേ തുടങ്ങും. ബാഡ്മിന്റണ്‍ പരിശീലനവും വ്യായാമവുമായി മണിക്കൂറുകള്‍ കടന്നുപോകും. ഒന്നു വെറുതേ ഇരിക്കാനുള്ള സമയം പോലുമുണ്ടാകാറില്ല. ഒരിക്കലും ഒറ്റയ്ക്കും ആയിട്ടില്ല. എപ്പോഴും സഹതാരങ്ങളും കൂട്ടുകാരും പരിശീലനത്തിനുണ്ടാകും. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു റൂമിനുള്ളില്‍ തന്നെയാണ് സിന്ധുവിന്റെ ജീവിതം. പലപ്പോഴും എഴുന്നേല്‍ക്കുന്നത് നേരം വൈകിയിട്ടാണ്. പ്ലെയിങ് കിറ്റ് ഒന്നു തൊട്ടുനോക്കാറു പോലുമില്ല. കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കലാണ് പ്രധാന ജോലി.

ഒടുവില്‍ മടുപ്പിന്റെ അങ്ങേയറ്റം എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കായികതാരങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന 'ചലഞ്ചുകള്‍' ഏറ്റെടുക്കാന്‍ തുടങ്ങി സിന്ധു. ഒപ്പം സിനിമ കണ്ടും സമയം തള്ളിനീക്കി. സിന്ധുവിന്റെ ഹോം ക്വാറന്റൈയ്ന്റെ അനുഭവങ്ങളാണിതെല്ലാം. ഈ മാസം ആദ്യം ബെര്‍മിങ്ഹാമില്‍ നിന്ന് തിരിച്ചെത്തിയ സിന്ധു വീട്ടില്‍ സ്വയംനിരീക്ഷണത്തിലാണ്. ഒരു മുറിയില്‍ ഒറ്റക്ക് കഴിയാന്‍ തുടങ്ങിയിട്ട് 12 ദിവസം കഴിഞ്ഞിരിക്കുന്നു.

ഇതുപോലൊരു കാലത്തിലൂടെ കടന്നുപോയിട്ടില്ലെന്നും കായികമത്സരങ്ങളെല്ലാം റദ്ദാക്കിയതു പോസിറ്റീവായ തീരുമാനമാണെന്നും സിന്ധു പറയുന്നു. ഓരോ ആഴ്ച്ചയും, ഓരോ ദിവസവും, മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ എന്നോട് പറയും, ഒളിമ്പിക്സ് നിന്റെ സ്വപ്നമല്ലേ, അതു മാറ്റിവെച്ചത് കഷ്ടമായിപ്പോയില്ലേ എന്നൊക്കെ. ജീവനേക്കാള്‍ വലുതല്ലല്ലോ ഒളിമ്പിക്സ് എന്നാണ് ഞാന്‍ അവരോടൊക്കെ മറുപടി പറഞ്ഞത്.

വെള്ളിയാഴ്ച്ചയിലെ കണക്ക് അനുസരിച്ച്  25000-ത്തിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 200-ലധികം രാജ്യങ്ങളില്‍ കൊറോണ വ്യാപിച്ചു. അതുകൊണ്ടുതന്നെ ഒളിമ്പിക്സ് മാറ്റിവെച്ചത് തെറ്റായ തീരുമാനമാമെന്ന് എനിക്കു തോന്നുന്നില്ല. നമ്മുടെ മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു.സിന്ധു വ്യക്തമാക്കുന്നു. 

content highlights: pv sindhu shares home quarantine experience