റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധു റോഡില്‍ നിന്ന് ബാഡ്മിന്റണ്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ? അതും ഒരു ഏഴു വയസ്സുകാരിയുടെ കൂടെ. വാര്‍ത്തകളിലും സ്വീകരണ യോഗങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണെങ്കിലും സിന്ധു ഒരു സാധാരണ പെണ്‍കുട്ടി തന്നെയാണ് കാണിക്കുന്നതാണ് ഈ വീഡിയോ. 

ഹൈദരാബാദില്‍ സിന്ധുവിന്റെ അയല്‍വാസിയായ നിസര്‍ഗയാണ് സിന്ധു തന്റെ മകളോടൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിന്ധുവിനെപ്പോലെ തന്നെ ഗോപിചന്ദിന്റെ അക്കാദമിയില്‍ ബാഡ്മിന്റണ്‍ പരിശീലിക്കുകയാണ് നിസര്‍ഗയുടെ മകള്‍ പ്രഞ്ജല. 

സിന്ധു റിയോ ഒളിമ്പിക്‌സിന് പോകുന്നതിന് മുമ്പ് തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും അന്ന് പ്രഞ്ജലയോടൊപ്പം സിന്ധു വീടിന്റെ മുന്നില്‍ നിന്ന് കളിക്കുന്നതിന്റെ വീഡിയോ ഭാര്യയാണ് ഷൂട്ട് ചെയ്തതെന്നും നിസര്‍ഗ പറഞ്ഞു. 

ഏഴു വയസ്സുകാരിയോടൊപ്പമുള്ള സിന്ധുവിന്റെ കളി കാണാം

സിന്ധു റിയോയില്‍ വെള്ളി മെഡല്‍ നേടിയ ആഗസ്ത് 18നാണ് നിസര്‍ഗ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മകളെയും സിന്ധുവിനെപ്പോലെ ഒരു മികച്ച കളിക്കാരിയാക്കണമെന്നാണ് നിസര്‍ഗയുടെ ആഗ്രഹം. ഏഴു വയസ്സേ ഉള്ളുവെങ്കിലും അവള്‍ നന്നായി കളിക്കുന്നുണ്ടെന്നും നിസര്‍ഗ പറയുന്നു.