ന്യൂഡല്‍ഹി: റിയോയില്‍ പി.വി സിന്ധുവിനെ വെള്ളിത്തിളക്കത്തിൽ എത്തിച്ചത് പരിശീലകന്‍ ഗോപീചന്ദാണ്. സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ പരിശീലകനെന്ന നിലയില്‍ ഗോപീചന്ദിന്റെ സ്വാധീനം വിലമതിക്കാനാവാത്തതുമാണ്. അങ്ങനെയുള്ളൊരു ഗുരുവിന് അധ്യാപക ദിനത്തില്‍ സിന്ധു ഒരു സമ്മാനം നല്‍കി.

ഐ ഹെയ്റ്റ് മൈ കോച്ച് എന്ന പേരില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് സിന്ധു ഗുരുവിനെക്കുറിച്ച് പറയുന്നത്. വേദനയും മുറിവുമുണ്ടായിട്ടും പരിശീലനത്തില്‍ നിന്ന് പിന്മാറാൻ സമ്മതിക്കാതെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ വ്യക്തിയായാണ്‌ ഗോപീചന്ദിനെ വീഡിയോയില്‍ സിന്ധു ചിത്രീകരിച്ചിരിക്കുന്നത്. അതിന് ഗുരുവിനോട് നന്ദി പറയുന്നുമുണ്ട് സിന്ധു. തന്നെ വിജയത്തിലേക്ക് നയിക്കാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോച്ച് തയ്യാറല്ലെന്ന് പറയുന്ന വീഡിയോ സ്പോര്‍ട്സ് ഡ്രിങ്ക് ബ്രാന്‍ഡായ ഗറ്റോറാഡെയുമായി ചേര്‍ന്നാണ് സിന്ധു പുറത്തിറക്കിയത്.

 

മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗോപീചന്ദ് അക്കാദമിയില്‍ സൈന നേവാള്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സിന്ധു വീഡിയോ പുറത്തിറക്കിയത്. ഗോപീചന്ദുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 2014ല്‍ അക്കാദമി വിട്ട് സൈന, വിമല്‍ കുമാറിന് കീഴില്‍ പരിശീലനത്തിന് ചേര്‍ന്നിരുന്നു.